പസര്‍പ്പക ആഖ്യാനങ്ങളുടെ മലയാളത്തിന്റെ പൊതുനിര്‍മ്മിതിയെ തൊണ്ണൂറ് ഡിഗ്രി ചെരിച്ചിട്ടിരിക്കുകയാണ്  ''അനാഹി'' എന്ന നോവലിലൂടെ  എഴുത്തുകാരന്‍, വിപിന്‍ദാസ്  ചെയ്തിരിക്കുന്നത്. തികച്ചും  അപരിചിതമായ പശ്ചാത്തലത്തിലേക്ക് ലിലിത്ത് എന്ന മിത്തിനെ കൃത്യമായി കൂട്ടിയിണക്കുകയെന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചിരിക്കുന്നു. ഒപ്പംതന്നെ നുറ്റാണ്ടുകളായി  ദൈവവിശ്വാസത്തിന് പുറത്ത് നിര്‍ത്തിയിരുന്ന / ഇപ്പോഴും തുടര്‍ന്നുപോരുന്ന പെണ്‍മയെ അതിന്റെ എല്ലാ ഉണ്‍മകളോടും, ഊര്‍ജ്ജത്തോടുംകൂടി നോവലിന്റെ ഘടനയില്‍ വിളക്കിച്ചേര്‍ത്തിരിക്കുന്നു. 

ദൈവസങ്കല്‍പ്പത്തെ ഉടച്ചു കളഞ്ഞ് വിഭിന്നമായ  കോണ്‍ചെരിവിലൂടെ ആ സങ്കല്‍പ്പത്തെ വായനക്കാര്‍ക്ക് മുന്‍പാകെ ഒരു ചൂണ്ടുപലകയായ് നിവര്‍ത്തി വെക്കുമ്പോള്‍ പുരാണകാലം മുതല്‍ക്കുള്ള ദൈവസങ്കല്‍പ്പത്തെ സംബന്ധിച്ചുള്ള ധാരണകളെ ഇക്കാലത്ത്  തിരുത്തേണ്ടതുണ്ടെന്ന സൂചനയാണ് നോവലിലൂടെ  നല്‍കുന്നത്.

ആ തരത്തില്‍ വായിക്കപ്പെടുമ്പോള്‍ ഉദ്വേഗരചന എന്നതിനപ്പുറം ജനകീയമായ കഥാസങ്കേതത്തിലൂടെ സാമൂഹികമായ കാഴ്ചപ്പാടുകള്‍ക്ക് മാറ്റം സംഭവിക്കാനുള്ള ഒരു വിരലനക്കം എന്ന രീതിയില്‍ അത് അഭിനന്ദാര്‍ഹമാണ്. കഥപറച്ചിലിന്റെ ഫ്രെഷ്‌നസ് തന്നെയാണ് ഈ പുസ്തകത്തിന്റെ വായനാക്ഷമതയെ മുന്നിട്ട് നിര്‍ത്തുന്നത്. അതിനോട് പൂര്‍ണമായും   അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന സ്വയാര്‍ജ്ജിതമായ എഴുത്തുകാരന്റെ ഭാഷയ്ക്കും മുഖ്യമായ ഒരു പങ്കുണ്ട്. നൂതനമായ സാങ്കേതികകാലത്ത് ഇത്തരമൊരു കഥയ്ക്ക് സാധ്യതയുണ്ടോയെന്ന് സംശയിക്കാന്‍ യാതൊരു പഴുതുകളും  ഇല്ലാതാക്കാന്‍ അതേ സാങ്കേതികവിദ്യകളെ കഥാപാശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് മറുപടി പറയുന്നത്. സാങ്കല്‍പ്പികമായ ഒന്നിനെ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കുക എന്നുള്ള വെല്ലുവിളിയെ മറികടക്കാന്‍ എഴുത്തുകാരന്‍ സ്വീകരിച്ച സൂത്രങ്ങള്‍ ലിലിത്തിനോളം ആകാംക്ഷ ജനിപ്പിക്കുന്നതാണ്.

വ്യക്തിപരമായി പ്രത്യേകം എടുത്ത് പറയണമെന്ന് തോന്നിയത് ഉപമകളുടെ ആധിക്യംകൊണ്ട് വായനക്കാരനെ കിതപ്പിക്കാന്‍ രചയിതാവ് ശ്രമിച്ചിട്ടില്ല എന്നുള്ളതാണ്.

ആകര്‍ഷകമായി തോന്നിയ മറ്റൊരു സംഗതി കഥാപാത്രങ്ങള്‍ക്ക് നല്‍കിയ പേരുകളാണ്. കഥാപാത്രങ്ങളുടെ പേരുകള്‍ എല്ലാം  പര്‍വ്വതങ്ങളുടെ പേരുകളാണെന്നിരിക്കെതന്നെ അതിലൊട്ടും അതിശയൊക്തിയും അമാനുഷികതയും കലരുന്നുമില്ല. സഹ്യനും ആരവല്ലിയും ശതപുരനും എമികോസിയും വിന്ധ്യയും വിന്‍സന്‍ മാസിഫും ഗോവര്‍ദ്ധനും അങ്ങനെ എല്ലാ കഥാപാത്രങ്ങളുടെയും പേരുകള്‍ പര്‍വ്വതങ്ങളുടെ പേരാണ്. ഇതേ പുതുമ നോവലില്‍ വരുന്ന ഹോട്ടലുകള്‍ക്കൂം  നല്‍കിയിട്ടുണ്ട്. ഗുരു എന്ന സിനിമയിലാണ് മുന്‍പ് ഇതിനോട് ചേര്‍ന്നു നില്‍ക്കുന്ന തരത്തിരുള്ള കാഥാപാത്ര നാമങ്ങള്‍ ഉപയോഗിച്ചു കണ്ടിട്ടുള്ളത്.

anahi
പുസ്തകം വാങ്ങാം

പാശ്ചാത്തലത്തില്‍ വന്നുപോവുന്ന ഓരോന്നിലും  കൃത്യമായ സൂക്ഷ്മനിരീക്ഷണങ്ങള്‍ കാണാന്‍ കഴിയുന്നുമുണ്ട്. മിത്തിനും ഭാവനയ്ക്കും ഇടയിലെ നേര്‍ത്ത നൂല്‍നൂല്‍പ്പിലാണ് ഈ പുസ്തകത്തിന്റെ ജീവന്‍ കിടക്കുന്നത്. അതേസമയം സഹ്യന്‍ കാണുന്ന സ്വപ്നങ്ങളിലൂടെയും, അയാളുടെ ദേഹത്ത് സംഭവിക്കുന്ന സൂചനകളിലൂടെയും വായനക്കാരന് ഒരു അന്വേഷണത്വരയോടെ സഞ്ചരിക്കാന്‍ സാധിക്കുന്നു. സഹ്യന്റെയും ആരവല്ലിയുടേയും കണ്ടെത്തലുകളിലൂടെ ആന്ദ്രാസിന്റെ പുസ്തകം ഒടുവില്‍  വായനക്കാരന് മുന്‍പാകെ വിവര്‍ത്തനം ചെയ്യപ്പെടുകയാണ്.  ഈ നേരമത്രയും നോവലില്‍ ഭയാത്മകത നിലനില്ക്കുന്നുമുണ്ട്. ഭയത്തെ അവതരിപ്പിക്കാന്‍/അനുഭവേദ്യമാക്കാന്‍ പ്രത്യേകമായ  സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാതെ സ്വാഭവികമായ ഭയം വന്നുചേരുന്ന നിലയിലുള്ള അവതരണം പ്രശംസനീയമാണ്. ആകെ തുകയില്‍  അനാഹി തികച്ചും പുതുമയാര്‍ന്ന വായനാനുഭവം സമ്മാനിക്കുന്നു.

Content Highlights: Vipin Das new novel Anahi Book Review