ഹൊറര്‍-ത്രില്ലര്‍ നോവലുകള്‍ക്ക് മലയാളത്തില്‍ വായനക്കാരുടെ വലിയൊരു ആരാധകവൃന്ദം ഉണ്ടായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. കോട്ടയം പുഷ്പനാഥും ഏറ്റുമാനൂര്‍ ശിവകുമാറും അടക്കമുള്ള താര മൂല്യമുള്ള എഴുത്തുകാരുടെയും ഓരോ എപ്പിസോഡും കാത്തിരിക്കുന്ന ആകാംക്ഷ നിറഞ്ഞ വായനക്കാരുടെയും ആ വസന്തകാലത്തിന് എവിടെയോ തുടര്‍ച്ച നഷ്ടപ്പെട്ടിരുന്നു. ആ ഇടര്‍ച്ച കുടഞ്ഞെറിഞ്ഞു മലയാള സാഹിത്യത്തിന്റെ ഈ ജനപ്രീയ വഴിയില്‍ ഇന്നൊരു നവോന്മേഷം പടര്‍ന്നു കയറിയിട്ടുണ്ട്. ആ പുതു വഴി വെട്ടിയവരില്‍ പ്രമുഖനായ ലാജോ ജോസ് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് വെബ് സീരീസുകളോടാണ് നമ്മുടെ നോവലുകള്‍ ഇപ്പോള്‍ മത്സരിക്കുന്നത് എന്നാണ്. അത്രയേറെ മത്സര സ്വഭാവമുള്ള ആസ്വാദനത്തിന്റെയും കാഴ്ചകളുടെയും മേഖലയില്‍ വായനയുടെ മാത്രം വിരല്‍ പിടിച്ചു കൊണ്ട് മലയാളത്തിന് ആര്‍ജവത്തോടെ അവതരിപ്പിക്കാവുന്ന ഒരു നോവലാണ് വിപിന്‍ ദാസിന്റെ അനാഹി.

സഹ്യന്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലുണ്ടാകുന്ന ചില അസാധാരണമായ സംഗതികളിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്. സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന് തിരിച്ചറിയാനാകാത്ത വിധം അവിശ്വസനീയമായ സംഭവപരമ്പരകള്‍ നിറഞ്ഞ പകലുകളും രാത്രികളും അയാളുടെ നിത്യജീവിതത്തിന്റെ ഭാഗമാകുന്നു. ലോകം കീഴ്‌മേല്‍ മറിയുംപോലെയുള്ള അനുഭവങ്ങളും, ബോധത്തിലും അബോധത്തിലും ശരീരത്തില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന  പൊള്ളലുകളും, തുടര്‍ന്നുണ്ടാകുന്ന വിചിത്രരൂപികളായ അടയാളങ്ങളും, അതിനുത്തരം നല്‍കാനാകാതെ പോകുന്ന ആധുനിക ലോകവുമെല്ലാം ചേര്‍ന്ന് അയാളെ വിഭ്രാന്തിയുടെ തുഞ്ചത്ത് കൊണ്ട് നിര്‍ത്തുന്നു. ഇവിടെ അയാളെ സഹായിക്കാനെത്തുന്ന ആരവല്ലി എന്ന സുഹൃത്തിലൂടെയാണ് പിന്നീട്  കഥ മുന്നോട്ട് സഞ്ചരിക്കുന്നത്.

അങ്ങനെ അനാവൃതമാകുന്ന സത്യങ്ങളില്‍ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള, ഒരു പക്ഷെ പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയുടെ തായ്വേര്‌ തൊടുന്ന മിത്തുകള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പ്രവര്‍ത്തിക്കുന്നതായാണ് ആ ചെറുപ്പക്കാര്‍ മനസിലാക്കേണ്ടി വരുന്നത്. നമ്മുടെ സ്വന്തം സഹ്യപര്‍വ്വതം മുതല്‍ വിശ്രുതമായ മോണ്ട് ബ്ലാങ്ക് വരെയുള്ള പര്‍വതങ്ങളുടെ പേരുകളാണ് കഥാപാത്രങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. കഥാഗതിയുടെ ദുരൂഹമായ മിസ്റ്റിക് സ്വഭാവത്തിന് ഈ പേരുകള്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഓരോ താളുകളിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോഴും ഒരു തീയേറ്ററില്‍ സീറ്റിന്റെ അറ്റത്തേക്ക് പിടയ്ക്കുന്ന ഹൃദയവുമായി സ്‌ക്രീനില്‍ കണ്ണും നട്ടിരിക്കുന്ന ഒരു കാഴ്ചക്കാരന്റെ ഉദ്വേഗത്തിലേക്ക് വായനക്കാരനെ എത്തിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാം. മിത്തും ചരിത്രവും ഇടകലര്‍ത്തി മാന്ത്രികമായ ഇടനാഴികളിലൂടെ വായനക്കാരനെ വിഹ്വലനാക്കി നടത്തുമ്പോഴും വരികള്‍ക്കിടയില്‍ പറഞ്ഞു പോകുന്ന രാഷ്ട്രീയത്തിന്റെ കൈത്തിരി കെടാതെ സൂക്ഷിക്കാനും നോവലിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ ഉല്‍പ്പത്തി മുതലാരംഭിച്ച ആണധീശത്വത്തിന്റെയും അധികാര കേന്ദ്രീകരണത്തിന്റെയും അത് നിലനിര്‍ത്താന്‍ നടന്നിട്ടുള്ള  ചതികളുടെയും കഥ കൂടിയാകുന്നു അനാഹി. വിജയികളെഴുതിയ ചരിത്രങ്ങള്‍ക്കും ചിട്ടപ്പെടുത്തിയ ക്രമങ്ങള്‍ക്കുമപ്പുറവും നേരുകള്‍ നെരിപ്പോട് പോലെ കത്തി നില്‍ക്കുന്നുണ്ടാവാമെന്നോരോര്‍മ്മപ്പെടുത്തല്‍ കൂടിയാകുന്നു ഈ വിപിന്ന്യാസം.

anahi
പുസ്തകം വാങ്ങാം

മിത്തോളജിയില്‍ ചാരം മൂടിക്കിടക്കുന്ന ലില്ലിത് എന്ന ദൈവതുല്യയായ സ്ത്രീ, അവള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഗൂഢസംഘം, അതിന്റെ അമാനുഷിക ശക്തികളുള്‍പ്പെടുന്ന നേതൃത്വം, പ്രവര്‍ത്തനരീതികള്‍, 21 ആം നൂറ്റാണ്ടിലേക്ക് അവരാവിഷ്‌കരിച്ചിരിക്കുന്ന ഒരു പദ്ധതി അതിനായി തിരഞ്ഞെടുക്കപ്പെടുന്ന ചെറുപ്പക്കാരന്‍, എന്നിങ്ങനെ ഒന്നിനോടൊന്ന് കൊരുത്തും അഴിച്ചും അവസാനതാളില്‍ അദ്ഭുതമൊളിപ്പിച്ചും അപൂര്‍വ്വമായ ഒരനുഭവവുമായി മാറുന്ന അനാഹിയിലേക്ക് ഏവരെയും ക്ഷണിക്കുന്നു. ഒപ്പം വിപിന്‍ ദാസ് എന്ന മലയാളത്തിന്റെ ഡാന്‍ ബ്രൗണിന് എല്ലാ ആശംസകളും നേരുന്നു.

Content Highlights: Vipin Das Anahi novel Book Review Mathrubhumi Books