വായനയുടെ വഴികളില്‍ നിന്ന് ദൃശ്യത്തിന്റെ മാസ്മരീകതയെ ലക്ഷ്യം വെച്ച് പായുന്നവരെ പ്രത്യാനയിക്കാന്‍ കെല്പുള്ള -വായനാക്ഷമത (Readablity) കൈമുതലായുള്ള നോവല്‍. വായിപ്പിക്കുക എന്നതില്‍ കവിഞ്ഞ് എന്ത് വലിയ ദൗത്യമാണ് ഒരു കൃതിക്ക് പ്രാഥമികമായി നിറവേറ്റാനുള്ളത് എന്ന് ഓരോ വായനക്കാരനോടും ചോദിച്ചുപോകുന്ന കൃതി - വിലാപ്പുറങ്ങള്‍. മാതൃഭൂമി അവാര്‍ഡ് നേടിയ 'മുംബൈ' എന്ന നോവലിന്റെ എഴുത്തുകാരി ലിസിയുടെ വശ്യമോഹനമായ നോവല്‍.

'പൂരത്തിന്റെ ചൂടും ചൂരും ഇതാണ് മോനേ, നോക്കീം കണ്ടു നടന്നില്ലേല്‍ ട്രൗസറ് പൊളിയും. ഇത് നാട് വേറ്യാ ' തൃശൂരിന്റെ ആര്‍ജ്ജവമുള്ള ഭാഷയില്‍ വായനക്കാരില്‍ 'വിസ്മയത്തിന്റെ ഒറ്റ അമിട്ട് ' തീര്‍ക്കുന്ന രചനാചാരുത. സ്ത്രീക്ക് വിലങ്ങാവുന്ന അവളുടെ സൗന്ദര്യം തിരിച്ച് ആയുധമാക്കി തുഴഞ്ഞുകയറുന്ന പെണ്ണ് - പനങ്കേറി മറിയ. അവളുടെ കഥ ഒരു ദേശത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ചരിത്രത്തിന്റെ പരഭാഗ ഭംഗിയില്‍ അവതരിപ്പിക്കുമ്പോള്‍ അത് മിത്തും യാഥാര്‍ഥ്യങ്ങളും വിശ്വാസങ്ങളും കൂടിക്കലര്‍ന്ന ജീവിത പരിസരത്തിന്റെ ഭൂമികയായ് മാറുന്നു. കഥാകാരി ദേശത്തിന്റെ കഥാകാരിയാകുന്നു. നോവല്‍ ഒരു സ്ത്രീപക്ഷ രചനയാകുന്നു

നോവലിസ്റ്റ് പറയുന്നത് കേള്‍ക്കുക (അഭിമുഖം: രാജസൂയം മാസിക സെപ്ത: 2019)- 'എഴുതാന്‍ തുടങ്ങിയത് വിമോചന സമരത്തിന്റെ കഥ. തുടങ്ങിയപ്പോള്‍ ഉള്ളില്‍ മുഴങ്ങിയത് പൂരമേളം.. എഴുതിക്കഴിഞ്ഞപ്പോള്‍ അത് പനങ്കേറി മറിയയുടെ കഥ. ഈ വഴിമാറ്റം എന്റെ സ്വാതന്ത്ര്യമാണ്. എഴുത്തിന്റെ സ്വാതന്ത്ര്യം'

അതെ നോവലിസ്റ്റ് പറയും പോലെ എഴുത്തിന്റെ സ്വാതന്ത്യം അനുഭവപ്പെടുത്തുന്ന രചനാ രീതി. പെണ്‍ സര്‍ഗ്ഗാത്മകത ചൂഴ്ന്നു നില്ക്കുന്ന അനേകം പ്രതിബന്ധങ്ങളില്‍ നിന്ന് കരുത്തോടെ പുറത്തുകടക്കാന്‍ വെമ്പല്‍ കൊള്ളുന്ന എഴുത്തിന്റെ സമരോത്സുകത ഈ നോവലിലെ വിവരണങ്ങളെ കടാക്ഷിക്കുന്നുണ്ട്. മന:പൂര്‍വ്വം തന്നെ എന്ന് വായനക്കാര്‍ക്ക് അനുഭവപ്പെടുകയും ചെയ്യും. മേരി ആന്‍ ഫെര്‍ഗൂസണ്‍ (Mary Anne  ferguosn) എന്ന സ്ത്രീ സാഹിത്യചിന്തകയും എഴുത്തുകാരിയും പറയുന്നതു പോലെ യഥാര്‍ഥ സ്‌ത്രൈണാനുഭവ ചിത്രങ്ങള്‍ പുരുഷ രചനയില്‍ അപ്രാപ്യവും അപരിചിതവുമായിരിക്കും എന്ന ആശയം തലയാട്ടി സമ്മതിക്കാന്‍ പ്രേരിപ്പിക്കുന്ന ഇടങ്ങള്‍ ഈ നോവലിലുണ്ട്.

ഇത് തൃശൂരിന്റെ കഥ, അല്ല പെണ്‍കരുത്തിന്റെ കഥ, അല്ല പ്രണയത്തിന്റെ കഥ. ഇങ്ങനെ വായന മുന്നേറുമ്പോള്‍ വായനക്കാര്‍ ഉള്ളില്‍ മാറി മാറി പറഞ്ഞു പോകുന്നു. വായനക്കാരന്റെ കണ്ണു കെട്ടി യാഥാര്‍ഥ്യത്തിന്റെയും ഭാവനയുടെയും അതിര്‍വരമ്പുകള്‍ തകര്‍ത്ത് മുന്നേറുന്ന തന്മയീഭാവമുണ്ട് ഈ നോവല്‍ രചനയില്‍. ഈ നോവല്‍ വായനക്കുശേഷം തൃശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലിനു മുന്‍പില്‍ കൂടി ടൗണിലേക്ക് നീങ്ങവേ മനസ്സ് പെട്ടന്നുണര്‍ന്നു. വലിയൊരു ആകാംക്ഷ എന്റെ കണ്ണുകളെ വിടര്‍ത്തി. കണ്ണുകള്‍ നാലുപാടും പാഞ്ഞു. എവിടെയാണ്? എവിടെയാകാം? ഇവിടെയൊക്കെയല്ലേ? എന്നിങ്ങനെ!

പ്രണയത്തിന്റെ മഞ്ഞ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന പുരയിടം. പ്രതികാരത്തിന്റെ റിക്ഷാവണ്ടി മണ്ണില്‍ പതിപ്പിച്ച പാടുകള്‍, കൂസലില്ലായ്മയുടെ അട്ടഹാസം, ചോര വാര്‍ന്നു വീണ മാംസ ത്തൊലികള്‍ക്കിടയില്‍ ഉയര്‍ന്ന പീഠത്തിലിരിക്കുന്ന മാദകരൂപം... പനങ്കേറി മറിയ. കിഴക്കേക്കോട്ട മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു സ്ത്രീത്വം. അവളുടെ ശക്തിപ്രഭാവത്തിന്റെ അനുരണനങ്ങള്‍ ഏറ്റുവാങ്ങി ഒരു ദേശം, അവളെ ചൊല്ലി ചുണ്ടുകള്‍, അവളെ ഏറ്റ് മനസ്സുകള്‍, അവളില്‍ പകര്‍ന്നാടി ശരീരങ്ങള്‍- അങ്ങനെ ഒരുവള്‍ ഒരു ദേശത്തിന്റെ ഒരു കാലഘട്ടത്തിന്റെ ചരിത്രമാകുന്നു

മുട്ടോളമെത്തുന്ന പാവാടയില്‍ പൊട്ടിത്തരിച്ചു നില്‍ക്കുന്ന പെണ്‍കുട്ടിയില്‍ നിന്ന് മറിയയെ കാലും കവച്ചിരുന്ന് മുറുക്കി തുപ്പുന്ന സത്വത്തിലേക്ക്, പനങ്കേറി മറിയയിലേക്ക് മാറ്റിയ അനുഭവ പരമ്പരയിലേക്ക് നോവലിസ്റ്റ് വായനക്കാരെ കൈപിടിച്ചാനയിക്കുന്നു. ആ അവസ്ഥാന്തര പ്രക്രിയയില്‍ വടക്കുംനാഥനും പൂര വിഭവങ്ങളും പുലിക്കളിയും മേളവും വെടിക്കെട്ടും, മാര്‍ത്തോമാ പള്ളിയും തൃശൂരിന്റെ കച്ചവട സംസ്‌ക്കാരവും രാഷ്ട്രീയക്കളരിയും എല്ലാം ഒന്നിച്ചണിനിരന്ന് നായികയെ ദേശത്തിന്റെ പ്രതിനിധിയാക്കുന്നു. അവര്‍ പരാമര്‍ശിക്കപ്പെടുന്ന വിലാപ്പുറങ്ങള്‍ ഒരു ദേശത്തിന്റെ കഥയായ് മാറുന്നു. നോവലിസ്റ്റ് ദേശത്തിന്റെ കഥാകാരിയാകുന്നു.

പൂരത്തിന്റെ ഉല്പത്തി ചരിത്രത്തില്‍ തുടങ്ങി, മേളത്തില്‍ മുറുകി വെടിക്കെട്ടില്‍ കിലുങ്ങി ഉപചാരം ചൊല്ലി പിരിയുന്നതുവരെ വര്‍ണ്ണിയ്ക്കുന്നുണ്ട് നോവലില്‍. പൂരം ഓരോ ഘട്ടത്തിലും കണ്ടിട്ടുള്ളവര്‍ക്ക് തന്മയത്വത്തോടെ സ്വീകരിക്കാം. കാണാത്തവര്‍ക്ക് ഭാവനയില്‍ കാണാം. എന്നാല്‍ വായനക്കാരി എന്ന നിലയില്‍ എന്നെ വിസ്മയിപ്പിച്ചത് നോവലില്‍ നിന്ന് ഉയര്‍ന്നു കേട്ട വെടിക്കെട്ടിന്റെ ഭയങ്കര ശബ്ദമാണ്. ഓഡിയോ സാധ്യതയില്ലാത്ത നോവല്‍ രചനയില്‍ വായനക്കാരുടെ ചെവിയില്‍ ഉഗ്ര ശബ്ദമായ് മാറാന്‍, കണ്ണില്‍ വര്‍ണ്ണങ്ങളായ് വിടരാന്‍ കഥാകാരി വെടിക്കെട്ടിന്റെ നിര്‍മ്മാണ രഹസ്യം വിസ്തരിക്കുന്നു. വാക്കിന്റെ പരിമിതിയെന് അതി ഗംഭീരമായ് മറികടക്കുന്ന രചനാതന്ത്രം.

ബൈബിള്‍ പരാമര്‍ശത്താല്‍ സ്‌നാനപ്പെടുന്ന രചന

തൃശൂരിന്റെ സാംസ്‌ക്കാരികപ്പെരുമയിലേക്ക് ഉത്സവങ്ങള്‍ വറ്റാത്ത പനങ്കേറി മറിയയുടെ വികാര പ്രപഞ്ചത്തെ ഇറക്കി വയ്ക്കുമ്പോള്‍ ഇടര്‍ച്ച പറ്റാതെ ബൈബിള്‍ പരാമര്‍ശങ്ങളാല്‍ ജ്ഞാനസ്‌നാനം ചെയ്യുന്നു. വായനക്കാരന് അതു പിടികിട്ടാന്‍ നോവലിനു പുറത്തിറങ്ങി പിന്നെയും നോവലകത്തേക്ക് നോക്കേണ്ടിവരും. അത്രയധികം കഥാഭാഗവുമായി ഇഴ ചേര്‍ന്ന് കിടക്കുകയാണ് ബൈബിള്‍ സന്ദര്‍ഭങ്ങള്‍ നോവലില്‍.

വിലാപ്പുറങ്ങള്‍ എന്ന നോവലിന്റെ പേര്, മറിയ എന്ന നായികയുടെ പേര് കഥാഗതിയെ നിയന്ത്രിക്കുന്ന പ്രധാന സംഭവ പരമ്പരകള്‍ എല്ലാം ബൈബിള്‍ ആശയങ്ങളോട് അനുകൂലിച്ചും പ്രത്രികൂലിച്ചും വേദപുസ്തകസാന്നിധ്യത്തെ അടയാളപ്പെടുത്തുന്നു. വേദപുസ്തകഞ്ഞോട് ഇണങ്ങിയും ചിലപ്പോഴൊക്കെ തര്‍ക്കിച്ചും ചോദ്യചെയ്തും ഒടുവില്‍ സമരസപ്പെട്ടും നോവലിസ്റ്റ് നോവല്‍ സന്ദര്‍ഭങ്ങളെ ബൈബിള്‍ വചനങ്ങളുടെ ആത്മീയ ശക്തിയാല്‍ ജ്ഞാനസ്‌നാനം ചെയ്യിക്കുന്നു. നായികയെ അവതരിപ്പിക്കാന്‍ വേദപുസ്തകത്തില്‍ നിന്ന് മഗ്ദലന മറിയയെ തന്നെ കൊണ്ടുവരുന്നു.

അനേകം കണ്ണുകളെ തന്നിലേക്ക് ആവാഹിച്ചൊതുക്കാന്‍ കഴിവുള്ളവള്‍, തന്റെ സാന്നിധ്യം കൊണ്ട് തരംഗങ്ങള്‍ ഉണ്ടാക്കുന്നവള്‍, നിശ്ചലതയുടെ നടുവിലേക്കെറിയാന്‍ കല്ലുകള്‍ കൈവശമുള്ളവള്‍ - പനങ്കേറി മറിയ, പക്ഷേ ഇവള്‍ മഗ്ദലനയെപ്പോലെ മോഹനരൂപത്തിലല്ല രംഗപ്രവേശം ചെയ്യുന്നത് നോക്കുക: 'നടയില്‍ തന്നെ കാലും കവച്ചിരുന്ന്, മുറുക്കി തുപ്പി ഒരു വശപ്പിശക് ഇരിപ്പ്. ചിരിക്കാന്‍ മറന്നിട്ട് കാലമേറെയായതുപോലെ ഇടയ്ക്ക് ചിറി തൊടച്ച്... നിന്റപ്പനെന്തേടീ?... എന്ന പരുപരുത്ത ശബ്ദമുയര്‍ത്തി' എന്തൊരു നായികാ പ്രവേശം. ഇവിടെ നായികയുടെ സൗന്ദര്യക്കനല്‍ ചാരത്തില്‍ മൂടിവെച്ചിരിക്കുന്നു. വായനക്കാരന്റെ നെടുവീര്‍പ്പുകള്‍ക്കൊണ്ട് വീശിത്തെളിയിക്കാന്‍.

'മറിയക്കുള്ളിലെ പ്രണയം പിടഞ്ഞു. ഇത്രേം ദാഹമുള്ള മനസ്സ്. അവള്‍ക്കുള്ളില്‍ നിറച്ചതാരാണ്?' പ്രതീക്ഷകള്‍ ചതിയ്ക്കുമ്പോള്‍ മരണപ്പെടുന്ന ആത്മീയത മനുഷ്യ ജീവിതത്തെ അസ്വസ്ഥതകളിലേക്ക്, അരക്ഷിതാവസ്ഥകളിലേക്ക്, തീരാത്ത ആത്മദാഹങ്ങളിലേക്ക് ഒക്കെ വലിച്ചു കൊണ്ടു പോകും. മനസ്സ് ഉയിര്‍ത്തെഴുന്നേല്‍പ്പിന് തയ്യാറാകും വരെ ഇങ്ങനെയാകാം നോവലിസ്റ്റ് മറിയയിലൂടെ പറയുന്നത് എന്ന് തോന്നിപോകും.

പ്രണയ- മഞ്ഞ

മുറിച്ചിട്ട വരികളിലൂടെ, മതിവരാത്ത കാഴ്ചകളിലൂടെ, ഉറക്കമായ് മാറാനാവാത്ത മയക്കങ്ങളിലൂടെ, പ്രതികാരത്തിലും കാത്തു വെയ്ക്കുന്ന പ്രതീക്ഷയിലൂടെ പ്രണയം വശ്യസുന്ദരമായ അനുഭവമാകുന്നു ഈ നോവലില്‍. മഞ്ഞക്കാടുകളായ് വിടര്‍ന്ന് മനം കവരുന്നു. 'ഒരാള്‍ മറ്റൊരാള്‍ക്ക് എന്താകുമെന്ന് ഒരളവുകോലുമില്ല: അടുത്തിരിക്കുമ്പോള്‍, സംസാരിക്കുമ്പോള്‍, കണ്ണുകളിലേക്ക് നോക്കുമ്പോള്‍, പിന്നെ അകന്നിരിക്കുമ്പോഴും ഒരു നീറ്റലാകുന്നുവെങ്കില്‍ സൂക്ഷിക്കുക നിങ്ങള്‍ ഒരു കെണിയിലേക്ക് വീണു കൊണ്ടിരിക്കുന്നു. ഒരിക്കലും തിരിച്ചു വരാനാകാത്ത സങ്കടങ്ങളുടെ കെണിയിലേക്ക്... പ്രണയത്തിലേക്ക്.

ആരും കാണാത്ത ആകാശമായ്, വിസ്മയത്തിന്റെ ഒറ്റ അമിട്ടായ്, സൂര്യകാന്തി പൂക്കളുടെ മഞ്ഞക്കാടായ് പ്രണയം നിറയുന്ന നോവല്‍. ജീവിതത്തിന്റെ പലവിധ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ചിട്ടും നിരാശക്കും പ്രതികാരത്തിനും വഴി മാറിയിട്ടും 22 പെറ്റിട്ടും കാലുകള്‍ വേച്ചു പോകുന്ന അനാരോഗ്യത്തിലും പ്രണയമിവിടെ മഞ്ഞക്കാടുകളായ് പൂത്തു നില്ക്കുന്ന വിസ്മയമാകുന്നു. വികാര സംക്രമണം (infection ) ആണ് ഒരു കലാസൃഷ്ടിയെ കലാസൃഷ്ടിയാക്കുന്നത്. എന്ന് വിശ്വസാഹിത്യകാരനും സൈദ്ധാന്തികനുമായ ടോള്‍സ്റ്റോയ് അഭിപ്രായപ്പെടുന്നുണ്ട്. എഴുത്തുകാരി തന്റെ അനുഭൂതി മണ്ഡലത്തിലേയ്ക്ക് ഓരോ വായനക്കാരനേയും കൈപിടിച്ചാനയിക്കുന്ന വിലാപ്പുറങ്ങള്‍ അതു കൊണ്ടു തന്നെ നല്ല കലാസൃഷ്ടിയാണ്.

Content Highlights: Vilappurangal novel in Malayalam Book Review