ലിസിയുടെ വിലാപ്പുറങ്ങള്‍ എന്ന നോവലിന്റെ വായനാനുഭവം

കിഴക്കേക്കോട്ട നാൽക്കവലയുടെ വടക്കുകിഴക്കേ മൂലയിലെ മാംസവിൽപ്പനകേന്ദ്രത്തിലേക്കുള്ള വഴിയിൽ ഒരു മിന്നായംപോലെ കണ്ടത് അവരെയാണോ? എതിർവശത്തുനിന്നുള്ള കാഴ്ചയിൽ ഒന്നു പരിഭ്രമിച്ചു. ചട്ടയും മുണ്ടുമാണ് വേഷം. മുണ്ടിനു പിറകിലെ ഞൊറികൾ ഭംഗിയിൽ കാണാം. വലതുകൈയിലൊരു സഞ്ചിയുമായി വേച്ചുവേച്ചാണ് നടത്തം. 

വായിലെ മുറുക്കാൻ തുപ്പി ചിറിതുടച്ചുകൊണ്ട് തെല്ലിട അവർ അവിടെനിന്നു. പനങ്കേറി മറിയ അല്ലേയിത്? വിലാപ്പുറങ്ങളിലെ ധിക്കാരിയായ മറിയ. ഇടത്ത്‌ ദയാലുവിനെയും വലത്ത് കാട്ടാളൻ പൊറിഞ്ചുവിനെയും കാവലാക്കി, കൈകൾ പിറകിൽ ചേർത്തുകെട്ടി, കിഴക്കേക്കോട്ട പ്രദേശത്തെ ഇളക്കിമറിച്ചവൾ! ഒറ്റയാനെന്ന വാക്കിനു സ്ത്രീലിംഗമുണ്ടായാൽ അതു ചാർത്തിനൽകാനാവുന്ന, മലയാള നോവൽലോകത്തെ അസാധാരണ കഥാപാത്രം. 

vilappurangalസാരിയും ബ്ലൗസും വ്യാപകമായതോടെ, അപൂർവ്വമായ ചട്ടേം മുണ്ടും ധരിച്ച ആ സ്ത്രീയെ അവിടെക്കണ്ടപ്പോൾ അറിയാതെ ലിസിയുടെ നോവൽകഥാപാത്രം മനസ്സിൽ തെളിഞ്ഞുവന്നതാണ്. സാകൂതം അവരെ നിരീക്ഷിക്കാൻ തോന്നി. അവർ കിഴക്കോട്ടു നീങ്ങുന്നു. അവിടെ ലൂർദ്ദ്പള്ളിയുടെ വിശാലമായ സെമിത്തേരിയിലാണല്ലോ അവളുടെ ഒരേയൊരു കാമുകൻ പീറ്ററിനെ അടക്കം ചെയ്തിരിക്കുന്നത്.

നഗരത്തിൽ കാറും വീടുമുള്ള അന്തോണീസെന്ന പ്രതാപിയുടെ മകളെ ഇറച്ചിവില്പനക്കാരിയും മദ്യപാനിയും താന്തോന്നിയുമാക്കിയത് പീറ്ററാണ്. അയാളുമായുള്ള കൗമാരപ്രണയം മറിയയുടെ ജീവിതത്തെയാകെ ഉഴുതുമറിച്ചു. മറിയയുടെ ദേശം തൃശ്ശൂർ നഗരമാണ്. നോവലിലെ ആഖ്യാനം തൃശ്ശൂരിലെ പുരാവൃത്തങ്ങളാണെന്നതിൽ ശരിയുണ്ട്.

തൃശ്ശൂർപൂരം, വെടിക്കെട്ട്, ഇറച്ചിവില്പന എന്നിവയും കരുണാകരൻ, മുണ്ടശ്ശേരി തുടങ്ങിയവരെയും നോവലിൽ വിവരിക്കുന്നു. അഴീക്കോടൻ രാഘവൻ കൊലപാതകം, വിമോചനസമരം, നഗരത്തെ ഇളക്കിമറിച്ച സംഭവങ്ങൾ നിരവധിയുണ്ട് നോവലിൽ.  എല്ലാറ്റിനുമുപരി തൃശ്ശൂർ ഗഡികളുടെ ഭാഷയും. 

എന്നാലോ ഒരു അധ്യായം പോലും മറിയയെക്കുറിച്ചുള്ള പരാമർശമില്ലാതെ കടന്നുപോകുന്നുമില്ല. യഥാർത്ഥത്തിൽ പനങ്കേറി മറിയത്തിന്റെ സുവിശേഷമാണ് വിലാപ്പുറങ്ങൾ. കഠിനമായ ജീവിതാനുഭവങ്ങളുടെ കുത്തേറ്റ് അവളുടെ വിലാപ്പുറത്തുനിന്നു കിനിയുന്നത് സഹനങ്ങളുടെ തീത്തൈലമാണ്‌. 

അവളെ പാപിയും കാമാന്ധയുമായി എഴുതിത്തള്ളിയവർ ഒരുനിമിഷം അവളുടെ മനസ്സിലേക്കൊന്നു പാളിനോക്കിയോ? എങ്ങനെ നോക്കാൻ. അവളുടെ സൗന്ദര്യത്തിന്റെ തീച്ചൂടിൽ വെന്തുരുകിയവരോ ഓടിയകന്നവരോ ആണ്‌ ഭൂരിപക്ഷവും. തനിക്കൊരു കുഞ്ഞിനെ സമ്മാനിച്ചു കടന്നുകളഞ്ഞ പീറ്ററിനെ കാത്തവൾ എത്രകാലം കഴിച്ചു. 

പ്രണയകല(the art of loving)യുടെ വക്താവ് എറിക് ഫ്രോമിന്റെ ശ്രദ്ധേയമായ ‘you shall be as gods’ എന്ന പേരിലുള്ള പഠനം വർഷങ്ങൾക്കുമുൻപ് വായിച്ചിരുന്നത് വിലാപ്പുറങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ വെളിച്ചമേകി. ആ വാക്കുകളായിരുന്നു സാത്താന്റെ പ്രലോഭനം. 

ഏദൻതോട്ടം അവർക്കു നഷ്ടമായി. പക്ഷേ, അവർ സ്വന്തമാക്കിയത്, നെറ്റിയിലെ വിയർപ്പുകൊണ്ടു നേടിയത് മറ്റൊരു ലോകമാണ്. സഹനങ്ങളുടെ പീഡാനുഭവങ്ങളിലൂടെ സമാന്തരലോകം പടുത്തുയർത്തിയവർ ദൈവത്തെ ചോദ്യംെചയ്യാൻ പ്രാപ്തിനേടി.

ജീവന്റെവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെവൃക്ഷവും തോട്ടത്തിന്റെ നടുവിൽ അവിടുന്നു വളർത്തി (ഉൽപ്പത്തിപ്പുസ്തകം 1: 2), അറിവിന്റെ ഫലം തിന്നരുതെന്നു വിലക്കിയതു ശരിതന്നെ. അതുകൊണ്ടതു വിലക്കപ്പെട്ട കനിയായി. പിന്നീടതിനെ പാപപുണ്യങ്ങളുടെ വിലക്കുകളിലേക്ക് തിരുകിയത് യൂറോപ്യൻ ചരിത്രത്തിലെ ഇരുണ്ടയുഗങ്ങളിലാണ്. 

മഹാകവി മിൽട്ടന്റെ പാരഡൈസ്‌ ലോസ്റ്റ് വായിക്കാനുള്ള മഹാഭാഗ്യം ഉണ്ടായിട്ടില്ല. വളരെ ഉയരത്തിലാണ് ആ കൃതി. പക്ഷേ, ഈ സന്ദർഭത്തിൽ മിൽട്ടൻ sciential apple എന്നു അർത്ഥവത്തായി പ്രയോഗിച്ചതിനെക്കുറിച്ച് പ്രൊഫ.വി. അരവിന്ദാക്ഷൻ ക്ലാസിൽ വിശദീകരിച്ചത് ഇപ്പോൾ തെളിഞ്ഞുവരുന്നു. അറിവിന്റെ കനി അതാണ് ജീവന്റെ വഴികാട്ടി. മനുഷ്യരാശിയുടെ വളർച്ചയുടെ നിദാനം. 

‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന രക്ഷകന്റെ വാക്കുകൾ മഗ്ദലനയിലെ മറിയത്തെ വിശുദ്ധയാക്കി. ഓരോരുത്തരും താന്താങ്ങളെ അറിയേണ്ടത് അവരവരുടെ വഴികളിലൂടെയാണ് എന്ന വാക്കുകൾ നോവലിലെ മറിയത്തെ വാഴ്ത്തപ്പെട്ടവളാക്കുന്നു.