മാതൃഭൂമി ഓണപ്പതിപ്പില്‍ ഡോ. അംബികാസുതന്‍ മാങ്ങാട് എഴുതിയ 'ഉമ്മട്ടിക്കുളിയന്‍'എന്ന കഥയ്ക്ക് ഉണ്ണിക്കൃഷ്ണന്‍ ശ്രീകണ്ഠപുരം എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം.

ഭൂമിയുടെ ഏതതിരില്‍ പോയാലും അവിടെ എന്തൊക്കെ ആയിത്തീര്‍ന്നാലും ജന്മഗ്രാമത്തിന്റെ ഇത്തിരി വിശുദ്ധിയിലേക്ക് തിരികെ പോരാന്‍ ആഗ്രഹിക്കുക എന്നത് മനുഷ്യമനസ്സിനുള്ളിലുറഞ്ഞുപോയ അഗാധമായ ചോദനകളിലൊന്നാണ് ഗൃഹാതുരത (Nostalgia) എന്ന് നാം പേരിട്ട് വിളിക്കുന്ന ഈ അവസ്ഥയെക്കുറിച്ച് മൂന്ന് നൂറ്റാണ്ടിലേറെയായി മന:ശാസ്ത്രജ്ഞന്മാര്‍ നിരന്തരം പഠനം നടത്തിക്കൊണ്ടിരിക്കുന്നു..

കഴിഞ്ഞകാല ഓര്‍മകള്‍ ഉറകൂടിയ ഇടങ്ങളിലേക്കുള്ള കേവലമായ ഒരു മടങ്ങിപ്പോക്കായി ഗൃഹാതുരതയെ ഇന്ന് മനഃശാസ്ത്രജ്ഞന്മാര്‍ കാണുന്നില്ല. അതിനെ മാനസികമായ നിലതെറ്റലായിക്കൂടി വിലയിരുത്തണം എന്നതാണ് പുതിയ കാഴ്ചപ്പാട്. ഗൃഹാതുരതയെ സംബന്ധിച്ച് ശ്രദ്ധേയമായ നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ച സതാംപ്ടണ്‍ സര്‍വ്വകലാശാലാ Prof. Tim Wildschut, 2008-ല്‍ അവതരിപ്പിച്ച ഒരു പഠനത്തില്‍ അതിനെ ഇങ്ങനെ നിര്‍വ്വചിക്കുന്നുണ്ട്.

'...nostalgia was regarded as a psychiatric disorder. Symptoms included anxiety, sadness, and insomnia. Psychodynamic approaches considered nostalgia a subconscious desire to return to an earlier life stage, and it was labeled as a repressive compulsive disorder. Soon thereafter, nostalgia was downgraded to a variant of depression, marked by loss and grief, though still equated with homesickness.'

മുന്‍കാല ജീവിതസ്ഥലികളിലേക്ക് മടങ്ങാനുള്ള ഉപബോധമനസ്സിന്റെ ആഗ്രഹം വിഷാദത്തിന്റെ ഒരു വകഭേദമാണ് എന്നും അത് എന്തിന്റെയൊക്കെയോ നഷ്ടത്തിന്റെയും വ്യാകുലതയുടെയും ഫലമായി ഉണ്ടാകുന്ന ഗൃഹവിരത മൂലമുള്ള മടക്കമാണെന്നുമുള്ള  ഈ കാഴ്ചപ്പാടിനെ സാധൂകരിക്കുന്നതാണ് മാതൃഭൂമി ഓണപ്പതിപ്പില്‍ വന്ന അംബികാസുതന്‍ മാങ്ങാടിന്റെ ഉമ്മട്ടക്കുളിയന്‍ എന്ന കഥയുടെ പ്രമേയം.

നിരവധി വര്‍ഷങ്ങളായി ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍, ബോട്‌സ്വാനയില്‍ ജോലി ചെയ്യുന്ന രാമചന്ദ്രന്‍ എന്ന അത്യുത്തര മലബാറുകാരന്‍ തന്റെ മകള്‍ വരലക്ഷ്മിയുമൊത്ത് ജന്മഗ്രാമത്തിലേക്ക് തിരികെ വരുന്നതും ഗ്രാമത്തിലെത്തിയ ശേഷമുള്ള ഏതാനും മണിക്കൂറുകളിലെ അയാളുടെ അവസ്ഥയുമാണ് കഥയിലുള്ളത്.

ഗ്രാമത്തിലേക്ക് ടാക്‌സിയില്‍ വരുമ്പോള്‍ അവര്‍ താണ്ടുന്ന എണ്ണമറ്റ റോഡ് വളവുകളെക്കുറിച്ച് പറഞ്ഞാണ് കഥയുടെ തുടക്കം തന്നെ.

'നിറയെ വളവുകളാണ്. ഒന്നിന് പിറകെ ഒന്നായി വളവുകള്‍ വന്നു കൊണ്ടേയിരിക്കുന്നു'
ആ വളവുകള്‍ ഒരു നേര്‍രേഖയിലല്ലാതെ പോയ തന്റെ  ജീവിതത്തിന്റെ പ്രതീകമായി അയാള്‍ കാണുന്നുണ്ടാവണം. ആ വളവുകളും  ഗ്രാമത്തിലെ പഴയ വീട്ടിലെത്താറായി എന്ന തോന്നലും രാമചന്ദ്രനില്‍ ഒരു തരം anxiety ആണ് സൃഷ്ടിക്കുന്നത്.

ഗൃഹാതുരത എന്ന് നാം പണ്ട് വിവക്ഷിച്ചതിലെ സുഖദമായ ഒരനുഭൂതി ഇവിടെ രാമചന്ദ്രനില്ല.
ഓര്‍മകളുടെ വളപ്പൊട്ടുകള്‍ വീണുകിടക്കുന്ന ഇടങ്ങളില്‍ എത്തുമ്പോഴുള്ള സുഖമല്ല അയാളില്‍.

'രാമചന്ദ്രന് ശ്വാസം മുട്ടുന്നതു പോലെ തോന്നി 'എന്നാണ്  കഥാകൃത്ത് പറയുന്നത്.
ഗ്രാമത്തിന് ഏറെ മാറ്റം വന്നിരിക്കുന്നു എന്നയാള്‍ തിരിച്ചറിയുന്നുണ്ട്.
എങ്ങും വലിയ വീടുകള്‍. ഓര്‍മയില്‍ പോലും തെളിയാത്ത പരിസരം. അതൊക്കെ ഒരു വിഭ്രമാവസ്ഥയാണയാളിലുണ്ടാക്കുന്നത്.

പണ്ട് താമസിച്ചിരുന്ന വീടെത്തിയപ്പോള്‍ അയാള്‍ നെഞ്ചിടിപ്പോടെയാണ് പുറത്തിറങ്ങുന്നതു പോലും. 'പഴയ ഓടു മേഞ്ഞ തറവാടിന് നേര്‍ക്ക് നോക്കുമ്പോള്‍ ചെറിയൊരു വിറ പാദങ്ങളില്‍ നിന്ന് ഉടലിലൂടെ ഇഴഞ്ഞു കയറുന്നതും ' അയാള്‍ക്ക് അനുഭവസ്ഥമാകുന്നുണ്ട്.
Prof. Tim Wildschut  വിവക്ഷിച്ചതു പോലെ അതിരുകടന്ന anxiety മാനസികമായ ഒരു നിലതെറ്റലില്‍ രാമചന്ദ്രനെ എത്തിച്ചിട്ടുണ്ട് എന്ന സൂചന ആരംഭത്തില്‍ തന്നെ കഥാകൃത്ത് ഇങ്ങനെ പറഞ്ഞു വയ്ക്കുന്നുണ്ട്.

Art by Madanan

എത്രയോ ദശകങ്ങള്‍ക്ക് ശേഷം വീടണഞ്ഞ ഒരാളുടെ ചലനങ്ങളും പ്രവര്‍ത്തിയുമല്ല രാമചന്ദ്രനില്‍ നാം തുടര്‍ന്ന് കാണുന്നത്.

അയാള്‍ എത്തിച്ചേര്‍ന്ന വീട്ടിലെ അംഗങ്ങളെ കാണുന്നതിന് മുമ്പായി പടിഞ്ഞാറ്റയിലെ തെയ്യ പ്രതിഷ്ഠകളെ വണങ്ങാനുള്ള വെമ്പല്‍ അയാള്‍ കാണിക്കുന്നു...
വലിയ പ്രശ്‌നത്തിലകപ്പെട്ട ഒരാള്‍ ദൈവത്തില്‍ അഭയം തേടാന്‍ കാണിക്കുന്ന ഒരു വെമ്പലാണത്.

'ഇതിന്റകത്താണ് മോളേ തെയ്യങ്ങളെല്ലാം കുടിയിരിക്കുന്നത്. തൊഴുത് പ്രാര്‍ത്ഥിച്ചോളൂ ' എന്നാണയാള്‍ മകളോട് പറയുന്നത്.

തുടര്‍ന്നയാള്‍ കണ്ണടച്ച് തല കുനിച്ച് പ്രാര്‍ത്ഥിക്കയും ചെയ്യുന്നുണ്ട്.

കഥയില്‍ പ്രത്യക്ഷമായി കഥാകൃത്ത് വെളിപ്പെടുത്താത്ത ഒരു ഭൂതകാലമുണ്ട് രാമചന്ദ്രന് എന്ന് വേണം കരുതാന്‍. അയാള്‍ ഒരു ഘട്ടത്തില്‍ പിറന്ന നാട് വിട്ട് ഓടിപ്പോയതാണ്. അതെന്തിന് എന്ന് കൃത്യമായിപ്പറയാതെ ചില ധ്വനികള്‍ മാത്രമാണ് കഥയിലുള്ളത്.

രാമചന്ദ്രന്‍ എത്തിയതറിഞ്ഞ് വീട്ടിനകത്തു നിന്ന് പുറത്തുവന്ന ഇളയമ്മ രാമചന്ദ്രനുമായി സംസാരിക്കവേ പറയുന്ന രണ്ടു കാര്യങ്ങളുണ്ട്.

'പൊന്നുമോനേ. നീ എന്തു പോക്കാടാ പോയേ! നീ നമ്മളേല്ലാം മറന്നു കളഞ്ഞല്ലോ 'എന്നതാണതിലൊന്ന്.

രണ്ടാമത്തെ സൂചന കുറച്ചു കൂടി പ്രകടമാണ്.

'നീ ഒളിച്ചോടിയതിന്റെ പിറ്റേന്നാള് നിന്റച്ഛനിവിടെ വന്ന്: 'നീ ഇവിടുംണ്ടാകുംന്ന് കര്തീട്ട്. അപ്പഴാ സംഗതി ഞാനറിഞ്ഞേ. അന്നവിടെ നടന്നതിന്റെ നിജസ്ഥിതി എനക്കറീല. നിന്റെ ഭാഗം ആരും കേട്ടീലല്ലോ'.

എന്തോ അരുതാത്തത് ചെയ്തതിന്റെ പേരിലോ അല്ലെങ്കില്‍ ഒരു പ്രണയനഷ്ടത്തിന്റെ പേരിലോ നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതെ നടത്തിയ ഒരു  ഒളിച്ചോട്ടം ധ്വനിപ്പിക്കുന്നുണ്ട് ഇത്. ഹൈദരാബാദിലും പൂനയിലുമൊക്കെ അലഞ്ഞതിന്റെ സൂചനയും ഇളയമ്മയുടെ സംഭാഷണത്തില്‍ ഉണ്ട്. ശേഷമാവണം അയാള്‍ ബോട്‌സ്വാനയില്‍ പോയത്.

അയാളുടെ ആ ഒളിച്ചോട്ടം തീര്‍ച്ചയായും ഒരു പ്രണയ നഷ്ടത്തിന്റെ പേരിലാവണം. ഒരു പ്രതീകാത്മകതയിലൂടെ കഥാകൃത്ത് അതിനുള്ള സൂചന നല്‍കുന്നുണ്ട്. വീട്ടുമുറ്റത്ത് ഇലപ്പച്ച പോലും കാണാത്ത വിധത്തില്‍ പൂവിട്ടു നില്‍ക്കുന്ന ഒരു കണിക്കൊന്ന രാമചന്ദ്രനും മകളും അവിടെ വന്നിറങ്ങിയപ്പോള്‍ തന്നെ കാണുന്നുണ്ട്. 

മകള്‍ അതു കണ്ട് അതിശയിക്കുന്നുവെങ്കിലും ആ കൊന്ന നില്‍ക്കുന്നിടത്ത് പണ്ടുണ്ടായിരുന്ന നിറയെ പൂക്കുമായിരുന്ന ചെമ്പരത്തി കാണാത്തതിലാണ് അയാള്‍ക്ക് സങ്കടം. അതൊരു ചുവന്ന ചെമ്പരത്തി കൂടിയാണ്.

ചെമ്പരത്തിപ്പൂവിനേപ്പറ്റിയുള്ള മന:ശാസ്ത്ര പ്രതീക അപഗ്രഥന പഠനങ്ങളില്‍ അത് സ്ത്രീത്വത്തിന്റെ പ്രണയത്തിന്റെ ഒക്കെ സിംബല്‍ ആയാണ് വിവരിക്കാറ്. 

 'The Hibiscus flower stands as a perfect symbol of beauty that is usually implicated to a woman. Red hibiscus symbolizes passion and love. It is believed that the hibiscus flower is listed as a more feminine flower that represents a perfect wife or a perfect woman.'

'This flower symbolizes the love and affection between family members, friends, and others. The hibiscus flower stands as a perfect statement of your feelings towards the others.'

'Hibiscus flowers are gentle and even symbolize passionate relationships. This is a perfect gesture of true love and emotions marking the sincerity.'

ഒരു പ്രതീകം എന്ന നിലയില്‍ ചെമ്പരത്തി ഇതൊക്കെയാണ്. ചെമ്പരത്തി  വെട്ടിമാറ്റപ്പെട്ട അവസ്ഥ അയാളില്‍ നിന്ന് ബോധപൂര്‍വ്വം അടര്‍ത്തിമാറ്റിയ ഒരു പെണ്‍കുട്ടിയുടെ കൂടി സൂചനയായി നാം കഥയില്‍ വായിച്ചെടുക്കേണ്ടതുണ്ട്. ആ പെണ്‍കുട്ടി നഷ്ടപ്പെട്ടതിനാലാവാം അയാളുടെ ആദ്യ ഒളിച്ചോട്ടം.

എന്നാലിപ്പോള്‍ അയാളുടെ വരവ് ഭാര്യ കൂടി നഷ്ടപ്പെട്ട സ്ഥിതിയിലാണ്. അതിന്റെയും പ്രത്യക്ഷസൂചന കഥയിലില്ല. എന്നാല്‍ ധ്വനിപ്രകാരം അതുണ്ടുതാനും. 'എന്തേ രാമേന്ദ്രാ ഇവള്‌ടെ അമ്മയെ കൊണ്ട് വരാതിര്‌ന്നേ?'എന്ന ഇളയമ്മയുടെ ചോദ്യത്തിന്
'അവള്‍ക്ക് ലീവ് കിട്ടിയില്ല പെട്ടെന്നുള്ള വരവായിരുന്നു' എന്നാണയാളുടെ മറുപടി.

'ഓ നിങ്ങള് ഒന്നിച്ചല്ലേ താമസം?' എന്ന് കൂടി ഇളയമ്മ ചോദിക്കുന്നുണ്ട്. 

'അതേ എളേമേ. ഇനി വരുമ്പോള്‍ കൂട്ടിക്കൊണ്ടു വരാം' എന്നാണതിനുള്ള മറുപടി.
ഈ രണ്ടു മറുപടി ഘട്ടത്തിലും മകള്‍ വരലക്ഷ്മി അയാളെ പ്രത്യേക രീതിയില്‍ നോക്കുന്നുണ്ട്. ആദ്യം വിസ്മയത്തോടെ. പിന്നെ തുറിച്ചും.

രണ്ട് ഘട്ടത്തിലും അയാള്‍ അത് ശ്രദ്ധിക്കാത്ത മട്ടില്‍ ഒഴിഞ്ഞു മാറുകയാണ്.
തകര്‍ന്നു പോയ ഒരു ദാമ്പത്യത്തിന്റെ കയ്പ് ഉള്ളിലുള്ളതുകൊണ്ടാവണം അത്. തൊടിയിലെ കാണാതായ  ചെമ്പരത്തി കൂടുതല്‍ പ്രതീകാത്മകമാകുന്നതിവിടെയാണ്.

ആദ്യം പ്രണയിനി. പിന്നെ ഭാര്യ. രണ്ട് നഷ്ടവും അയാളുടെ ജീവിതത്തെ ഉലച്ചിരിക്കുന്നു എന്നതാണ് സത്യം. അതിനാലാവണം ഇളയമ്മയുടെ മകളുടെ മകന്‍ നവജിത്തിനോട് 'നല്ലോണം പഠിക്കണട്ടോ - വളഞ്ഞ വഴിക്കൊന്നും പോകര്ത്. നേരാം വഴിക്കന്നെ നടക്കണം.' എന്നയാള്‍ ഉപദേശിക്കുന്നത്.

നേരാംവഴിക്ക് നടക്കാതെ പ്രണയിച്ച് നടന്ന് ജീവിതം പാഴായതിന്റെ കയ്പ് ഉള്ളിലുള്ളതിനാലാവണം ആ മാര്‍ഗനിര്‍ദ്ദേശം.

രാമചന്ദ്രന്റെ കൗമാരകാലത്ത് അയാള്‍ വഴിതെറ്റാന്‍ പ്രണയമല്ലാതെ മറ്റൊന്നും കാരണമാവാന്‍ സാധ്യതയില്ല. ആ പ്രണയം അയാളുടെ നല്ല ഭാവി, കുടുംബ ബന്ധങ്ങള്‍ ഒക്കെയും നഷ്ടമാക്കി. ഇപ്പോഴിതാ ഭാര്യയുടെ നഷ്ടവും .

അതിനാലാണ് ഒരഭയാന്വേഷിയായി കുടുംബ ദേവതകളുടെ അടുത്തേക്കയാള്‍ വന്നത്. തറവാട്ടു ചുമരിലെ തെയ്യങ്ങളുടെ ഫോട്ടോ നോക്കി അയാള്‍ ആവേശത്തോടെ മകളോട് പറയുന്നൊരു കാര്യമുണ്ട്.

'നോക്ക് മോളേ ഇതാണ് കുണ്ടാര്‍ച്ചാമുണ്ഡി, ഇത് മൂവാളംകുഴിച്ചാമുണ്ഡി, ഇത് വേട്ടക്കരുമകന്‍, ഇത് ഊര്‍പ്പഴശ്ശി. ഇത് പന്നിക്കൊള്‍ത്തമ്മ, ഇതാ ഇതാണ് കുറത്തിയമ്മ...'

ഇങ്ങനെ ഒരു പാട് തെയ്യങ്ങളുണ്ടെങ്കിലും തറവാട്ടില്‍ ഒരിക്കലും കെട്ടിയാടാറില്ലാത്ത ഒരു തെയ്യമാണ് അയാളെ എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നത്. അത് ഉമ്മട്ടക്കുളിയന്‍ എന്ന തെയ്യമാണ്. അതേപ്പറ്റി അയാള്‍ മകളോട് വിസ്തരിക്കുന്നുണ്ട്

'...പണ്ട് പണ്ട് ഉമ്മട്ടക്കുളിയന് വേഷം ഉണ്ടായിരുന്നുത്രെ. ഒരിക്കല് ഉറഞ്ഞ് തുള്ളിയശേഷം തെയ്യം ഓടിപ്പോയി എന്തോ കാരണത്താല് പുഴയിലെ കയത്തിലേക്ക് ചാടി അപ്രത്യക്ഷമായി. അതിന് ശേഷം മലയന്മാരാരും തെയ്യത്തെ കെട്ടിയാടാന്‍ ധൈര്യം കാണിച്ചില്ലാത്രെ. വേഷമില്ലെങ്കിലും ഉഗ്രമൂര്‍ത്തിയാണ് ഉമ്മട്ടക്കുളിയന്‍...'

പുഴയില്‍ ചാടി മറഞ്ഞ ആ ഉമ്മട്ടക്കുളിയനെപ്പോലെ ഒരു അപ്രത്യക്ഷമാകല്‍ രാമചന്ദ്രനും ആഗ്രഹിച്ചിരിക്കണം. ഗ്രാമത്തിലേക്കുള്ള അയാളുടെ മടങ്ങിവരവ് തന്നെ ചിലപ്പോള്‍ ആ ലക്ഷ്യത്തോടെയാണ്. കാര്യങ്കാടിപ്പുഴയിലെ ഉമ്മട്ടക്കയം ഒരു പാതാളക്കുഴിയാണ്. അതില്‍ എന്ത് വീണാലും പൊങ്ങിവരില്ല. എന്ന് നവജിത്ത് പറയുന്നത് അയാള്‍ ശ്രദ്ധിച്ചിരുന്നു. അതിനാലാണ് കഥാന്ത്യത്തില്‍ അയാള്‍ കയത്തിലേക്ക് ചാടാന്‍ ഓടുന്നതും.

ആ ഉദ്യമത്തില്‍ നിന്നും നവജിത്ത് അയാളെ തടഞ്ഞുവെങ്കിലും താന്‍ സ്വയം നഷ്ടപ്പെട്ട ഒരവസ്ഥയില്‍ അയാള്‍ എത്തുന്നുണ്ട്.

സ്വന്തം കൈകാലുകളിലേക്കും ഉടുത്ത വേഷത്തിലേക്കും നോക്കിക്കൊണ്ട് തന്നോടെന്ന പോലെ വിസ്മയാധീനനായി, എം. മുകുന്ദന്റെ 'പ്രഭാതം മുതല്‍ പ്രഭാതം' വരെയിലെ കഥാപാത്രം ചോദിച്ചപോലെ അയാളും ചോദിക്കുന്നു. 'ഞാന്‍... ഞാനാരാണ്?'

നൊസ്റ്റാള്‍ജിയ ഒരു മാനസികരോഗമായി, ഒരു മെന്റല്‍ ഡിസോര്‍ഡറായി , പരിണമിക്കാമെന്ന പ്രൊഫസര്‍ Tim Wildschut ന്റെ  വ്യാഖ്യാനത്തെ  സാധൂകരിക്കുന്നു ഈ കഥാന്ത്യം. മുകുന്ദന്റെ കഥാപാത്രത്തിന്റെ വ്യഥ വേരുകള്‍ നഷ്ടപ്പെട്ട ഒരാളുടേതാണ്. മഹാ നഗരത്തില്‍ കുറേ അലഞ്ഞ് തന്റെ സ്വത്വം മറന്നുപോയ, ജന്മഗ്രാമത്തിലെ വേരുകള്‍ മറന്ന ഒരാളുടെ ചോദ്യമാണ് ഞാന്‍ ആരാണ് എന്നത്.

എന്നാല്‍ ഇതിലെ രാമചന്ദ്രന് അത്തരം സ്വത്വനഷ്ടമല്ല സംഭവിച്ചത്. ഗ്രാമത്തില്‍ അയാളുടെ  മറവി രോഗം ബാധിച്ച അമ്മയുണ്ട്. ഇളയമ്മയുള്‍പ്പെടെയുള്ള ബന്ധുക്കളുണ്ട്.എന്നിട്ടും  ഞാനാരാണ് എന്നയാള്‍ സ്വയം ചോദിക്കുന്നത് സ്വയം നഷ്ടപ്പെടാനുള്ള , ഒരു ഉള്‍പ്രേരണ അയാളെ പിടികൂടുന്നതിനാലാണ്. ബാല്യത്തില്‍ കേട്ട കഥകളിലെ  ഉമ്മട്ടക്കുളിയനെ പോലെ വേഷ നഷ്ടം വന്നയാളായി അയാള്‍ സ്വയം സങ്കല്പിക്കുന്നു. അതു കൊണ് ഞാന്‍ ആരാണ് എന്നയാള്‍ ചോദിക്കുന്നത്.

Art by Madanan

അംബികാസുതന്‍ മാങ്ങാടിന്റെ കഥകളിലെ പൊതു സ്വഭാവങ്ങളിലൊന്നാണ് പാരിസ്ഥിതിക പ്രശ്‌നങ്ങളെ കൂടി കണ്ണി ചേര്‍ക്കുക എന്നത്. ഈ കഥയിലും അതുണ്ട്. വരള്‍ച്ച, അത് സൂചിപ്പിക്കുന്ന മയിലുകളുടെ വരവ്, കാലം തെറ്റി പൂക്കുന്ന കൊന്ന, വറ്റിയ പുഴ, പ്രളയം കയറിയുള്ള കൃഷിനാശം, ബോര്‍വെല്‍ എന്നിങ്ങനെ കഥയിലങ്ങിങ്ങായി പാരിസ്ഥിതിക ദുരന്തങ്ങളെ കഥാകൃത്ത് ആവിഷ്‌കരിക്കുന്നുണ്ട്.

എങ്കിലും ഈ കഥ അടയാളപ്പെടുന്നത് തെയ്യത്തെ പറ്റിയോ പരിസ്ഥിതിയെ പറ്റിയോ ഉള്ള കഥ എന്ന നിലയിലല്ല. അതിനപ്പുറം കൗമാരം വരെ ജീവിച്ച ഗ്രാമത്തിലേക്ക് വിഷാദാത്മകതയോടെ കടന്നു വന്ന് അരൂപിയായ ഉമ്മട്ടക്കുളിയനെപ്പോലെ സ്വയം നഷ്ടപ്പെട്ടു പോയതായി വിലപിക്കുന്ന ഒരാളുടെ കഥയായിട്ടാണ്.

ജന്മഗ്രാമത്തിലേക്ക് ചിലപ്പോള്‍ ചിലര്‍ വര്‍ഷങ്ങള്‍ക്ക്‌ശേഷം കടന്നുവരുന്നത് കേവലാര്‍ത്ഥത്തില്‍ പറയുന്ന ഗൃഹാതുരത കൊണ്ട് മാത്രമല്ല അത് വിഷാദത്തില്‍ നിന്ന് ഉരുവം കൊള്ളുന്ന ആത്മഹത്യാവാസന മൂലവുമാകാം എന്നതിന് വിശ്വസാഹിത്യത്തില്‍ മികച്ച ഉദാഹരണമുണ്ട്.

Chinua Achebe യുടെ വിഖ്യാത നോവലായ Things Fall Apart- ല്‍ കഥാനായകനായ Okonkwo ജന്മഗ്രാമമായ Umuofia യില്‍ തിരിച്ചെത്തിയശേഷം ആത്മഹത്യ ചെയ്യുന്നുണ്ട്. ബ്രിട്ടീഷുകാരുടെ കോളനിയായിരുന്നു അയാളുടെ ജന്മഗ്രാമം. ആ പരിണമിക്കലില്‍ ഗ്രാമത്തിന് നഷ്ടമായത് തനതായ ഇഗ്‌ബോ പാരമ്പര്യമാണ്. ആ  മൂല്യത്തകര്‍ച്ച സംഭവിച്ചതിന്റെ പേരില്‍ ഒരു വ്യക്തിയുടെ നിരര്‍ത്ഥക പ്രതിരോധം എന്ന നിലയിലാണ് Okonkwo ആത്മഹത്യ ചെയ്യുന്നത്. ഗ്രാമത്തിലെ മറ്റാരെക്കാളും പേരും പ്രശസ്തിയും ധനവും ആര്‍ജ്ജിച്ചിട്ടു കൂടി Okonkwo അങ്ങനെയാണ് ചെയ്യുന്നത്.

ഉമ്മട്ടക്കുളിയന്റെ ആരംഭത്തില്‍ കവി. പി കുഞ്ഞിരാമന്‍ നായരുടെ കളിയച്ഛനിലെ രണ്ടു വരി കൂടി കഥാകൃത്ത് ഉദ്ധരിച്ചിട്ടുണ്ട്.

'ചുമ്മാ പല പല വേഷങ്ങള്‍ കെട്ടിയി-
ന്നാത്മസ്വരൂപത്തെയോരാതെയായി ഞാന്‍ '
രാമചന്ദ്രനും ആ കളിയച്ഛനെപ്പോലെയോ അല്ലെങ്കില്‍ Okonkwo യെയോ പോലെയാണ്. കെട്ടേണ്ടി വന്ന വേഷങ്ങളില്‍ ഒട്ടും തൃപ്തി പോരാതെ വന്നൊരാള്‍. അതിനാല്‍ ജീവിതം വെടിയാനാഗ്രഹിച്ചൊരാള്‍.
അതാവാം അരൂപിയായ ഉമ്മട്ടക്കുളിയന്‍ രാമചന്ദ്രന്റെ Obsession ആകുന്നതും അതുപോലെ ആകാന്‍ കയത്തിലേക്ക് ചാടാന്‍ കൊതിച്ചതും. അതിനാല്‍ ഏറെ നാളുകള്‍ക്ക് ശേഷം നാട്ടിലേക്കുള്ള അയാളുടെ മടങ്ങിവരവിനെ നൊസ്റ്റാള്‍ജിയയുടെ കേവലാര്‍ത്ഥത്തില്‍ പരിമിതപ്പെടുത്തരുത്.

മാതൃഭൂമി ഓണപ്പതിപ്പ് വാങ്ങാം

Content Highlights : Unnikrishnan Sreekandapuram Reviews the Story Ummattikkuliyan written by Ambikasuthan Mangad