സേജൽ ബദനി എന്ന ഇൻഡോ അമേരിക്കൻ എഴുത്തുകാരിയുടെ ആദ്യ നോവലായ ട്രെയിൽ ഓഫ് ബ്രോക്കൺ വിംഗ്‌സ് (Trail of Broken Wings)  ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ, അമ്മയും മൂന്ന് പെൺമക്കളുമടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ്.

ഭർത്താവ് മരണശയ്യയിലാകുന്ന വേളയിൽ റാണി തന്റെ മൂന്നു മക്കളെയും വിളിച്ചു വരുത്തുന്നിടത്ത് കഥ തുടങ്ങുന്നു. ഫോട്ടോഗ്രാഫറും, അമേരിക്കയിലേക്ക് ജീവിതം പറിച്ചു നടുകയും ചെയ്ത ആളാണ് ഇളയ മകൾ സോണിയ. സാധാരണ വീട്ടമ്മയായി പട്ടണത്തിൽ ജീവിക്കുന്ന രണ്ടാമത്തെ മകൾ തൃഷയും, പരിശ്രമശാലിയായ മാരിനും, സോണിയയും വർഷങ്ങൾക്ക് ശേഷം ഒന്ന് ചേരുന്നു.

വ്യത്യസ്തമായ ചുറ്റുപാടിലും സാഹചര്യങ്ങളിലും ജീവിച്ച ഇവർ, ചെറുപ്പത്തിൽ തങ്ങൾക്കേറ്റ മാനസികവും ശാരീരികവുമായ പീഡനങ്ങൾ അതിജീവിച്ച ഓർമ്മകൾ പങ്കുവെച്ച്‌, പിന്നീട് ഒന്നിച്ച്‌ ഒരുപോലെ ജീവിതം മുന്നോട്ട് നയിക്കുന്നതുമാണ് കഥാതന്തു.

മരണാസന്നനായി കിടക്കുന്ന അച്ഛന്റെ ജീവൻ തിരിച്ചു കിട്ടാനായി ഒരു മകൾ മാത്രമേ കുറച്ചെങ്കിലും ആഗ്രഹിക്കുന്നുള്ളൂ. മാനസികമായും ശാരീരികമായും അച്ഛനാൽ കുഞ്ഞിലേ പീഡിപ്പിക്കപ്പെട്ട മക്കൾ, അമ്മയോടൊപ്പം വേദനിക്കുന്ന ഓർമ്മകൾ, വായനക്കാർക്ക് ആകാംക്ഷയുണർത്തുന്ന രീതിയിൽ പങ്കുവെയ്ക്കുന്നു.

ആ മുറിവുകൾ അവർക്ക് സമ്മാനിച്ചത് മറ്റൊരു കോണിലൂടെ ജീവിതത്തെയും, ബന്ധങ്ങളെയും, അവനവനെ തന്നെയും കാണാനുള്ള കഴിവാണ്. മുറിവേറ്റ മനസ്സുമായി ജീവിക്കുന്ന മൂന്നു സഹോദരിമാർക്കും മൂന്ന് തരത്തിലുള്ള കഥകൾ പറയാനുണ്ട്. ഓരോ പേജിലും നമ്മളെ വൈകാരികമായി തൊടുന്ന ഒരുപാട് സന്ദർഭങ്ങൾ നൽകുന്നുണ്ട് ട്രെയിൽ ഓഫ് ബ്രോക്കൺ വിംഗ്‌സ്.

trail of broken wingsഅമ്മയും മൂന്നു പെൺമക്കളും അടങ്ങുന്ന ആ കുടുംബത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇടപെടുന്ന, പുരുഷമേധാവിത്വം തുളുമ്പുന്ന ബ്രെന്റ് എന്ന പിതാവാണ്‌ കേന്ദ്ര കഥാപാത്രം. നോവലിലുടനീളം നിറഞ്ഞു നിൽക്കുന്ന ബ്രെന്റ് ആദ്യാവസാനം ഒരു വാക്കുപോലും ഉരിയാടുന്നില്ല;

ബ്രെന്റിനെ നമുക്ക് നാല് സ്ത്രീകളുടെ വാക്കുകളിലൂടെയും ഓർമകളിലൂടെയും സേജൽ വരച്ചു കാട്ടുന്നു. ഗാർഹിക പീഡനങ്ങൾ ഏറ്റു വാങ്ങാൻ വിധിക്കപ്പെട്ട നാല് സ്ത്രീകൾ, വർഷങ്ങൾക്ക് ശേഷം, തങ്ങൾ ഓരോരുത്തരുടെയും ഉള്ളിൽ കുഴിച്ചു മൂടാൻ ശ്രമിക്കുന്ന ഭൂതകാല രഹസ്യങ്ങൾ കുഴിച്ചെടുക്കുന്നു. 

കുടുംബത്തിലെ ഇളയ മകളായ സോണിയയ്ക്കാണ് അച്ഛന്റെ അക്രമം ഏറ്റവും കൂടുതലായി നേരിടേണ്ടി വന്നത്. അതിനാൽ അവൾ ഒളിച്ചോടുകയും ചെയ്യുന്നു. തനിക്ക് നേരിടേണ്ടിവന്ന ഉപദ്രവങ്ങൾ മറക്കാനായി, അവൾ തന്റെ ഇഷ്ടവിനോദമായ ഫോട്ടോഗ്രാഫി ജോലിയായി തിരഞ്ഞെടുക്കുകയും, ഏവരിലും നിന്നും ഒരകലം പാലിക്കുകയും ചെയ്തു പോന്നു.

അച്ഛന്റെ അവസ്ഥ അറിഞ്ഞ്‌, മനസ്സില്ലാ മനസ്സോടെയാണ് അവർ വർഷങ്ങൾക്കു ശേഷം, തിരികെ വീട്ടിലെത്തുന്നത്. താത്‌കാലികമെങ്കിലും അച്ഛനെ ശുശ്രൂഷിക്കാൻ നിയുക്തയാകുന്ന സോണിയ മറ്റു രോഗികൾക്ക് ഒരു ആശ്വാസമെന്ന വണ്ണം അവരെ ഫോട്ടോഗ്രാഫി പഠിപ്പിക്കുകയും, ബ്രെന്റിന്റെ ഡോക്ടറായ ഡേവിഡുമായി അടുക്കുകയും ചെയ്യുന്നു.

താൻ പ്രണയിക്കപ്പെടാതിരിക്കാൻ തക്കവണ്ണം തകർന്നവളാണെന്ന അവളുടെ ഉൾബോധത്തെ മാറ്റുന്നു, അവളിലനുരക്തനായ ഡേവിഡ്. തൃഷ ആയിരുന്നു അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ടവളെങ്കിലും തന്റെ കണ്മുന്നിൽ അമ്മയ്ക്കും സഹോദരിമാർക്കും ഏൽക്കേണ്ടി വന്നിട്ടുള്ള പീഡനങ്ങൾ അവളെ അസ്വസ്ഥയാക്കുന്നുണ്ടായിരുന്നു, അതവളെ പിന്നീട് വേട്ടയാടുകയും ചെയ്തുപോന്നു.

സ്വന്തം അച്ഛനാൽ ബലാത്സംഗം ചെയ്യപ്പെട്ട അവളുടെ വെളിപ്പെടുത്തലാണ് ഏവരെയും ഞെട്ടിക്കുന്നത്. ഏറ്റവും മൂത്തവളായ മാരിൻ തനിക്കേറ്റ മർദ്ദനങ്ങളും,പീഡനങ്ങളും അവളെ ഒരു കഠിനഹൃദയയായി രൂപപ്പെടുത്തി എന്ന് അഭിമാനപൂർവം പറയുന്നു. ആരെയും കൂസാതെ, ആഗ്രഹിച്ചതെന്തും നേടാൻ പ്രാപ്തയായ ഒരു ബിസിനസ്സുകാരിയായി മാറിയ അവർ എല്ലാ നഷ്ടങ്ങൾക്കും കാരണമായി തന്റെ അച്ഛനെ കുറ്റപ്പെടുത്തുന്നു.

ദയയും സഹതാപവും തന്നിൽ വളരാതിരുന്നത് ബാല്യത്തിൽ കണ്ടതും അനുഭവിച്ചതുമായ അവസ്ഥകളിൽ നിന്നാണെന്ന് അവർ ഉറപ്പിച്ചു പറയുന്നു. മൂന്നു മക്കളുടെയും അമ്മയായ റാണി തന്റെ മക്കളെ പോലും രക്ഷിക്കുവാൻ കഴിയാത്തതിൽ, കുറ്റബോധം വേട്ടയാടുന്ന നിസ്സഹായയായ സ്ത്രീയാണ്.

എങ്കിലും സാമൂഹിക പ്രതിബദ്ധതയും, സംസ്കാരവും മാനിച്ചു ബ്രെന്റ് അബോധാവസ്ഥയിൽ ആകുന്നവരെയും എല്ലാം സഹിച്ചു കൂടെ കഴിഞ്ഞു. സോണിയ പ്രണയത്തെ അകറ്റിനിർത്തുന്നത് സഹിക്കാനാവാതെ, ഒരു വലിയ വെളിപ്പെടുത്തലുമായിട്ടാണ് പിന്നീട്‌ റാണി രംഗത്തെത്തുന്നത്. ബ്രെന്റിനു വിഷം കൊടുത്തത് താനാണെന്ന് റാണി ഏറ്റുപറഞ്ഞു.

ഗാർഹികപീഡനത്തിന്റെ ശേഷിപ്പുകളായി അമ്മയേയും മൂന്നു മക്കളെയും മുൻനിർത്തി സേജൽ രചിച്ച ഈ നോവൽ വായനക്കാരുടെ മനസ്സിൽ ഒരു നീറ്റലായി അവശേഷിക്കും എന്നും. നമ്മൾ സ്നേഹിക്കുന്നവരെ സംരക്ഷിക്കുവാൻ വേണ്ടി പറയുന്ന നുണകളും, സൂക്ഷിക്കുന്ന രഹസ്യങ്ങളും വർഷങ്ങൾ കഴിയുമ്പോൾ നമ്മെ എങ്ങനെ മാറ്റിമറിക്കുമെന്നും , നമുക്ക് ചുറ്റുമുള്ളവരെ എങ്ങിനെ ബാധിക്കുമെന്നും കൂടി വ്യക്തമാക്കുന്നു ഈ നോവൽ.

അലോസരപ്പെടുത്തുന്ന ഒരു പ്രമേയമാണ് ഇതെങ്കിലും, ഗാർഹികപീഡനവും, കുട്ടികൾക്ക് നേരെയുള്ള അക്രമങ്ങളും കഥയിലൂടെയാണെങ്കിലും ചർച്ചചെയ്യപ്പെടേണ്ട വിഷയങ്ങളാണ് എന്ന് സേജൽ ഇതിലൂടെ നമ്മളോട് പറയുന്നു. സുതാര്യവും, സത്യസന്ധവുമായി സംസാരിക്കുന്ന രീതിയിലുള്ള, ഒഴുക്കുള്ള ഭാഷയും, കവിത്വവുമുള്ള പ്രയോഗങ്ങളും ഉപയോഗിച്ച്‌ സേജൽ ബദാനി വായനയെ രസകരമാക്കി തീർത്തിട്ടുണ്ട്. 

ഗാർഹിക പീഡനവും, ലൈംഗിക അധിക്ഷേപങ്ങളും, നിരന്തരമായ ഭീതിയിൽ ജീവിക്കുന്നതിനെക്കുറിച്ചും, ഈ പുസ്തകം പറയുന്നു. രണ്ടു സഹോദരിമാർ പീഡിപ്പിക്കപ്പെട്ടപ്പോഴും, മൂന്നാമത്തെ മകൾ  രക്ഷപ്പെടാൻ കൊടുക്കേണ്ടി വന്ന വില ഈ നോവലിന്റെ അവസാനമെത്തുമ്പോൾ മാത്രമാണ് വെളിപ്പെടുത്തുന്നത്.

മൗനം എത്രമാത്രം അപകടകാരിയാണെന്നും, പ്രതികരണശേഷി ഇല്ലാതാവുന്നത് എത്രമാത്രം നമ്മുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നുവെന്നും കൂടി ഓർമപ്പെടുത്തുന്നു തന്റെ നോവലിലൂടെ സേജൽ. അടിച്ചമർത്തലുകളും മൗന സമ്മതങ്ങളും തലമുറകളിലേക്കും കൈമാറ്റം ചെയ്യപ്പെടാം എന്ന ഭീതിപ്പെടുത്തുന്ന മുന്നറിയിപ്പ് തരുന്നുണ്ട് ഈ കുടുംബകഥയിലൂടെ.

കുട്ടികൾക്ക് ഏൽക്കേണ്ടി വരുന്ന പീഡനങ്ങൾ, ശാരീരികമോ മാനസികമോ ആയിക്കോട്ടെ, അവരെ അത് ജീവിതത്തിലുടനീളം പിന്തുടരുമെന്നും, ഗ്രന്ഥകർത്താവ് ഓർമിപ്പിക്കുന്നു. സേജൽ തനിക്ക്‌ പരിചയമുള്ളവരുടെ ജീവിതത്തിൽനിന്നും വീണു കിട്ടിയ സന്ദർഭങ്ങളെ ആണ് നോവലിൽ സമർത്ഥമായിട്ട്‌ പകർത്തിയിട്ടുള്ളത്. അതിനാൽ തന്നെ ഇത് വെറുമൊരു കഥ മാത്രമല്ലെന്നും, കുറെയേറെ സമാന ജീവിതങ്ങളുടെ ചിത്രമാണെന്നും നമുക്ക് ബോധ്യമാകും.

2015ൽ ഗുഡ് റീഡ്‌സ് ചോയ്‌സ് അവാർഡിനായി അവസാന ഘട്ടം വരെ പോരാടിയ പുസ്തകമാണ് ട്രെയിൽ ഓഫ് ബ്രോക്കൺ വിംഗ്‌സ്. തനിക്ക്‌ രണ്ടു വയസ്സുള്ളപ്പോൾ അമേരിക്കയിലേയ്ക്ക് കുടിയേറി പാർത്ത സേജൽ ബദനി അഭിഭാഷകയാണ്.