വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ പയ്യന്നൂരിലെ സൊസൈറ്റി ഫോര്‍ എന്‍വിയോണ്‍മെന്റ് എഡ്യൂക്കേഷന്‍ ഇന്‍ കേരള (സീക്ക്) എന്ന സംഘടന നടത്തിയ ഒരു ഒരു സൈലന്റ് വാലി ക്യാമ്പില്‍ പങ്കെടുത്തിരുന്നു. അപ്പോഴാണ് പാഠപുസ്തകത്തില്‍ കണ്ടിട്ടില്ലാത്ത ഒരുപാടറിവുകള്‍ നമ്മുടെ ചുറ്റുമുള്ള പ്രകൃതിയില്‍ ഉണ്ടെന്നും മണ്ണിനും ചെടികള്‍ക്കും മഴക്കും കാറ്റിനും ആകാശത്തിനുമൊക്കെ നമ്മളോട് നിരവധി കാര്യങ്ങള്‍ പങ്കുവെക്കാനുണ്ടെന്നും അറിഞ്ഞത്. വ്യവസ്ഥാപിത പാഠപുസ്തകങ്ങളിലൊന്നും കാണാത്ത ഒരുപാട് അറിവുകള്‍ പിന്നീട് പരിസ്ഥിതി പാഠ പുസ്തകങ്ങളില്‍ നിന്നും ചില സംഭാഷണങ്ങളില്‍ നിന്നുമൊക്കെ കിട്ടിയിട്ടുണ്ട്. ഈ അറിവുകളുടെ നല്ല പ്രചാരകരായി പരിചയപ്പെട്ട മൂന്നു വ്യക്തികളാണ് ശിവപ്രസാദ് മാഷും ടി.പി. പത്മനാഭന്‍ മാഷും ഇ. ഉണ്ണികൃഷ്ണന്‍ മാഷും.
കൂട്ടത്തില്‍ ഔഷധ സസ്യങ്ങളുമായും പാരമ്പര്യ വൈദ്യവുമായും ഏറെ പരിചയമുള്ള ഉണ്ണികൃഷ്ണന്‍ മാഷെയാണ് കൂടുതല്‍ വായിച്ചിട്ടും കേട്ടിട്ടുമുള്ളത്. അദ്ദേഹത്തിന്റെ പരിസ്ഥിതി സംബന്ധമായ ലേഖനങ്ങളുടെ പുതിയ പുസ്തകമാണ് മാതൃഭൂമി ബുക്‌സിന്റെ തുലാവേനല്‍. 'തനത്' എന്നുപറയാവുന്ന ഇത്രയേറെ കാര്യങ്ങള്‍ പ്രാദേശിക വിജ്ഞാനമായി ഉണ്ടോയെന്ന് അത്ഭുതപ്പെട്ടുപോകും വിധമാണ്നമ്മുടെ പ്രകൃതിയെ കുറിച്ചുള്ള അറിവുകള്‍ ഇതില്‍ പങ്കുവെച്ചിട്ടുള്ളത്. നമ്മുടെ മണ്ണ്, വെള്ളം, ഉറവുകള്‍, മഴ, നെല്‍വിത്തുകള്‍, കാട്, മരം, പക്ഷികള്‍, ജീവജാലങ്ങള്‍... ഇവയെക്കുറിച്ചെല്ലാമുള്ള നമ്മുടെ അറിവ് എത്ര നിസ്സാരമാണെന്ന് ചൂളിപ്പോകും ഇത് വായിക്കുമ്പോള്‍.
പരിസ്ഥിതിയെക്കുറിച്ച് നമ്മളിന്ന്ചര്‍ച്ച ചെയ്യുന്നതു തന്നെ പ്രളയം വരുമ്പോഴും ഉരുള്‍പൊട്ടലുണ്ടാകുമ്പോഴുമാണ്. മാധവ് ഗാഡ്ഗിലും കസ്തൂരി രംഗനുമൊക്കെ അപ്പോഴാണ് ഇഷ്ട വിഷയങ്ങളാകാറുള്ളത്. ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള മോക്ഡ്രില്‍ നടത്തുന്ന പഞ്ചായത്ത്, ഒട്ടൊരു ദീര്‍ഘവീക്ഷണത്തോടെ, ക്രഷറുകളെ നിയന്ത്രിക്കാന്‍ തയ്യാറാകുന്നില്ല. വെറും പ്രഹസനങ്ങളായി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഒതുങ്ങുമ്പോള്‍ പിന്നണിയില്‍ അതിദയനീയമാംവണ്ണം മരിച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ പ്രകൃതി. ഇത് തിരിച്ചറിയണമെങ്കില്‍ പരിസ്ഥിതിയെക്കുറിച്ചുള്ള അറിവുകള്‍ ജനകീയമാകേണ്ടതുണ്ട്. അതിനുള്ള മികച്ച ഗൈഡാണ് ഈ പുസ്തകം. കണ്ണൂരിന്റെയും കാസര്‍ഗോഡിന്റെയും അറിയപ്പെടാത്ത ചരിത്രങ്ങള്‍ പലയിടങ്ങളിലായി ഈ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

വേഗതയുടെയും വികസനത്തിന്റെയും നെടുമ്പാതകളില്‍ ചതഞ്ഞരഞ്ഞു തീരുന്ന ജീവികളെയും യന്ത്രക്കൈകള്‍ തിന്നു തീര്‍ക്കുന്ന മണ്ണിനെയും വെടിമരുന്നുകളില്‍ ഹൃദയം ഭേദിക്കപ്പെടുന്ന കരിങ്കല്‍ ഖനികളെപ്പറ്റിയുമൊക്കെ പറയാന്‍ ഇത്തരം ചില ശബ്ദങ്ങളെങ്കിലും അവശേഷിക്കുന്നതു കൊണ്ടാവണം അല്പമെങ്കിലും പച്ചപ്പുകള്‍ ഇവിടെ അവശേഷിക്കുന്നത്. തൊട്ടടുത്തിരുന്ന് പായാരം പറയുന്ന ഒരു സുഹൃത്ത് നമ്മുടെ ഹൃദയത്തില്‍ തൊടും പോലൊരു അനുഭവമാണ് തുലാവേനല്‍ വായന.
Content Highlights: Thulavenal Malayalam Book Review Mathrubhumi Books