രു പത്തു വര്‍ഷം മുമ്പാണെന്നു തോന്നുന്നു, ഞാന്‍ 'ഭയങ്കരി' എന്ന കഥയെഴുതുന്നത്. അതിനും പത്തവര്‍ഷം മുമ്പേ ഇന്ത്യന്‍ വിപണിയില്‍ തുറന്നുവിട്ടിരുന്ന ഉദാരവത്ക്കരണം എന്ന സാമ്പത്തിക സ്വാതന്ത്ര്യം കോര്‍പറേറ്റ് മേഖലയില്‍ അപ്പോഴേക്കും കൊടുങ്കാറ്റുകള്‍ക്കു തുടക്കം കുറിച്ചിരുന്നു. ബാക്കിയെല്ലാം ചരിത്രം. ഈ പുതിയ സാമ്പത്തിക അധോലോകത്തെക്കുറിച്ച് എഴുതാനുള്ള ശ്രമമാണു ' ഭയങ്കരി' എന്ന കഥയില്‍ എത്തിച്ചത്. 

ഈ കോര്‍പ്പറേറ്റ് ലോകത്തെയും ഭയങ്കരിയെയും മറ്റും ഇപ്പോള്‍ ഓര്‍മിപ്പിച്ചത് മുന്നില്‍ വായിച്ചുതീര്‍ന്ന നിലയിരിക്കുന്ന ദി അള്‍ട്ടിമേറ്റ് ജസ്റ്റിസ് എന്ന നോവല്‍ തന്നെയാണ്. അതിലൊട്ടും സംശയമില്ല. അതു രചിച്ചയാളാണെങ്കില്‍ സാഹിത്യലോകത്തു നവാഗതനും. പേര് അജിത് ഗംഗാധരന്‍. ഭയങ്കരിയില്‍ കണ്ട കോര്‍പ്പറേറ്റ് ലോകം പിന്നെയും ഒരു പത്തുവര്‍ഷം കൊണ്ടു വീണ്ടും കൂടുതല്‍ വിപുലമായിരിക്കുന്നു. ആ കോര്‍പ്പറേറ്റ് ലോകത്തെ അധോലോകം കൂടുതല്‍ സങ്കീര്‍ണവും. അതില്‍ ക്രിമിനല്‍വത്ക്കരണത്തിന്റെ തോതും പല മടങ്ങു വര്‍ധിച്ചു. പല്ലിനും നഖത്തിനും മൂര്‍ച്ച കൂടി.

ദി അള്‍ട്ടിമേറ്റ് ജസ്റ്റിസ് എന്ന നോവല്‍ നമ്മള്‍ സിനിമകളില്‍ കണ്ടുപോന്ന തുലോം അധോലോകത്തെ വെട്ടിപ്പിന്റെയും പ്രതികാരത്തിന്റെയും ആക്ഷന്‍ പായ്ക്ഡ് ത്രില്ലര്‍ അല്ല. അജിത് ഗംഗാധരന്‍ ഇവിടെ ആക്ഷന്‍ പായ്ക്ക് ചെയ്യുന്നത് നാമിതുവരെ കേള്‍ക്കാത്ത കോര്‍പ്പറേറ്റ് പണഭീകരതയുടെ പുതിയ ഏടുകള്‍ എഴുതി നല്‍കിക്കൊണ്ടാണ്. മുതലാളിത്തക്കണ്ണില്‍ പണം മാത്രം ലക്ഷ്യമിടുന്ന എന്തിനെയും ഇവിടെ തുറന്നുകാണിക്കുന്നുമുണ്ട്. 

കോര്‍പറേറ്റ് ലോകവ്യവസ്ഥ

നീരാളിക്കൈകള്‍ കൊണ്ട് കോര്‍പ്പറേറ്റ് ലോകത്തെ  അള്ളിപ്പിടിച്ചുകഴിഞ്ഞ ഗരുഢ ഗ്രൂപ്പ് ഒരു പേരു മാത്രമാകുന്നില്ല. ഈ പണാധിപത്യ ലോകത്തുള്ള എണ്ണമറ്റ പേരുകളില്‍ ഒന്നു തന്നെയാണ് എന്നു നമ്മളെ തിരിച്ചറിയിപ്പിക്കുന്ന ഇടത്താണു നോവലിസ്റ്റിന്റെ വിജയം. ഗരുഢ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവി മാധവന്റെ ( മാധവന്‍, എല്ലാത്തിന്റെയും നാഥന്‍ എന്നും വേറെ തലത്തില്‍ വായിക്കാവുന്നതാണ് ) തിരോധാനമാണു വായനക്കാരെ കോര്‍പറേറ്റ് സുന്ദരമുഖത്തിനു പിന്നിലുള്ള അധോലോകത്തേക്കു നയിക്കുന്നത്.

പിന്നെ രക്ഷയില്ല, നോവലിസ്റ്റ് അതിന്റെ എല്ലാ സങ്കീര്‍ണതകളിലേക്കും ഗലികളിലേക്കും കൂട്ടിക്കൊണ്ടുപോവുകയാണ്. കൂടെ പോവാതെ കുതറി മാറാനാവില്ല. ഈയെഴുത്തുകാരന്റെ പിടിത്തം അത്ര മുറുക്കത്തിലാണ്. അവിടെ നമ്മള്‍ കാണുന്നതു സമൂഹത്തിലെ പല ശബ്ദപ്രതിഷ്ഠകളുടെയും മുഖംമൂടികളാണ്. സൂപ്പര്‍ വാഴ്ത്തുകളുടെ പിന്നാമ്പുറങ്ങളാണ്. ക്രിമിനലുകളുടെ ഏറ്റവും വ്യാജമായ മുഖമെഴുത്തുകളാണ്. ഒരു പക്ഷെ, ഒരു പണ അധോലോകത്തെ കീഴ്‌മേല്‍ കുടഞ്ഞിട്ടു കാണിക്കുയാണു ദി അള്‍ട്ടിമേറ്റ് ജസ്റ്റിസ്. 

പുതിയ വെട്ടുവഴി

സാഹിത്യരചനാലോകത്തു മാത്രമാണ് അജിത് ഗംഗാധരന്‍ ഒരു തുടക്കക്കാരന്‍. എന്നാല്‍, ഒരു തുടക്കക്കാരന്റെ എഴുത്തുപരമായ ഒരു പതറിച്ചയും നോവലില്‍ അങ്ങോളമിങ്ങോളമില്ല. ഇത് അദ്ദേഹത്തിന്റെ ആദ്യനോവല്‍ അല്ല എന്നു വിചാരിക്കാനാണ് എനിക്കിഷ്ടം. അത് വെറുമൊരു വെളിപാടില്‍ നിന്ന് ഉണ്ടായതല്ല. മറിച്ച്, എഴുത്തിന്റെ ലിറ്റററി ഫൊറന്‍സിക് പരിശോധനയില്‍ നിന്നാണ് അതു പറയുന്നത്.

സാഹിത്യരചനയില്‍, ആദ്യത്തെ എന്നു പറയുന്നില്ല. പുതുക്കക്കാരനായിരിക്കാം. എന്നാല്‍, അയാള്‍ക്കു വളരെ ബൃഹത്തായ ഒരു വായനയുടെ പശ്ചാത്തലമുണ്ടെന്നു നിസ്സംശയം പറയാന്‍ കഴിയും. ഒരു വായനശാല തന്നെ വായിച്ചുതീര്‍ത്തുവോ എന്നും സംശയിക്കണം.  കാരണം, ഇതുപോലൊന്ന് മുമ്പു മലയാളത്തില്‍ വിരലിലെണ്ണാന്‍ പോലുമില്ല. ഓഹരി വിപണി മേഖലയിലെ ധനപരമായ അതിസാഹസികതകളെക്കുറിച്ചു നോവല്‍ ഉണ്ടായിട്ടുണ്ട്. ഓഹരി / കെ. എല്‍. മോഹനവര്‍മ. 1993 ല്‍ അക്കാദമി പുരസ്‌കാരം നേടിയ നോവല്‍.  കഥാതന്തുവിന്റെ നൂതനത്വം മാത്രമല്ല, ഞാനിവിടെ ഉദ്ദേശിക്കുന്നത്. 

മലയാളം മിസ്റ്ററി

ഏതു ഭാഷയിലും ഏതു കാലത്തും അജ്ഞാതമായിരിക്കുന്ന എന്തും മനുഷ്യഭാവനയെ ത്രസിപ്പിച്ചിട്ടുണ്ട്. അറിയാത്തതിനെ സമീപിക്കാന്‍ രണ്ടു വഴികളാണുള്ളതും. ഒന്ന് : കൂടുതല്‍ അറിയുക, എങ്ങനെ എന്നു ചിന്തിക്കുകയും അതിനായി ശ്രമം നടത്തുകയും ചെയ്യുക. രണ്ട് : കൂടുതല്‍ അറിയാന്‍ ശ്രമിക്കാതെ ഉള്ള അറിവു തന്നെ ധാരാളം എന്ന അന്ധതയില്‍ അതിനെ ആരാധിക്കുക. മനുഷ്യന്‍ അഞ്ചുപത്തു ലക്ഷം വര്‍ഷങ്ങള്‍ക്കു മൂമ്പ് സ്വന്തം കാലില്‍ എഴുന്നേറ്റു നില്‍ക്കാന്‍ തുടങ്ങിയ കാലം തൊട്ടുള്ള രണ്ടു രീതി. 

മലയാളത്തിന്റെ എഴുത്തില്‍, ഈ രണ്ടു വഴിയിലെ ശ്രമങ്ങളുടെയും സ്വാധീനം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ മിസ്റ്ററി കഥ പറച്ചിലിന്റെ അതിവിപുലമായ പാരമ്പര്യവും ഭാഷയ്ക്കുണ്ട്. അതു പിന്നീട് അപസര്‍പ്പകമെന്നു വിശേഷിപ്പിക്കപ്പെട്ടുവെങ്കിലും. 

ഡിറ്റക്ടീവ് സാഹിത്യത്തിന്റെ ഡി.എന്‍.എ

ദുരൂഹതകളെ കെട്ടുകഥകളിലാക്കാനും എഴുത്തിലാക്കാനും മലയാളത്തിലും വലിയ ശ്രമങ്ങളുണ്ടായിട്ടുണ്ട് എന്നു പറഞ്ഞുതരികയാണു കഥകളുടെ നരേഷന്‍ ചരിത്രം. അവയെ അപസര്‍പ്പകം എന്നു വിളിച്ചു മുഖ്യധാരയില്‍ നിന്നു പാര്‍ശ്വവത്ക്കരിക്കാന്‍ ശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും. ഭാഷയില്‍ ഈ ദുരൂഹതയെഴുത്തിനു പല രീതിശാസ്ത്രങ്ങളുണ്ടായിട്ടുണ്ട്. അതിലൊന്നായിരുന്നു ഡിറ്റക്ടീവ് സാഹിത്യം.

എന്നാല്‍ ഡിറ്റക്ടീവ് സാഹിത്യം ഒരെളുപ്പവഴി മാത്രമാണ്. മലയാളത്തില്‍ അതിനു പഞ്ഞമില്ലതാനും. ഒരു നിശ്ചിത പ്രശ്‌നപരിസരത്തില്‍ നിന്നുകൊണ്ട് അതിന്റെ ദുരൂഹതകളെ അഴിച്ചുനോക്കാന്‍ മാത്രമേ ഡിറ്റക്ടീവെഴുത്തിനു കഴിയുമായിരുന്നുള്ളൂ. അല്ലായിരുന്നെങ്കില്‍ ഡിറ്റക്ടീവ് മാര്‍ക്‌സിന്‍ മലയാളത്തിലെ ഏറ്റവും വലിയ ദുരൂഹതാവേട്ടക്കാരനാവുമായിരുന്നു. എന്നാല്‍ ആയില്ല. മലയാളത്തിന് ഒരു ആര്‍തര്‍ കോനന്‍ ഡോയ്ല്‍ ഉണ്ടായേക്കാം. ഒരു അഗതാ ക്രിസ്റ്റിയെ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ മലയാളത്തില്‍ നാളിതുവരെയായി ഒരു ഷെര്‍ലക് ഹോംസിനെ സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല എന്നു പറയേണ്ടിവരും.

the ultimate justice
പുസ്തകം വാങ്ങാം

ദി അള്‍ട്ടിമേറ്റ് ജസ്റ്റിസ്

ഈയൊരു പ്രശ്‌നപരിസരത്തു നിന്നുവേണം അജിത് ഗംഗാധരന്റെ ദി അള്‍ട്ടിമേറ്റ് ജസ്റ്റിസ് എന്ന നോവലിനെ സമീപിക്കാന്‍. കാരണം, ഇതൊരു ഒറ്റ നോവലല്ല എന്ന് നോവലിസ്റ്റിന്റെ രംഗഭാഷയില്‍ നിന്നു മനസിലാക്കാന്‍ സാധിക്കും. ഒരു പരമ്പര നോവല്‍ തന്നെയായിരിക്കാം എന്നേ ഇപ്പോള്‍ അനുമാനിക്കാന്‍ സാധിക്കുന്നുള്ളൂ.

ഇതൊരു പുതിയ യോണര്‍ പരീക്ഷണം മാത്രമാവുന്നില്ല എന്നിടത്താണ് ഇതിന്റെ പ്രസക്തി. നോവലിലുടനീളം ഉപയോഗിച്ചിരിക്കുന്ന രംഗഭാഷ, അതിന്റെ വിപുലമായ ക്യാന്‍വാസ്, അതിലെ ഓരോ കഥാപാത്രത്തിന്റെയും കഥാസന്ദര്‍ഭത്തിന്റെയും സങ്കീര്‍ണത എന്നിവയും പുതിയ പരീക്ഷണങ്ങള്‍ അണിയറയില്‍ നടത്തുന്നുവെന്നതിന്റെ വിരലടയാളങ്ങളാണ്. ഒരു ക്രൈം സീനില്‍ എന്നതു പോലെ. സാമ്പ്രദായിക അപസര്‍പ്പക എഴുത്തിന്റെ എല്ലാ വാര്‍പ്പ് മാതൃകകളെയും അട്ടിമറിക്കാന്‍ മലയാളത്തില്‍ നടക്കുന്ന പോസ്റ്റ് മോഡേണിസ്റ്റ് ശ്രമങ്ങള്‍ക്കു നോവലിസ്റ്റ് തന്റേതായ മെയ്ക്കരുത്തു നല്‍കുന്നുണ്ട് എന്നു നിസ്സംശയം പറയാം. സ്റ്റീരിയോ ടൈപ്പ് കുറ്റാന്വേഷണ സാഹചര്യങ്ങളില്‍ നിന്നു മലയാളം അപസര്‍പ്പക എഴുത്തു കുതറിമാറിത്തുടങ്ങി എന്നതിന്റെ ടെക്സ്റ്റ്ബുക്ക് സ്‌പെസിമന്‍ ആണ് ദി അള്‍ട്ടിമേറ്റ് ജസ്റ്റിസ്.

Content Highlights: The Ultimate Justice Malayalam Novel Book Review