നീതികളോടും, അക്രമങ്ങളോടും പൊരുതി നീതി വാങ്ങിച്ചെടുക്കുന്ന തരത്തിലുള്ള കഥകള്‍ നിരവധി സിനിമകളില്‍ വിഷയമായിട്ടുണ്ട്. നീതി നിഷേധം സിനിമകളില്‍ മാത്രമല്ല സാഹിത്യകൃതികളിലും പല രീതിയില്‍ കൈകാര്യം ചെയ്തുവരുന്ന ഒന്നാണ്. അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കരുതലോടെ അവതരിപ്പിച്ചില്ലായെങ്കില്‍  പൊളിഞ്ഞു പാളീസാകാനുള്ള ഒരു സാധ്യതകൂടിയുണ്ട്. പ്രമേയപരമായി നീതിനിഷേധവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെങ്കിലും അജിത് ഗംഗാധരന്റെ ദി അള്‍ട്ടിമേറ്റ് ജസ്റ്റിസ് എന്ന നോവലില്‍  വായിച്ചെടുക്കാവുന്ന പൊരുളുകള്‍  അനവധിയാണ്. ചതി, വഞ്ചന, പ്രതികാരം, ആള്‍മാറാട്ടം, കൃത്രിമ തെളിവുകള്‍, ബാങ്കിടപാടുകള്‍ തുടങ്ങിയ പലതും  നോവലില്‍ കടന്നുവരുന്നുണ്ട്. ഒരു പക്ഷേ അന്താരാഷ്ട്ര ബിസിനസ്സ് പശ്ചാത്തലത്തില്‍ ഈ വക കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നോവലുകള്‍ മലയാളത്തില്‍ അധികമൊന്നും കാണാനാവില്ല എന്നു തോന്നുന്നു. 

ഒരു ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്  ഈ നോവലെങ്കിലും തുടക്കത്തിലെ ചില സംഭവങ്ങള്‍ ഇതൊരു  അപസര്‍പ്പകനോവലാണോ എന്നു തോന്നിപ്പിക്കുന്നുണ്ട്. ഗരുഡ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനായ മാധവജി എന്നു എല്ലാവരും വിളിക്കുന്ന ശ്രീ മാധവന്റെ തിരോധാനമന്വേഷിക്കാന്‍ പശുപതി എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ എത്തുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. മാധവന്‍ തന്റെ കാബിനില്‍ നിന്നും പ്രൈവറ്റ് ലിഫ്റ്റില്‍ കയറുന്നതുവരെയുള്ള ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ കാണാം. എന്നാല്‍ പിന്നീട് അയാളുടെ ഒരു വിവരവുമില്ല. അത്യന്തം ദുരൂഹതകള്‍ അവശേഷിപ്പിച്ചുകൊണ്ടുതന്നെയാണ് അയാള്‍ അപ്രത്യക്ഷനായിരിക്കുന്നത്. ഗരുഡ ഗ്രൂപ്പിന്റെ തൃപ്പൂണിത്തുറയിലെ ഫോര്‍ട് കോളേജിലേക്ക് അധ്യാപകനായി എത്തുന്ന പശുപതി വിശ്വനാഥന്‍ മാസ്റ്റര്‍പീസ് എന്ന മമ്മൂട്ടി ചിത്രത്തിലെ പ്രൊഫസര്‍ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണെ ഓര്‍മിപ്പിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ അയാള്‍ കോളേജിലെ മറ്റൊരു അധ്യാപകനായ എബിയുമായി സൗഹൃദത്തിലാകുകയും ചെയ്യുന്നു. എബിയാണ് പശുപതിയ്ക്കു ദി അള്‍ട്ടിമേറ്റ് ജസ്റ്റിസ് എന്ന വീഡിയോ ഗെയിം പരിചയപ്പെടുത്തികൊടുക്കുന്നത്. സാധാരണ കണ്ടു വരുന്ന തീമുകളൊന്നുമല്ലായിരുന്നു ഈ ഗെയിമിന് ഉണ്ടായിരുന്നത്. അതിലും ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. 

മാധവന്‍  അപ്രത്യക്ഷനായതെങ്ങനെ? ഈ ഗെയ്മിനും മാധവന്റെ തിരോധനവവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട ഒരു കഥാപാത്രം ശരിക്കും ആരായിരിക്കും? ഏത് പക്ഷത്താണ് അയാള്‍ നിലകൊള്ളുന്നത് ? അയാള്‍ ശെരിക്കും യഥാര്‍ഥത്തിലുള്ള ആളു തന്നെയാണോ? വായനക്കിടയില്‍ മുളച്ചുവരുന്ന ഇത്തരം ചോദ്യങ്ങള്‍  വായനക്കാരെ കുഴപ്പിക്കുക തന്നെ ചെയ്യും. നോവല്‍ തുടങ്ങി അധികം വൈകാതെ തന്നെ എതിര്‍പക്ഷത്തു നില്‍ക്കുന്നവരില്‍ ചിലരെ വായനക്കാരുടെ മുമ്പില്‍ നേരിട്ട് അവതരിപ്പിക്കുന്നുണ്ടെങ്കിലും വായന മുന്നേറുമ്പോളുണ്ടാകുന്ന നോവലിലെ ഓരോ സംഭവങ്ങളും വായനക്കാരുടെ ബുദ്ധിയേയും, അന്വേഷണ ചിന്തകളേയും തെരുപിടിപ്പികുന്ന തരത്തിലുള്ള കഥാഘടനയാണ് നോവല്‍ സ്വീകരിച്ചിരിക്കുന്നത്. ഡബിള്‍ ഏജന്റുകളായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങള്‍ വായനക്കാരെ ഒരു പരിധി വരെ വട്ടം കറക്കുക തന്നെ ചെയ്യും. 

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിന്‍ ഡീസല്‍ നായകനായ ബ്ലഡ്‌ഷോട്ട് എന്ന സിനിമയില്‍ തന്റെ പ്രതികാരത്തിന് വേണ്ടി നായകന്റെ അതുവരെയുള്ള ഓര്‍മ്മകളെ മായ്ച്ചു കളയുകയും, പുതിയ ഓര്‍മ്മകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്ന ഒരു സംഭവമുണ്ട്. തന്റെ ഭാര്യയുടെ കൊലയാളിയെ നായകന്‍ കണ്ടെത്തി കൊലപ്പെടുത്തി കഴിഞ്ഞാല്‍ അയാള്‍ പോലും അറിയാതെ അയാളുടെ ഓര്‍മ്മകള്‍ മറ്റൊരു രീതിയില്‍ പരീക്ഷണ ശാലയിലെ ഡോക്ടറാല്‍ അയാളില്‍ പുന:സൃഷ്ടിക്കപ്പെടും. എന്നാല്‍ ഓരോ തവണയും പുതിയ പുതിയ ആളുകള്‍ ഭാര്യയുടെ കൊലപാതകിയുടെ സ്ഥാനത്ത് പ്രത്യക്ഷപ്പെടുകയും അവരെയെല്ലാം നായകന്‍ കൊല്ലുകയും ചെയ്യും. വാടക കൊലയാളിയെ പോലെ ഉപയോഗിക്കപ്പെടുകയായിരുന്നു നായകന്‍. ചെയ്ത ക്രൈമുകളും, അതിന്റെ വിശദാംശംങ്ങളും കൃത്രിമമായി നിര്‍മിക്കപ്പെടുകയും ഈ സിനിമയിലെ നായകനെ പോലെ അതൊന്നുമറിയാതെ നീതി നിഷേധങ്ങള്‍ക്കും, അന്യായങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കേണ്ടി വരുന്ന നിരവധി കഥാപാത്രങ്ങള്‍ ഈ നോവലിലും ഉണ്ട്. 

അനായാസം വായിച്ചു പോകാവുന്ന ഒന്നായല്ല ഈ നോവല്‍ അനുഭവപ്പെട്ടത്. ആര് ആരൊക്കെയാണെന്നും , എന്തൊക്കെയാണെന്നുമൊക്കെ മനസ്സിലാക്കിയെടുക്കാന്‍ കഥപറച്ചിലിന്റെ അതേ വേഗത്തില്‍ വായനക്കാരനും സഞ്ചരിക്കേണ്ടതുണ്ട്. കഥാപാത്രങ്ങളുടെ ഇംഗ്ലീഷിലുള്ള സംസാരം ചിലയിടങ്ങളില്‍ ഇംഗ്ലീഷില്‍ തന്നെയും , ചിലയിടങ്ങളില്‍ മലയാളത്തിലും കൊടുത്തിട്ടുണ്ട്. എഴുതി പൊലിപ്പിക്കാമായിരുന്നെങ്കില്‍ മുന്നൂറു പേജിനു മേല്‍ എത്തുമായിരുന്ന ഈ നോവല്‍ ഒരു പക്ഷേ കഥപറച്ചിലിന്റെ വേഗതകൊണ്ടാകണം ഇരുന്നൂറ് പേജിനുള്ളില്‍ ഒതുക്കി നിര്‍ത്തപ്പെട്ടത്. 

പശുപതിയുടെയും, എബിയുടെയും, മാധവന്റെയും മകള്‍ അപര്‍ണ്ണയുടെയും, ഭാര്യ സുകന്യയുടെയും പിന്നില്‍ ഒളിഞ്ഞുകിടക്കുന്ന അതിസങ്കീര്‍ണ്ണവും, എന്നാല്‍ അത്യന്ത്യം ദുരൂഹത നിറഞ്ഞ സംഭവവികാസങ്ങളെ വായനക്കാര്‍ക്കു ഒരു ആക്ഷന്‍ സിനിമ കാണുന്ന ലാഘവത്തോടെ ആസ്വദിക്കാന്‍ സാധിക്കും. ചുരുക്കത്തില്‍ ഒരു സിനിമക്കുള്ള എല്ലാ ചേരുവകളും ഈ നോവലിനുണ്ട്. ബാഹുബലി സിനിമകള്‍ ഇറങ്ങി കഴിഞ്ഞതിന് ശേഷം ആനന്ദ് നീലകണ്ഠന്റെതായി പുറത്തുവന്ന  ബാഹുബലി: ശിവകാമിയുടെ ഉദയം എന്ന പുസ്തകത്തെ പോലെ ദി അള്‍ട്ടിമേറ്റ് ജസ്റ്റിസ് എന്ന നോവലിന്റെ ആദ്യഭാഗങ്ങളും പിറകെ വരുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇപ്പോഴത്തെ മുഖ്യ കഥാപാത്രങ്ങളുടെ ഭൂതകാലം, അവര്‍ ഇന്നത്തെ അവസ്ഥയില്‍ എങ്ങനെ എത്തപ്പെട്ടു എന്നൊക്കെയാകും ആ ഭാഗങ്ങളില്‍ ഉണ്ടാകുക എന്നനുമാനിക്കാം. അത്തരമൊരു സംഭവും മലയാളത്തില്‍ ആദ്യമായിട്ടാണെന്ന് തോന്നുന്നു. 

The Ultimate justice
പുസ്തകം വാങ്ങാം

എഴുത്തു ഭാഷയിലെ പ്രത്യേകത തന്നെയാണ് പുസ്തകത്തിന്റെ എടുത്തുപറയേണ്ട മറ്റൊരു കാര്യം. സാമൂഹിക വിഷയങ്ങളെ ബന്ധപ്പെടുത്തി കഥപറഞ്ഞു പോകുന്ന ഒരു ശൈലിയും ചിലയിടത്ത് കാണാം. കുഞ്ഞുങ്ങളില്‍ രതി കാണുന്ന നാച്ചിയപ്പന്റെ കഥ തന്നെ ഒരു ഉദാഹരണം. എഴുത്തുകാരന്റെ  ആദ്യ പുസ്തകമാണെന്ന് തോന്നിപ്പിക്കുന്നതരത്തില്‍ ഉയര്‍ത്തി കാട്ടാവുന്ന ന്യൂനതകളൊന്നും ഈ പുസ്തകത്തില്‍ കാണാന്‍ സാധിക്കില്ല. മികച്ച ഒരു വായനാനുഭവം തന്നെയാണ് ദി അള്‍ട്ടിമേറ്റ് ജസ്റ്റിസ് സമ്മാനിക്കുന്നത്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: The Ultimate justice Book Review Mathrubhumi Books