രു വസ്തുവിനെ വ്യര്‍ത്ഥമെന്ന് കണ്ടെത്തുക എന്ന് അര്‍ത്ഥമുള്ള വാക്ക് - 'ഫ്‌ളോക്‌സിനോക്‌സിനിഹിലിപിളിഫിക്കേഷന്‍'. ഒരാഴ്ചയോളം നമ്മുടെയൊക്കെ ഉറക്കംകെടുത്തിയ വാക്കാണിത്. ഫലിതമായാണെങ്കിലും പലരെയും 'നാക്കുളുക്കി ആശുപത്രിയിലായി' എന്നു പറയിപ്പിച്ച വാക്ക്. വലിയ വാക്കുകളുടെ തമ്പുരാനായ ഡോ. ശശി തരൂരിന്റെ പുതിയ തമാശ, തന്റെ ഏറ്റവും പുതിയ പുസ്തക പ്രഖ്യാപനത്തെക്കുറിച്ചുള്ള ട്വീറ്റിലായിരുന്നു. എന്നാല്‍ തൊട്ടടുത്തുള്ള ദിവസങ്ങളില്‍ 'ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍' എന്ന തന്റെ പുസ്തകത്തില്‍ , 'പാരഡോക്‌സിക്കല്‍' എന്ന വാക്കിനേക്കാള്‍ വലിയ വാക്കുകളില്ല എന്ന മുന്‍കൂര്‍ ജാമ്യവും അദ്ദേഹം എടുക്കുകയുണ്ടായി. വലിയ വാക്കുകളെ പേടിച്ച് വലിയ വാക്കുകളുടെ തമ്പുരാന്റെ പുസ്തകം ആരേലും വായിക്കാതിരുന്നാലോ! വിഷയം നരേന്ദ്ര മോദി ആയതുകൊണ്ട് അങ്ങനെ വരാന്‍ ഇടയില്ല, എങ്കിലും ഒരു മുന്‍കരുതല്‍ എടുക്കുന്നതില്‍ തെറ്റില്ലല്ലോ.

ഇതാദ്യമായല്ല ഡോ. ശശി തരൂറിന്റെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന്റെ മുന്‍പില്‍ നാം വിജ്രൃംഭിതരായി നില്‍ക്കുന്നത്. തിരുവനന്തപുരത്തിന്റെ എം.പിയും പതിനേഴ് പുസ്തകങ്ങളുടെ രചയിതാവുമായ ഡോ. ശശി തരൂര്‍, ഇതിനു മുന്‍പും നമ്മെ തന്റെ പദാവലിയുടെ നൈപുണ്യം പ്രകടമാക്കുന്ന ട്വീറ്റുകളിലൂടെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ജേര്‍ണലിസ്റ്റായ അര്‍ണാബ് ഗോസ്വാമിയെ വിമര്‍ശിച്ചെഴുതിയ ട്വീറ്റിലാണ് അദ്ദേഹത്തിന്റെ പദസമ്പത്ത് ഏറ്റവുമധികം കൈയടി നേടിയത്. കൈയടി നേടുന്നതില്‍ ഡോ. തരൂര്‍ ഒരുനാളും പിന്നിലായിരുന്നില്ലല്ലോ! ലണ്ടനിലെ ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയില്‍ നടന്ന സംവാദത്തില്‍ ഡോ. തരൂര്‍, ബ്രിട്ടീഷ് ഭരണത്തിലൂടെ ഇന്ത്യക്ക് സംഭവിച്ച അപചയങ്ങളെയും കഷ്ടനഷ്ടങ്ങളെയും അക്കമിട്ട് നിരത്തുന്ന ഒരു വീഡിയോ വൈറലായിരുന്നു.

മുതിര്‍ന്ന സാമാജികന്‍, മികച്ച വാഗ്മി, പക്വതയാര്‍ന്ന ഭരണാധികാരി, ധീരനായ ജനനായകന്‍ എന്നീ നിലകളില്‍ സര്‍വാത്മനാ ആദരിക്കപ്പെട്ടിരുന്ന സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്ന ബിംബത്തിനു നേരെ വലിച്ചെറിയപ്പെട്ട ഒരു കരിങ്കല്‍ച്ചീള് എന്നു വിശേഷിപ്പിക്കാവുന്ന ഈ ഏടിന് ഇന്ത്യന്‍ ചരിത്രത്തിന്റെ പിന്‍ബലമാണുള്ളത്. ഇതിലൂടെ ഡോ. തരൂര്‍ ഒരു ശരാശരി ഇന്ത്യന്‍ പൗരന് ചരിത്രത്തിന്റെ പുതിയൊരു ഭാവം തന്നെ പരിചയപ്പെടുത്തുകയായിരുന്നു. ഈ വീഡിയോയുടെ വിപുലീകരണമാണ് 'ആന്‍ ഇറ ഓഫ് ഡാര്‍ക്നെസ് : ദി ബ്രിട്ടീഷ് എംപയര്‍ ഇന്‍ ഇന്ത്യ' എന്ന പുസ്തകത്തിലൂടെ ഡോ. തരൂര്‍ സാധിച്ചിരിക്കുന്നത്.

എന്തുകൊണ്ടും സമയോചിതവും കാലോചിതവുമാണ് ഈ ആഴ്ച പുറത്തിറങ്ങാനിരിക്കുന്ന, ഡോ. ശശി തരൂരിന്റെ 'ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍' എന്നു പറയാതെ വയ്യ. വ്യക്തമായ രാഷ്ട്രീയവും രാഷ്ട്രീയാഭിപ്രായങ്ങളും ഉള്ള തരൂരിന്റെ പുസ്തകത്തെ രാഷ്ട്രീയപ്രേരിതം എന്ന നിലയിലും കാണാവുന്നതാണ്. അഞ്ചു ഭാഗങ്ങളായി തിരിച്ച് അന്‍പത് അധ്യായങ്ങളിലായി എഴുതപ്പെട്ട ഈ പുസ്തകത്തെക്കുറിച്ച് ഇതുവരെയുള്ള റിപ്പോര്‍ട്ടുകളില്‍ 'നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയെക്കുറിച്ചുള്ള കൃത്യവും സ്പഷ്ടവുമായ വിലയിരുത്തല്‍' എന്നാണ് വിവരിച്ചുകണ്ടത്. പ്രസാധകര്‍ 'സ്‌ഫോടനാത്മകം' എന്ന് വിശേഷിപ്പിക്കുന്ന 'ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ : മോദി ആന്‍ഡ് ഹിസ് ഇന്ത്യ' എന്ന പുസ്തകത്തില്‍ ഡോ. തരൂര്‍ പഠന വിധേയമാക്കുന്നത് നരേന്ദ്ര മോദി എന്ന പ്രതിഭാസത്തിലെ വൈരുദ്ധ്യങ്ങളെയാണ്.

The Paradoxical Prime Ministerആദ്യ അധ്യായം നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയാണെങ്കില്‍ അടുത്ത നാലു ഭാഗങ്ങളും മോദി സര്‍ക്കാരിന്റെ പ്രധാന പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചാണ്. ഇതില്‍ സാമൂഹിക, സാമ്പത്തിക, വിദേശ നയങ്ങള്‍, അടിസ്ഥാന മൂല്യങ്ങള്‍ എന്നിവ വിഷയീഭവിക്കുന്നുണ്ട്. ട്വീറ്ററിലൂടെ പുറത്തുവിട്ട ഒരു കുറിപ്പിലൂടെ, പ്രസാധകരായ അലെഫ് ബുക്‌സ് ഈ പുസ്തകത്തിന് 'സ്‌ഫോടനാന്മകം' എന്ന വിശേഷണം നല്‍കുന്നതിനൊപ്പം തന്നെ, അതില്‍ പരാമര്‍ശിക്കപ്പെടുന്ന വൈരുദ്ധ്യങ്ങളേയും അക്കമിട്ടു നിരത്തുന്നുണ്ട്.

സ്വന്തം വാക്കും പ്രവൃത്തിയുമായുള്ള പൊരുത്തമില്ലായ്മയാണ് ആദ്യ വൈരുദ്ധ്യമായി സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. ലിബറല്‍ ആശയങ്ങളെ വളരെ ഉദാരമായി ഉദ്‌ഘോഷിക്കുമ്പോഴും ഒട്ടും തന്നെ ലിബറല്‍ അല്ലാത്ത ചില സത്തകളുടെ അസ്തിത്വം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഉപയോഗിക്കുന്നു എന്നത് രണ്ടാമത്തെ വൈരുദ്ധ്യം. ഇന്ത്യയുടെ സുവര്‍ണമായ ഭാവിയെപ്പറ്റി വളരെയധികം വാചാലനാവുന്നുണ്ടെങ്കില്‍പ്പോലും വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ നിലനില്‍ക്കുന്ന ആഭ്യന്തരമായ പല അക്രമങ്ങള്‍ക്കും ഗോരക്ഷകരുടെയും ജാതിയുടെയും മതത്തിന്റെയും പേരിലും മറ്റും അഴിച്ചുവിടപ്പെടുന്ന കലാപങ്ങള്‍ക്കും മുന്‍പില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന, കുറ്റകരമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന മൗനത്തെ മൂന്നാം വൈരുദ്ധ്യമായും പ്രസാധകര്‍ കാണുന്നുണ്ട്. ഇവയിലൊക്കെ അധിഷ്ഠിതമായാണ് ഡോ. തരൂര്‍ തന്റെ പുസ്തകം തുടര്‍ന്നു പോകുന്നത്.

'ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്ററി'ലൂടെ തരൂര്‍ നേരിട്ടു പറയാതെ തന്നെ നമ്മെ ഓര്‍മിപ്പിക്കുന്നത്, 'ദി ആക്‌സിഡന്റ് പ്രൈം മിനിസ്റ്റര്‍' എന്ന പുസ്തകമാണ്. പ്രധാനമന്ത്രിയായുള്ള മന്‍മോഹന്‍ സിങ്ങിന്റെ ആദ്യ കാലാവധിയെ ആസ്പദമാക്കി അന്നത്തെ അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു എഴുതിയ പുസ്തകമാണത്. ഈ പുസ്തകത്തെ ആസ്പദമാക്കിയുള്ള ഒരു ചലച്ചിത്രത്തിന്റെ നിര്‍മാണം അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ചിത്രത്തില്‍ അനുപം ഖേര്‍ മന്‍മോഹന്‍ സിങ്ങായും അക്ഷയ് കുമാര്‍ സഞ്ജയ ബാരുവായും അഭ്രപാളിയില്‍ എത്തുന്നു. സഞ്ജയ് ബാരുവിന്റെ 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍',

ഇടത് സഹയാത്രികനായ സഞ്ജയ്യുടെയും അദ്ദേഹം ഏറെ ആദരിക്കുന്ന മന്‍മോഹന്‍ സിങ് എന്ന സാമ്പത്തിക ശാസ്ത്രപണ്ഡിതനും വലതുപക്ഷ സഹയാത്രികനുമായ പ്രധാനമന്ത്രിയുടെയും നാള്‍വഴികളായിരുന്നു. എന്നാല്‍, തരൂരിന്റെ 'ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ - മോഡി ആന്‍ഡ് ഹിസ് ഇന്ത്യ'യില്‍ നിന്ന് അത്തരത്തില്‍ ഒരു ഊഷ്മളത പ്രതീക്ഷിക്കാന്‍ വയ്യ എന്നുതന്നെയല്ല, നിശിതമായ വിമര്‍ശനമാകുമോ എന്ന ആശങ്കയും അസ്ഥാനത്തല്ല. എന്നു തന്നെയല്ല ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്താറായ സമയം എന്നതുകൊണ്ടും വിഷയം നരേന്ദ്ര മോദിയാണെന്നുള്ളതുകൊണ്ടും പ്രതിപക്ഷത്തു നില്‍ക്കുന്ന ഒരു സാമാജികന്‍ എഴുതിയ പുസ്തകം എന്നതിലുപരി ഡോ. തരൂരിനോളം പാണ്ഡിത്യവും അവഗാഹമുള്ള വ്യക്തി എഴുതിയതാണെന്ന നിലയ്ക്ക് ഇത് 'ചായ പേ ചര്‍ച്ച'യാകും എന്നതില്‍ ഒരു സംശയവും വേണ്ട!

Content Highlights : shashi tharoor, narendra modi, The Paradoxical Prime Minister