ബിബ്ലിയോഫൈല്‍ എന്ന പദത്തിന് പുസ്തകപ്രേമി എന്നാണര്‍ത്ഥം, ബിബ്ലിയോമാനിയ എന്നതിന് പുസ്തകഭ്രാന്തെന്നും. ഇവ തമ്മിലുള്ള അതിര്‍വരമ്പ് വളരെ നേര്‍ത്തതാണ്. ഈ രണ്ടു വാക്കുകളും ആദ്യമായി ഉപയോഗിച്ചത് 1809 ല്‍ ഒരു ഇംഗ്ലീഷ് പുരോഹിതനായ ഫ്രോനാല്‍ ഡിബ്ഡിന്‍ ആയിരുന്നു. Bibliomania or Book Madnsse എന്ന പുസ്തകത്തിലായിരുന്നു അവ പ്രത്യക്ഷപ്പെട്ടത് . (https://www.gutenberg.org/ എന്ന വെബ്‌സൈറ്റ് ല്‍ ആ പുസ്തകം വായിക്കാന്‍ സാധിക്കും)
 
പുസ്തകങ്ങളെ മോഷ്ടിക്കാന്‍ വേണ്ടി മാത്രം പുസ്തകങ്ങളെ സ്‌നേഹിച്ച ജോണ്‍ ഗില്‍ക്കി എന്ന കള്ളന്റെ കഥയാണ് പുസ്തകങ്ങളെ അതിരുവിട്ടു സ്‌നേഹിച്ചവന്‍ എന്ന ആലിസണ്‍ ഹൂവര്‍ ബാര്‍ട്‌ലെറ്റിന്റെ നോവല്‍ പറയുന്നത്. പുസ്തകങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി വരുന്ന നോവലുകള്‍ മുന്‍പ് ഏറെയൊന്നും വായിച്ചിട്ടില്ല. മലയാളത്തിലെ കാര്യമായെടുത്താല്‍ അത്തരമൊരു പ്രമേയം കൈകാര്യം ചെയ്തവര്‍ അപൂര്‍വ്വമാണ് എന്നാണ് തോന്നുന്നത്. സൂസന്നയുടെ ഗ്രന്ഥപ്പുര പോലുള്ള പുസ്തകങ്ങളാണ് പെട്ടെന്ന് ഓര്‍മ വരുന്നത്.
 
പലവിധ സ്ഥലങ്ങളില്‍ നടക്കുന്ന പുസ്തകമേളകളില്‍ നിന്നും ലൈബ്രറികളില്‍ നിന്നും ലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന, അപൂര്‍വ പുസ്തകങ്ങള്‍ മോഷ്ടിക്കുന്ന ശീലമുള്ളയാണ് ജോണ്‍ ഗില്‍ക്കി. എങ്കിലും അയാള്‍ക്കതില്‍ ഒരു തരി പോലും പശ്ചാത്താപം തോന്നുന്നില്ല എന്നുള്ളതാണ് കൗതുകകരമായ ഒരു സംഗതി. നാല് വര്‍ഷത്തിനിടയില്‍ മാത്രം ഈ ജോണ്‍ ചാള്‍സ് ഗില്‍ക്കി ലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന അപൂര്‍വ പുസ്തകങ്ങളാണ് ശേഖരിച്ചു കൂട്ടിയത്. പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന ഗില്‍ക്കി, പുസ്തകങ്ങള്‍ മോഷ്ടിക്കുന്നതിന്റെ പല രീതികള്‍ നോവലില്‍ കാണാം. കള്ളനെ പിടിക്കാന്‍ കെന്‍ സാന്‌ഡേഴ്‌സന്‍ എന്ന ഡിറ്റക്ടീവ് ജോലിയില്‍ താല്‍പ്പര്യമുള്ള ഒരു പുസ്തക ഇടപാടുകാരന്‍ പിന്നാലെ തന്നെയുണ്ട്.
 
പുസ്തകങ്ങളെ അതിരുവിട്ടു സ്‌നേഹിച്ചവന്‍ എന്ന ഈ പുസ്തകത്തിന്റെ പേര് ഒരുപക്ഷെ ഒട്ടുമിക്ക പുസ്തകപ്രേമികളെയും ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളൊരു പുസ്തകപ്രേമിയാണെങ്കില്‍ ഈ പുസ്തകത്തിന്റെ പേരു കേള്‍ക്കുമ്പോള്‍ തന്നെ എവിടെയൊക്കെയോ നമ്മളെയും ബന്ധപ്പെടുത്തുന്ന, കണ്ണിചേര്‍ക്കാന്‍ കഴിയുന്ന എന്തോ ഇതിലുണ്ട് എന്ന് വെറുതെയെങ്കിലും തോന്നിപോകാനിടയുണ്ട്. തീര്‍ച്ചയായും പുസ്തകപ്രേമികളുടെ കൗതുകകരമായ സ്വഭാവങ്ങളെ പരാമര്‍ശിച്ചുപോകുന്ന നിരവധി വിശേഷണങ്ങള്‍ ഈ നോവലിലുണ്ട്.
 
ജോണ്‍ ഗില്‍ക്കി അമൂല്യമായ പുസ്തകങ്ങളെ മോഷ്ടിക്കാറുള്ളൂ എന്ന് പറഞ്ഞല്ലോ. ഉദാഹരണമായി എച്.ജി വെല്‍സിന്റെ വാര്‍ ഓഫ് ദി വേള്‍ഡ്‌സ് എന്ന പുസ്തകത്തിന്റെ ഒന്നാം എഡിഷന്‍, അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി ഒപ്പിട്ട സ്റ്റാറ്റജി ഓഫ് പീസ്, പിനോകിയോയുടെ ഇറ്റാലിയന്‍ ഭാഷയിലെ ആദ്യ എഡിഷന്‍, തുടങ്ങിയ പുസ്തകങ്ങളിലാണ് അയാളുടെ കണ്ണ്. പേരുകേട്ട പുസ്തകങ്ങള്‍ ശേഖരിച്ചാല്‍ അത് ആദരവ് നേടി തരുമെന്ന് അയാള്‍ കരുതുന്നുണ്ട്. പക്ഷെ പുസ്തക മോഷ്ടാവ് എന്നതിനപ്പുറം അയാള്‍ നല്ലൊരു വായനക്കാരനും കൂടിയാണ്. പ്രസിദ്ധീകരിച്ച കാലത്തേക്കാള്‍ ഇന്നത്തെ കാലത്ത് വിലമതിക്കുന്ന പുസ്തകങ്ങളാണ് അയാളുടെ പക്കലുള്ളതും, അയാള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതും അത്തരം പുസ്തകങ്ങളാണ്.
 
ഒരു പുസ്തകമേളയില്‍ കയറി ചെല്ലുമ്പോള്‍, അവിടെയുള്ള പതിനായിരക്കണക്കിന് പുസ്തകങ്ങളെ ഒരുമിച്ചു കാണുമ്പോള്‍ പുസ്തകപ്പനി വരുന്നുണ്ടെന്നു തോന്നാറുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങളൊരു ബിബ്ലിയോമാനിയാക് ആണ്. അതുപോലെ പുസ്തകങ്ങളെ കുറിച്ചുള്ള കൗതുകകരമായ വിവരങ്ങള്‍ ശേഖരിക്കുന്ന ആളുകളെയും, അതിനു പിന്നാലെ എല്ലാം മറന്നു പിറകെ പോകുന്നവരെയും കണ്ടിട്ടുണ്ട്. വായനക്കാര്‍ക്ക് മാത്രമല്ല ഓരോ പുസ്തകവ്യാപാരിക്കും വ്യത്യസ്തമായ കഥകള്‍ പറയാനുണ്ടാകും. അത് പുസ്തകങ്ങളെ കുറിച്ചാകാം, എഴുത്തുകാരെക്കുറിച്ചാകാം, അതുമല്ലെങ്കില്‍ വായനക്കാരെ സംബന്ധിച്ചതാകാം. പുസ്തകാരാധനയില്‍ നിന്നും പുസ്തക മോഷ്ടാവിലേക്കുള്ള അതിര്‍വരമ്പ് വളരെ നേര്‍ത്തതാണെന്ന് നോവലിലെ ഒരു കഥാപാത്രം തന്നെ പറയുന്നുണ്ട്. അഭിരുചി, അറിവ്, ആഢ്യത്വം എന്നിവയുടെയൊക്കെ ഏലസ്സാണത്രെ പുസ്തകശേഖരണം. ഇ-ബുക്കുകള്‍ വ്യാപകമായി വന്നാലും കട്ടി ബയന്റു ചെയ്ത പുസ്തകങ്ങള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ് ഗില്‍ക്കിയുടെ അഭിപ്രായം.
 
books
പുസ്തകം വാങ്ങാം
ഇതൊരു ഫിക്ഷന്‍ കാറ്റഗറിയില്‍പ്പെടുന്ന പുസ്തകമല്ല. ട്രൂ ക്രൈം അല്ലെങ്കില്‍ ബയോഗ്രഫി വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്. നല്ലൊരു പുസ്തകത്തിന് വേണ്ടി ജയിലില്‍ വരെ പോകാന്‍ തയ്യാറായ ഒരാളുടെ സംഭവ കഥയാണിത്. ജോണ്‍ ഗില്‍ക്കിയെക്കുറിച്ചുള്ള എഴുത്തുകാരിയായ ആലീസണ്‍ ഹൂവര്‍ ബാര്‍ട്‌ലെറ്റിന്റെ ലേഖനം 2007 ലെ മികച്ച അമേരിക്കന്‍ ക്രൈം റിപ്പോര്‍ട്ടിങ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാതൃഭൂമി ബുക്ക്‌സ് പുറത്തിറക്കിയ പുസ്തകത്തിന്റെ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത് പി.ജെ മാത്യുവാണ്.
 
 
Content Highlights: The Man Who Loved Books Book by Allison Hoover Bartlett Malayalam Review