ത്തിച്ചേരാനും സഞ്ചരിക്കാനും ഏറെ ദുര്‍ഘടമായ സൈബീരിയയിലെ മഞ്ഞുവീണുകിടക്കുന്ന വഴികളിലൂടെ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക സോഫി റോബേര്‍ട്സ് നടത്തിയ യാത്രകള്‍ അസാധാരണമായ പുസ്തകമായി രൂപംകൊണ്ടിരിക്കുന്നു, 'ദ ലോസ്റ്റ് പിയാനോസ് ഓഫ് സൈബീരിയ' എന്ന ശീര്‍ഷകത്തില്‍. നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ സമീപകാലത്തുണ്ടായ ക്ലാസിക് എന്ന് ഈ കൃതിയെ നിസ്സംശയം വിശേഷിപ്പിക്കാം. പിയാനോ സംഗീതത്തിന്റെ ലോകത്തിലൂടെ സൈബീരിയയുടെ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും രാഷ്ട്രീയത്തിലേക്കും അവര്‍ സൂക്ഷ്മമായി സഞ്ചരിക്കുന്നു. ഇംഗ്ലണ്ടിലെ ഡോര്‍സെറ്റുകാരിയായ സോഫി 'സൂമില്‍' അനുവദിച്ച അഭിമുഖമാണിത് 

? എന്തുകൊണ്ട് സൈബീരിയ? അതില്‍തന്നെ എന്തുകൊണ്ട് പിയാനോ

= ലോകംകണ്ട ഏറ്റവും ഭീകരമായ പീനല്‍ (ശിക്ഷാ-പീഡന) കോളനിയാണ് സൈബീരിയ. അതിന്ന് എല്ലാവര്‍ക്കുമറിയാം. കൊടിയ ഇരുട്ടും അറ്റമില്ലാത്ത ഭീതിയും ഭീകരതയുമാണ്  സൈബീരിയയെക്കുറിച്ചുള്ള എല്ലാ ആഖ്യാനങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത്. സാര്‍ ചക്രവര്‍ത്തിമാരുടെ ഭരണത്തിലും സ്റ്റാലിന്റെ കാലത്തും -അങ്ങനെ അധികാരങ്ങളും അധികാരികളും മാറിമാറി വന്നപ്പോഴും ഇക്കാര്യത്തില്‍ മാറ്റങ്ങളുണ്ടായില്ല. 
വളരെ ചെറിയ പ്രായത്തിലേ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച എഴുത്തുകാരന്‍ ടോള്‍സ്റ്റോയ് ആണ്. യാസ്നാപോളിയാന കാണാനാണ് ഞാന്‍ ആദ്യം റഷ്യയില്‍ പോകുന്നത്. ആ യാത്ര എന്നെ സൈബീരിയയില്‍ എത്തിച്ചു. ഒരു മാധ്യമപ്രവര്‍ത്തക എന്നനിലയില്‍ സൈബീരിയ എന്നെ വലിയതോതില്‍ ആകര്‍ഷിച്ചു. നമ്മളെപ്പോലുള്ളവര്‍ക്ക് ഊഹിക്കാന്‍കഴിയാത്ത പ്രകൃതി, കൊടിയ തണുപ്പ്. അങ്ങനെയൊരു പ്രദേശത്തെക്കുറിച്ച് എന്ത് എഴുതും, എങ്ങനെ എഴുതും? ഈ ചോദ്യവുമായി ഞാന്‍ കുറച്ചുകാലം കഴിഞ്ഞു. എനിക്ക് ആ പീനല്‍ക്കോളനിയിലെത്തിയ മനുഷ്യരുടെ ജീവിതത്തിന്റെ ഉള്ള്  കണ്ടെത്തേണ്ടതുണ്ടായിരുന്നു. സൈബീരിയയില്‍ രണ്ടുതരം മനുഷ്യരാണുള്ളത്: ഒന്ന് അവിടത്തുകാരായ, ഇന്‍ഡിജീനിയസ് ആയ തനി സൈബീരിയക്കാര്‍. മറ്റൊന്ന് നാടുകടത്തപ്പെട്ടും ശിക്ഷിക്കപ്പെട്ടും അല്ലെങ്കില്‍ കുടിയേറ്റം തിരഞ്ഞെടുത്തും ഈ പ്രദേശത്ത് എത്തിയവര്‍ (കുടിയേറ്റം തിരഞ്ഞെടുത്തവര്‍ എണ്ണയും സ്വര്‍ണവും മറ്റു വിഭവങ്ങളും തേടിവന്നവരായിരുന്നു). ഇവിടെ ശിക്ഷിക്കപ്പെട്ട് എത്തിയവരില്‍ വലിയ ബുദ്ധിജീവികളും കലാകാരന്‍മാരും ചിന്തകരും സംഗീതജ്ഞരും ഒക്കെ ഉണ്ടായിരുന്നു. പിയാനോ സൈബീരിയന്‍ സംഗീത ഉപകരണമല്ല. അത് പുറത്തുനിന്നു വന്നവര്‍ക്കൊപ്പം അവിടെ എത്തിയതാണ്. സൈബീരിയയില്‍ എത്തുകയും പിന്നീട് നഷ്ടമായതുമായ പിയാനോകളിലൂടെ ആ പീനല്‍ക്കോളനിയുടെ യഥാര്‍ഥകഥ മറ്റൊരു കോണില്‍നിന്ന് വീക്ഷിക്കാനും അവതരിപ്പിക്കാനുമാണ് ഞാന്‍ പുസ്തകത്തില്‍ ശ്രമിച്ചിട്ടുള്ളത്. ശരിക്കുമുള്ള സൈബീരിയക്കാര്‍ പിയാനോ ഉപയോഗിക്കാത്തവരാണ്. അവരുടെ സംഗീത ഉപകരണങ്ങളില്‍ പിയാനോ പെടുന്നില്ല. അവരെക്കുറിച്ച് പറയാനും ഇതേ രൂപകം ഞാന്‍ പുസ്തകത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 

? ഇത് അല്പംകൂടി വിശദമാക്കേണ്ടതുണ്ട് എന്നുതോന്നുന്നു

= അമേരിക്കന്‍ ബയോളജിസ്റ്റും ഗ്രന്ഥകാരനുമായ ജോനാഥന്‍ സി. സ്ലാഗ്ട്ട് എഴുതിയ 'ഓള്‍സ് ഓഫ് ദ ഈസ്റ്റേണ്‍ ഐസ' എന്നൊരു പുസ്തകമുണ്ട്. അദ്ദേഹം സൈബീരിയയിലെ വലിയ മൂങ്ങകളെ അന്വേഷിച്ചു നടത്തിയ യാത്രയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മൂങ്ങകളെ തിരയുമ്പോള്‍ അതിനുപിറകില്‍ കാടുകള്‍, പ്രകൃതി, അതിനെ സംരക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന മനുഷ്യര്‍, ഈ പ്രവണതകളെ എതിര്‍ക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഭരണസംവിധാനങ്ങള്‍ -ഇങ്ങനെ ഓരോന്നായി പ്രത്യക്ഷപ്പെടുന്നു. ശരിക്കും ഒരു പുസ്തകം എങ്ങനെയാണ് ഒരു ഇക്കോ സിസ്റ്റമായി (പാരിസ്ഥിതിക വ്യൂഹമായി) പ്രവര്‍ത്തിക്കുന്നത്, വളരുന്നത് എന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് ജോനാഥന്റെ പുസ്തകം. റഷ്യന്‍ നാച്ചുറല്‍ ഹിസ്റ്ററി ക്ലാസിക് 'എക്രോസ് ദ യുസ്സൂറി ക്രേ' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതും ഇദ്ദേഹമാണ്. ഞാന്‍ പറഞ്ഞുവരുന്നത് പിയാനോ എന്ന രൂപകം ഉപയോഗിച്ച് സൈബീരിയയിലെ വിവിധ സംസ്‌കാരങ്ങള്‍, തടവുകാരും നാടുകടത്തപ്പെട്ടവരുമായ മനുഷ്യരുടെ ജീവിതയാത്രകള്‍, പ്രകൃതിയും മനുഷ്യപ്രകൃതിയും (ലാന്‍ഡ്സ്‌കേപ്പ്, മൈന്‍ഡ് സ്‌കേപ്പ്) എങ്ങനെയെല്ലാമായിരുന്നു, ഇക്കാര്യങ്ങള്‍ ഓരോ അടരായി അന്വേഷിക്കുകയും കണ്ടെത്താന്‍ ശ്രമിക്കുകയുമാണ് 'പിയാനോ'യില്‍ ഞാന്‍ ചെയ്യുന്നത്.

? പിയാനോ സംഗീതത്തിന്റെ ശ്രുതിയില്‍ ഒരു സംഗീത/ യാത്ര/സാംസ്‌കാരിക/ചരിത്ര പുസ്തകം എന്നാണ് വായനയില്‍ അനുഭവപ്പെട്ടത്. പല എഴുത്തുശാഖകള്‍ 435 പേജുള്ള പുസ്തകത്തില്‍ ഒന്നിക്കുന്നതായിത്തോന്നി

= പിയാനോ എന്നെ സംബന്ധിച്ച് ഒരു അന്വേഷണ ഉപകരണമായാണ് പ്രവര്‍ത്തിച്ചത്. പിയാനോയുമായി വന്നവര്‍, ഈ പ്രദേശത്തുവന്ന് തുറന്നുവിടപ്പെട്ടവര്‍ ഉണ്ടാക്കിയ പിയാനോകള്‍, അവര്‍ക്കിടയില്‍നിന്നുമുണ്ടായ പിയാനോ ട്യൂണേഴ്സ്, വാദകര്‍, അത് നിര്‍മിച്ചിരുന്ന ശാലകള്‍, പിയാനോ സംഗീതം കേള്‍ക്കാന്‍ മനുഷ്യര്‍ ഒന്നിച്ചുകൂടിയിരുന്ന ഓപ്പറ ഹൗസുകള്‍... പിന്നീട് ഇതെല്ലാം ഇല്ലാതാകുന്നത്, പിയാനോ നിര്‍മാണശാലകള്‍ അടച്ചുപൂട്ടിയത് -ഇങ്ങനെ ഒരു അടരില്‍നിന്നുകൊണ്ട് സൈബീരിയ എന്ന ദേശത്തെ നോക്കിക്കാണാനാണ് ഞാന്‍ ശ്രമിക്കുന്നത്. അത് ശുദ്ധസംഗീതത്തെ അറിയാന്‍ മാത്രമല്ല. സൈബീരിയയിലെ ഇരുട്ടും കൊടുംഭീതിയും നിറഞ്ഞ തടവുമുറികളില്‍ക്കഴിഞ്ഞ മനുഷ്യരുടെ ചരിത്രം എഴുതാന്‍കൂടിയാണ് ഉപയോഗപ്പെടുത്തുന്നത്. ആ നിലയില്‍ പുസ്തകത്തില്‍ സാംസ്‌കാരിക-രാഷ്ട്രീയ ചരിത്രങ്ങള്‍ ഒന്നിക്കുന്നുവെന്നു പറയാം.

? തടവുകാരെ കൊല്ലാന്‍ വെടിയുണ്ട ചെലവാക്കുന്നത് മടിച്ച് അവരുടെമേല്‍ തണുത്തവെള്ളം നിരന്തരമായി ഒഴിച്ച് സാര്‍ കാലഘട്ടത്തില്‍ നടത്തിയിരുന്ന ഉന്മൂലനരീതിയെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്. അതേപോലെ തടവുകാരെ വീല്‍ബാരോയില്‍ (ഒറ്റച്ചക്രവണ്ടി) ചങ്ങലകൊണ്ട് കൈകളിലും കാലുകളിലും ബന്ധിച്ചിടുന്ന രീതി. അവര്‍ ശൗചാലയത്തില്‍ പോകുമ്പോള്‍പ്പോലും ഒറ്റച്ചക്രവണ്ടിയില്‍ ബന്ധിതരായിത്തന്നെ പോണം. കുറച്ചു മാസങ്ങള്‍ ഇങ്ങനെ കഴിഞ്ഞാല്‍ പിന്നീട് അവര്‍ക്ക് ഒരു ചായക്കപ്പുപോലും തങ്ങളുടെ കൈകള്‍കൊണ്ട് എടുത്ത് ചുണ്ടോടടുപ്പിക്കാന്‍ കഴിയില്ല. ഇത്രയും ഭീകരമായ ജീവിതത്തിനിടെ മനുഷ്യര്‍ സംഗീതത്തെ തേടുമായിരുന്നുവെന്ന് കരുതുകതന്നെ പ്രയാസമാണ്.

= അങ്ങനെയുള്ള ജീവിതത്തില്‍ മനുഷ്യരെ മുന്നോട്ടുനയിക്കുന്നത് അവരുടെ ഭാവനയാണ്. മനുഷ്യന്റെ ഭാവനാലോകത്ത് ഏറ്റവും പ്രധാനപ്പെട്ട ഒന്ന് സംഗീതമാണ്. തടവില്‍ക്കഴിയുമ്പോള്‍ ജയില്‍വളപ്പിലെ പക്ഷികളെ നിരീക്ഷിക്കുകയും അതിനെക്കുറിച്ച് പഠിക്കുകയും പക്ഷികളുടെ ശബ്ദമുണ്ടാക്കി അവയെ അനുകരിക്കുകയുംചെയ്ത ഒരാളെക്കുറിച്ച് പുസ്തകത്തില്‍ നിങ്ങള്‍ക്കു കാണാം. 20 വര്‍ഷം അങ്ങനെ ജീവിച്ച് അയാള്‍ അതിജീവിച്ചു. പുറത്തുവന്നു. പക്ഷികളെക്കുറിച്ചുള്ള തന്റെ പഠനങ്ങള്‍ തുടര്‍ന്നു. ജയില്‍വളപ്പില്‍, തടവുമുറികളില്‍ സൈബീരിയയിലെ അപൂര്‍വ ഇനത്തില്‍പ്പെട്ട പക്ഷികള്‍ നിത്യസന്ദര്‍ശകരായിരുന്നില്ലെങ്കില്‍ ആ ഒറ്റക്കാരണത്താല്‍ താന്‍ മരിച്ചുപോവുമായിരുന്നു എന്നാണ് അയാള്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, പക്ഷികളുടെ സംഗീതം അയാളെ ഏറ്റവും ഭീകരമായ തടവുമുറിയില്‍നിന്നും അതിജീവിച്ച് പുറത്തെത്താന്‍ സഹായിച്ചു. മനുഷ്യന് അതിജീവിക്കാന്‍ പല വഴികളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് സംഗീതം തന്നെയാണ്. 

? വിഖ്യാത റഷ്യന്‍ എഴുത്തുകാരന്‍ ചെഖോവ് 1890-ല്‍ സൈബീരിയയില്‍ വരുകയും പീനല്‍ക്കോളനിയെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ച് പുസ്തകത്തിലുള്ള നിരീക്ഷണം, തനത് സൈബീരിയക്കാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍ ചില ശരികേടുകള്‍ ഉണ്ടെന്നതാണ്. 

=  സാര്‍ ചക്രവര്‍ത്തിയുടെ കാലത്ത് പീനല്‍ക്കോളനിയായിരുന്ന സൈബീരിയയിലെ സഖാലിന്‍ ദ്വീപിനെക്കുറിച്ച് പഠിക്കാനാണ് ചെഖോവ് ഈ പ്രദേശം സന്ദര്‍ശിച്ചത്. വീല്‍ബാരോ തടവുകാരെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. എന്നാല്‍, ശരിക്കുള്ള സൈബീരിയക്കാര്‍ അപരിഷ്‌കൃതരാണെന്ന 'ആധുനിക' മനുഷ്യന്റെ വാദം, അവരിലെ സ്ത്രീകള്‍ ബുദ്ധികുറഞ്ഞവരാണെന്ന പ്രതീതി ജനിപ്പിക്കല്‍ -ഇങ്ങനെ ചില കാര്യങ്ങള്‍ ചെഖോവില്‍ സംഭവിച്ചിട്ടുണ്ട്. ഇത് വിമര്‍ശിക്കപ്പെടേണ്ടതാണെന്ന് ഞാന്‍ കരുതുന്നു. 

? പക്ഷേ, ബൈക്കലിനുമുമ്പ് എല്ലാം ഗദ്യമായിരുന്നു, അതിനുശേഷമാണ് കവിതയുണ്ടായതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

=  അതെ. അത് ബൈക്കലിലെ കാവ്യപാരമ്പര്യത്തെ അംഗീകരിച്ചുകൊണ്ട് എഴുതിയതാണ്.

? സോള്‍സെനിത്ഷെന്‍ 'ഗുലാഗ് ആര്‍ച്ചിപ്പെലാഗോ' എഴുതുമ്പോള്‍ പീനല്‍ക്കോളനിയുടെ പീഡ വായനക്കാര്‍ അനുഭവിക്കുന്നുണ്ട്.

=  അദ്ദേഹത്തെ വായിച്ചപ്പോള്‍ എനിക്ക് ബോധ്യപ്പെട്ട കാര്യം യു. എസ്.എസ്.ആര്‍. മുഴുവനായും പീനല്‍ക്കോളനിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നതാണ്. അതിന്റെ അളവിലും വ്യാപ്തിയിലും ഓരോ പ്രദേശത്തും മാറ്റങ്ങളുണ്ടായിരിക്കാമെന്നുമാത്രം. 

? ലോകംകണ്ട ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരന്‍ ദസ്തയേവ്സ്‌കി നാലുവര്‍ഷം സൈബീരിയയിലെ കത്രോഗ്ര ജയില്‍ ക്യാമ്പില്‍ കഴിഞ്ഞു.  സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ട ലെനിന് മൂന്നുവര്‍ഷം അവിടെ കഴിയേണ്ടിവന്നു. സ്റ്റാലിന്‍ അവിടേക്ക് നാടുകടത്തപ്പെടുകയും ഒരു ഘട്ടത്തില്‍ രക്ഷപ്പെടുകയും ചെയ്തു. പക്ഷേ, തടവുമുറികള്‍, പീഡനരീതികള്‍ എന്നിവയില്‍നിന്നും സാറിന്റെ കാലത്തെ കാര്യങ്ങള്‍ അതേപോലെത്തന്നെ സ്റ്റാലിന്‍ തുടര്‍ന്നു. ഇതില്‍നിന്ന് എന്താണു മനസ്സിലാക്കേണ്ടത്

= അധികാരരൂപങ്ങള്‍ മാറുമ്പോഴും ഭരണസങ്കല്പത്തില്‍ മനുഷ്യര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ വരുന്നില്ലെന്നല്ലേ. സാറിന്റെ കാലത്തായിരുന്നോ, സ്റ്റാലിന്റെ കാലത്തായിരുന്നോ പീഡനം കൂടുതല്‍ എന്നു ചിലര്‍ ചോദിക്കാറുണ്ട്. ഇരുട്ടും പീഡനവും എങ്ങനെ അളന്നെടുക്കണമെന്നാണ് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ ഉദ്ദേശിക്കുന്നതെന്ന് എനിക്കു മനസ്സിലായിട്ടില്ല.

? സൈബീരിയയിലേക്ക് പലതവണ താങ്കള്‍ യാത്രചെയ്തു. ഇതില്‍ ഒരിക്കലും മറക്കില്ലെന്നുതോന്നുന്ന അനുഭവങ്ങള്‍ ഏതൊക്കെയായിരിക്കും. 

=  ഒട്ടേറെ അനുഭവങ്ങളുണ്ട്. പക്ഷേ, അതില്‍ രണ്ടെണ്ണം എനിക്കൊരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. അവിടെ യാത്രചെയ്യുമ്പോള്‍, നമ്മളിപ്പോള്‍ ലോകത്തിന്റെ ഏറ്റവും വിദൂരസ്ഥമായ കോണിലാണെന്ന് ആത്മഗതംപോലെ ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്റെ വഴികാട്ടി പ്രതികരിച്ചു: അതെ, അത്തരമൊരു വിദൂരസ്ഥതയുടെ ഹൃദയത്തില്‍, കേന്ദ്രബിന്ദുവിലാണ് നമ്മള്‍ എന്ന്. അതായത് ആ വിദൂരസ്ഥതയിലും ഒരുപക്ഷേ, പുറത്തുനിന്നുവരുന്ന ഒരാള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത മറ്റൊരു വിദൂരസ്ഥതയുണ്ട് എന്നര്‍ഥം. മറ്റൊരു അനുഭവം കാട്ടില്‍വെച്ച്  സൈബീരിയന്‍ കടുവയുടെ മുന്നില്‍ച്ചെന്നുപെട്ടതാണ്. അതിന്റെ സൗന്ദര്യവും സാന്നിധ്യമുണ്ടാക്കിയ ഭീതിയും മറക്കാന്‍ കഴിയില്ല. പിന്നീട് കടുവ നടന്നുപോയതിനുശേഷം, അതിന്റെ മഞ്ഞില്‍പ്പതിഞ്ഞ കാലടികള്‍ ഫോട്ടോഗ്രാഫര്‍ മിഷേല്‍ ടൂറേക്ക് ക്യാമറയിലാക്കി. കടുവയുടെ കാല്പാടുകളുള്ള മഞ്ഞിലൂടെ ഞങ്ങള്‍ പിയാനോകള്‍ തേടിപ്പോയി.

? പെരിസ്ട്രോയിക്ക കാലമാണ് പിയാനോകളുടെ അന്ത്യമുണ്ടാക്കിയതെന്ന ഒരു നിരീക്ഷണം പുസ്തകത്തിലുണ്ട്. 

= തുറന്ന വിപണി വന്നപ്പോള്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ റഷ്യക്കാരുടെ കൈയില്‍ പണമുണ്ടായിരുന്നില്ല. പെരിസ്ട്രോയിക്കയുടെ ആറുവര്‍ഷങ്ങളില്‍ തങ്ങളുടെ കൈയിലുള്ള എല്ലാം എടുത്തു വില്‍ക്കുകയായിരുന്നു റഷ്യക്കാര്‍. അങ്ങനെ പിയാനോകള്‍ ഫര്‍ണിച്ചര്‍ മാത്രമായിമാറി. കിട്ടിയ വിലയ്ക്ക് വില്‍ക്കാന്‍ അതിന്റെ ഉടമകള്‍ നിര്‍ബന്ധിതരായി. അതെ, പിയാനോസംസ്‌കാരത്തിന്റെ തകര്‍ച്ചയുടെ പ്രധാന ഘട്ടമായിരുന്നു അത്. ഒരാള്‍ക്ക് റൊട്ടിയാണോ പിയാനോയാണോ വലുതെന്ന ചോദ്യത്തിന് റഷ്യക്കാര്‍ നല്‍കിയ ഉത്തരത്തിനാണ് ലോകം അക്കാലത്ത് സാക്ഷ്യംവഹിച്ചത്. അത് മനുഷ്യര്‍ അവരുടെ ഭാവനാലോകം വിറ്റൊഴിക്കുന്ന അനുഭവമായിരുന്നു.

? ദര്‍സു ഉസാലയെക്കുറിച്ചും കുറസോവയുടെ അതേപേരിലുള്ള സിനിമയെക്കുറിച്ചും പുസ്തകത്തിലുണ്ട് -ഞങ്ങളുടെ നാട്ടിലും ഒട്ടേറെപ്പേര്‍ കണ്ട ചിത്രമാണ് ദര്‍സു ഉസാല.

=  കുറസോവയുടെ അതിഗംഭീര സിനിമയാണത്.

? ദേശം, പ്രവാസം, പ്രകൃതി ഈ മൂന്നു കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍, അതിന്റെ ആഴങ്ങളിലേക്ക് പ്രവേശിക്കാന്‍ പ്രവാസത്തിന്റെ (എക്സൈല്‍) വേരുകളിലൂടെയാണ് പുസ്തകം കൂടുതലായി സഞ്ചരിക്കുന്നത്.  പ്രവാസത്തെ വിശദമാക്കാന്‍ എഡ്വേഡ് സൈദിന്റെ നിരീക്ഷണങ്ങള്‍ സോഫി ഉദ്ധരിക്കുന്നുണ്ട്. സൈദ് ഒരു അമച്വര്‍ പിയാനോ വായനക്കാരനായിരുന്നു. സംഗീതത്തെക്കുറിച്ച് അദ്ദേഹം പലപ്പോഴും എഴുതിയിട്ടുണ്ട്. സംഗീതമായിരുന്നു അദ്ദേഹത്തിന്റെ ചിന്താലോകത്തിന്റെ പ്രചോദകശക്തി എന്നും ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് എന്താണ് തോന്നിയിട്ടുള്ളത്

=  സൈദ് പിയാനോ വായിക്കുമായിരുന്നു എന്ന് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്. എനിക്കതിനെക്കുറിച്ച് അധികം അറിയില്ല. പ്രവാസം എന്ന അവസ്ഥയെക്കുറിച്ച് അദ്ദേഹത്തെപ്പോലെ ചിന്തിക്കുകയും എഴുതുകയുംചെയ്ത മറ്റനവധിപേരുണ്ടെന്നു തോന്നുന്നില്ല. പ്രവാസാവസ്ഥ മറ്റൊരാള്‍ക്ക് വിശദീകരിച്ചുകൊടുക്കുക എന്നത് ഏറക്കുറെ അസാധ്യമെന്ന അദ്ദേഹത്തിന്റെ അഭിപ്രായം വളരെ പ്രധാനപ്പെട്ടതാണ്. 

?  'പിയാനോ' സോഫിയുടെ ആദ്യ പുസ്തകമാണ്. അടുത്ത പുസ്തകം എന്തിനെക്കുറിച്ചാണ്.

=  അത് മറ്റൊരു വിഷയത്തെക്കുറിച്ചാണ്. മനുഷ്യരുടെ അക്ഷമ, അസ്വസ്ഥത, ഇരിക്കപ്പൊറുതിയില്ലായ്മ എന്നതിനെക്കുറിച്ചായിരിക്കും ആ പുസ്തകം.

Content Highlights: The Lost Pianos of Siberia Book Author Sophy Roberts Malayalam Interview