ടുക്കള ഒരു രാവണന്‍ കോട്ടയാണ്. എത്ര നടന്നിട്ടും തീരാത്ത ഇടനാഴികളുള്ള എത്ര തിരഞ്ഞിട്ടും വാതില്‍ കണ്ടെത്താനാവാത്ത തടങ്കലിടത്തെ അത് നിരന്തരം സാക്ഷ്യപ്പെടുത്തുന്നു. കുടുംബം എന്ന സാമൂഹ്യ സ്ഥാപനത്തിന്റെ രൂപപ്പെടലിനൊപ്പം സ്ത്രീയുടെ പേരില്‍ പതിച്ചുനല്‍കപ്പെട്ട പ്രധാന ഉത്തരവാദിത്വങ്ങളിലൊന്ന്. ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിനകത്തെ സ്ത്രീയുടെ ജീവിതമാണ് ജിയോ ബേബിയുടെ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ചര്‍ച്ച ചെയ്യുന്നത്. പ്രത്യക്ഷമായ പ്രയോഗങ്ങള്‍ കുറഞ്ഞു വരുന്ന, വിധേയരാകുന്നവരുടെ മൗനസമ്മതത്തോടു കൂടി പ്രയോഗിക്കപ്പെടുന്ന സൗമ്യമായ അധികാര ആവിഷ്‌കരണതന്ത്രമാണ് ഇന്ന് സമൂഹത്തില്‍ നിലവിലുള്ളത്. അതു കൊണ്ടു തന്നെ കുടുംബത്തിനകത്തു നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ പലതും അഭിസംബോധന ചെയ്യപ്പെടാതെ പോകുന്നു. സോഷ്യല്‍ സ്റ്റാറ്റസിനെ പ്രതി, കുടുംബഭദ്രതയെ പ്രതി, മിഥ്യാഭിമാനബോധത്തെ പ്രതി കാലങ്ങളായി ഇത്തരം അധികാര പ്രയോഗങ്ങള്‍ കുടുംബത്തിനകത്ത് ഒരു സാമാന്യ വ്യവഹാരമെന്ന നിലയില്‍ അത്രയും സ്വാഭാവികമായി തുടരുന്നുണ്ട്. 

നിത്യസാധാരണമായ സ്ത്രീ ജീവിതത്തെ യഥാതഥമായി അവതരിപ്പിക്കുകയാണ് ഇവിടെ സിനിമയില്‍ ചെയ്യുന്നത്. പ്രധാനമായും മധ്യവര്‍ഗ്ഗ മലയാളിയുടെ അഭിമാനബോധം കുടുംബ - തറവാടിത്ത ഘടനയിലധിഷ്ഠിതമാണ്. അതിന്റെ കാവല്‍ക്കാരായി നില്‍ക്കുന്നത് കുടുംബത്തിനകത്തെ സ്ത്രീകളും. ഇവിടെയാണ് സംവിധായകന്‍ ഒരു പാട്ട വെള്ളം കോരി ദുരഭിമാനസംരക്ഷകരുടെ മുഖത്തൊഴിക്കുന്നത്- നായികയെ കൊണ്ട് അഴുക്കു വെള്ളം ഒഴിപ്പിക്കുന്നത്. അഴുക്കുവെള്ളം വീണത് സിനിമയിലെ കുലകുടുംബ പ്രതിനിധികളുടെ മുഖത്തു മാത്രമല്ല എന്ന സത്യം പിന്നീടു വന്ന സാമൂഹ്യ മാധ്യമ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നു.

സയന്‍സിനു നന്ദി എന്നു പറഞ്ഞു തുടങ്ങുന്ന സിനിമ, മതം നിര്‍മ്മിച്ചെടുത്ത, നിലനിര്‍ത്തുന്ന മിത്തുകളെ സയന്‍സ് കൊണ്ട് നേരിടുന്നു എന്നതാണ് മറ്റൊരു മേന്‍മ. ആര്‍ത്തവത്തെ ചില കുടുംബങ്ങളിലിപ്പോഴും ആചാരപരമായി നേരിടുന്ന രീതിയും ശബരിമല വിഷയത്തെ സംബന്ധിച്ച കോടതി വിധിയുമെല്ലാം കഥാപശ്ചാത്തലമാകുന്നുണ്ട്. പല തലമുറകളെ പ്രതിനിധീകരിക്കുന്ന ആദര്‍ശ ദമ്പതിമാരുടെ ചിത്രങ്ങള്‍ ആ വീടിന്റെ ചുമരില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വ്യക്തികള്‍ക്കനുസരിച്ചും സാമൂഹ്യ പരിസരങ്ങള്‍ക്കനുസരിച്ചും അധികാര പ്രയോഗത്തിന്റെ ക്രമങ്ങള്‍ മാറുന്നുണ്ടായിരിക്കാം. അസമത്വങ്ങളെയും അധികാര പ്രയോഗങ്ങളെയും ആദര്‍ശവല്‍ക്കരിക്കുക എന്ന ബലതന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്. കുടുംബം ആത്യന്തികമായി ഒരു അധികാരഘടനയാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ അതിനകത്ത് ആവുന്നത്ര ജനാധിപത്യപരമായി ബോധപൂര്‍വ്വം ഇടപെടേണ്ടതുണ്ട്.

the great indian kitchen
പുസ്തകം വാങ്ങാം

സിനിമയിലെ നായിക പുറത്തേയ്ക്കുള്ള വാതില്‍ കണ്ടെത്തുന്നുണ്ട് എന്നത് പ്രത്യാശാ നിര്‍ഭരമായ കാര്യം തന്നെ. അവളിറങ്ങിപ്പോയ ഇടത്ത്, എച്ചില്‍ വാരുന്ന വളയിട്ട മറ്റൊരു കൈ പുനസ്ഥാപിക്കപ്പെടുന്നു എന്ന സത്യവും സിനിമ പറയാതെ പോകുന്നില്ല. ഒ.ടി.ടി. റിലീസ് ചെയ്യപ്പെട്ട ദിവസം മുതല്‍ ഏറ്റവും കൂടുതല്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കു കാരണമായ സിനിമയുടെ തിരക്കഥ എന്ന നിലയില്‍ ഈ പുസ്തകം വായിക്കപ്പെടേണ്ടതാണ്. സ്ത്രീപക്ഷ സിനിമകളുടെ കൂട്ടത്തില്‍ ചേര്‍ത്തുവായിക്കേണ്ടത്. ജിയോ ബേബിയുടെ മഹത്തായ ഭാരതീയ അടുക്കള ധീരമായ ഒരു ശ്രമമാണ്. അത് മലയാളി പുരുഷന്റെ ശീലങ്ങളെ മാരകമായി വിചാരണ ചെയ്യുന്നു. നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട, കണ്ടിരിക്കേണ്ട ചലച്ചിത്രഭാഷ്യങ്ങളുടെ കൂട്ടത്തിലേക്ക് മഹത്തായ ഭാരതീയ അടുക്കളയും അതിനാല്‍ത്തന്നെ ചേര്‍ത്തുവെയ്‌ക്കേണ്ടതുണ്ട്. 

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: the great indian kitchen Screenplay Mathrubhumi Books