ദുബായില്‍ നിന്ന് നാലായിരത്തിലേറെ മൃതദേഹങ്ങള്‍ അവരുടെ നാട്ടിലേക്കെത്തിച്ചതുവഴി ശ്രദ്ധേയനായ ഒരു മലയാളിയുണ്ട്. പേര് അഷ്‌റഫ് താമരശ്ശേരി. പ്രതിഫലം വാങ്ങാതെ നിറഞ്ഞമനസോടെ അഷ്‌റഫ് എന്ന മനുഷ്യസ്‌നേഹി ചെയ്തിരുന്ന ഈ പ്രവൃത്തികളില്‍ നിന്നും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും പ്രചേദനമുള്‍ക്കൊണ്ട് കെ.പി.സുധീര രചിച്ച നോവലാണ് സ്വര്‍ഗവാതില്‍. പ്രമേയത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന തലക്കെട്ട് എന്ന് ആദ്യമേ തന്നെ പറയട്ടെ. പേരിനൊപ്പം ചേര്‍ന്നുനില്‍ക്കുന്ന നായകന്റെ ഛായാചിത്രവും പുസ്തകം കയ്യിലെടുക്കുന്ന ഏതൊരാളേയും വായനയിലേക്ക് ആഴ്ന്നിറങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്.

ആസിഫ് അലിയെന്നാണ് നോവലില്‍ നായകന് നല്‍കിയിരിക്കുന്ന പേര്. ദുബായില്‍ സംഭവിക്കുന്ന മരണങ്ങളാണ് ആസിഫ് അലിയുടെ ഓരോ ദിവസങ്ങളേയും സജീവമാക്കുന്നത്. ഏതെങ്കിലും ഒരു മരണവാര്‍ത്ത കേട്ടുകൊണ്ടായിരിക്കും അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത് തന്നെ. സുചരിത എന്ന എഴുത്തുകാരിയുമായുള്ള സംഭാഷണങ്ങളിലൂടെ മുന്നേറുന്ന കഥയാണ് സ്വര്‍ഗവാതിലിന്റേത്. യാഥാര്‍ഥ്യവും സാങ്കല്‍പ്പികതയും ഇടകലര്‍ന്ന രീതിയിലാണ് സുചരിതയെ നോവലിസ്റ്റ് സൃഷ്ടിച്ചിരിക്കുന്നത്. നോവലിസ്റ്റ് തന്നെയാണോ സുചരിത എന്ന് ചോദിച്ചാല്‍ ആണെന്നും അല്ലെന്നും പറയാവുന്ന ഒരവസ്ഥ. ആസിഫ് അലി എന്ന കഥാപാത്രത്തെ കേന്ദ്രീകരിക്കുന്നതിനേക്കാള്‍ അദ്ദേഹം നടത്തുന്ന സന്നദ്ധ സേവന ഇടപെടലുകളെയാണ് സ്വര്‍ഗവാതില്‍ ഉയര്‍ത്തിക്കാട്ടുന്നത്.

വൈവിധ്യങ്ങള്‍ നിറഞ്ഞ കഥാപാത്രങ്ങളുടെ സമ്പന്നതയാണ് നോവലില്‍ ഉടനീളം. അസ്തമിക്കാത്ത പ്രണയത്തിന്റെ പ്രതിരൂപമായ ഗസല്‍ രാജു, നൊമ്പരങ്ങള്‍ പെയ്യിക്കുന്ന കരിമേഘങ്ങള്‍ നിറഞ്ഞ മുഖത്തോടുകൂടിയ രവീന്ദ്രന്‍, ബാലന്‍, ഹബീബ്, ടാക്‌സി മജീദ്, സുചരിതയുടെ സിനിമാനടനായ കാമുകന്‍ ശരത് കുമാര്‍... അങ്ങനെ നീളുന്നു ആ പട്ടിക. അധികം രംഗങ്ങളിലില്ലെങ്കിലും ആസിഫ് അലിയുടെ സേവന സന്നദ്ധമായ ജീവിതത്തിന്റെ മറുപാതി കൊടുവള്ളിക്കാരി സുഹാനയും നോവലില്‍ സ്ഥാനംപിടിച്ചിരിക്കുന്നു. 

ഓരോ കഥാപാത്രത്തിന്റേയും മാനസികനിലയിലൂടെയും മരണത്തെ പുല്‍കലിലൂടെയും ഒട്ടൊരു വിഷമത്തോടെയേ വായനക്കാരന് സഞ്ചരിക്കാനാവൂ. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന അവസരത്തില്‍ ആസിഫ് അലിക്കുണ്ടാവുന്ന അതേ മാനസികാവസ്ഥ അനുവാചകരില്‍ സൃഷ്ടിക്കാന്‍ നോവലിസ്റ്റിനാവുന്നുണ്ട്. പ്രത്യേകിച്ച് ഗസല്‍ രാജുവിന്റെ മരണസമയത്ത്. നൊമ്പരമുണ്ടാക്കുന്ന ഒരു സസ്‌പെന്‍സ്, ഗസല്‍ രാജു എപ്പോഴെങ്കിലും അതറിഞ്ഞുവെങ്കില്‍ എന്ന് തോന്നുന്ന ഒരു കാര്യം സുധീര നോവലില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.

ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ആസിഫ് അലി ബന്ധപ്പെടുന്ന കഥാപാത്രങ്ങളുടെ ഉള്ളറകളില്‍ ഉറങ്ങിക്കിടക്കുന്ന സംഘര്‍ഷങ്ങളെ വിവിധ അധ്യായങ്ങളാക്കിയാണ് നോവലില്‍ ചിത്രീകരിച്ചിട്ടുള്ളത്. 'വെര്‍ട്ട് സിഗ്‌നേച്ചര്‍ ടച്ച് 'എന്ന ഗെയിമിനടിമയായ ആദിത്യ എന്ന ബാലന്റെ കാര്യം തന്നെയെടുക്കാം. വീട്ടിലെ സാഹചര്യങ്ങളാണ് അവനെ തിരികെ കൊണ്ടുവരാനാവാത്ത അവസ്ഥയിലേക്ക് എത്തിച്ചതെന്ന് കാണാം. സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ബ്ലൂ വെയില്‍ ഗെയിമിനെപ്പറ്റിയാണ് ഈ അധ്യായത്തില്‍ പറയുന്നത്. 

വെര്‍ച്വല്‍ മുതലാളിയുടെ അടിമയായ കുട്ടിയുടെ മാനസികനില എന്തായിരിക്കുമെന്ന് ലളിതമായ വാക്കുകളിലൂടെ പറഞ്ഞുതരുന്നുണ്ട് നോവല്‍. ദുബായിലെ ഏതോ ഉയര്‍ന്ന കെട്ടിടത്തിന്റെ മിനാരത്തില്‍ സുന്ദരനായ പക്ഷി വന്നിരുന്നു. ആ കുരുന്നുപക്ഷി, ഭാവനയുടെ ചിറകുകളിലേറി, അവന്റെ അജ്ഞാതസമ്മാനം കൈക്കലാക്കുവാന്‍, ഒരു തൂവലിന്റെ ലാഘവത്തോടെ താഴോട്ടു താഴോട്ട് പറന്നു. പാഴായിപ്പോയ ഒരു കണ്ണുനീര്‍ക്കണം പോലെ ആ ജീവന്‍ മരുഭൂമിയിലെ ഉഷ്ണിക്കുന്ന മണലില്‍ വീണുവറ്റി എന്നാണ് ആദിത്യയുടെ മരണത്തെ കഥാകാരി വിശേഷിപ്പിക്കുന്നത്. 

swargavathilസൂര്യയുടെ മരണവും സമാനം തന്നെയാണ്. ഗള്‍ഫിലെ ജയിലില്‍ കിടക്കുന്ന ആര്‍.കെ മേനോന്‍ എന്ന വ്യവസായിയെ കാണാന്‍ കഥാകാരി ചെല്ലുന്ന രംഗമാണ് മറ്റൊരു ഉദാഹരണം. സുചരിത അഞ്ഞൂറിന്റെ ഒറ്റനോട്ട് കയ്യിലേക്കു വെച്ചുകൊടുക്കുമ്പോള്‍ ആര്‍ത്തിയോടെ തട്ടിപ്പറിച്ചെടുക്കും പോലെയാണ് ഒരിക്കല്‍ പണത്തില്‍ അഭിരമിച്ചിരുന്ന മേനോന്‍ വാങ്ങുന്നത്. ഇതിന് അപ്പോള്‍ തന്റെ പ്രാണന്റെ വിലയുണ്ടെന്നും ഒരുപാടുകാര്യങ്ങള്‍ ആ പണം കൊണ്ട് സാധിച്ചെടുക്കാനുമുണ്ടെന്ന് പറയുമ്പോള്‍ സുചരിതയ്ക്കനുഭവപ്പെടുന്ന അതേ നടുക്കം വായനക്കാരനിലുമുണ്ടാവുന്നു. ആസിഫ് അലിക്കും സുചരിതയ്ക്കും പുറമേ ഒരു യഥാര്‍ഥ വ്യക്തിയെന്ന് തോന്നിക്കുന്നതും ഇതേ കഥാപാത്രം തന്നെയാണ്. 

ദുബായില്‍ ഇത്രയധികം ആളുകള്‍ എങ്ങനെ മരിക്കുന്നുവെന്നതിന് ആസിഫ് അലിയുടേതായ ഒരു വിശദീകരണം നല്‍കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. ' മാഡം തൊണ്ണൂറു ശതമാനവും ഹൃദയസ്തംഭനമാണ്. പലതരം പിരിമുറുക്കങ്ങളനുഭവിച്ച്, രക്തസമ്മര്‍ദവും ഷുഗറും കൊളസ്‌ട്രോളും വര്‍ധിച്ച്, ശാരീരികാസ്വാസ്ഥ്യങ്ങളെ അവഗണിച്ച്, പരിശോധന വേണ്ടെന്നുവച്ച്, തിരക്കില്‍ മുഴുകി, ഒരുനാള്‍ വഴിയില്‍ തളര്‍ന്നുവീഴുന്നു. അല്ലെങ്കില്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കില്ല. ജീവിതം പാതിവഴി നടന്നവര്‍, കടത്തില്‍ മുങ്ങിക്കിടക്കുന്നവര്‍, കുട്ടികളേയും കുടുംബത്തേയും കാണാനാവാതെ ഉള്ളുനീറി കഴിയുന്നവര്‍, ശമ്പളം കിട്ടാതെ മാസങ്ങളോളം വറുതിയില്‍ കഴിയുന്നവര്‍. പ്രവാസികള്‍ക്ക് മരിക്കാന്‍ കാരണം ഇതൊക്കെ പോരേ മാഡം?'- ആസിഫ് ചോദിക്കുന്നു.

സ്വര്‍ഗവാതില്‍ എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആസിഫ് അലിയുടെ ജീവിതത്തിനൊപ്പം തന്നെ നോവലില്‍ പ്രതിപാദിക്കുന്ന മറ്റൊരു വിഷയമുണ്ട്. നടന്‍ ശരത് കുമാറുമായുള്ള സുചരിതയുടെ പ്രണയം. തിരക്കു കാരണം പ്രണയിക്കാന്‍ മറന്ന ശരത്തിന് പ്രണയം ഒരു വേദനയായി അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങള്‍ മനോഹരമാണ്. ആ രംഗങ്ങളില്‍ അയാള്‍ക്ക് ചമയങ്ങളില്ല. കര്‍മമേഖലയില്‍ ഇനിയും ഏറെ കാലം ആസിഫ് അലിയുണ്ടാകും എന്ന് പറഞ്ഞുകൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്.