ത്മീയതയും ഭൗതികതയും പരസ്പരവിരുദ്ധങ്ങളല്ല; മറിച്ച്, ആത്മീയാടിത്തറയില്‍ പടുത്തുയര്‍ത്തേണ്ടതാണ് ഭൗതിക ജീവിതം എന്ന സന്ദേശം വിദ്യാസ്മൃതിലയത്തില്‍ സുസ്പഷ്ടമാക്കുന്നു. മനുഷ്യരിലെ അനന്തസാദ്ധ്യതകളെ കണ്ടെത്താന്‍  അനുവദിക്കുന്ന തുറന്നെഴുത്താണ് സ്വാമി അധ്യാത്മാനന്ദയുടെ വിദ്യാസ്മൃതിലയം എന്ന പുസ്തകം. മൂന്ന് ഭാഗങ്ങളിലായി ഇരുപത് കഥകള്‍ ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലളിതസുന്ദരവും, നമ്മിലോരോരുത്തരോടും ചേര്‍ന്നു നില്ക്കുന്നതും, ജീവിതത്തിന്റെ ഭാഗവുമായ കഥകള്‍. കഥാപാത്രങ്ങളാവട്ടെ നമ്മളും, അയല്‍പക്കക്കാരും, നമുക്ക് ചുറ്റിലും ഉള്ളവരുമൊക്കെയാണ്.

ഒരു സന്യാസി എന്നാലോചിക്കുമ്പോള്‍ പൊതുവേയുള്ള ക്ലീഷേ പരിവേഷമല്ല സ്വാമി അധ്യാത്മാനന്ദയ്ക്കുള്ളത്. ഗുരു, വാഗ്മി, കവി, കഥാകൃത്ത്, സരസന്‍, സുഹൃത്ത് കൂടാതെ നല്ലൊരു മന:ശാസ്ത്രജ്ഞനുമാണ് സ്വാമി. കൊച്ചുകുട്ടികള്‍ക്ക് കൂട്ടുകാരനായും യുവാക്കള്‍ക്ക് തങ്ങളിലൊരാളായും മാത്രമേ സ്വാമിജിയെ കാണാനാവൂ. ഉപദേശധാര ഇല്ലാതെ പറയാനുള്ള കാര്യങ്ങള്‍ കഥകളിലൂടെയും കവിതകളിലൂടെയും തുറന്ന സംവാദങ്ങളിലൂടെയും വായനക്കാരിലേക്കെത്തിക്കുന്ന വിശാലമായ ശൈലിയാണ് അദ്ദേഹത്തിന്റേത്. ആ രീതിയിലാണ് 'വിദ്യാസ്മൃതിലയം' എഴുതിയിരിക്കുന്നതും. ഈ പുസ്തകം അനുവാചകരുടെ കഥകളാണ്. ഓരോ കഥകളും വായിക്കുമ്പോള്‍  ''എന്റെ ഉള്ളിലുള്ളത് കഥാകൃത്ത് എങ്ങനെ പറയാതെയറിഞ്ഞു' എന്ന് തന്നെ തോന്നിപ്പോവും. 

മൂല്യച്യുതികള്‍ വന്നുപോവുമ്പോള്‍, സമൂഹത്തില്‍ എങ്ങനെ ക്രിയാത്മകമായി ഇടപെടല്‍ നടത്തി തിരുത്തലുകള്‍ വരുത്താമെന്ന് വരച്ചിടുന്ന കഥകള്‍, കുടുംബാന്തരീക്ഷത്തിനും ബന്ധങ്ങളിലെ ദൃഢതയ്ക്കും സ്വാസ്ഥ്യത്തിനും പ്രാധാന്യം കൊടുക്കുന്ന കുറിപ്പുകള്‍, അവനവനെത്തന്നെ കാണിച്ച് തരുന്ന ഉള്‍ക്കാഴ്ചയുടെ ആഴങ്ങള്‍ ഇവയെല്ലാം ചേര്‍ത്തുവച്ച് വൈവിധ്യങ്ങളുടെ വിപ്ലവം തന്നെയാണ് ഈ പുസ്തകം.

വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തില്‍ കണ്ട് ശീലിച്ച 'നോട്ടക്കുറവ് ' എന്ന അപചയം, 'ഉദാത്തീകരണം' എന്ന ഉത്തമ ശൈലിയിലൂടെ പരിഹരിച്ച് കൊണ്ടുവരുന്നത് ഒരു വേറിട്ടകാഴ്ചയാണിവിടെ. 'സമയമില്ലാക്കഥ' ആവര്‍ത്തിക്കുന്നവര്‍ക്ക് സമയത്തിന്റെ ക്രിയാത്മക വിനിയോഗം കാണിച്ച് കൊടുക്കാനും കഥാകൃത്ത് സമയം കണ്ടെത്തിയിരിക്കുന്നു. കുട്ടികളെ സമഗ്രമായും ആഴത്തിലും അറിഞ്ഞ് പഠനം രസകരമാക്കുന്ന ഗണിതാധ്യാപകന്‍, അനുഭവങ്ങളുടെ ചെപ്പ് തുറന്ന് കുട്ടികള്‍ക്ക്  'നവരസസമൃദ്ധസദ്യ' വിളമ്പുന്ന ഭാഷാധ്യാപകന്‍ ഇവരൊക്കെ ദുര്‍ല്ലഭമെങ്കിലും നമുക്കിടയിലുള്ള കഥാപാത്രങ്ങള്‍ തന്നെയാണ്. 

ജീവിച്ചഭിനയിക്കുക എന്നതില്‍ നിന്നും അഭിനയിച്ച് ജീവിക്കുക എന്നതിലേക്ക് ചുവട് മാറ്റം ചെയ്യപ്പെട്ട 'അനസൂയ'മാര്‍ വിവാഹശേഷം സ്വന്തം ഇഷ്ടങ്ങള്‍ അപ്പാടെ വേണ്ടെന്ന് വച്ച് പാവകളെപ്പോലെ ജീവിക്കേണ്ടി വരുന്ന ഒട്ടനവധി സ്ത്രീകളുടെ പ്രതീകമത്രെ. വികാസമാണ് ജീവിതം സങ്കോചം  മരണമെന്നും വൈവാഹിക ജീവിതം വളരാനും വികസിക്കാനും ശുദ്ധി നേടാനുമുള്ള സാംസ്‌കാരിക പ്രക്രിയയാണെന്നും ഓര്‍മ്മിപ്പിക്കുന്ന 'വിശ്വംഭരന്മാര്‍'. സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്ന കഥയാണ് 'വിവാഹിതനായ വിശ്വംഭരന്‍ '.

ഓരോരുത്തരുടേയും താല്പര്യങ്ങളുടെ താക്കോല്‍ അവരവരില്‍ത്തന്നെയിരിക്കുന്നു. ആ താല്പര്യങ്ങള്‍ കുടുംബ ജീവിതത്തിലും, ദാമ്പത്യ ബന്ധത്തിലും, മറ്റുള്ളവരുമായി ഇടപഴകുന്ന വേളയിലും എങ്ങനെ സമന്വയതാളമാക്കിയെടുക്കാം എന്നന്വേഷിക്കണം. അപ്രകാരമൊരു താളബോധത്തില്‍ കലഹങ്ങളൊഴിഞ്ഞ ജീവിതം ആസ്വദിക്കാമെന്ന് കാണിച്ച് തരുന്ന 'സമന്വയതാളം' എന്ന കഥ ആലോചനാമൃതമാണ്. 

book
പുസ്തകം വാങ്ങാം

സ്മാര്‍ട്ട് ഫോണിന്റെ മായക്കാഴ്ചയില്‍ മുങ്ങിപ്പോയ ചെറുപ്പക്കാരനെ ഉപദേശിക്കാതെയും ദേഷ്യപ്പെടാതെയും പ്രകൃതിയിലേക്ക് മടക്കിക്കൊണ്ടു വരുന്നയാള്‍ ഒരു കഥയില്‍, അതേ സ്മാര്‍ട്ട് ഫോണിന്റെയും ടാബിന്റെയും സാദ്ധ്യതകളെ അങ്ങേയറ്റം ഉപയോഗപ്പെടുത്തുന്ന ചെറുപ്പക്കാരിയും മുത്തശ്ശിയും മറ്റൊരു കഥയില്‍. ഇതിലൂടെ ആധുനികതയുടെയും പുരോഗമന ചിന്തയുടെയും വക്താവ് കൂടിയാവുന്നു കഥാകൃത്ത്.  വിപരീത വിശേഷണം നല്കാതെ അനുകമ്പാപൂര്‍വ്വം കാലത്തെയും അവസ്ഥകളെയും വിലയിരുത്തി ഉള്‍ക്കൊണ്ട് ജീവിതം പുരോഗമിപ്പിക്കുന്നതിന്റെ കല പറയുന്ന സര്‍ഗ്ഗാത്മകവും ഏവരിലേക്കും ഇറങ്ങിച്ചെല്ലുന്നതുമായ രചനാവൈഭവമാണ് *വിദ്യാസ്മൃതിലയം* എന്ന പുസ്തകം എന്ന് ഉറപ്പിച്ച് പറയാം.

Content Highlights: Swami Adhyatmananda New Malayalam Book Review