ചോദ്യംചെയ്യാന്‍, വെല്ലുവിളിക്കാന്‍ അംബ എത്തുന്നു. അതേ അംബതന്നെ അംബിക, അംബാലിക എന്ന രണ്ട് അനിയത്തിമാരുള്ള, കാശിരാജന്റെ മകളായ, സാല്വനെ പ്രണയിക്കയാല്‍ ഭീഷ്മരുടെ 'വെച്ചുനീട്ടലു'കളെ നിരസിച്ച, പിന്നീട് സാല്വനാല്‍ തിരസ്‌കൃതയായ അതേ അംബ! ഇതിഹാസകാരന്‍ ശിഖണ്ഡീ ജന്മംനല്കി പരിഹാസ്യയാക്കിയ അവള്‍, ഇതിഹാസകഥയില്‍ കഥാപാത്രമാവുന്നവളും സഹനത്തിന്റെ മറുകരേയ്ക്ക് തുഴഞ്ഞവളുമായ അംബ. പിന്നീട് എഴുതിയപ്പോഴും ഒരു സന്ദര്‍ഭത്തിലും വ്യാസന്‍ ഉത്തരം പറഞ്ഞിട്ടില്ലാത്ത ഒരു ചോദ്യംകൂടി അംബ ചോദിച്ചു. എന്റെ ജീവിതം മറ്റൊരു തരത്തില്‍ നീങ്ങിയിരുന്നെങ്കില്‍, അങ്ങില്‍നിന്ന് എനിക്കു പിറന്നേക്കുമായിരുന്ന ആ രാജകുമാരന്‍ എങ്ങനെയുള്ളവനായിരിക്കും? മുനി ഉത്തരം പറഞ്ഞു: 'സ്വേച്ഛയോടെയായിരിക്കില്ല നീയെന്നെ പ്രാപിക്കുന്നത് എന്നതിനാല്‍, പിറക്കേണ്ടത് സ്വേച്ഛയോടെ കൈകാലുകള്‍പോലും ചലിപ്പിക്കാന്‍ കഴിവില്ലാത്ത ഒരു മകന്‍!'
അംബ നടന്നു. കൂരിരുട്ടിലേക്ക്, കൊടുംകാട്ടിലേക്ക് ചലിക്കുന്ന ജഡംകണക്കേ നടന്നുമറയുന്ന സ്ത്രീയെ നോക്കി സത്യവതീപുത്രന്‍ അതേ നില്‍പ്പില്‍ വിളിച്ചുപറഞ്ഞു: 'ഇതിഹാസത്തിലെ പെണ്‍പാതിയായ ശിഖണ്ഡിയായല്ല, ഭാരതഖണ്ഡത്തില്‍ ഒരു സ്ത്രീയായിത്തന്നെ വീണ്ടും വീണ്ടും ജനിക്കൂ അംബ! ഓരോ ജന്മത്തിലും ഇതിഹാസത്തില്‍ നീ സൂചിപ്പിച്ച ആ ഇല്ലായ്മ-ഉപാധികളില്ലാത്ത സ്‌നേഹം-ഭൂമിയില്‍ നിലനില്ക്കുന്നുണ്ടോ എന്ന് തിരഞ്ഞുകൊണ്ട് ജീവിക്കൂ! എന്റെ അനന്തരഗാമികളായ എഴുത്തുകാരെ കണ്ടെത്താന്‍ ഇടയാകുന്നു എങ്കില്‍ അവരോടും തിരക്കൂ. ഉപാധികളില്ലാത്ത സ്‌നേഹം-അത് ജീവിതത്തിലോ സത്യസന്ധമായ സാഹിത്യത്തിലോ കണ്ടുകിട്ടുകയാണെങ്കില്‍ നമുക്കു വീണ്ടും കാണാമെന്ന് ബാദരായണന്‍ വ്യാസന്‍, മാമുനിക്ക് മത്സ്യഗന്ധിയില്‍ സ്‌നേഹത്തിന്റെ ഉപാധികളില്ലാതെ പിറന്ന പുത്രന്‍, നിനക്കിതാ വാക്കുതരുന്നു!' ജന്മജന്മാന്തരങ്ങളോളം അവളുടെ മനസ്സില്‍ കിടന്ന ഒരു വാഗ്ദാനം.
സുഭാഷ്ചന്ദ്രന്റെ 'സമുദ്രശില'യില്‍ ഒരു അംബ ഉപാധികളില്ലാത്ത സ്‌നേഹം തേടി അലയുന്നു. അവള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ 'എന്റെ അനന്തരഗാമി' എന്ന് വ്യാസന്‍ സൂചിപ്പിച്ച ഒരാളെ കണ്ടുമുട്ടുന്നു; ആദ്യം ഒരു സ്വപ്നത്തില്‍. സ്വപ്നത്തിന്റെ സത്യം ഒരു സെന്‍ഗുരുവിനും വ്യാഖ്യാനിക്കാന്‍ കഠിനമായത്. സ്വപ്നംതന്നെ ഒരു സ്വപ്നം. അംബ കാണുന്ന സ്വപ്നത്തിലെ സുഭാഷ് ചന്ദ്രനാണോ അതോ സുഭാഷ് ചന്ദ്രന്‍ കാണുന്ന സ്വപ്നത്തിലെ അംബയാണോ യാഥാര്‍ഥ്യം? സ്വപ്നംതന്നെയാണോ യാഥാര്‍ഥ്യം, അതോ യാഥാര്‍ഥ്യമാണോ സ്വപ്നം? സമുദ്രശിലയുടെ ആഖ്യാനത്തെ ഏറ്റവും സാന്ദ്രമാകുന്ന ഈ സന്ദേഹമാണ് നോവലിന്റെ ആധാരശ്രുതി. സ്വപ്നവും യാഥാര്‍ഥ്യവും കീഴ്മേല്‍മറിഞ്ഞ്, രണ്ടിനും പരസ്പരം വിഴുങ്ങാനാവാതെ ഒരു വ്യാസസങ്കീര്‍ണതയില്‍, ഇതിഹാസക്കുരുക്കില്‍ അകപ്പെട്ട ജീവിതത്തെ അഴിച്ചെടുക്കുന്ന മാന്ത്രികനാവുന്നു ഇവിടെ നോവലിസ്റ്റ്. അയാള്‍ 'നോവ്' അനുഭവിക്കുന്ന ആളാണ്. മിഥ്യയ്ക്കുള്ളില്‍ മറ്റൊരു മിഥ്യ പണിയുന്ന എഴുത്ത് എന്ന് അയാള്‍ അതിനെ തിരിച്ചറിയുന്നുണ്ട്. ജഗത് എന്ന മിഥ്യയിലെ ഒട്ടും മിഥ്യയല്ലാത്ത കണ്ണീരിനെ പിന്തുടരുന്ന കഠിനവേലതന്നെ എഴുത്ത്.
കാരണം, അംബ സുഭാഷ്ചന്ദ്രനിലേക്ക് ഒരു സ്വപ്നത്തിലാണ് വരുന്നത്. തന്റെ മകനെ കൊന്ന കുറ്റത്തിന് കാരാഗൃഹത്തില്‍ കഴിയുന്ന സുഭാഷ് അവരുടെ പേരുവിളിച്ചു കരയുന്ന ഒരു സ്വപ്നം. ആ സ്വപ്നമാണ് അംബ കാണുന്നത്. ആ സ്വപ്നം കാണുന്ന അംബയാണ് സുഭാഷ് കാണുന്ന സ്വപ്നം. സങ്കീര്‍ണമായ ഒരു സെന്‍കഥയുടെ പുനരവതാരം. കിംകി ഡുക്കിനെ ഒരു സിനിമയ്ക്കു പ്രചോദിപ്പിച്ച സെന്‍കഥയാണ് പൂമ്പാറ്റ കാണുന്ന സ്വപ്നത്തിലെ യുവഭിക്ഷു. സത്യത്തില്‍ അയാള്‍ പൂമ്പാറ്റയായതായി സ്വപ്നം കണ്ടതാണ്. ഗുരു അതിനെ അഴിച്ചെടുക്കുമ്പോള്‍ ഏതോ പൂവില്‍ തേന്‍ കുടിച്ചു മയങ്ങിപ്പോയ പൂമ്പാറ്റ കാണുന്ന സ്വപ്നമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ശലഭം ഉറക്കമുണരുമ്പോള്‍ സ്വപ്നം പൊലിയും ഞാനും നീയും മറയും. ഉറക്കമുണരുമ്പോള്‍ അംബയാണോ നോവലിസ്റ്റാണോ അവശേഷിക്കുക. ഇവിടെ വായനക്കാരനായ എനിക്കു സന്ദേഹിക്കാവുന്ന ഒരു സ്വപ്നമുണ്ട്. ഈ നോവല്‍, അംബയെക്കുറിച്ച് സുഭാഷ് ചന്ദ്രനെഴുതിയ നോവല്‍ ഞാന്‍ വായിക്കുന്നതായുള്ള എന്റെ സ്വപ്നം. ഉറക്കമുണരുമ്പോള്‍ ഞാനും നോവലും ഒരു സ്വപ്നത്തിലെ കെട്ടുകഥമാത്രമായി അവശേഷിക്കുന്ന സ്വപ്നം. കാരണം, ഈ നോവലും ഇതിലെ അംബയും ഒരു യാഥാര്‍ഥ്യമാണെങ്കില്‍ എനിക്കതു താങ്ങാനാവില്ല. ഇതിഹാസത്തിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചാലും ഇത്ര ദുഃഖകലശത നമുക്കുണ്ടാവില്ല. സമുദ്രശിലയിലെ അംബ പക്ഷേ, അങ്ങനെയല്ല. അവള്‍ സ്വയം ഒരു സഹനത്തിന്റെ ഇതിഹാസമാണ്. ഉപാധിയില്ലാത്ത സ്‌നേഹം യുഗയുഗാന്തരങ്ങളായി, ജന്മജന്മാന്തരങ്ങളായി അന്വേഷിക്കാന്‍ ശപിക്കപ്പെട്ട അമ്മ!
'സമുദ്രശില' ഓണ്‍ലൈനില്‍ വാങ്ങാം
നോവല്‍ രചനയെത്തന്നെ പ്രശ്‌നവത്കരിക്കുന്ന, സ്വയം വിമലീകരിക്കുന്ന ഒരു ഉച്ചാടനപ്രക്രിയയായിത്തീരുകയാണ് സമുദ്രശില. അത് കഴിഞ്ഞുപോയ ഒന്നിനെക്കുറിച്ചുള്ള ഓര്‍മയല്ല. ജീവിക്കുന്ന ജീവിതത്തിന്റെ മാറ്റിപ്പണിയല്‍, ഈ നിമിഷത്തിന്റെ സങ്കീര്‍ണതയിലൂടെയുള്ള യാത്ര, ഇതിഹാസത്തിലെപ്പോലെ എഴുത്തുകാരന്‍ സ്വയം കഥാപാത്രമാകുന്ന രചനയുടെ ആഴം, നിരന്തരം തന്നെത്തന്നെ ചിതറിച്ച് മാറിനിന്ന് കാണുന്ന കാഴ്ചസുഖവും നോവും. ഒരുപക്ഷേ, എഴുത്തുകാരന്റെ പതിനാറടിയന്തരം (death of an author) സര്വവിഭവത്തോടെയും ആഘോഷിക്കുന്നതിന്റെ ഉന്മാദം, തന്റെ അഹങ്കാരത്തെ മുഴുവന്‍ കുഞ്ഞുകുഞ്ഞു സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി പൊളിച്ചടുക്കുന്ന നിരാനന്ദത്തിന്റെ ചിരി- സമുദ്രശിലയ്ക്ക് സമുദ്രത്തോളം ഘടനാവൈപുല്യം. നോവലിന്റെ മൂന്ന് അധ്യായങ്ങളെങ്കിലും നോവലിസ്റ്റ് എഴുതിയതല്ല. ഒന്ന് അനീസ് ബഷീര്‍ (അതെ, ബഷീറിന്റെ മകന്‍), ഒന്ന് സോഫിയ ആന്റണി മറ്റൊന്ന് യാത്രികനായ സുഭാഷ്. അംബയെ അറിയാന്‍ നമുക്കു താത്പര്യമുണ്ടെങ്കില്‍, നമ്മില്‍ ഒരു അംബയുണ്ടെങ്കില്‍ നമുക്കുമെഴുതാം ഈ നോവലിലേക്ക് ഒരധ്യായം. പക്ഷേ, അത് ഉപാധിയില്ലാത്ത സ്‌നേഹം അന്വേഷിക്കുന്ന അംബയെക്കുറിച്ചാവണം; അവളന്വേഷിക്കുന്ന ഉപാധിയില്ലാത്ത സ്‌നേഹം എങ്ങും കണ്ടുകിട്ടുകയില്ലെന്നതിനാല്‍...

വെള്ളിയാങ്കല്ലിലേക്കുള്ള സുഭാഷിന്റെയും സുഹൃത്തുക്കളുടെയും യാത്ര പ്രസിദ്ധീകരിച്ച യാത്രയാണ് അംബയെ സുഭാഷിലേക്ക് എത്തിക്കുന്നത്. വ്യാസന് ദീര്‍ഘദര്‍ശനം ചെയ്ത 'സ്വേച്ഛയോടെ കൈകാലുകള്‍പോലും ചലിപ്പിക്കാന്‍ കഴിവില്ലാത്ത മകനൊ'പ്പം അംബ സുഭാഷിനെ കാണാന്‍ വന്നു. പിന്നെ നിരന്തരം അവള്‍ തന്റെ കഥകള്‍ ഒട്ടും സഹതാപത്തിനല്ലാതെ, ഒട്ടും സ്‌നേഹത്തിനല്ലാതെ പറഞ്ഞുകൊണ്ടേയിരുന്നു. ഇതൊരിക്കലും ഒരു കഥയോ നോവലോ ആക്കരുതെന്ന കര്‍ശനനിര്‍ദേശത്തോടെ. അത് സുഭാഷ് അനുസരിക്കാത്തതാണ് സമുദ്രശില. യാദൃച്ഛികതകളുടെ ഘോഷയാത്രയാണ് അംബയുടെ എന്നപോലെ സമുദ്രശിലയുടെയും അനിവാര്യത. താനിഷ്ടപ്പെടാത്ത ജീവിതം എന്ന അനിവാര്യതയ്ക്കു മേല്‍ ഇടിനാദം മുഴക്കി ഘോരഘോരം പെയ്യുന്ന യാദൃച്ഛികതയുടെ പെരുമഴ. താനെഴുതേണ്ടതല്ലാത്ത ഒരു നോവല്‍, എഴുതാനാവാത്തവിധം യാദൃച്ഛികതകൊണ്ട് മൂടുന്ന എഴുത്തുകാരന്റെ ധര്‍മസങ്കടം. അതിനിടയില്‍ വന്നുചേരുന്ന മറ്റനേകം അപ്രതീക്ഷിതത്വങ്ങളും ഉദ്വിഗ്‌നതകളും. സര്‍ഗക്രിയയെത്തന്നെ പ്രമേയവത്കരിക്കുന്ന ഈ നോവല്‍ രുദിതാനുസാരിത്വം ഉപേക്ഷിക്കാനാവാത്ത എഴുത്തുകാരന്റെ ധര്‍മസങ്കടവുമാണ്. അതിനെ പിന്തുടരാന്‍ കഴിയാതിരിക്കാനാവാത്ത വായനക്കാരന്റെ ധര്‍മസങ്കടവുമാണ് ഈ സമുദ്രശില.
നിരന്തരം ആത്മച്ഛായകള്‍ വരയ്ക്കുന്ന ഒരു ഫ്രീദാ കാലോ ആണ് അംബ. കടല്‍ കാണാത്ത അമ്മയുടെ-ചന്ദ്രിക ടീച്ചര്‍-മകള്‍കൂടിയാണ് അംബ. കടല്‍ കണ്ടില്ലെങ്കിലും ഒരു കടലിനെ അടക്കിപ്പിടിക്കാന്‍മാത്രം വലിപ്പമുണ്ട് അമ്മമാരുടെ മനസ്സിന് എന്നു തിരിച്ചറിഞ്ഞ ചന്ദ്രിക ടീച്ചറുടെ മകള്‍ ജീവിതത്തിലുടനീളം ഒരു കടലും അതിലെ സമുദ്രശിലയായ വെള്ളിയാങ്കല്ലുംകൂടി മനസ്സിലടക്കി. കിടന്ന കിടപ്പിലല്ലാതിരുന്നിട്ടും അംബയ്ക്ക് ഫ്രീദാ കാലോയെ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞത് അലയിളകാത്ത കടലിനെയല്ല, അലയിളകുന്ന മനസ്സിനെ ആവാഹിച്ചതുകൊണ്ടാണ്. അംബ ആത്മച്ഛായ എഴുതിയപ്പോള്‍, തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട പുരുഷനെ നെറ്റിയില്‍ കുങ്കുമമായി ചാര്‍ത്തി-തന്റെ മകനെ-അപ്പു എന്ന അനന്തപത്മനാഭനെ-അംബ ആദ്യം കണ്ട വ്യാസന് സുഭാഷ് ചന്ദ്രനല്ല, പത്മരാജനാണ്. കാണാതെ കണ്ട ഗന്ധര്‍വന്‍. ഉദരത്തില്‍ മകന്‍ ഇളകിയപ്പോള്‍ അവന് അംബ കണ്ട പേര് പത്മരാജന്‍ എന്നായിരുന്നു. ഞാന്‍ ആരാധിക്കുന്നു എന്ന കാരണത്താല്‍ ഭര്‍ത്താവ് സിദ്ധാര്‍ഥന് കണ്ണെടുത്താല്‍ കണ്ടുകൂടാത്ത ആ എഴുത്തുകാരന്റെ പേര് കുഞ്ഞിനു നല്‍കാനാകുമായിരുന്നില്ല. അതിനാല്‍ പത്മരാജന്‍ മകനുനല്‍കിയ പേര് അവള്‍ തന്റെ മകനുനല്‍കി, അനന്തപത്മനാഭന്‍. അതും വ്യാസന്റെ പിതൃവഴിതന്നെ.
അവളന്വേഷിക്കുകയായിരുന്നു, ഉപാധികളില്ലാത്ത സ്‌നേഹത്തെ. ജലാലുദ്ദീന്‍ റൂമിയെ തിരിച്ചിട്ട് റൂമി ജലാലുദ്ദീനായ, അല്പായുസ്സായ കാമുകത്വംമാത്രം കൈമുതലായുള്ള റൂമി ഹോട്ടല്‍മുറിയില്‍ അവളെ പഠിപ്പിച്ചത് പുരുഷന്‍ എന്നത് കന്നിമാസത്തിലെ ഒരാണ്‍പട്ടിയെക്കാള്‍ കവിഞ്ഞ ഒന്നുമല്ലെന്ന, ലോകത്തിലെ മുഴുവന്‍ ആണുങ്ങളെക്കുറിച്ചോര്‍ത്തും നിശ്ശബ്ദമായി നിലവിളിക്കാവുന്ന ഒരു പാഠമാണ്. പിന്നീടൊരിക്കലും അവള്‍രണ്ടു പുരുഷന്മാരെ തമ്മില്‍ താരതമ്യംചെയ്തിട്ടില്ല; ആരാണ് കൂടുതല്‍ മോശമെന്നറിയാന്‍ ആഗ്രഹമില്ലാത്തതിനാല്‍. അതു ഭര്‍ത്താവിനെയും കാമുകനെയും ആയിരുന്നാല്‍പ്പോലും. അതിനാല്‍ തന്റെ ആത്മച്ഛായകളെല്ലാം തന്റേതുമാത്രമായ ഒരു ജീവിതമായിരുന്നു; എല്ലാ അംബമാരുടെയും എല്ലാ അമ്മമാരുടെയും. അംബയെ പിന്തുടരുകമാത്രമാണ് സുഭാഷ് ചന്ദ്രന്‍. അതു സ്വയമേ എഴുത്തുകാരന്റെ രുദിതാനുസാരിത്വമായി മാറുകയാണ് നോവലില്‍.
ആഖ്യാനത്തിന്റെ അകത്ത് കഥാപാത്രം സ്വതന്ത്രജീവിതം പിന്തുടരുന്നു. ചിലപ്പോഴൊക്കെ അതില്‍ക്കയറി ഇടപെട്ട് കഥപറച്ചിലിനെത്തന്നെ വഴിതിരിച്ചുവിടുന്നു. അതിനു വിരാമചിഹ്നമിടാനും അംബമാത്രമണ് തീരുമാനിച്ചത്. 'ഗ്ലൂമി സണ്‍ഡേ' എന്ന ആത്മഹത്യാപ്രേരിതമായ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ അംബയും അപ്പുവും. സ്വരാക്ഷരങ്ങളുടെ അന്ത്യം. ചന്ദ്രിക ടീച്ചര്‍ മരിക്കുമ്പോള്‍ അം, അഃ എന്ന് സ്വരാക്ഷരങ്ങള്‍ ഉച്ചരിച്ചിരുന്നു. ഇവിടെ ഒരു സ്വരാക്ഷരത്തിന്റെ ആവര്‍ത്തനത്തിന്റെ അന്ത്യം! ആ ദിവസം അംബയുടെ ശ്മശാനചാരത്തുള്ള ഫ്‌ളാറ്റില്‍ സുഭാഷ് വരാമെന്നു പറഞ്ഞിരുന്നു, അതൊരു ഉറച്ച തീരുമാനമല്ലാതിരുന്നിട്ടും. എന്നാല്‍ അയാള്‍ അംബയെ കാണാന്‍ വന്നില്ല. കഥാപാത്രത്തിന്റെ മരണത്തിനു സാക്ഷിയാവാന്‍ എഴുത്തുകാരന് എന്തവകാശം? സ്വന്തം വിധി സ്വന്തമായി തിരുത്തുകയും നടപ്പാക്കുകയും ചെയ്യുന്ന കഥാപാത്രമാണ് എഴുത്തുകാരന്റെ സൗഭാഗ്യം.
സുഭാഷ് ചന്ദ്രന്റെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം
Content Highlights: Subhash Chandran, Samudrasila, Book Review