കാന്‍സര്‍ എന്ന രോഗത്തെ കുറിച്ച് മുഴുവനും കേട്ട അറിവും വായിച്ചുള്ള അറിവും മാത്രമാണുള്ളത്. ഭീതിയോടെ അല്ലാതെ ആ അസുഖത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാറില്ല. എത്രയോപേരുടെ ജീവിതവും സ്വപ്നങ്ങളും തകര്‍ത്തു കളഞ്ഞ ഒരു മാരക രോഗമാണത്. ശാസ്ത്രം എത്രയൊക്കെ കിണഞ്ഞ് ശ്രമിച്ചിട്ടും അതിനെ പൂര്‍ണമായി പിടിച്ചു കെട്ടാന്‍ ഇന്നോളം കഴിഞ്ഞിട്ടില്ല. നമ്മളെല്ലാം ഭാഗ്യം ചെയ്തവര്‍ തന്നെ എന്ന് മനസ്സില്‍ പറഞ്ഞിട്ടുണ്ട് പല തവണ. നമുക്ക് നേരില്‍ പരിചയം പോലും ഇല്ലാത്തവര്‍ക്കായ് കരഞ്ഞിട്ടുണ്ട്. കാന്‍സര്‍ എന്ന രോഗത്തെ ഭീതിയോടെ മാത്രം കാണുവാനേ എന്റെ മനസ്സിനും കഴിഞ്ഞിരുന്നുള്ളൂ, കാന്‍സര്‍ വന്നാല്‍ ഒരു വ്യക്തി അത്രമേല്‍ തളര്‍ന്നു പോകുന്നതും ഈ രോഗത്തെ കുറിച്ച് മുന്‍പ് തൊട്ടേ അറിഞ്ഞതും കേട്ടതുമായ കാര്യങ്ങള്‍ കൊണ്ടാവാം. 

നിനച്ചിരിക്കാതെ ഒരു ദിവസം സ്വന്തം അമ്മ കാന്‍സറിന്റെ പിടിയില്‍ അമരുമ്പോള്‍ അനുഭവിക്കേണ്ടി വന്ന മാനസിക സംഘര്‍ഷങ്ങളും ആശുപത്രി അനുഭവങ്ങളും ആത്മബലം കൊണ്ട് ആ രോഗത്തെ അതിജീവിച്ച വിധവുമാണ് ഈ പുസ്തകം നമ്മോട് പറയുന്നത്. കൂടെ കാന്‍സര്‍ വാര്‍ഡില്‍ കണ്ടുമുട്ടിയ പലതരം ജീവിതാനുഭവങ്ങളും വായിക്കാം.

'കാന്‍സറിന്റെ നാള്‍ വഴികള്‍' എന്ന പുസ്തകം നല്‍കിയത് പുതിയൊരു അനുഭവമാണ്. അതൊരു കഥയാണ്. ഒരു അമ്മയുടെ കഥ. രോഗം വന്നു മൂടിയത് ഒരു കുടുംബത്തിന്റെ സന്തോഷവും സമ്മാനവും നിറഞ്ഞ അന്തരീക്ഷത്തെ ആണ്. കാന്‍സര്‍ എപ്പോഴും അങ്ങിനെ ആണല്ലോ. പിന്നീട് അവര്‍ യാത്ര ചെയ്തത് നീന്തല്‍ അറിയാതെ, കായലിന്റെ നടുവിലേക്ക് വള്ളവുമായി ഇറങ്ങിയ പോലെയാണ്. ഒരു കുടുംബം അതില്‍ നേരിട്ട അനുഭവങ്ങള്‍ നടുക്കത്തോടെ നമുക്ക് വായിക്കാം. ഉയര്‍ച്ചയും താഴ്ചയും എന്റെ  നിശ്വാസത്തിലും ഞാന്‍ അനുഭവിച്ചു. എന്നാല്‍ ഒന്നും സംഭവിക്കാതെ ആ വള്ളം മറുകരയില്‍ എത്തി. ആ അമ്മയെയും കൊണ്ട് തന്നെ. കരയ്ക്ക് എത്തിയ വള്ളത്തില്‍ മറ്റൊരാള്‍ കൂടെ ഉണ്ടായിരുന്നു. പാതി വഴിയില്‍ അവരുടെ തുഴ പിടിച്ച ഒരു വ്യക്തി. ദൈവ തുല്യനാണ് അദ്ദേഹം അവര്‍ക്ക്. അവര്‍ക്ക് മാത്രമല്ല പലര്‍ക്കും. ഡോക്ടര്‍ വി.പി. ഗംഗാധരന്‍.

പൂര്‍ണ്ണ ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരികെ എത്തിയ ആ അമ്മയും കുടുംബവും. ഇന്ന് എല്ലാവര്‍ക്കും പ്രചോദനമാണ്, ധൈര്യമാണ്. കാന്‍സറിനെ തോല്‍പ്പിച്ച് തിരിച്ച് വന്ന അമ്മയ്ക്ക് മകള്‍ ദിവ്യ ലക്ഷ്മി നല്‍കിയ സമ്മാനമാണ് കാന്‍സറിന്റെ നാള്‍ വഴികള്‍ എന്ന പുസ്തകം. രോഗകാലത്തെ അതിജീവിക്കുവാന്‍ നമുക്ക് ആവശ്യം വേണ്ടത് മനശക്തിയാണ്. അത് ആര്‍ജ്ജിക്കാനുള്ള എളുപ്പവഴി അതിലൂടെ നടന്നവരുടെ അനുഭവങ്ങള്‍ കേള്‍ക്കുക എന്നത് തന്നെ ആണ്. അത്തരത്തില്‍ ഏതൊരാള്‍ക്കും പ്രചോദനം ആവുന്ന ഒരു പുസ്തകം ആണ് കാന്‍സറിന്റെ നാള്‍ വഴികള്‍.

Content Highlights: story of cancer survivor mother