തത്തിന്റേയും രാഷ്ട്രീയത്തിന്റേയും ബന്ധിതരായി (ഇരുള്‍മുറികളില്‍) ജീവിതം നിരര്‍ത്ഥകമാക്കുന്ന മനുഷ്യരെക്കുറിച്ചുള്ള ആത്മവിലാപവും രോഷവുമാണ് 'ശൃംഗാരലഹരി' എന്ന പി. ജി. ജനാര്‍ദ്ദനന്റെ വൈജ്ഞാനിക ഗ്രന്ഥം. സുദീര്‍ഘമായ അധ്യാപനപരിചയവും നാട്യരംഗത്തെ തപസ്യയും സാമൂഹ്യവീക്ഷണത്തിലെ സുവ്യക്തതയും ഈ ഗ്രന്ഥരചനയ്ക്കു കരുത്തു പകര്‍ന്നിട്ടുണ്ട്.  

കലയും മതവും സംസ്‌ക്കാരവും സമന്വയിച്ച് ആയിരത്താണ്ടുകളിലൂടെ മനുഷ്യചിന്താധാരകളിലുണ്ടാക്കിയ സ്വാധീനശക്തി ഇവിടെ പഠന വിധേയമാക്കുന്നു. വിഷലിപ്തമായ മതങ്ങളുടെ ദുഷ്ടലാക്കുകളും കപടരാഷ്ട്രീയത്തിന്റെ കാപാലികപ്പോരുകളും ഗ്രന്ഥകര്‍ത്താവിന്റെ നിശിത വിമര്‍ശനത്തിന് വിധേയമാകുന്നു. 

മനുഷ്യന്‍ സ്വാഭാവികമായും ഇച്ഛിക്കുന്നത് ആനന്ദാനുഭൂതിയാണ്. ഇത് നേടാന്‍ സ്വതന്ത്രമായ മനസ്സ് വേണം. കലകളിലൂടെ സ്വാതന്ത്രവും ആനന്ദവും കൈവരുന്നു. താന്‍ അടിമയാണെന്ന് ബോധ്യപ്പെടുമ്പോഴാണ് മോചനത്തിന്റെ മാര്‍ഗം തെളിയുന്നത്. മനശുദ്ധിയിലൂടെ നേടുന്ന ആത്മീയ സ്വാതന്ത്ര്യവും വിദ്യാഭ്യാസ പ്രക്രിയയിലൂടെ നേടുന്ന സാമൂഹിക സ്വാതന്ത്ര്യവും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. മോചനത്തിന്റെ വിദ്യാഭ്യാസം നല്‍കാതെ ജനതയെ അടിമകളാക്കുന്ന ഭരണകൂടതന്ത്രങ്ങളും വിമര്‍ശന വിധേയമാകുന്നു. 

അറിവു നേടാനാവാതെ സ്വര്‍ഗ- നരക ഭീതികളില്‍ ഉഴലുന്ന ജനതയുടെ ധര്‍മ്മസങ്കടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സംശുദ്ധമായ കലകളുടെ പ്രകാശം srungaralahariഉപകരിക്കുമെന്ന് ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നു. ആദിമമനുഷ്യന്റെ പ്രകൃത്യാരാധനാവിശകലനങ്ങള്‍ തുടങ്ങി പുരാണേതിഹാസങ്ങളിലെ അവതാര കഥകളിലൂടെ സഞ്ചരിച്ച് ധര്‍മാര്‍ത്ഥകാമമോക്ഷങ്ങളില്‍ ആദ്യത്തെ മൂന്നും നേടാത്തവന് മോക്ഷമില്ലെന്ന കാമസൂത്ര രചയിതാവായ വാത്സ്യായനന്റെ കാഴ്ചപ്പാട് വിശദമാക്കി ഗ്രന്ഥരചന മുന്നേറിയിട്ടുണ്ട്.

ശൃംഗാരലഹരി എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കാവ്യസൗന്ദര്യ വിചാരത്തില്‍ രാമായണവും കാളിദാസ കൃതികളും, വ്യാസന്‍ വരികള്‍ക്കിടയില്‍ ഒളിപ്പിച്ച ദാര്‍ശനിക തലങ്ങളും പ്രണയ പാരവശ്യത്തിന്റെ മാനവീയ നിദര്‍ശനങ്ങളായ ആശാന്റെ, നളിനി, ലീല, വാസവദത്ത എന്നിവരുടെ നൊമ്പരങ്ങളും, ചങ്ങമ്പുഴയുടെ രമണന്‍, വത്സല, ദേവത, മോഹിനി, യവനിക എന്നീ കവിതകളുടെ ആസ്വാദനവും ഗ്രന്ഥകര്‍ത്താവ് ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തിരിക്കുന്നു. 

ഗുരു നിത്യചൈതന്യയതി മൊഴിമാറ്റം നടത്തിയ പേര്‍ഷ്യന്‍ കവി ഓമര്‍ഖയ്യാമിന്റെ റൂബൈയാത്തിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് ഈ കൃതി ഉപസംഹരിക്കുന്നു. മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ശാന്തിയോടും സമാധാനത്തോടും കൂടി ജീവിക്കാന്‍വേണ്ടി ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മന്ത്രം ഉപദേശിച്ച ശ്രീനാരായണ ഗുരൂവിനാണ് പുസ്തകം സമര്‍പ്പിച്ചിട്ടുള്ളത്. 

നടനകലക്ക് ഉള്‍കാഴ്ച പകര്‍ന്ന 'നാട്യകല-സിദ്ധാന്തവും പ്രയോഗവും' 'നാട്യകല-അഭിനയപാഠം' എന്നീ പ്രശ്‌സ്ത ഗ്രന്ഥങ്ങളുടെ (മാതൃഭൂമി പ്രസിദ്ധീകരണം) കര്‍ത്താവ് കൂടിയായ പി.ജി. ജനാര്‍ദ്ദനന്റെ 'ശൃംഗാരലഹരി' എന്ന പുസ്തകവും കലയുടെ സമഗ്രതയില്‍ നിരൂപണപടുതയും പകര്‍ന്ന് കപട മത-രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് നേരെ ശരംതൊടുത്ത് കേരളീയ കലാരംഗത്തിന് പുതുജീവന്‍ പകരും.