തിഹാസങ്ങള്‍ തീര്‍ത്ത മനുഷ്യത്തലകള്‍ക്ക് വലിയ ഉറപ്പില്ല എന്നത് വലിയ പരാതിയാണ്. തേങ്ങ തലയില്‍ വീണാല്‍ സംഭവബഹുലനായ, ഭീകരമായി ചിന്തിക്കുന്ന മനുഷ്യന്‍ ചത്തു പോകുന്നത് വലിയ അതിശയമാണ്. നവകഥാകൃത്ത് ശ്രീനു അയ്യനാരുടെ 'കോക്കനട്ട്(അ) ജ്ഞാനം' എന്ന കഥയാണ് ഭീകരമായ ഇത്തരമൊരു അതിശയത്തിലേക്ക് വായനക്കാരനെ നയിക്കുന്നത്. സമാനമായി അതിശയിപ്പിക്കുന്ന ഒന്‍പതു കഥകള്‍ അടങ്ങിയ 'സമയക്രമം' എന്ന പുസ്തകം ഇദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരമെന്നതും ശ്രദ്ധേയമാണ്.

സമയത്തിന്റെ ഏതോ ഒരു ക്രമത്തിലാണ് മനുഷ്യരുടെ ഭൂത-ഭാവി ചിന്തകള്‍. സമയം മാറുമ്പോള്‍ കഥമാറുന്നു. നീതി മാറുന്നു. ശരി-തെറ്റുകള്‍, സംസ്‌കാരം, പ്രത്യയ ശാസ്ത്രം എല്ലാം മാറുന്നു. എന്തിനെയും സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നതും സമയത്തിന്റെ ഈ താളഭംഗിയാണ്.

സ്വപ്നവും യാഥാര്‍ത്ഥ്യവും ഏതെന്ന് വിശകലനം ചെയ്യാന്‍ ഈ കഥകള്‍ വായനക്കാരോട് ആവശ്യപ്പെടുന്നുണ്ട്. സ്വപ്നത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ നമുക്ക് രണ്ടു ചിറകുകള്‍ ഉള്ളതായി അറിയുന്നു. അതേസമയം ഇത്രയും നേരം ഒരു മനുഷ്യനെന്ന തരത്തില്‍ സ്വയം സ്വപ്നം കാണുകയായിരുന്നുവെന്നും നാം തിരിച്ചറിയുന്നു. മരത്തിലിരിക്കുകയായിരുന്ന നാം ചിറകടിച്ച് പറന്നുയരുന്നു. നാളെ എഴുന്നേല്‍ക്കുമ്പോള്‍ നമ്മള്‍ ഒരു പക്ഷിയാണെന്ന് സ്വയം തിരിച്ചറിയില്ലെന്ന് ആര് കണ്ടു?. 'ലൂസി ' എന്ന കഥയില്‍ ഇത്തരമൊരു സന്ദര്‍ഭത്തില്‍ വായനക്കാരന്‍ പെട്ടുപോകുന്നുണ്ട്. ശ്രീനു അയ്യനാരുടെ ആദ്യ കഥാസമാഹാരം ഞെട്ടിപ്പിക്കുന്നതും കൂടുതല്‍ വിശകലനങ്ങള്‍ ആവശ്യപ്പെടുന്നതുമാണ്.

കാലത്തിന്റെ വിഭ്രാന്തി പൂണ്ട ശബ്ദ - ദൃശ്യ പ്രതിമാനങ്ങളാണ് കഥാപാത്രങ്ങളിലൂടെ പുറത്തു വരുന്നതെന്ന് പുസ്തകത്തിന്റെ പ്രസാധക കുറിപ്പില്‍ പറയുന്നുണ്ട്. കാലത്തിന്റെ ദയനീയ ചരിത്രം വിവരിക്കുന്ന 'സമയക്രമ'ത്തിലെ ഒന്‍പതു കഥകളും നമ്മുടെ ബോധധാരയെ ഇഴ കോര്‍ത്തു കൊണ്ടുപോകുന്ന ഓരോ യാഥാര്‍ത്ഥ്യത്തുരുത്തുകളാണെന്നതില്‍ സംശയമില്ല.

Content Highlights: Sreenu Ayyanar new Malayalam book review