മാതൃഭൂമി കഥാ പതിപ്പില്‍ വന്ന ഏഴു കഥകളില്‍ ഒന്നായ പാവ എന്ന കഥയിലൂടെയാണ് ശ്രീജിത്ത് കൊന്നോളി എന്ന പേര് ആദ്യം കാണുന്നത്. എഴുപതുകളുടെ കേട്ടു പഴകിയ രാഷ്ട്രീയപ്രമേയം വായിച്ചു പഴകിയ ഭാഷയില്‍ എഴുതിയ പല കഥകളും മടുപ്പിച്ചപ്പോള്‍ നവീനമായ ഒരു ഭാഷയിലൂടെ വായനയെ കൗതുകപ്പെടുത്തി ശ്രീജിത്ത്.

കഥയില്‍ ഭീകരമായ കഥയുണ്ടാവണം എന്ന നിര്‍ബന്ധബുദ്ധിയും ശാഠ്യവുമുള്ളയാളല്ല, ഭാഷയിലും ആഖ്യാനത്തിലും അന്തം വിട്ട് നിന്ന പോവുന്ന അന്തക്കേടുള്ള കുട്ടിയാണ് എന്നിലെ ശരാശരി വായനക്കാരന്‍.

മനോജിന്റെ 'നിലം പൂത്തു മലര്‍ന്ന നാള്‍' എന്ന നോവലില്‍ വായിച്ചപോലെ സ്വാഭാവികമായി പൂത്തു മലരുന്ന ഭാഷയും ആഖ്യാനവുമാണ് എന്നെ കൊതിപ്പിക്കുന്നത്. ശ്രീജിത്ത് പറഞ്ഞ 'പാവ' എന്ന കഥ ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട മലയാള കഥയില്‍ ഇതുവരെ ആരും ഉപയോഗിക്കാത്ത മൗലികമായ പദച്ചേരുവകളും രൂപകങ്ങളും സമൃദ്ധമായി ഉപയോഗിച്ചിരുന്നു. ഈ കഥയുണര്‍ത്തിയ കൗതുകം. ശ്രീജിത്തിന്റെ അതിനു മുമ്പ് പ്രസിദ്ധീകരിച്ചു വന്ന ഒരേയൊരു കഥ (രണ്ടു മരങ്ങള്‍ - ദേശാഭിമാനി) തേടിപ്പിടിച്ചു വായിപ്പിച്ചു. അതിലെ ശാന്തി ടീച്ചറെ മനസ്സില്‍ നിന്നിറക്കി വിടാന്‍ കഴിഞ്ഞില്ല. 

ശ്രീജിത്തിന്റെ കഥയെ കരുതിയിരിയ്ക്കണം, കഥയിലെ ലബ്ധപ്രതിഷ്ഠരുടെ കസേരക്കാലിന്റെ ആണിയിളക്കാനുള്ള കോപ്പ് ഇയാളുടെ ഭാഷയ്ക്കുണ്ട് എന്ന് അന്നുറപ്പിച്ചതാണ്. പിന്നീടിയാളെ കണ്ടത് പച്ചക്കുതിരയില്‍. ഫോര്‍മിസൈഡി എന്ന കഥയുമായി.

അതിനകം നേരിട്ട് ഫോണില്‍ സംസാരിച്ച് ചില കാര്യങ്ങള്‍ ഇയാളെക്കുറിച്ച് ചോര്‍ത്തിയെടുത്തിരുന്നു. മേതില്‍ രാധാകൃഷ്ണനെപ്പോലെ സാഹിത്യത്തില്‍ അതീവതല്പരനല്ല, ഇവലൂഷണറി സൈക്കോളജിയിലും ഇക്കോസിസ്റ്റത്തിലും ജീവിലോക കൗതുകങ്ങളിലുമെല്ലാം അലയുന്നതാണ് ഉപജീനാര്‍ഥം ഐ .ടി മേഖലയില്‍ വ്യാപരിക്കുന്ന ശ്രീജിത്തിന്റെ വായനകള്‍.

ആകയാല്‍ ഒരു പ്രൊഫഷണല്‍ എഴുത്തുകാരനെപ്പോലെ നിരന്തരം എഴുതാനുള്ള ആവേശമൊന്നും അയാളിലില്ല, മറിച്ച് നിതാന്തജാഗ്രതയോടെ, എഴുതുന്ന കഥയെ മിനുക്കിയെടുക്കാന്‍ മാസങ്ങങ്ങളോളം ശ്രമപ്പെടുകയോ ധ്യാനിക്കുകയോ ചെയ്യുന്നുണ്ടയാള്‍. വാക്കും ഭാഷയും പ്രയോഗവും ജീവിതദര്‍ശനങ്ങളും ഒക്കെ കഥാശരീരത്തില്‍ കൊത്തിയെടുത്ത് മിനുക്കി മിനുക്കി - ഇത് വളരെ എളുപ്പമാണ്, കഥയല്ലാത്തതൊക്കെ കൊത്തിക്കളഞ്ഞാല്‍ മതി എന്ന നിസ്സംഗതയോ നിര്‍മ്മമതയോ ഭാവിക്കുന്നുണ്ട് ശ്രീജിത്ത് കഥകള്‍.

ഞാന്‍ അതിഭീകരനായ ഒരെഴുത്തുകാരന്‍ എന്ന ഭാവമില്ലാതെ മലയാളകഥയില്‍ ചരിത്രപ്പെടേണ്ട കുറച്ച് കഥകള്‍ ശ്രീജിത്ത് ഇപ്രകാരം എഴുതിക്കഴിഞ്ഞിരിക്കുന്നു. 

പുതിയ കഥകള്‍ക്കായുള്ള കൗതുകം ശ്രീജിത്തിന്റെ രണ്ട് അപ്രകാശിത കഥകളുടെ വായനയിലേക്ക് വളര്‍ന്നു. 'ഫോര്‍മിസൈഡി' പ്രകാശിതമാവും മുമ്പ് വായിച്ച കഥയാണ്. വായിച്ച അപ്രകാശിത നാലാം കഥ - ലയണല്‍ മെസ്സിയുടെ ചില ജനിതക പ്രശ്‌നങ്ങള്‍.

ഏറെക്കുറേ പുതുക്കക്കാരനായ ഒരെഴുത്തുകാരന്റെ കഥയില്‍ ഇത്ര ജാഗ്രത എന്തിന് എന്ന സംശയം സംഗതമാണ്. അതിനുള്ള മറുപടി അനിവാര്യവും. ജീവിതത്തില്‍ അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ചില പ്രതിസന്ധികളില്‍ വല്ലാതെ ഡിപ്രഷനില്‍ ഇരുന്ന ഒരു കാലത്താണ് അതിജീവനതന്ത്രമെന്ന നിലയില്‍, (ഏറെക്കുറേ ഗവേഷണത്വരയോടെ) മുടങ്ങിപ്പോയ എന്റെ കഥാവായന പുനരാരംഭിക്കുന്നത്. വാസനാവികൃതി മുതല്‍ യമ, ലാസര്‍ ഷൈന്‍, വിവേക് ചന്ദ്രന്‍, അബിന്‍ ജോസഫ്, മജീദ് സെയ്ദ്, സുനില്‍ ഗോപാലകൃഷ്ണന്‍ വരെ, രണ്ടു വര്‍ഷം കഥകളില്‍ മാത്രം മുങ്ങിനിവര്‍ന്ന് അശുദ്ധനായി. അതിനിടെ ആകസ്മികമായാണ് 'പാവ'യിലൂടെ ശ്രീജിത്തിലുമെത്തിയത്.

ഫോര്‍മിസൈഡിയെന്ന കഥ വായനയെ അത്ഭുതപ്പെടുത്തി എന്ന് അതിശയോക്തിയില്ലാതെ പറയട്ടെ. ഉറുമ്പുകളെപ്പോലുള്ള ചെറുജീവികള്‍ ഉള്‍പ്പെടുന്ന ജീവ ശാസ്ത്ര കുടുംബമാണ് ഫോര്‍മിസൈഡി (Formicidae). കഥയുടെ പേര് തന്നെ ഒന്നാമത്തെ കൗതുകം. ഈ കൗതുകം കഥയിലുടനീളം നില നിര്‍ത്തുന്നുണ്ട് ശ്രീജിത്ത്.

പ്രശാന്തവും നിശ്ചലവുമായ ഒരു സന്ധ്യയില്‍ ഒരു ഓക്ക് മരച്ചോട്ടില്‍ എത്തുന്ന റാണി ഉറുമ്പ് ഉണക്കിലകള്‍ക്കിടയില്‍ ഒളിച്ചിരുന്ന് ഭീതിയുടെ നാക്കുകളില്‍ നിന്ന് ഒഴിവാക്കപ്പെടാനുള്ള പ്രാര്‍ഥനയില്‍ രാവു വെളുപ്പിക്കുന്നു. പിറ്റേന്നു രാവിലെ മുതല്‍ ഇലകള്‍ക്കടിയില്‍ ഒരു ചെറുകൂട് നിര്‍മ്മിക്കാനുള്ള ശ്രമം ആരംഭിക്കുന്നു.

ഉറുമ്പിന്റെ കഠിനശ്രമം പന്ത്രണ്ടോളം അറകളും പതിനെട്ടായിരം അംഗങ്ങളുമുള്ള വലിയ സമ്രാജ്യമായി അപകടങ്ങളേതുമില്ലാതെ കാലം വളര്‍ത്തിയെടുത്തു.

സാമ്രാജ്യസംസ്ഥാപനം പുതിയ അധികാരികളെയും സ്വേച്ഛാധിപതികളെയും സൃഷ്ടിക്കുന്നതിന്റെ സൂക്ഷ്മ വിവരണം കൂട്ടിലെ ഗ്ഗ്രഹാം പൈപ്പ് എന്ന ഉറുമ്പിന്റെ സൂക്ഷ്മക്കാഴ്ചയില്‍ അനാവൃതമാവുന്നുണ്ട്. ഉറുമ്പിന്‍കോളനിയുടെ ജൈവ - വാസ്തു ശാസ്ത്രം, സാമൂഹ്യബന്ധങ്ങള്‍, ഭയം, അധികാരം, തൊഴില്‍ വിഭജനം, വര്‍ഗ്ഗ വിഭജനം ഒക്കെ Microospic ലെന്‍സിലൂടെയെന്നപോല്‍ കഥയില്‍ സൂക്ഷ്മപ്പെടുന്നുണ്ട്. സ്വേച്ഛാധിപത്യം, സോഷ്യലിസം തുടങ്ങിയ സാമൂഹിക അധികാര സ്വസ്ഥകളെ കുറിച്ചുള്ള പെപ്പിന്റെ നിരീക്ഷണങ്ങള്‍ രസകരമാണ്.

'ഉറുമ്പുകള്‍ക്കെന്നല്ല ഒറ്റ ജീവികള്‍ക്കും തുല്യമായ അവകാശങ്ങളോ അധികാരങ്ങളോ പങ്കുവെയ്ക്കാന്‍ പറ്റില്ല. തുല്യതയ്ക്കു വേണ്ടി ഭൂമിയിലെ എല്ലാ ജീവികളും പൊരുതുന്ന ഒരു ദിവസത്തെക്കുറിച്ച് നീ ആലോചിച്ച് നോക്കൂ അത് എത്ര ഭീകരമായിരിക്കും. അന്ന് ഈ ഭൂമി ഇല്ലാണ്ടാവുകയും ഇവിടം മുഴുവന്‍ ഇരുട്ടാവുകയും ചെയ്യും' എന്ന് ഉറുമ്പിന്‍ കൂടെന്ന മുതലാളിത്ത ലോകത്തെ റാണിയുടെ സ്വേച്ഛാധികാരത്തെ പ്രതി വ്യാകുലനാവുന്ന ഗ്രഹാമിനെ സുഹൃത്ത് റിച്ചാര്‍ഡ് ഉപദേശിക്കുന്നുണ്ട്. ഇത് നമ്മുടെ സോഷ്യലിസ്റ്റ് അന്ധവിശ്വാസങ്ങള്‍ക്കുള്ള കനത്ത പ്രഹരമാണ്. പെരിസ്‌ട്രോയിക്കയും ഗ്ലാസ്‌നസ്തും ഗോര്‍ബച്ചേവും സോവ്യറ്റ് റഷ്യയുമൊക്കെ മനസ്സില്‍ ഉണര്‍ത്തും ഈ പരാമര്‍ശം'

കൂടിന് പുറത്തിറങ്ങുന്ന ഗ്രഹാം ഒരുണക്കമരത്തൊലിയില്‍ അള്ളിപ്പിടിച്ച് കയറി അതിന്റെ ഒരറ്റത്ത് കൊട്ടാരസമുച്ചയം പോലെ മുളച്ചുപൊന്തിയ കൂണ്‍ കൂട്ടത്തിനിടയിലെ തണുപ്പില്‍ നില്‍ക്കുന്നു. ആ മഹാശാന്തത ധ്യാനസ്ഥമായ അവന്റെ കണ്ണുകളില്‍ പ്രപഞ്ചവിശാലത കോരി നിറയ്ക്കുന്നു. അവന്റെ കണ്ണില്‍ തെളിയുന്ന പ്രപഞ്ച വിസ്മയത്തെ അവതരിപ്പിച്ച ഭാഷയുടെ സൂക്ഷ്മസൗന്ദര്യം കഥാകൃത്ത് ആവിഷ്‌കാരത്തില്‍ ആര്‍ജിച്ച ആത്മവിശ്വാസത്തിന്റെ സാത്വികത അടയാളപ്പെടുത്തുന്നു.

sreejith konnoli
ശ്രീജിത്ത് കൊന്നോളി

സാര്‍വ്വജനീനമായ ഉറുമ്പുജീവിതത്തിന്റെ മടുപ്പിക്കുന്ന അവസ്ഥ നിറംപിടിച്ച അന്ധവിശ്വാസങ്ങളുടെയോ മിത്തുകളുടെയോ പ്രസന്നതയിലേക്ക് അവനെ ഉണര്‍ത്തുന്നു. ആനകളോളം വലുപ്പം ഉറുമ്പുകള്‍ക്കുണ്ടായിരുന്ന ഒരു കാലത്തിന്റെ മിത്ത്. പോസ്റ്റ് മോഡേണ്‍ ഫാസിസ്റ്റ് അതിജീവന യുക്തികള്‍, സത്യവല്‍ക്കരിക്കുന്ന, ചരിത്രത്തെ മിത്തും മിത്തിനെ ചരിത്രവുമാക്കുന്ന സമകാല യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഈ ഉറുമ്പു കല്പിതപുരാവൃത്തം സൂചനയാവുന്നുണ്ട്. അധികാരവും ജനതയും സംബന്ധിച്ച മിലാന്‍ കുന്ദേരയുടെയും മിഷേല്‍ ഫൂക്കോയുടേയും നീക്ഷണങ്ങളിലേക്ക് വായനയെ നയിക്കുന്നുണ്ട്.

ഉറുമ്പുജീവിതത്തില്‍ എവിടെയും പതിയിരുന്ന് നാക്കുനീട്ടുന്ന മരണത്തിന്റെ ഭീതികള്‍ സമകാലസമൂഹത്തിലെ അരക്ഷിതമനുഷ്യജീവിതത്തിലേക്കതിനെ പരിഭാഷപ്പെടുത്തുന്നുണ്ട്. 'പ്രകൃതി ഒരു വലിയ അപകടക്കൂടാണ്, അവിടെ എല്ലാവരും ജീവിച്ചു തെളിയിക്കണം. അതിന് ദൈവത്തെ കൂടെക്കൂട്ടേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും ജീവിക്കേണ്ടതും ജീവിയുടെ മാത്രം ഉത്തരവാദിത്തമാണ്' എന്ന് ഗ്രഹാം നിരീക്ഷിക്കുന്നുണ്ട്.

അരണ, ഓന്ത്, പല്ലി, പക്ഷികള്‍ തുടങ്ങിയ ജീവികളുടെ തീയാളുന്ന ആമാശയത്തില്‍ പിടഞ്ഞു നിലവിളിക്കുന്ന ഉറുമ്പുകളുടെ കൂട്ട നിലവിളി ഗ്രഹാമിന്റെ കാതടപ്പിക്കുന്നുണ്ട്. സ്വയം മരണത്തിലേക്ക് വീഴാതെ സൂക്ഷിക്കേണ്ടത് ജീവിയുടെ ഔചിത്യം മാത്രമാണ് എന്ന ബോധോദയത്തിന്റെ ആത്മീയതയിലേക്കവന്‍ വളരുന്നുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം ഒരു കാനറിപ്പക്ഷിയായി അവനു നേരെ കൊക്കു പിളര്‍ത്തുന്നു. പക്ഷെ അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് കൂണ്‍കുടയില്‍ നിന്നൊരു പുഴുവിനെ കൊത്തിയെടുത്ത് 'ഞാന്‍ ഉറുമ്പുകളെ ഭക്ഷിക്കാറില്ല എന്നത് വെളിപ്പെടുത്തുന്നു.' തിന്നാനല്ലാതെ കൊല്ലാത്ത പ്രകൃതിയുടെ ഇര തേടല്‍ സദാചാരം , വര്‍ഗ്ഗം - വര്‍ണ്ണ- രാഷ്ടീയ - വംശഹത്യകള്‍ ആഘോഷമാക്കുന്ന മനുഷ്യത്വത്തിന് തിരുത്താവുന്നുണ്ട്.

വളര്‍ന്നിട്ടും വളരാന്‍ കൂട്ടാക്കാത്ത, മനോ മാന്ദ്യമുള്ള, ഇരതേടാത്ത പറക്കാന്‍ കൂട്ടാക്കാത്ത കുഞ്ഞുങ്ങളെ ജ്ഞാനസ്‌നാനപ്പെടുത്താന്‍ സൂക്ഷ്മായി ജീവിതം നിരീക്ഷിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഉറുമ്പുലോക ( ജ്ഞാനലോക)ത്തിന്റെ  പ്രതിനിധിയായ ഗ്രഹാമിനെ കാനറിപ്പക്ഷി കൊണ്ടുപോവുകയാണ്. അതിന്റെ കാലില്‍ അള്ളിപ്പിടിച്ചിരുന്ന് പുല്ല് മാമരമായും കൂണ്‍ കൊട്ടാരമായും പരിമിതമായ ദൃശ്യപരിധിയില്‍ നിന്ന് സ്ഥൂലമായ കാഴ്ചാസൗകര്യത്തിലേക്ക് തന്റെ കുഞ്ഞു കണ്ണുകള്‍ക്ക് താങ്ങാനാവാത്ത വിധം വിശാലമാവുന്ന ദര്‍ശനത്തിന്റെ ജ്യാമിതിയില്‍ അവന്‍ നടുങ്ങുന്നു. ജീവിതം മരിക്കും വരെയുള്ള ആത്മനിഷ്ഠമായ ഇന്ദ്രിയാനുഭവം മാത്രമാണെന്നന്ന ജനിമൃതിയുടെ പരമമായ സത്യമാണ് കാനറിപ്പക്ഷിയുടെ കൂട്ടില്‍ പൊട്ടിയ മുട്ടത്തോടിലിരുന്ന് അവന്‍ തിരിച്ചറിയുന്നത്. ഈ ഔപനഷദിക ദര്‍ശനം അവനെ സ്വന്തം കൂട്ടിലേക്ക് മടങ്ങാനുള്ള അതീത വിനയത്തിലേക്ക് നയിക്കുന്നു.

ജീവിതത്തെക്കുറിച്ച് ആഴമേറിയ ചില ദര്‍ശനങ്ങള്‍ കഥ പകരുന്നുണ്ട്.
'ഓരോരുത്തര്‍ക്കും നാറ്റം മൂടി വെച്ച അടപ്പുള്ള പാത്രം മാത്രമാണ് ജീവിതം. ചീഞ്ഞളിയുന്ന ദുഷ്ടചിന്തകളും നീചവും കുത്സിതവുമായ പദ്ധതികള്‍ ഉള്ളില്‍ വേവിക്കുന്നവര്‍ക്കേ ജീവിതം ദാര്‍ശനികമായി മറ്റൊരാള്‍ക്ക് പരിചയപ്പെടുത്താന്‍ കഴിയൂ. ജീവിത ദര്‍ശനങ്ങള്‍ മുഴുവന്‍ ഉണ്ടായിട്ടുള്ളത് വായുസഞ്ചാരമില്ലാത്ത അറകളില്‍ സൂക്ഷിക്കുന്ന ചില രഹസ്യങ്ങളുടെ മുകളിലാണ്. ജീവിതത്തിന് സൂക്ഷ്മതയും സ്ഥൂലതയുമില്ല' എന്നത് നാളിതുവരെ കെട്ടിപ്പൊക്കിക്കൊണ്ടുവന്ന ജീവിതദര്‍ശന പദ്ധതികളെയെല്ലാം അപനിര്‍മിക്കുന്നുണ്ട്.

തായ്ത്തടിയിലൂടെ സൂക്ഷിച്ച് താഴെയിറങ്ങാനുള്ള അവന്റെ ശ്രമത്തെ വാള്‍ത്തല പോലെ മരത്തിലേക്ക് തറഞ്ഞ കാനറിക്കുഞ്ഞിന്റെ കൊക്കുകള്‍ തടസ്സപ്പെടുത്തുന്നു. അമ്ലസഞ്ചിയുടെ മൂല പൊട്ടിയൊലിച്ച്, പിന്‍ കാലുകള്‍ മുറിഞ്ഞ് പുഴയോരത്തെ ഉരുളന്‍ കല്ലില്‍ തലയടിച്ച് വീണ് ഗ്രഹാം മൃതി രഹസ്യത്തെ ആശ്ലേഷിക്കുന്നു.

ഭൂമിയില്‍ ജീവിതം സാധാരണ താളത്തില്‍ചലിക്കുന്നു. പുഴയോരത്ത് രണ്ട് ഓന്തുകള്‍ വെയില്‍ കായാനിറങ്ങി. അമ്മക്കാനറി ആകാശത്തിലൂടെ കൂട്ടിലേക്ക് പറന്നു. മഞ്ഞ വരയന്‍ പാമ്പ് പടം പൊഴിച്ച് ജീവിതം ഒന്നുകൂടി ക്രമപ്പെടുത്തി. മലയാള കഥ ഇനിയും ആശ്ലേഷിച്ചിട്ടില്ലാത്ത പരിസ്ഥിതിദാര്‍ശനികതയുടെ സൂക്ഷ്മലോകങ്ങളെ ഈ കഥ കാണിച്ചുതരുന്നു.

പറഞ്ഞു വരുമ്പോള്‍ ഉറുമ്പുകളോളം വരുമോ നാളിതുവരെയുള്ള മനുഷ്യനെക്കുറിച്ചുള്ള മഹാഖ്യാനങ്ങള്‍ എന്ന് കഥ എന്നെവല്ലാതെ കുഴക്കി.

കഥയില്‍ ഭാഷയെഴുതുന്ന, ( ഭാഷയില്‍ കഥയെഴുതലല്ല ) ശ്രീജിത്ത് കൊന്നോളിയുടെ 'നായ 'ഭാഷാസുഭഗത കൊണ്ടും ആവിഷ്‌കാരത്തിലെ ലാളിത്യം കൊണ്ടും പ്രമേയ സ്വീകരണത്തിലെ വൈവിധ്യം കൊണ്ടും മികവുറ്റ കഥയാണ്. മരണപ്പെട്ട ഭര്‍ത്താവിന്റെ ഓര്‍മകള്‍ പോലും പുറ്റുപിടിച്ച ക്ലാര തോമസ് എന്ന പ്രായമേറിയ വീട്ടമ്മയുടെ അരുമ നായ ടോമിയുടെ ദാര്‍ശനിക വ്യഥകളാണ് ഒട്ടും മനുഷ്യപക്ഷവീക്ഷണമാവാതെ നായപക്ഷത്ത് നിന്ന് കഥ അവതരിപ്പിക്കുന്നത്.

നായ എന്ന അസ്തിത്വം പോലും നഷ്ടപ്പെട്ട് മനുഷ്യത്വത്തിലേക്ക് പരിണാമപ്പെടുന്ന വളര്‍ത്തുനായയുടെ വന്യ ചോദനകള്‍ വീണ്ടെടുക്കാന്‍ വളര്‍ത്തുനായ ജീവിതം ( വളര്‍ത്തു മനുഷ്യ വിധേയജീവിതവും -ഡാനി എന്ന ടി.വി.ചന്ദ്രന്‍ സിനിമ ഓര്‍മ്മ വന്നു) അവസാനിപ്പിക്കാന്‍ ടോമി ആഗ്രഹിക്കുന്നു. അതിനായി വീട്ടമ്മയെ കടിച്ചു പരിക്കേല്‍പ്പിച്ച് കാട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ അവന്‍ ആഗ്രഹിക്കുന്നു.

എന്നാല്‍ വിധേയത്വത്തിന്റെ നിസ്സഹായത അവനെ അതിനു പോലും അനുവദിക്കുന്നില്ല. തന്നോളം നിസ്സഹായയായ ഒരു കിളിയെ റാഞ്ചിയെടുത്ത് അതിന്റെ കഴുത്തില്‍ കടിച്ചു കുടഞ്ഞ് പ്രതിഷേധിക്കുകയാണവന്‍!

രണ്ടു കഥകളും പ്രത്യക്ഷമായോ പരോക്ഷമായോ പറയുകയോ പറയാതിരിക്കുകയോ ചെയ്യുന്ന ഒരു രാഷ്ട്രീയം കഥയെയും കവിഞ്ഞു നില്‍ക്കുന്നു.

ക്ലോദ് മോനെയുടെ ചിത്രങ്ങള്‍ പോലെ ഒരു യാഥാര്‍ത്ഥ്യത്തിന്റെ പല മട്ടിലുള്ള പ്രതീതിമാനങ്ങള്‍ മനസ്സില്‍ ഉണര്‍ത്തുന്ന ഇംപ്രഷനിസ്റ്റ് രചനാരീതിയാണ് പൂക്കള്‍ വരയ്ക്കുന്നവരുടെ കാമുകിമാര്‍ .

കഥ നന്നായി, തൃപ്തികരം, മോശായി എന്നൊക്കെ വിധിയെഴുത്ത് അപ്രസക്തമാക്കും വിധം എന്തോ ഒന്ന് കഥ ബാക്കിയാക്കുന്നുണ്ട്, പക്ഷെ എന്തോ എവിടെയോ ചില അപൂര്‍ണ്ണതകളുടെ പൂര്‍ണ്ണതയുള്ള ഈ കഥ.

തനിക്കുമുമ്പും തന്നോടൊപ്പവും തനിക്കുശേഷവും എഴുതിയ എഴുതിക്കൊണ്ടിരിക്കുന്ന എഴുതാനിരിക്കുന്ന കഥാകൃത്തുക്കളില്‍ നിന്ന് വ്യതിരിക്തമാണിയാളുടെ ഭാഷ. ഭാഷയില്‍ കഥയെഴുതുകയല്ല,
വി.കെ.എന്‍ ഒക്കെ ചെയ്തതുപോലെ കഥയില്‍ ഭാഷയെഴുതകയാണിയാള്‍ എന്നതിന് ഒരുദാഹരണമിതാ. പൂക്കള്‍ വരയ്ക്കുന്നവരുടെ കാമുകിമാരില്‍ നിന്ന്.
'വെറുതെ നടക്കുന്ന മനുഷ്യര്‍ ചുറ്റുപാടിന്റെ ചില ആട്ടങ്ങളിലേക്ക് താനേ പെട്ടു പോകും. എത്ര ശക്തമായി വേണ്ടെന്നു വെച്ചാല്‍ പോലും ആടിത്തുടങ്ങിയാല്‍ എവിടെ കാലു കുത്തി നിര്‍ത്തണമെന്നറിയാന്‍ സാധിക്കില്ല. അറവുശാലയിലേക്ക് നടക്കാന്‍ മടി കാണിക്കുന്ന ആട്ടിന്‍കുട്ടിയെ കഴുത്തിന് കയറിട്ട് വലിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? അതുപോലെ. '

ഒന്നു പറയട്ടേ, കഥയെഴുത്ത് ജന്മസിദ്ധമായ ശേഷിയല്ല. അതിനെക്കുറിച്ചുള്ള പവിത്രതാ സങ്കല്പങ്ങള്‍ അപ്രസക്തമാണ്. കഥയെഴുത്ത് ധ്യാനമല്ല. പരിശീലനമാണ്. അധ്വാനമാണ്. നിരന്തരപരിശീലനത്തിലൂടെ നന്നാക്കാന്‍ കഴിയുന്ന ഒരു സ്‌കില്‍ ആണത്.

ഞാന്‍ എഡിറ്റ്‌ചെയ്ത പത്ത് പുതുകഥാകൃത്തുക്കളുടെ സമാഹാരത്തില്‍ (ദശാംശം) ചേര്‍ത്ത കഥയായിരുന്നു ശ്രീജിത്തിന്റെ ' ഗോള്‍ഡണ്‍ ഗേറ്റ് പാലത്തിലെ ആത്മഹത്യ'

messi
പുസ്തകം വാങ്ങാം

മേല്‍ പറഞ്ഞ കഥകള്‍ കൂടാതെ ആനുകാലികങ്ങളില്‍ വായിച്ചിട്ടില്ലാത്ത സ്വപ്നങ്ങള്‍ അടയാളങ്ങള്‍, തട്ടിന്‍പുറത്ത് ആള്‍ വലുപ്പത്തില്‍ ഒരു മുയല്‍ ജീവിക്കുന്നു, ഭൂത പലായനം എന്നീ കഥകള്‍ കൂടിച്ചേര്‍ത്ത് ലയണല്‍ മെസ്സിയുടെ ചില ജനിതക പ്രശ്‌നങ്ങള്‍ എന്ന പേരില്‍ ശ്രീജിത്തിന്റെ ആദ്യ സമാഹാരം മാതൃഭൂമി ബുക്‌സ് വായനക്കാരിലെത്തിച്ചിരിക്കുന്നു. പതിനൊന്ന് കഥകള്‍ !

ഇതാ വേറിട്ട ഒരു കഥാ പുസ്തകം. ഇതിന് മാര്‍ക്കിടാനോ, സ്തുതി പാടാനോ ഞാനാളല്ല ! വേറിട്ട ഒരു കഥാപുസ്തകം എന്നു മാത്രം അതിനിശിതമായി സാക്ഷ്യപ്പെടുത്തുന്നു.

 

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Sreejith Konnoli stories Mathrubhumi Books