ന്തു ചെയ്യുമ്പോഴും 'അതിന്റെ പിന്നാലെ അതിനെ ബന്ധപ്പെടുത്തി മറ്റെന്തോ നടക്കാനുണ്ട്. അത് വേറേതോ ഒരു കാലത്ത് നമ്മെയും പ്രതീക്ഷിച്ചിരിപ്പുണ്ടാവും'. വയലറ്റു പൂക്കളുടെ മരണം എന്ന നോവലിലെ ഈ വാചകം തന്നെയാണ് ആ കൃതിയുടെ ഘടനയെ നിര്‍ണ്ണയിക്കുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. നാഷണല്‍ ഹൈവേക്കടുത്തുള്ള ബ്ലൂ ഗാര്‍ഡന്‍ പ്രോജക്ടിലെ വില്ലകളിലൊന്നിലെ താമസക്കാരിയായ അലീന ബെന്‍ ജോണും തൊട്ടടുത്ത വില്ലയിലെ ഏകാകിയായ പ്രൊഫസര്‍ മധുരൈ രാജ്യം തമ്മിലുള്ള സൗഹൃദവും, പെട്ടെന്നുള്ള പ്രൊഫസറുടെ മരണവും, മരണകാരണമന്വേഷിച്ചുള്ള അലീനയുടെ യാത്രയുമാണ് ഈ നോവലിന്റെ പ്രമേയം. ആരംഭം മുതലുള്ള ഓരോ ചെറിയ  സംഭവങ്ങളും അതിന്റെ അവസാനത്തിലേക്കു വേണ്ടി ശ്രദ്ധാപൂര്‍വ്വം കൂട്ടിയിണക്കുന്നതില്‍ ശ്രീപാര്‍വതി വിജയിച്ചിട്ടുണ്ട്.

ശാരീരികപരിമിതികളോ ലിംഗഭേദമോ അല്ല, ഇച്ഛാശക്തിയും കൃത്യമായ പ്ലാനിങ്ങുമാണ് ഒരു വ്യക്തിയെ വിജയത്തിലെത്തിക്കുന്നത് എന്ന സന്ദേശമാണ് ഈ നോവലിലെ നായികയുടെ ജീവിതം നമ്മോടു പങ്കുവെക്കുന്നത്. അരയ്ക്കു കീഴ്‌പോട്ട് തളര്‍ന്ന പെണ്‍കുട്ടിയായിട്ടും അവള്‍  ജീവിതത്തിന്റെ നിറങ്ങളെ കൂടുതല്‍ സ്‌നേഹത്തോടെ ചേര്‍ത്തുവെക്കുന്നു. ജോലി ചെയ്തു ആനന്ദിക്കുകയും വരുമാനമുണ്ടാക്കുകയും ചെയ്യുന്നു.

ആള്‍മാറാട്ടത്തിനും സംഘട്ടനത്തിനും സാധിക്കില്ലെങ്കിലും തെറ്റാത്ത ഊഹവും കൃത്യമായ ലക്ഷ്യബോധവുമുള്ള  അലീനയുടെ നിരന്തരമായ ശ്രമം ഡോക്ടറുടെ മരണത്തെക്കുറിച്ചുള്ള കൃത്യമായ തെളിവുകളിലേക്കെത്തുന്നു.  പെട്ടെന്നൊരു നാള്‍ പ്രൊഫസറുടെ കൊലപാതകിയെന്ന് അലീന സംശയിക്കുന്നയാള്‍ അലീനയെ തേടിയെത്തുന്നു. അയാളില്‍ നിന്ന് രക്ഷപ്പെടാന്‍ അലീനയെ ചില സുഹൃത്തുക്കള്‍ സഹായിക്കുകയും ചെയ്യുന്നു.

ഒരു കുറ്റാന്വേഷണ നോവല്‍ ആദ്യാവസാനം നിലനിര്‍ത്തേണ്ട ഉദ്വേഗം വയലറ്റ് പൂക്കളുടെ മരണം കൃത്യമായി പിന്തുടരുന്നുണ്ട്. ഉന്മാദം, കൊലപാതകം തുടങ്ങിയ പലതും നോവലിനെ ശക്തിപ്പെടുത്തുന്നു. കാനിബാലിസം പോലെ ജുഗുപ്‌സയുണ്ടാക്കുന്ന രംഗങ്ങളോടൊപ്പം ഷെല്ലിയും കീറ്റ്‌സും ചുള്ളിക്കാടും കടമ്മനിട്ടയും ചങ്ങമ്പുഴയും കവിതയായി നിറയുന്ന വൈരുദ്ധ്യവും എടുത്തു പറയേണ്ടതുണ്ട്. അവര്‍ക്കൊപ്പം ഹിച്ച്‌കോക്കും കെയ്‌കോ ഹിഗാഷിനോയും ദുരൂഹതയുടെ ലോകമൊരുക്കുന്നു. ഡോക്ടര്‍ ഫോസ്റ്റസും മെഫിസ്റ്റോഫിലിസും മത്സരിച്ച് അഭിനയിക്കുന്നു. ഒപ്പം വാന്‍ഗോഗിന്റെ ചിത്രവും ഹൗസറുടെ സംഗീതവും. നോവലിനുള്ളിലൊരു സീരിയല്‍ കില്ലറുടെ നോവല്‍ കൂടി രൂപപ്പെടുന്നതോടെ വയലറ്റുപൂക്കളുടെ മരണം അതിദുരൂഹമായ സാഹചര്യങ്ങളിലേക്കു വഴി മാറുന്നു.

പ്രണയവും സ്‌നേഹവും സൗഹൃദവും ഏറ്റവും മനോഹരമായി ചേര്‍ത്തുവെച്ച ഒരു കുറ്റാന്വേഷണ നോവലാണിത്. കുടുംബം ചേര്‍ത്തു പിടിക്കുന്ന കുഞ്ഞുങ്ങളും വീട് വീട്ട് പോകുന്ന കുഞ്ഞുങ്ങളും തമ്മിലുള്ള അന്തരം ഈ നോവലില്‍ വ്യക്തമാണ്. അധികാരം, നിയമം, സംസ്‌കാരം എന്നിവയുടെ വേലിക്കെട്ടുകള്‍ ഭേദിച്ചുകൊണ്ടുള്ള ചിലരുടെ ഭ്രാന്തമായ അഭിനിവേശങ്ങള്‍ മറ്റു  ജീവിതങ്ങളെ ഇല്ലാതാക്കുന്നത് ഈ നോവലില്‍ വ്യക്തമാക്കുന്നുണ്ട്.

ആണ്‍ പെണ്‍ഭേദങ്ങളില്ലാതെ ശരീരത്തെ വേട്ടയാടുന്ന വികൃത മനസ്സുകള്‍, മുഖം മൂടിക്കുള്ളിലെ നരാധമന്‍മാര്‍ എന്നിവരെയൊക്കെ ചിത്രീകരിക്കുന്നതില്‍ ശ്രീ പാര്‍വതി മികവ് തെളിയിച്ചു. കഥാപാത്രങ്ങള്‍ക്കനുയോജ്യമായ മാനറിസങ്ങള്‍ സൃഷ്ടിച്ചെടുക്കാനും സാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളുടെ സഹായത്തോടെയുളള കുറ്റാന്വേഷണം നമുക്കൊരു പുതുമയാണ്. മനോഹരമായ സായാഹ്നത്തിന്റെ സൗന്ദര്യത്തില്‍ തുടങ്ങി ഒരു ദുഃസ്വപ്നം പോലെ അവസാനിക്കുന്ന നോവല്‍ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഹൃദ്യമായ നൂലുകളാല്‍ ഇഴ ചേര്‍ത്തിരിക്കുന്നു.

രാത്രിയില്‍ ഏതെങ്കിലുമൊരു സമയത്ത് ബാല്‍ക്കണിയില്‍ നിന്ന് മുറിയിലേക്കെത്തി, നമ്മെ കൊല്ലാനൊരുങ്ങുന്ന ഒരു  സൈക്കിക് സീരിയല്‍ കില്ലര്‍ എവിടെയോ മറഞ്ഞിരിക്കുന്നുണ്ടെന്ന  തോന്നല്‍ വായനക്കാരിലുണ്ടാക്കാന്‍, നിഗൂഢതയുടെ വശ്യതയെ ശ്രീപാര്‍വതി കൂട്ടുപിടിച്ചിട്ടുണ്ട്.  പോയട്രി കില്ലര്‍ എന്ന കഴിഞ്ഞ നോവലിനേക്കാള്‍ കയ്യടക്കവും പുതുമയും വയലറ്റു പൂക്കളുടെ മരണത്തിനുണ്ട്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Sree Parvathy new Malayalam thriller Novel Mathrubhumi Books