ത്രില്ലറുകള്‍ വായിക്കുന്നതിന് ഒരു മത്സരസ്വഭാവമുണ്ട്. എഴുതിയ ആളെക്കാള്‍ മുന്നേ കഥയുടെ കുരുക്കഴിക്കണമെന്നും കുറ്റവാളിയുണ്ടെങ്കില്‍ അയാളെ പിടിച്ചിട്ട് ഓട്ടം ജയിച്ച ആമയെപ്പോലെ ക്‌ളൈമാക്‌സില്‍ കഥ മെനഞ്ഞയാളിനെ കാത്തിരിക്കണമെന്നും ഓരോ വായനക്കാരനും ഉള്ളില്‍ കൊതിക്കാറുണ്ട്. അങ്ങനെയൊരു കൊതിയുമായി താളുകള്‍ മറിക്കാനൊരുമ്പെടുന്നവരോട് നിങ്ങള്‍ തോറ്റു പോകുമെന്ന് തന്റേടത്തോടെ പറയാനാകുന്നൊരു ത്രില്ലറാണ് ഞാനിന്ന് പരിചയപ്പെടുത്താന്‍ പോകുന്നത്. ശ്രീ പാര്‍വ്വതിയുടെ വയലറ്റ് പൂക്കളുടെ മരണം.

ഒരപകടം സംഭവിച്ചു വീല്‍ ചെയറിനെ മൂവ്‌മെന്റുകള്‍ക്ക് വേണ്ടി ആശ്രയിക്കേണ്ടി വരുന്ന അലീന ബെന്‍ ജോണ്‍ എന്ന പെണ്‍കുട്ടിയാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. അപകടത്തിന് ശേഷം സ്വയം പഠിച്ച ഡിസൈനിങ്ങിലൂടെ പുതിയ വരുമാനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്ന പുസ്തകങ്ങളിലും വെബ് സീരീസുകളിലും മുഴുകാറുള്ള അലീനയുടെ ജീവിതത്തിലേക്ക് പുതിയൊരു ശീലം കൊണ്ട് വന്നത് ഹിച് കോക്കാണ്. അതെ ആല്‍ഫ്രെഡ് ഹിച് കോക്ക് എന്ന ത്രില്ലറുകളുടെ തമ്പുരാന്‍ തന്നെ. ഹിച് കോക്കിന്റെ റിയര്‍ വിന്‍ഡോ കണ്ട ശേഷമാണ് അയല്‍ വീടുകളുടെ അകത്തളങ്ങളില്‍ അവളുടെ കണ്ണുകള്‍ അലഞ്ഞു നടക്കാന്‍ തുടങ്ങിയത്. സിനിമയിലേത് പോലെ അയല്‍ വീടുകളിലൊന്നില്‍ അവളൊരു മരണം പ്രതീക്ഷിക്കാന്‍ തുടങ്ങിയെന്ന് കൂടി പറഞ്ഞാല്‍ അവിശ്വസിക്കാനൊന്നുമില്ല. എന്നാല്‍ യാദൃശ്ചികതകളുടെ യാമങ്ങളിലെവിടെയോ വെച്ചതൊരു യാഥാര്‍ഥ്യമാകുമ്പോള്‍ നോവല്‍ പുതിയൊരു വഴിയിലേക്ക് ചക്രങ്ങളുരുട്ടാന്‍ തുടങ്ങുന്നു.

book
Caption

സാധാരണ ഗതിയില്‍ കുറ്റാന്വേഷണത്തിനായി നിയോഗിക്കപ്പെടുന്നയാളോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം അതൊരു നിയോഗമായി ഏറ്റെടുക്കേണ്ടി വരുന്നവരോ ഒക്കെയാണ് ത്രില്ലറുകളില്‍ നായക സ്ഥാനത്ത് വരുന്നതെങ്കില്‍ ഇവിടെ അലീനയെ ആ പദവിയിലെത്തിക്കുന്നത് അവളുടെ ആകാംഷകളാണ്, സംശയങ്ങളാണ്, അതവള്‍ക്ക് ഒറ്റപ്പെടലില്‍ നിന്നൊരു പുറത്തു കടക്കല്‍ കൂടിയാണ്. അത് കൊണ്ട് തന്നെ അലീനയുടെ വൈകാരികവും ശാരീരികവുമായ പരിമിതികള്‍ ഒരു സ്ഥിരം കുറ്റാന്വേഷണ രീതിയില്‍ നിന്നും വേറിട്ട് നില്‍ക്കുന്നുണ്ട്. ഒരു കുറ്റവാളിയിലേക്ക് നീളുന്ന അന്വേഷണം ഭിന്നനായ  മറ്റൊരു ക്രൂരനായ മനുഷ്യനിലേക്ക് വഴി തിരിയുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ പല അടരുകളുള്ള കഥകളിലൂടെയും സംഭവങ്ങളിലൂടെയും സഞ്ചരിക്കുമ്പോഴും വായനക്കാരനെ എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ എഴുത്തുകാരിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നിസംശയം പറയാം.

വയലറ്റ് പൂക്കള്‍ നിറഞ്ഞ ഒരു ബാല്‍ക്കെണിയിലിരുന്ന് അടുത്ത ഫ്‌ളാറ്റിലെ വിരിയിട്ട ജാലകങ്ങള്‍ക്കപ്പുറം അവള്‍ സാക്ഷ്യം വഹിച്ച സംഭവങ്ങളുടെ സത്യാവസ്ഥ അറിയാന്‍ ഒരു ഹിച് കോക്ക് സിനിമയുടെ ഉദ്വേഗം അക്ഷരങ്ങളിലൂടെ അനുഭവിച്ചറിയാന്‍ അലീന എന്ന പെണ്‍കുട്ടിയിലൂടെ ശ്രീ പാര്‍വ്വതി തീര്‍ത്ത ഈ ത്രില്ലറിലേക്ക് വയലറ്റ് പൂക്കളുടെ മരണത്തിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

ശ്രീ പാര്‍വ്വതിയുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Sree Parvathi new Novel Book Review Mathrubhumi Books