രോ വായനയും ഓരോ തരത്തിലാണ് വായനക്കാരനെ ബാധിക്കുക. ചില വായനകള്‍ നമ്മെ ഉണര്‍ത്തും ചിലത് ബാധപോലെ ആവേശിക്കും ചിലത് സ്വപ്നം കാണിക്കും ചിലത് കാലനിബന്ധയില്ലാതെ സഞ്ചരിപ്പിയ്ക്കും. അത്തരത്തില്‍ വൈവിധ്യാനുഭവങ്ങള്‍സൃഷ്ടിക്കുന്ന ഒരു പുസ്തകമാണ് എസ്.ആര്‍. ലാല്‍ എഡിറ്റ് ചെയ്ത 'എന്റെ ഗ്രന്ഥശാല'. ഏറെ വൈകാരികവും വൈജ്ഞാനികവുമായ അനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് ഈ ഗ്രന്ഥം വായനക്കാരനില്‍ ചേക്കേറുക. ഏത് പ്രായക്കാരെയും ഒരുപോലെആകര്‍ഷിക്കുന്ന രചനാരീതിയാണ് ഇതിലെ എഴുത്തുകാര്‍ സ്വീകരിച്ചിരിക്കുന്നത്. സാഹിത്യരംഗത്തും പൊതുപ്രവര്‍ത്തനരംഗത്തും കയ്യൊപ്പ് ചാര്‍ത്തിയ പ്രതിഭാധനന്മാരുടെ വായനാശാലാനുഭവങ്ങളും വായനാമുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയാണ് ഈ പുസ്തകമൊരുക്കിരിക്കുന്നത്! ഈ ഡിജിറ്റല്‍ കാലഘട്ടത്തിന്റെ പ്രഭാവലയത്തിലകപ്പെട്ടിരിക്കുമ്പോഴും മനുഷ്യനിലെ വജ്രശോഭയായി തിളങ്ങുന്നത് പുസ്തകപാരായണം കൊണ്ടുണ്ടായ തേജസ്സ് തന്നെയെന്ന് നാം തിരിച്ചറിയുന്നു. എഴുത്തുകാരന്റെ ബൗദ്ധികനിര്‍മ്മിതിയില്‍ ഗ്രന്ഥശാല വഹിച്ച പങ്ക്, അവര്‍ സ്വാനുഭവങ്ങളിലൂടെ ആവിഷ്‌കരിക്കുന്നു. സ്മരണകളിലൂടെ ഗ്രന്ഥശാലയുടെ മാത്രമല്ല ദേശത്തിന്റെ ചരിത്രം കൂടിയാണ് ഇവിടെ പ്രകാശിതമാകുന്നത്. 

വായനക്കാരന് ആത്മസഞ്ചാരം കൂടിയാണീ പുസ്തകം. ഒരു നാടിനെ അറിയണമെങ്കില്‍ അവിടുത്തെ വായനശാലകളെ അറിഞ്ഞാല്‍ മതിയെന്ന എം. മുകുന്ദന്റെ വാചകങ്ങളിലൂടെയാണ് ഈ അനുഭവസ്മരണകള്‍ ആരംഭിക്കുന്നത്. ഫ്രഞ്ച് അധീനപ്രദേശമായിരുന്ന മയ്യഴിയുടെ വായനശാലകളിലേയ്ക്കും അവയുടെ കൗതുകമുണര്‍ത്തുന്ന പേരുകളിലേയ്ക്കുമെല്ലാം കഥയിലെന്നതു പോലെ സാകൂതം വായനക്കാരനെ കൂട്ടിക്കൊണ്ട് പോകുന്നു.

ഇന്ന് വായനശാലകളിലേയ്ക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ ഏറെ പ്രയാസപ്പെടുമ്പോള്‍ പണ്ട് കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ട വായനശാലകളിലേയ്ക്ക് ഏതുവിധേനയും കയറിക്കൂടാനുള്ള ആഗ്രഹവും തന്ത്രങ്ങളും മെനഞ്ഞ് കാത്തിരിക്കുന്ന സി. രാധാകൃഷ്ണന്റെ ബാല്യത്തിലെ വായനക്കാലം രസകരമാണ്. സാഹിത്യകാരന്മാരുമായുള്ള സമ്പര്‍ക്കം, സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളുടെ അരങ്ങുകള്‍ എന്നിവയെല്ലാമായി ആഹ്ലാദവും വിജ്ഞാനവും ജനിപ്പിയ്ക്കുന്നവായനശാലകള്‍ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അപരിചിതമായിരിക്കാം. അത്തരമനുഭവങ്ങള്‍എഴുത്തുകാര്‍ ഇവിടെ പങ്കുവെയ്ക്കുന്നു. കവിയാകാന്‍ കൊതിച്ച പെരുമ്പടവം ശ്രീധരന്‍ തന്റെ ഗ്രാമത്തില്‍ വായനശാലയുണ്ടാക്കാന്‍ നേതൃത്വം കൊടുത്ത അനുഭവങ്ങള്‍ ഏറെ പ്രചോദിതമാണ്. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ വായനശാലയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്റെ ദേശചരിത്രം കൂടിയായി അത് രേഖപ്പെടുത്തുന്നു. ഏഴാച്ചേരി രാമചന്ദ്രന്‍, കെ. ജയകുമാര്‍, ഇ.പി. രാജഗോപാലന്‍ എന്നിവരെല്ലാം അവരുടെ വളര്‍ച്ചാവഴിയിലെ പ്രചോദനമായ ഗ്രന്ഥശാലയെ ഓര്‍ക്കുന്നത് ഏറെ വൈകാരികമായാണ്.  'പാട്ടത്തിനെടുക്കുന്ന ഭ്രാന്താണ് വായനയെന്ന' സ്വന്തം അമ്മയുടെ വാക്കുകളെ ഓര്‍ത്തെടുത്ത് കൊണ്ട് എന്‍. ശശിധരന്‍ പുസ്തകങ്ങളില്‍ ഒളിച്ച തന്റെ കുട്ടിക്കാലം പങ്കുവയ്ക്കുന്നു.

കാട്ടൂര്‍ വായനശാലയും വായനശാലാ അംഗങ്ങളും അശോകന്‍ ചരുവിലിനെ പാകപ്പെടുത്തിയതെങ്ങനെയെന്ന് പറയുന്നതോടൊപ്പം അന്ന് പരിചയിച്ച പുസ്തകങ്ങളിലേക്കും ഒന്നോടിയെത്തുകയാണ് കഥാകാരന്‍. എന്‍.പി. ഹാഫീസ് മുഹമ്മദ്, പി.എഫ്. മാത്യു, പിരപ്പന്‍കോട് മുരളി, യു.കെ.കുമാരന്‍, കെ.പി.രാമനുണ്ണി എന്നീ എഴുത്തുകാരുടെ ജീവിതത്തിലെയും അവരുടെ ഗ്രാമത്തിലെയും മാറ്റങ്ങള്‍ക്ക് വായനശാലകള്‍ എങ്ങനെ കാരണമായെന്ന് സവിസ്തരം പ്രതിപാദിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമകറ്റി ഗ്രാമങ്ങളില്‍ വെളിച്ചം വിതറുന്ന ദേവാലയം യഥാര്‍ത്ഥത്തില്‍ ഗ്രന്ഥശാലകളാണ്.

പാഠപുസ്തകങ്ങളൊഴിച്ചുള്ള പുസ്തകങ്ങള്‍ വഴിതെറ്റിയ്ക്കുമെന്ന ധാരണയില്‍ ഉറച്ചുപോയിരുന്ന അന്നത്തെ മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് അറിവിന്റെ ആകാശങ്ങള്‍ പരതിയ വായനാനുഭവങ്ങള്‍ ഓരോരോത്തരും കൗതുകത്തോടെ പറയുന്നു. ഗള്‍ഫിലെ അല്‍മിയാമി ബുക് ഷോപ്പിനെ പരിചയപ്പെടുത്തിക്കൊണ്ട് നാട്ടിലെ കുട്ടിക്കാല വായനാനുഭവത്തിലേക്ക് വെളിച്ചം വീശുന്ന ബെന്യാമിന്‍, റേഷന്‍ കാര്‍ഡൊഴിച്ച് ഒരു പുസ്തകവും കാണാത്ത വീട്ടില്‍നിന്ന് വായനശാലയിലെത്തിയ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ വിസ്മയങ്ങള്‍ ഇവയെല്ലാം ഈ കൃതിയുടെ ഹൃദയമിടിപ്പുകളാണ്. വി.ആര്‍. സുധീഷ്, ഇ. സന്തോഷ്‌കുമാര്‍, ഉണ്ണി ആര്‍.. കെ.വി. മോഹന്‍കുമാര്‍, വി.ജെ. ജയിംസ് എന്നിവരൊക്കെ തങ്ങളുടെ വളര്‍ച്ചയുടെ പടവുകളില്‍ പുസ്തകങ്ങളുടെ മേല്ക്കൂര എങ്ങനെ തണലായിത്തീരുന്നുവെന്ന് ഓര്‍മ്മിക്കുമ്പോള്‍ അതൊരു കാലഘട്ടത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിലേക്ക് വെളിച്ചം വീശുന്നു.

പുസ്തകങ്ങളോട് തോന്നുന്ന അമിതാര്‍ത്തി മനോരോഗമാണോ എന്ന് സംശയിക്കുന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ അനുഭവങ്ങള്‍ വായന എങ്ങനെ ഒരുവന്റെ ഇരുള്‍മൂടിയ ലോകത്തെ പ്രഭാപൂര്‍ണ്ണമാക്കുമെന്ന് വെളിപ്പെടുത്തുന്നു. ബി.മുരളിയും ജി.ആര്‍. ഇന്ദുഗോപനും, സതീഷ് ബാബു പയ്യന്നൂരും പുസ്തകപ്രേമം മൂത്ത് പുസ്തകം കക്കുന്ന നിഷ്‌കളങ്കന്മാരായ കള്ളന്മാരുടെ കഥകള്‍ സരസമായി പറയുന്നു.

'സുസന്നയുടെ ഗ്രന്ഥപ്പുര'യെഴുതി വായനക്കാരനെ പുസ്തകക്കാലത്തിലൂടെ ഉന്മത്തനാക്കിയ അജയ് പി. മാങ്ങാട്ട് ഏറെ കൗതുകത്തോടെ വായനക്കഥകള്‍ പറയുന്നു. വായനക്കാരന്‍ എഴുത്തുകാരനായി പരിണമിക്കുന്നതാണ് മധുപാലിന്റെ ഓര്‍മ്മകള്‍. സുസ്‌മേഷ് ചന്ദ്രോത്ത്, വിനു എബ്രഹാം, എം. ചന്ദ്രപ്രകാശ് എന്നിവരുടെ ബാല്യകാലസ്മരണകള്‍പുസ്തകങ്ങളോട് ചേര്‍ന്ന്  നിന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. സ്വന്തം അമ്മയുടെ വായനാലോകത്തിലൂടെ വായനയിലേയ്‌ക്കെത്തിയ പി.കെ. ഹരികുമാറിന്റെ അനുഭവങ്ങളും നാട്ടില്‍ ഗ്രന്ഥശാലയ്ക്ക് രൂപംകൊടുത്ത പി.പി.കെ. പനയാലിന്റെ സ്മരണകളിലെ നാട്ടുവഴിചന്തങ്ങളും ചരിത്രവും ഈ കൃതി ഉള്‍പ്പേറുന്നു. ബിരുദപഠനം ഉഴപ്പിതോറ്റ ശ്രീകാന്ത് കോട്ടയ്ക്കല്‍, പുസ്തകവായനയിലൂടെ ഒരിക്കലും തോല്ക്കാത്ത ജീവിതം കെട്ടിപ്പടുത്ത തന്റെ ജീവിതം അടയാളപ്പെടുത്തുന്നു.

മണമ്പൂര്‍ പ്രദേശത്തെ വായനശാലാ ആരംഭവും-ദേശചരിത്രവും മണമ്പൂര്‍ രാജന്‍ ബാബുവിന് വൈകാരികമായ സ്മരണയാണ്. പുസ്തകം എഴുതുന്നവനേക്കാള്‍ പുസ്തകം സമ്മാനിയ്ക്കുന്നവനാണ് ഏറ്റവും നല്ല മനുഷ്യനെന്ന് പറഞ്ഞുകൊണ്ട് അക്കൂട്ടത്തിലെ സാന്താക്ലോസ്സായി ഫാദര്‍ ജോണ്‍ മണ്ണറയെ ഓര്‍ക്കുന്ന സജയ് കെ.വി.യുടെ അനുഭവം രസകരമാണ്. നൗഷാദിന്റെ പുസ്തകഗന്ധം ഗ്രന്ഥശാലയും മറികടന്ന് അനന്തമായ സഞ്ചാരത്തിലൂടെയാണ് അടയാളപ്പെടുത്തുന്നത്.

book
പുസ്തകം വാങ്ങാം

വായനശാലകള്‍ അറിവിന്റെ ഉത്തമകേന്ദ്രങ്ങളാണെന്ന് ജീവിതം സാക്ഷ്യപ്പെടുത്തിപ്പറയുന്ന ഈ ഗ്രന്ഥത്തിലെ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് വലിയ മാതൃകയാണ്. ഓരോ പുസ്തകവും വായിച്ചു തീരുമ്പോള്‍ പുതിയതായി പിറവികൊള്ളുന്ന മനുഷ്യരായി നാം വളരുമെന്ന സെന്‍ കഥ ഓരോ ഓര്‍മ്മപ്പെടുത്തലാണ്. സമൂഹത്തിന്റെ പ്രാണവായുവായി നിലനില്‌ക്കേണ്ടതാണ് വായനശാലകള്‍. വായനശാലകള്‍ നശിപ്പിക്കപ്പെടുമ്പോള്‍ സമൂഹം തന്നെ ഇല്ലാതാവുകയാണ്. ഓരോഗ്രന്ഥശാലയുടെയും ഉള്‍വെളിച്ചങ്ങളിലൂടെ വായനക്കാരനെ നടത്തുന്ന അപൂര്‍വ്വാനുഭവങ്ങളുടെ സമാഹാരമാണീ ഗ്രന്ഥം. സമൂഹത്തിന്റെ അകക്കണ്ണ് തുറപ്പിക്കുന്നതിനുള്ള ശക്തമായ ബോധവല്‍ക്കരണം കൂടിയാണ് എസ്.ആര്‍. ലാലിന്റെ ഈ സംരംഭം.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: SR Lal Malayalam Book Book Review Mathrubhumi Books