യാത്രകള്‍ എന്നും വേറിട്ട അനുഭവങ്ങളാണ്. പുതിയ ദേശങ്ങള്‍, ആളുകള്‍, ആചാരങ്ങള്‍, കാഴ്ചകള്‍ എന്നിങ്ങനെ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ നമുക്ക് മുന്നില്‍ മാറിമറിയും. ചില യാത്രകള്‍ക്ക് നാം മുന്‍കൂട്ടി തയ്യാറെടുക്കും എന്നാല്‍ മറ്റ് ചിലത് യാതൊരു തയ്യാറെടുപ്പുകളും നടത്താതെ നമ്മള്‍ മുന്നിട്ടിറങ്ങുന്നവയായിരിക്കും. 

ആദ്യം കാണുന്ന ബസ്സില്‍ കയറി, എന്തെങ്കിലും കഴിച്ച്, കിട്ടിയ വെള്ളം കുടിച്ച്, എവിടെയെങ്കിലും കിടന്നുറങ്ങിയുള്ള അത്തരം യാത്രകള്‍ പകര്‍ന്നു തരുന്ന ജീവിത പാഠങ്ങള്‍ വലുതാണ്. ടിക്കറ്റും ഹോട്ടലും മുന്‍കൂട്ടി ബുക്ക് ചെയ്ത് നടത്തുന്ന യാത്രകള്‍ക്ക് തരാന്‍ കഴിയാത്ത ഒന്ന് അത്തരം യാത്രകള്‍ക്ക് തരാന്‍ സാധിക്കും. യാത്രയില്‍ നേരിടുന്ന അനിശ്ചിതത്വം തന്നെയാണ് അത്തരം യാത്രകളുടെ സൗന്ദര്യവും. 

ക്യാമറയ്ക്ക് പിന്നില്‍ നിന്ന് കഴ്ചയുടെ ഒരുപാട് മനോഹര നിമിഷങ്ങള്‍ പ്രേക്ഷകന് നല്‍കിയ ചലച്ചിത്രകാരനാണ് വേണു. ഛായാഗ്രാഹകനായും സംവിധായകനായും അദ്ദേഹം സമ്മാനിച്ചത് എന്നും ഓര്‍ത്തുവെയ്ക്കാവുന്ന മികച്ച ചിത്രങ്ങളായിരുന്നു. തിരക്കുപിടിച്ച സിനിമാ ജീവിതത്തിന് അവധി നല്‍കി, അദ്ദേഹം ഒറ്റയ്ക്ക് നടത്തിയ യാത്രയുടെ വിവരണമാണ് സോളോ സ്റ്റോറീസ്. 

വഴിയും കാലവും മുന്‍കൂട്ടി നിശ്ചയിച്ചുള്ള യാത്രയായിരുന്നില്ല വേണു നടത്തിയത്. പകരം വഴിയും സാഹചര്യങ്ങളും യാത്രയില്‍ അദ്ദേഹത്തിലേയ്ക്ക് വന്നു ചേരുകയായുരുന്നു. ഒരു ലിവ കാറില്‍ കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും ഗോവയിലെയും ഗ്രാമങ്ങള്‍, ചരിത്രപ്രാധ്യാന്യമുള്ള സ്ഥലങ്ങള്‍, സംരക്ഷിത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേയ്ക്കാണ് വേണു സഞ്ചരിച്ചത്. 

തിരുവനന്തപുരത്തുനിന്ന് വടക്കോട്ടാണ് വേണു സഞ്ചാരം ആരംഭിച്ചത്. പലതവണ സഞ്ചരിച്ചിട്ടുള്ള കേരള റൂട്ട് ഉപേക്ഷിച്ച് തമിഴ്‌നാട് വഴി കര്‍ണാടകയില്‍ പ്രവേശിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. പക്ഷേ കാസര്‍കോടുള്ള ഫഹദ് ഫാസിലിനെ കാണാനായി യാത്ര ഒടി മടുത്ത കേരളത്തിലെ റോഡിലൂടെ ആക്കുകയായിരുന്നു.

solo storiesതുടര്‍ന്ന് ബേലൂര്‍, ഹാലേബീഡ്, ബദാമി, ഐലോള, ബിജപുര്‍,സോലാപുര്‍, നാനാജി, ബിദര്‍, ഔറംഗാബാദ്, എല്ലോറ, ഫര്‍ദാപുര്‍, അജന്ത, ലോണാര്‍ എന്നിങ്ങനെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകളുള്ള സ്ഥലങ്ങളിലേയ്ക്ക് അദ്ദേഹത്തിന്റെ യാത്ര നീണ്ടു. കാഴ്ചകള്‍ വെറുതെ പറഞ്ഞു പോകാതെ പ്രദേശത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ വിശകലനംകൂടി അദ്ദേഹം നടത്തുന്നുണ്ട്. സന്ദര്‍ശിച്ച നിര്‍മിതികളുടെ ചരിത്രം, നിര്‍മിച്ച രാജവംശങ്ങള്‍ തുങ്ങിയ വസ്തുകള്‍ക്കൊപ്പം സ്ഥലങ്ങളുടെ കളര്‍ ചിത്രവും അദ്ദേഹം പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 

വ്യക്തമായ തയ്യാറെടുപ്പുകളില്ലാതെ മനസ് നയിച്ച വഴിയിലുള്ള അദ്ദേഹത്തിന്റെ സഞ്ചാരമാണ് സോളോ സ്റ്റോറീസ് വായനക്കാരന് മുന്നില്‍ തുറന്നുവെയ്ക്കുന്നത്. ദൃശ്യങ്ങളില്‍ നിന്ന് വാക്കുകളില്‍ എത്തുമ്പോഴും അദ്ദേഹത്തിന്റെ മാജിക്കിന് കുറവൊന്നും സംഭവിക്കുന്നില്ല എന്ന് പുസ്തകം കാട്ടിത്തരും. ക്യാമറയ്ക്ക് പകരം ഇത്തഡവണ കാഴ്ചകളെ ഒപ്പിയെടുത്തത് അദ്ദേഹത്തിന്റെ മനസിലാണെന്ന് മാത്രം. അദ്ദേഹം അതിമനോഹരമായി പേപ്പറിലേയ്ക്ക് പകര്‍ത്തുകയും ചെയ്തിരിക്കുന്നു. 

വെറും കാഴ്ചകള്‍ക്ക് മാത്രമല്ല അദ്ദേഹം തന്നെ യാത്രാവിവരണത്തില്‍ ഇടം നല്‍കിയിരിക്കുന്നത്. അതിനപ്പുറം ചില ജീവിതകങ്ങള്‍കൂടി അദ്ദേഹം വായനക്കാരന് മുന്നില്‍ പരിചയപ്പെടുത്തുന്നു. നമുക്ക് അത്ര പരിചിതരല്ലാത്ത സാഹചര്യത്തില്‍, പശ്ചാത്തലത്തില്‍ ജീവിക്കുന്ന ചില മനുഷ്യര്‍. അവരിലൂടെയുള്ള സഞ്ചാരം കൂടിയാണ് സോളോ സ്റ്റോറീസ്.

സോളോ സ്‌റ്റോറീസ് എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights : solo stories is a travelogue written by film maker venu