ദേശവും പെണ്ണുങ്ങളും തമ്മിലുള്ള ബന്ധം കള്ളനും പോലീസും കളിയുടെ നിയമങ്ങളിലാണ് പ്രവർത്തിക്കുന്നത്. പെണ്ണുങ്ങൾ കള്ളൻമാരെപ്പോലെയാണ്. ഒളിച്ചു നിൽക്കുമ്പോഴും ഏതു നിമിഷവും പിന്നിൽ പോലീസിന്റെ സാന്നിധ്യം അനുഭവിച്ചുകൊണ്ടേയിരിക്കും. ദേശത്തിന്റെ എല്ലാ ഊടുവഴികളും അവർക്ക് പരിചിതമായിരിക്കും. പക്ഷേ അവളുടെ സാന്നിദ്ധ്യത്തെ ഒരു പോലീസുകാരന്റെ സംശയദൃഷ്ടിയോടെ ദേശം വീക്ഷിച്ചുകൊണ്ടേയിരിക്കും. പിടിക്കപ്പെട്ടു കഴിഞ്ഞാൽ പെണ്ണുങ്ങൾക്ക് രണ്ടു വഴികളുണ്ട്. കീഴടങ്ങി എല്ലാ ശിക്ഷകളും ഏറ്റുവാങ്ങുക. അല്ലെങ്കിൽ നാടുവിടുകയോ വെല്ലുവിളിച്ചു കൊണ്ട് ജീവിക്കുകയോ ചെയ്യുക.

ഒരേ ദിവസം ഒരേയിടത്ത് ജനിച്ച അമീറ ബാനു എന്ന ആബിയും കാദംബരിയും തമ്മിലുള്ള ആത്മബന്ധത്തിന്റെയും ഈ പെൺകുട്ടികൾ അനുഭവിച്ചറിഞ്ഞ സ്വന്തം ദേശത്തിന്റെയും മനുഷ്യരുടെയും കഥ പറയുന്ന, മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഷബ്ന മറിയത്തിന്റെ ആദ്യ നോവൽ 'പിഗ്മെന്റ്' ദേശമെന്ന പോലീസുകാരനെ പറ്റിച്ച് ഒളിത്താവങ്ങളിൽ തന്റെയിടങ്ങൾ സൃഷ്ടിച്ച രണ്ടു പെൺകുട്ടികളുടെ കഥ കൂടിയാണ്. അവരിലൊരാൾ,കാദംബരി എന്നെന്നേക്കുമായി കളി അവസാനിപ്പിച്ച് നാടുവിടുകയും തുറന്ന നഗരത്തിൽ ഉറച്ച മനസോടെ ഭയമില്ലാതെ ചിത്രകാരിയായി ജീവിക്കുകയും ചെയ്യുന്നു. സത്യം മാത്രം പറയുകയും ഒടുവിൽ പരാജയം സമ്മതിച്ച് സ്വയം മരണംവരിച്ച രാജനെന്ന ദളിതന്റെ മകളായ അവൾക്ക് നാടൊരിക്കലും വേരുറപ്പിക്കാൻ പറ്റിയ ഇടമേ ആയിരുന്നില്ല. അമീറ ബാനു എന്ന ആത്മാവിൽ സ്വതന്ത്രയായ ആബിയാവട്ടെ ഒരിക്കലും പറിച്ചെറിയാൻ കഴിയാത്തവിധം നാട്ടിൽ പാട്രിയാർക്കിയും മതവും കണ്ണിചേർത്ത ചങ്ങലയിൽ തളക്കപ്പെട്ടവളായിരുന്നു. എങ്കിലും ആ ഇരുട്ടിലും സ്വയം സൃഷ്ടിച്ച വെളിച്ചത്തിന്റെ വഴികളിൽ അവൾ നിർഭയം സഞ്ചരിക്കുന്നുണ്ട്. ഷബ്ന വരച്ചിടുന്ന ആലങ്ങോട് എന്ന ഗ്രാമം ഇതു വരെയുള്ള പുരുഷ കാഴ്ചകളിലെ ദേശങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നത് ഈ പെണ്ണനുഭവങ്ങളുടെ ഇരുണ്ട ലോകത്തെ പച്ചയായി ആവിഷ്ക്കരിക്കുന്നതിനാലാണ്. നാട്ടിൻപുറത്തിന്റെ നന്മയും മതസൗഹാർദ്ദവുമൊക്കെ പറയുമ്പോഴും നാടിന്റെ ഉള്ളിൽ തികട്ടുന്ന ജാതി ബോധവും ദളിത് വിരോധവും സ്ത്രീവിരുദ്ധതയുമെല്ലാം സൂക്ഷ്മമായി അടയാളപ്പെടുത്തുന്നുണ്ട് ഈ നോവൽ.

pigment
പിഗ്മെന്റ് വാങ്ങാം

രണ്ടു സ്ത്രീകൾ തമ്മിലുള്ള അഗാധമായ, പ്രണയത്തോളം വരുന്ന ആത്മബന്ധത്തെ നിറങ്ങളും പ്രകൃതിയും ചേർന്ന ചായക്കൂട്ടിനാൽ ഒരു ക്യാൻവാസിലെന്ന പോലെ ഷബ്ന പകർത്തുന്നു. രണ്ടു പെൺകുട്ടികൾ ജാതി കൊണ്ടും പണംകൊണ്ടും രണ്ടു തട്ടിൽ നിൽക്കുമ്പോഴും അതിന്റെ വിലക്കുകളെ മറികടന്നു കൊണ്ട് പരസ്പരം ചേർത്തുപിടിക്കുന്നു. ദളിതയായ കാദംബരിയുടെ കുടുംബം ആബിയെന്ന മുസ്ലീം പെൺകുട്ടിയുടെ കുടുംബത്തിന്റെ ആശ്രിതരാണ്. എന്നാൽ അച്ഛൻ ആയി ആബി സ്വീകരിക്കുന്നത് കാദംബരിയുടെ അച്ഛനായ രാജനെയാണ്. ആണധികാരത്തിന്റെ യാതൊരു തരത്തിലുള്ള പ്രയോഗങ്ങളും അയാൾ കുടുംബത്തിൽ നടത്തുന്നില്ല. പെൺകുട്ടികളെയും സ്വതന്ത്ര ബുദ്ധിയോടെ വളർത്താനാണ് അയാൾ ശ്രമിച്ചത്. പെൺകുട്ടികളുടെ വളർച്ചയുടെ ഘട്ടങ്ങളിലെ ശാരീരികവും മാനസികവുമായ മാറ്റങ്ങളെ വൈകാരിക തീവ്രതയോടെ ഷബ്ന ഈ നോവലിൽ ചിത്രീകരിക്കുന്നു. ആബിയുടെ പ്രണയവും കാദംബരിയുമായുള്ള സൗഹൃദത്തിന്റെ ആഴവും ചുവപ്പെന്ന കടുത്ത നിറത്തിനാലാണ് ഷബ്ന വരച്ചു ചേർക്കുന്നത്.

ചിത്രം വരയെക്കുറിച്ചും വിവിധ സങ്കേതങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണങ്ങളും ഒരു ചിത്രം വരക്കുന്നതിന്റെ വിശദാംശങ്ങളും, ചിത്രകാരി അനുഭവിക്കുന്ന അനുഭൂതിയുടെ തലങ്ങളുമെല്ലാം ഏറ്റവും സൂക്ഷ്മമായി അവതരിപ്പിക്കുന്ന 'പിഗ്മെന്റ്' വ്യത്യസ്തവും ജൈവികവുമായ നിറക്കൂട്ടുകൾ കൊണ്ട് വരച്ചിട്ട ഒരു വലിയ ക്യാൻവാസ് ആയി മാറുന്നു. ചിത്രകാരിയായ കാദംബരിയുടെ നിറങ്ങളുടെ തിരഞ്ഞെടുപ്പും പ്രണയവും രതിയുമെല്ലാം ഒരു സ്ത്രീയുടെ വൈകാരിക ലോകത്തിന്റെ ഏറ്റവും സത്യസന്ധമായ ആവിഷ്കാരമായി മാറുന്നു. രതിയെക്കുറിച്ച് സ്ത്രീ കാമനകളെക്കുറിച്ച് തുറന്നെഴുതിയ എഴുത്തുകാർ പുരുഷന്റെ കാഴ്ചപ്പാടുകളെ തന്നെയാണ് പലപ്പോഴും പ്രതിഫലിപ്പിച്ചിട്ടുള്ളത്. സ്ത്രീയുടെ ശരീരത്തെയും രതി അനുഭവങ്ങളെയെല്ലാം അവളുടെ കണ്ണിലൂടെ അവതരിപ്പിക്കുക, അതിനുള്ള ഭാഷ കണ്ടെത്തുക എന്ന സങ്കീർണ്ണമായ ഒരു സർഗ്ഗാത്മക പ്രവർത്തനവും പിഗ്മെന്റിൽ ഷബ്ന നിർവ്വഹിക്കുന്നുണ്ട്. മുഖ്യധാര എഴുത്തുകളിലെ പുരുഷ മേൽക്കോയ്മയുടെ ഭാഷയെയും പുരുഷ നിർമ്മിത സ്ത്രീ വാർപ്പുമാതൃകകളെയും പൊളിച്ചെഴുതാനുള്ള ഒരു ധൈര്യം ഈ എഴുത്തിൽ തെളിയുന്നുണ്ട്. ജീവിതത്തിലെ പ്രതിസന്ധികളോട് ഒറ്റക്കു പൊരുതുമ്പോഴും സരസമായി പ്രതികരിക്കുന്ന ഉർസുല ചേടത്തിയും, സോഫിയയും, പരമ്പരാഗത കുടുംബ ജീവിതത്തെ പടിക്കു പുറത്തു നിർത്തി നിർഭയയായി കൂട്ടുകാരനായ സിദ്ധാർത്ഥിനൊപ്പം ജീവിക്കുന്ന കാദംബരിയും കടുത്ത ഏകാന്തതയും, അവഹേളനവും ഭർതൃവീട്ടിൽ നിന്ന് ഏൽക്കേണ്ടി വരുമ്പോഴും കൂസലില്ലാതെ ഒരു കൂട്ട് കണ്ടെത്തി അതിനെ മറികടക്കുന്ന അമീറാ ബാനു എന്ന ആബിയുമെല്ലാം മലയാളനോവലിലെ കരുത്തുറ്റ പെൺകഥാപാത്രങ്ങളായിരിക്കും.

ആഗോളവൽക്കരണത്തിന്റെ ഭാഗമായിട്ടുണ്ടായ സാമൂഹ്യമാറ്റങ്ങളും കാർഷിക മേഖലയിലുണ്ടായ പുതിയ ഇടപെടലുകളുമെല്ലാം ഇന്ത്യൻ ഗ്രാമങ്ങളെയാണ് ഏറെ ബാധിച്ചിട്ടുള്ളത്. വിപണിക്കനുസൃതമായി കൃഷിരീതിയിൽ വന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ വന്ന രാജനെന്ന കൃഷിക്കാരനെ, അയാളുടെ രാഷ്ട്രീയ ബോധത്തിനേറ്റ തിരിച്ചടികൾ ഒടുവിൽ മരണത്തിലേക്കു നയിക്കുന്നു. കടബാധ്യത താങ്ങാനാവാതെ, കാർഷിക സംസ്കാരത്തിലെ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ കഴിയാതെ ആത്മഹത്യ ചെയ്ത നിരവധി കർഷകരുടെ പ്രതിനിധിയായി രാജൻ മാറുന്നുണ്ട്. ' കൃഷിയും, പ്രകൃതിയും, സാമ്പ്രദായിക ഭക്ഷണവും, ആരോഗ്യവുമെല്ലാം ഒരു ചെയിനാണ്. ഒന്നില്ലാതെ മറ്റൊന്ന് ആകാശത്ത്ന്ന് പൊട്ടിമൊളയ്ക്കൊന്നുല്ല എല്ലാവരും അതോർത്ത് വേണം കാര്യങ്ങള് ചെയ്യാൻ ' എന്ന രാജന്റെ മുന്നറിയിപ്പ് അവഗണിക്കപ്പെടുന്നതിന്റെ നിരാശയാണ് അയാളെ മരണത്തിലേക്ക് നയിക്കുന്നത്. ആലങ്ങോട് എന്ന ഗ്രാമത്തിന്റെ മാറ്റത്തിലൂടെ കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക, സാമ്പത്തിക പരിണാമത്തെക്കൂടി ഷബ്ന ഈ നോവലിൽ സമാന്തരമായി വരച്ചിടുന്നുണ്ട്. ഒപ്പം സമൂഹത്തിന്റെ ആഴത്തിൽ വേരോടിയ ജാതിവിവേചനവും ദളിത് വിരുദ്ധതയും എത്ര സൂക്ഷ്മമായാണ് ജീവിതത്തിന്റെയും, കലയുടെയും മേഖലകളിൽ പ്രവർത്തിക്കുന്നതെന്ന് ഷബ്ന തുറന്നു കാട്ടുന്നുണ്ട്.

നോവലിന്റെ പേരു പോലെ തന്നെ വ്യത്യസ്തമായ നിറക്കൂട്ടുകൾ കൊണ്ട് ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന ഒരു മനോഹരമായ ചിത്രമാണ് ഈ നോവൽ. കടുത്ത നിറങ്ങൾ കൊണ്ട് പെണ്ണനുഭവങ്ങളെ ഈ ചിത്രത്തിൽ ഷബ്ന വരച്ചിടുന്നു. കൊച്ചിയിൽ താമസിക്കുന്ന കാദംബരിക്കു കിട്ടുന്ന അമീറ ബാനുവിന്റ കത്തും തുടർന്നുള്ള അവളുടെ ഭൂതകാലത്തേക്കുള്ള യാത്രയും ഒടുവിൽ തനിക്കു വേണ്ടി ആബി അവശേഷിപ്പിച്ച അവസാനത്തെ വിസ്മയത്തെ സ്വീകരിക്കാനായുള്ള അവളുടെ യാത്രയുമെല്ലാം ഒരു തുടക്കക്കാരിയുടെ പരിഭ്രമമില്ലാതെ മനോഹരമായി ഷബ്ന നോവലിൽ പകർത്തുന്നു. ചിത്രങ്ങളെക്കുറിച്ചും, രാഷ്ട്രീയത്തെക്കുറിച്ചുള്ള വിശദാംങ്ങൾ കൂട്ടിച്ചേർക്കുമ്പോഴുണ്ടാകുന്ന ഒരു തരം മുഴച്ചുകെട്ടൽ ചിലയിടങ്ങളിൽ നോവലിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നുണ്ട്. എങ്കിലും അതിനെയെല്ലാം മറികടക്കുന്ന, പെണ്ണനുഭവങ്ങളുടെയും അവരുടെ വൈകാരിക ലോകത്തിന്റെയുമെല്ലാം മനോഹരമായ ഒരു നേർക്കാഴ്ച പിഗ്മെന്റിനെ ഒരു മികച്ച നോവലായി മാറ്റുന്നുണ്ട്.

ഷബ്ന മറിയം എഴുതിയ പിഗ്മെന്റ് വാങ്ങാം

Content Highlights : Smitha Neravath Reviews the Novel Pigment written by Shabna Mariyam Published by Mathrubhumi Books