ശരണ്‍കുമാര്‍ ലിംബാളെ  ഇന്ത്യന്‍ ദളിത് സാഹിത്യത്തിലെ വളരെ ശക്തമായ സാന്നിധ്യമാണ്. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ അക്കര്‍മാശി എന്ന പേരില്‍ ആത്മകഥയെഴുതുക വഴി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ അതിനിഷ്ഠൂരമായ ജാതീയതയെ തുറന്നുകാട്ടുകയാണ് എഴുത്തുകാരന്‍ ചെയ്തത്. അക്കര്‍മാശി മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് മാതൃഭൂമി ബുക്‌സ് ആണ്. പുസ്തകത്തിന്റെ പൊള്ളുന്ന വായനാനുഭവം പങ്കുവെക്കുകയാണ് സിബി സത്യന്‍.

ബേലാപ്പൂരിലെ മാതൃഭൂമി പുസ്തകമേളയില്‍ ചുരുക്കിപ്പിടിച്ച ബജറ്റുമായി തലക്കെട്ടുകള്‍ പരതിപ്പോകുമ്പോഴാണ് സുഹൃത്തും മുംബൈ സാഹിത്യകാരനുമായ സുരേഷ് വര്‍മ്മ ശരണ്‍കുമാര്‍ ലിംബാളെയുടെ 'അക്കര്‍മാശി'യിലേക്കു വിരല്‍ ചൂണ്ടിയത്. അതിനു മുമ്പുവരെ ദളിത് സാഹിത്യം പണ്ടേതോ വാരികയില്‍ മൊഴിമാറ്റി വന്ന ലക്ഷ്മണ്‍ ഗെയ്ക്ക് വാഡിന്റെ ഉചല്യയുടെ ഒരു അധ്യായത്തില്‍ മാത്രം ഒതുങ്ങിയ ഒരു തീഷ്ണാനുഭവമായിരുന്നു. പിന്നെ തമിഴ്-മലയാളം എഴുത്തുകാരനായ ജയമോഹന്റെ 'നൂറു സിംഹാസനങ്ങളു'ടെ കരള്‍ നോവിച്ച ഒരു കല്ലുമഴയും. 

അക്കര്‍മാശിയെന്നാല്‍ അര്‍ധജാതി. ഉയര്‍ന്ന ലിംഗായത്ത് സമുദായക്കാരനായ ജന്മി, കീഴ്ജാതിക്കാരിയായ മഹാര്‍ സമുദായക്കാരിയിലേക്ക് നിക്ഷേപിച്ച ബലാല്‍ക്കാരത്തിന്റെ ബീജമായി തുടങ്ങി, ഈ ബലാല്‍ക്കാരം ഒരു ജന്മം ജീവിച്ചു തീര്‍ക്കേണ്ടി വരുന്ന വേദനയത്രയും ലിംബാളെയുടെ വാക്കുകളിലുണ്ട്. വെപ്പാട്ടിയുടെ മകന്‍. ഏറ്റവും താഴ്ന്ന ജാതിക്കാരായ മഹാറുകള്‍ക്കിടയില്‍ പോലും സ്ഥാനമില്ലാത്ത അര്‍ധജാതിക്കാരന്‍. അവര്‍ ഇരയായ അതേ വ്യവസ്ഥ വെച്ചു തന്നെ അര്‍ധജാതിക്കാരനെ പിന്നെയും ഇരയാക്കുന്ന സാമൂഹ്യവ്യവസ്ഥ. നൈതികതയുടെ എല്ലാ അളവുകോലുകള്‍ക്കും പുറത്തായിപ്പോയ ഒരു ജീവിതം. ആ ജീവിതം ജീവിച്ച ഒരാള്‍ ഇരുപത്തിയെഞ്ചാം വയസില്‍ എഴുതുന്ന ആത്മകഥ. 

'ഇത് എന്റെ ജീവിതമല്ല. എനിക്കു മേല്‍ അടിച്ചേല്‍പിക്കപ്പെട്ട അടിമത്തമാണ്- തിരസ്‌കാരത്തിന്റെ ഈ ശബ്ദമാണ് ഈ ആത്മനിവേദനത്തിന്റെ അടിസ്ഥാന ശബ്ദം.' എന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ ലിംബാളെ വ്യക്തമാക്കുന്നു. അക്കര്‍മാശി സാഹിത്യമല്ല, മറിച്ച് ഒരു ദളിതന്റെ പൊള്ളുന്ന ആത്മകഥയാണ്. അതുകൊണ്ടു തന്നെ ഓരോ വാക്കും തിരസ്‌കാരങ്ങളുടെ നേരനുഭവങ്ങളും ചവുട്ടിയരയ്ക്കപ്പെട്ട ജീവിതത്തിന്റെ ഉച്ഛിഷ്ടങ്ങളുമാണ്. 

ബാങ്കില്‍ ഫോം പൂരിപ്പിക്കാന്‍ ചെല്ലുമ്പോള്‍ അച്ഛന്റെ പേരിന്റെ കോളം എഴുതാന്‍ ആവശ്യപ്പെടുന്ന മാനേജരോട് അച്ഛനാരെന്ന് അറിയില്ലെന്നു മറുപടി പറയേണ്ടി വരുന്ന ഒരാള്‍. സ്‌കൂളില്‍ മാഷിനോട് വെപ്പാട്ടിയുടെ മകനാണ് എന്നു പറയേണ്ടി വരുന്ന ഒരാള്‍, ജീവിതത്തിന്റെ പുറമ്പോക്കുകളില്‍ ജീവിച്ച്, ഗ്രാമവാസികളുപേക്ഷിക്കുന്ന ചത്ത മൃഗങ്ങളുടെ മാംസം ചീന്തിയെടുത്ത് ഉണക്കിയും അല്ലാതെയും തിന്നു ജീവിക്കുന്ന ഒരു ജനത. തെരുവുനായ്ക്കളേക്കാള്‍ അഭിമാനരഹിതരായി ജീവിക്കേണ്ടി വരുന്നവര്‍, ബലാല്‍സംഗങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയാകുന്നവര്‍. ചരിത്രമില്ലാത്തവര്‍. ലിംബാളെയുടെ കഥ അയാളുടെ മാത്രം കഥയല്ല, മധ്യേന്ത്യയിലെ ദളിതര്‍ കടന്നുപോയ നരകയാത്രകളുടെ കത്തുന്ന കനല്‍ത്തീയാണ്. 

തിരസ്‌കൃതമാക്കപ്പെടുന്ന ഒരു ജീവിതത്തിന്റെ വെല്ലുവിളികള്‍ക്കപ്പുറം ഈ ആത്മകഥയുടെ ഓരോ വരികളിലും നിറഞ്ഞ് വായിക്കുന്നവനെ കീഴ്പ്പെടുത്തുന്ന ഒരു വികാരമുണ്ട്. വിശപ്പ്. അതിനേക്കാള്‍ വലുതായി ഒന്നുമില്ലെന്നു അനുഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. നീരാളിയെപ്പോലെ ആമാശയങ്ങളെ വരിഞ്ഞുമുറുക്കുന്ന ആ വിശപ്പിന്റെ വേദന മറ്റെല്ലാറ്റിനെയും നിസാരമാക്കുന്നു. ജീവിതം വിശപ്പു മാത്രമാണെന്ന തത്വശാസ്ത്രത്തിലേക്ക് നയിക്കുന്നു. 

ബസിന്റെ മുകളില്‍ നിന്നു ശര്‍ക്കരച്ചാക്കിറക്കി കഴിയുമ്പോള്‍ മുകളില്‍ ഉരുകിയൊലിച്ചു കിടന്ന ശര്‍ക്കര ചുരണ്ടിയെടുത്ത് കൊണ്ടുപോയി, അടുത്ത ചായക്കടയില്‍ നിന്ന് ഉപയോഗിച്ചു കളയുന്ന തേയില കൊന്ത് കൊണ്ടുവന്ന് തിളപ്പിച്ച് അതില്‍ ശര്‍ക്കരയിട്ടു രുചിയോടെ കുടിച്ചു വിശപ്പടക്കുന്ന ഒരു ബാലനുണ്ട്. ബസില്‍ ആരോ മറന്നു വെച്ച ഭക്ഷണപ്പാത്രം തുറന്നുവെച്ച് ഇന്ന് എത്രമാത്രം ഭാഗ്യമുള്ള ദിവസമാണെന്നു സന്തോഷിക്കുന്ന ഒരു ബാലനുണ്ട്. അത് ഇന്ത്യയിലെ ദളിതന്റെ ബാല്യമാണ്. അടങ്ങാത്ത വിശപ്പിന്റെ, കൊടുംപട്ടിണിയുടെ ബാല്യം. 

'വിശപ്പിന് മനുഷ്യനേക്കാള്‍ ശക്തിയുണ്ട്. വിശപ്പിന് നിങ്ങളുടെ ഉള്ളം കയ്യോളം വലിപ്പമേയുള്ളു എന്നു തോന്നും. എന്നാല്‍ അതിന് ഈ ലോകത്തെ മുഴുവന്‍ വിഴുങ്ങാനും പിന്നെ ഒരേമ്പക്കമിടാനും കഴിയും'. അയല്‍വീട്ടിലെ കുട്ടി കളിക്കാനിറങ്ങുമ്പോള്‍ വിശപ്പടക്കാനാവാതെ ഒളിച്ചുചെന്ന് അവള്‍ക്കു വേണ്ടി അമ്മ സൂക്ഷിച്ച ഒരു കഷണം റൊട്ടി  മോഷ്ടിച്ചു കഴിക്കുന്ന ഒരു ദളിത് ബാലനും അന്നു രാത്രി മുതല്‍ വിശപ്പു സഹിക്കാനാവാതെ ഉറക്കെ കരയുന്ന നീലിയെന്ന ദളിത് ബാലികയും വെറും ഓര്‍മ്മയാകുന്നതെങ്ങനെ.. മനുഷ്യന്റെ വലിപ്പം ഒരു റൊട്ടിയോളം മാത്രമാണെന്നും വിശപ്പിന് നരകത്തിന്റെ ഏഴു പാതാങ്ങളേക്കാള്‍ വലിപ്പമുണ്ടെന്നതും തിരിച്ചറിവല്ല. അനുഭവമാണ്. വിശപ്പ് നീറുന്ന വാക്കുകള്‍ നരകത്തീ പോലെ പിന്തുടരുകയാണ്. 

കഴിച്ചു തീര്‍ത്ത ഓരോ വറ്റും അതില്‍ കത്തിപ്പോകുന്നു. കളഞ്ഞുപോയ ഓരോ വറ്റും ദുസ്വപ്നങ്ങളായി പിന്തുടരുന്നു. 

കൊയ്ത്തു കഴിഞ്ഞ പാടത്തു മേഞ്ഞുനടക്കുന്ന കാലികളുടെ ചാണകത്തില്‍ ദഹിക്കാതെ മഞ്ഞ നിറത്തില്‍ ചീര്‍ത്തുകിടക്കുന്ന ജോവാര്‍ ധാന്യങ്ങള്‍ പെറുക്കിയെടുത്ത് കഴുകിയുണക്കി അതുവെച്ചു റൊട്ടിയുണ്ടാക്കി കഴിക്കുന്ന സാന്താമായി എന്ന തന്റെ അമ്മുമ്മയുടെ കഥ ലിംബാളെ നിസംഗതയോടെ പറഞ്ഞു പോകുന്നത് വായിക്കുമ്പോള്‍ കണ്ണില്‍ നിന്ന് വാക്കുകള്‍ മാഞ്ഞുപോയി. ആമാശയത്തിന്റെ ഉള്ളില്‍ നിന്ന് വേരുപിടിച്ച പ്രാകൃതമായ വിശപ്പ് ഒരു നീരാളിയെപ്പോലെ പിടിച്ചുകയറി തൊണ്ടയെ ഞെരിച്ചു. ജീവിതം മുഴുവന്‍ വിശപ്പ് എന്ന ആ മൂന്നക്ഷരത്താല്‍ തകര്‍ത്തെറിയപ്പെട്ട് അതിന്റെ വന്യതയാല്‍ തിരുത്തിയെഴുതപ്പെട്ടു. കണ്ണില്‍ നിന്നൊഴുകിയ ചോര കവിളുകളെ പൊള്ളിച്ചു. വായിച്ചു തീര്‍ന്നു മൂന്നു വര്‍ഷത്തിനു ശേഷവും അതെഴുതുമ്പോള്‍ ഹൃദയത്തിലൊരു തിരികല്ല് ആ ചാണകമണമുള്ള ധാന്യം പൊടിക്കുന്നുണ്ട്. കവിളുകളിപ്പോഴും പൊള്ളുന്നുണ്ട്. വാക്കുകള്‍ നഷ്ടപ്പെടുകയും കാഴ്ചയെ ചോര മറയ്ക്കുകയും ചെയ്യുന്നുണ്ട്. അനുഭവങ്ങളുടെ അഗ്‌നിലാവകളില്‍ തോറ്റുപോകുന്ന വാക്കുകള്‍. ചാണക മണമുള്ള റൊട്ടി. വിശപ്പ്... ഒടുങ്ങാത്ത വിശപ്പ്.. 

Book cover
പുസ്തകം വാങ്ങാം

ദളിത് സാഹിത്യം വെറുതെ വായിച്ചു ആസ്വദിക്കാവുന്ന ഒരു സാഹിത്യാനുഭവമല്ല, അത് ചിലപ്പൊളൊക്കെ അടുക്കും ചിട്ടയുമില്ലാതെ നിരത്തിവെച്ച തീഷ്ണാനുഭവങ്ങളുടെ ആസിഡ് മഴയാണ്. അതിന്റെ വാക്കുകള്‍ക്ക് കാല്‍പനിക ഭംഗിയുണ്ടാവില്ല. അത് തരിമ്പു പോലും മറയ്ക്കാതെ വിളിച്ചുപറയുന്ന സത്യങ്ങളും അനുഭവങ്ങളുമാകുമ്പോള്‍ വാക്കുകളുടെ കൂര്‍ത്ത മുനകള്‍ തട്ടി ഉള്ളില്‍ ചോര പൊടിയും. അത് വായിക്കുമ്പോള്‍, ജാതിവ്യവസ്ഥയുടെ പ്രിവിലേജുകളില്‍ ജനിച്ചതു സ്വയമറിയാതെ ഒരു കുറ്റബോധമായി ഉള്ളു നീറ്റും. ഈ അനുഭവങ്ങളത്രയും പേറിയ ഒരു വലിയ ജനതയുടെ, അവസാനിക്കാത്ത തലമുറകളുടെ നിലവിളികള്‍, തിരസ്‌കരിക്കപ്പെട്ട മനുഷ്യജന്മങ്ങള്‍, അവരെ മനുഷ്യരെന്നു വിളിക്കാമോ, ആര്‍ക്കറിയാം, അവയത്രയും കടന്നു പോയ അഗ്‌നിപാതകളുടെ ചൂടു പൊള്ളിച്ച് നഗ്‌നനായി വായനക്കാരന്‍ ഏതോ മരുഭൂമിയുടെ മധ്യത്തില്‍ ഉപേക്ഷിക്കപ്പെടും. വായിച്ചവന് അതാനണനുഭവമെങ്കില്‍ അനുഭവിച്ചവന് അതെന്തായിരിക്കണം... 

അക്കര്‍മാശി വായിച്ചു തീരുമ്പോള്‍ വാക്കുകളത്രയും കരിഞ്ഞുപോയിരിക്കും. പുറമ്പോക്കുകളില്‍ എച്ചിലിലകള്‍ പോലെ തള്ളപ്പെട്ട മനുഷ്യരും അവരുടെ ഒടുങ്ങാത്ത വിശപ്പുമാണ്. പുഴുത്ത പട്ടിയുടെ വില പോലും കിട്ടാതെ അവര്‍ ആട്ടിപ്പായിക്കപ്പെട്ട വഴികളാണ്. ചാതുര്‍വര്‍ണ്യത്തിലെവിടെയും പെടാതെ ചണ്ഡാളരായും കാട്ടാളരായും സഹസ്രാബ്ദങ്ങള്‍ പുറന്തള്ളപ്പെട്ടവര്‍. അവരെ മനുഷ്യരാക്കിയെടുത്തത് സംവരണമാണ്. ഇനിയുമൊരു ആയിരം വര്‍ഷം കൂടി സംവരണം തുടര്‍ന്നാല്‍ പോലും അവര്‍ക്കു നഷ്ടപ്പെട്ട നീതിയുടെ ആയിരത്തിലൊന്നു പോലും അവര്‍ നേടിയെടുത്തേക്കില്ലെന്നു തോന്നും.

ബലാല്‍ക്കാരം ചെയ്യപ്പെടുന്ന ഓരോ ദളിത് സ്ത്രീയും എന്റെ സഹോദരിയാണെന്ന്, മര്‍ദ്ദിച്ചൊതുക്കപ്പെടുന്ന ഓരോ ദളിതനും എന്റെ സഹോദരനാണെന്ന്, വിശപ്പിന്റെ നരകക്കടല്‍ നീന്തിക്കടക്കാനാവാത്ത ബാല്യം എന്റെയാണെന്നു ഞാനിന്നറിയുന്നു. 

പുസ്തകം തീരുമ്പോള്‍, അവസാനത്തെ ഗര്‍വും നഷ്ടപ്പെട്ട്, നഗ്‌നനാക്കപ്പെട്ട് ഞാന്‍ ഏതോ മുള്‍ താഴ്‌വാരങ്ങളിലേക്കെറിയപ്പെട്ടു. ആയിരം കാരമുള്ളുകളാല്‍ കീറിയ ദേഹം പുനര്‍ജനിച്ച മനുഷ്യന്റേതായിരുന്നു. എല്ലാ പാപങ്ങളുടെയും കൊടും യാതനകള്‍ ഞാന്‍ താണ്ടിക്കഴിഞ്ഞിരുന്നു. എങ്കിലും വെളിച്ചം ഇനിയും എത്രയോ അകലെയാണ്. 

Content Highlights : Sibi Sathyan Reviews the autobiography akkarmashi by sarankumar limbale mathrubhumi books