ലോകം മുഴുവന്‍ വേദനകളാണെങ്കിലും, അതിനെ 
അതിജീവിക്കാനുള്ള ശക്തിയും ലോകംതന്നെ തരുന്നു.

വേദന നിറഞ്ഞ ബാല്യത്തെയും കൗമാരത്തെയും ധീരതയോടെ അതിജീവിച്ച ഹെലന്‍ കെല്ലറുടെ വാക്കുകളാണിവ. ആത്മവിശ്വാസത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മൂര്‍ത്തീഭാവമാണ് ഹെലന്‍ കെല്ലര്‍ എന്ന അമേരിക്കന്‍ വനിത. കാഴ്ചയും കേള്‍വിശക്തിയും നഷ്ടപ്പെട്ടിട്ടും ജീവിതത്തില്‍ തോറ്റു പിന്മാറാന്‍ അവര്‍ തയ്യാറായിരുന്നില്ല. കണ്ണും കാതും നഷ്ടമായ ആ ജീവിതം ഇതെല്ലാമുള്ളവരേക്കാള്‍ സാര്‍ത്ഥകമായിരുന്നു.

അമേരിക്കയിലെ അലബാമയില്‍ 1887 ജൂണ്‍ 27 നാണ് ഹെലന്‍ കെല്ലര്‍ ജനിച്ചത്. പത്തൊമ്പതു മാസം മാത്രം പ്രായമുള്ളപ്പോള്‍ ബാധിച്ച അജ്ഞാതരോഗമാണ് ഹെലന് കാഴ്ചയുടെയും കേള്‍വിയുടെയും ലോകം നിഷേധിച്ചത്. എന്നാല്‍ പ്രതിസന്ധികള്‍ക്കു മുന്നില്‍ തളരാതെ പിടിച്ചുനിന്ന ഹെലന്‍  'ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങള്‍ ആസ്വദിക്കാന്‍ കണ്ണോ കയ്യോ വേണ്ട, ഹൃദയം മതിയെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു. 

ഇരുട്ടും നിശബ്ദവുമായ ലോകത്തില്‍ നിന്ന് ഹെലനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതും പഠനത്തിന്റെ പാതയിലൂടെ കൈ പിടിച്ച് നടത്തിയതും അവരുടെ അധ്യാപികയായ ആനി മാന്‍സ് ഫീല്‍ഡ് സള്ളിവനായിരുന്നു. പാഠ്യവിഷയങ്ങള്‍ക്കപ്പുറത്ത് എന്താണ് സ്നേഹമെന്നും ഹെലനെ സള്ളിവന്‍ പഠിപ്പിച്ചു. പിന്നീട് ഉന്നത ബിരുദങ്ങള്‍ നേടിയ അവര്‍ ഇരുപതാം നൂറ്റാണ്ടിലെ സമുന്നത വ്യക്തിത്വങ്ങളിലൊരാളായിമാറി. 

ശുഭാപ്തിവിശ്വാസം എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

shubhapthiviswasam' ശുഭാപ്തിവിശ്വാസം, അതിനാല്‍, എന്റെ ഹൃദയത്തില്‍ത്തന്നെയുള്ള വസ്തുവാണ്. ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, എന്റെ ഹൃദയം ഒരു വൈരുധ്യവും കണ്ടെത്തുന്നില്ല. എന്റെ ഉള്ളിലുള്ള നന്മയുടെ പ്രപഞ്ചത്തെ സാധൂകരിക്കുന്ന കാഴ്ചകളാണ് അകത്തും പുറത്തും. ' - അവര്‍ കുറിച്ചു. 

മൂന്ന് ലേഖനങ്ങളിലൂടെ ശുഭാപ്തിവിശ്വാസത്തെക്കുറിച്ച് തികഞ്ഞ ഉള്‍ക്കാഴ്ച വായനക്കാരന് സമ്മാനിക്കുകയാണ് ഹെലന്‍ കെല്ലര്‍. ശുഭപ്തിവിശ്വാസം എന്ന പുസ്തകത്തില്‍. ശുഭപ്തിവിശ്വാസത്തെക്കുറിച്ച് ഹെലന്‍ എഴുതിയ ശേഷം ലോകത്ത് ഒട്ടനവധി മാറ്റങ്ങളുണ്ടായി. രണ്ട് ലോകമഹായുദ്ധങ്ങള്‍ ഉണ്ടായി. മനുഷ്യന്‍ ഭൂമിയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് യാത്ര ചെയ്തു. ആഗോളീകരിക്കപ്പെട്ട സമ്പദ് വ്യവസ്ഥ നിലവില്‍ വന്നു. എന്നാല്‍ ഇതിനെല്ലാം അപ്പുറം ഈ കാലഘട്ടത്തിലും അവരുടെ വാക്കുകള്‍ക്ക് പ്രസക്തി മങ്ങുന്നില്ല. 

ഹെലന്‍ കെല്ലറുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചെറുപ്പത്തില്‍ തന്നെ അന്ധതയും ബധിരയുമായിട്ടും വൈകല്യങ്ങളെയെല്ലാം അതിജീവിച്ച് സധൈര്യം മുന്നോട്ടുപോയ അവര്‍ ജീവിതത്തെ എങ്ങനെ നിറംപിടിപ്പിക്കാമെന്ന് ഈ പുസ്തകത്തില്‍ വിവരിക്കുന്നു. പരാജയങ്ങളെ തരണം ചെയ്ത് ആത്മധൈര്യത്തോടെ മുന്നോട്ട് നീങ്ങുവാനും സ്വകാര്യ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ പതറാതിരിക്കാനും ആ അമൂല്യ ഗ്രന്ഥം ഉള്‍ക്കാഴ്ച പകരുന്നു.

Content Highlights : Malayalam books, Malayalam Literature,Transilated books, shubhapthiviswasam, helen keller, Helen Keller Biography, The Story of my Life, Ente Jeevithakatha