ജ്ഞാതവും നിഗൂഢവുമായ തുരുത്തുകളിലേയ്‌ക്കൊരു വഴി തുറന്നിടുകയാണ് യാത്രയും നോവലും കവിതയുമൊക്കെയായിത്തീരുന്ന ഒരു പുസ്തകം. ഷൗക്കത്തിന്റെ ആദ്യനോവലായ 'ഏക്താരയുടെ ഉന്മാദം' സംഗീതം പൊഴിച്ചുകൊണ്ട് കാണാക്കാഴ്ചകളുടെ സ്വരലയത്തിന്റെ സിംഫണിയുണര്‍ത്തുന്നു. ഭൗതികലോകത്തിന്റെ സങ്കീര്‍ണ്ണതകളില്‍നിന്നും വിടുതല്‍ നേടാനാവുന്ന ധ്യാനാത്മകമായ അപരലോകത്തിന്റെ നിശബ്ദഗീതം ഹൃദയത്തിലൂടെ ഒഴുകുന്നതാണീ പാരായണത്തിന്റെ സൗഖ്യം. ധ്യാനവും പ്രണയവും ഇരുപുറങ്ങളാകുന്ന അപൂര്‍വബന്ധങ്ങളുടെ ആകസ്മികതകളിലേക്ക് നമ്മെ ഇണക്കിച്ചേര്‍ക്കുന്ന അനുഭവമാണ് ഈ കൃതി പകരുന്നത്.

മതം, ഭക്തി, മോക്ഷം എന്നിങ്ങനെയുള്ള സാമ്പ്രദായിക പരികല്പനകളില്‍ നിന്നും മുക്തമായ ആത്മസഞ്ചാരങ്ങളുടെ ഗഹനതയെ പരിചയപ്പെടുത്തുന്ന ഒരപൂര്‍വ്വനോവല്‍. അംഗദ് എന്ന ചെറുപ്പക്കാരന്റെയും ശ്രേയ എന്ന അയാളുടെ സുഹൃത്തിന്റെയുംസഞ്ചാരങ്ങളുടെ അപരിമേയമായ ആഹ്ലാദപ്രപഞ്ചമാണ് ഇവിടെ ആവിഷ്‌കൃതമാകുന്നത്. ഏക്താരയുടെ സംഗീതത്തിനോടൊത്ത് ചുവടുവയ്ക്കുന്ന പ്രണയവും ധ്യാനവും നോവലില്‍ മുഴുവന്‍ സ്പന്ദിക്കുന്നു. ഹിമാലയസാനുക്കളുടെ സൗന്ദര്യവും ഗിരിശൃംഗങ്ങളുടെ കുളിര്‍മ്മയുമെല്ലാം വായനക്കാരനെ അനുഭൂതിയുടെ ഔന്നത്യങ്ങളിലേക്ക് നയിക്കാന്‍ പോന്നവയാണ്. അംഗദും ശ്രേയയും പരസ്പരം പങ്കുവയ്ക്കുന്ന അനുഭവങ്ങളും യാത്രകളും ഇഴപിരിഞ്ഞ് കിടക്കുന്ന വഴിയിലൂടെ നമുക്കും സഹയാത്രികരാവാനുള്ള ഇടം കൂടി തെളിഞ്ഞുകാണുന്നുണ്ട്. സത്യത്തെയോ ബ്രഹ്മത്തെയോ ദൈവത്തെയോ തേടിയലഞ്ഞിട്ട് ഒരു കാര്യവുമില്ല. അത് ജീവിതത്തെ കൂടുതല്‍ കലുഷമാക്കുകയും ഇരുട്ടിലാഴ്ത്തുകയും ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് നമ്മുടെ ചുറ്റുപാടുകളിലൂടെ അലിഞ്ഞുചേര്‍ന്ന് സ്വതന്ത്രനായി ജീവിക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവിലേക്ക് ഷൗക്കത്ത്  നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഓരോരുത്തരും യാത്ര ചെയ്ത് തെളിയിച്ചെടുക്കേണ്ടതാണ് അവനവന്റെ വഴിയെന്ന ചിന്തയിലേക്കും നമ്മെയുണര്‍ത്തുന്നുണ്ട് ഈ നോവല്‍.

ജ്ഞാനവൈവിധ്യങ്ങളുടെ സങ്കീര്‍ണതയെ ഗുരുക്കന്മാര്‍ എങ്ങിനെയാണ് ധ്യാനാത്മകതയിലൂടെ സരളമാക്കിത്തീര്‍ത്തതെന്ന് അവരുടെ ജീവിതം തൊട്ടറിഞ്ഞുകൊണ്ടാണ് അംഗുദും ശ്രേയയും മനസ്സിലാക്കുന്നത്. ആത്മവിദ്യയാല്‍ അസാമാന്യരായ അത്ഭുതമനുഷ്യര്‍ അജ്ഞാതവാസം ചെയ്യുന്നിടത്തുനിന്ന് അനേകായിരം കാതങ്ങള്‍ താണ്ടി അവരുടെ ശബ്ദം, അവരെ തേടുന്നവരുടെ കാതില്‍സ്പന്ദിക്കുന്നതിന്റെ മധുരിമയാണ് ഈ യാത്രികരെ വിസ്മയിപ്പിച്ചത്. അതവരെ ഉന്മാദത്തിന്റെ താഴ്വാരങ്ങളിലേയ്ക്ക് ആനയിച്ചുകൊണ്ടേയിരുന്നു.

സ്വാഭാവികമായ ഗതീയതയാണ് അംഗദിന്റെ ഓരോ യാത്രയുടേയും സവിശേഷത. യാന്ത്രികമായ പദചലനങ്ങള്‍ ലക്ഷ്യങ്ങളിലേക്ക് തന്നെയാണ് അയാളെ കൊണ്ടെത്തിച്ചത്. അംഗദിനോടൊപ്പം അയാളുടെ തന്നെ ആത്മരൂപമായിത്തീര്‍ന്ന ശ്രേയയും. അജ്ഞാതസ്ഥലികളിലേക്കുള്ള പ്രയാണങ്ങളെല്ലാം നിഗൂഢരഹസ്യങ്ങള്‍ പേറുന്നവയാണെന്നുള്ള ഉള്‍ബോധം അയാള്‍ക്കുള്ളില്‍ സദാ മുഴങ്ങിക്കൊണ്ടേയിരുന്നു. പുനരാവര്‍ത്തനങ്ങള്‍ ഇല്ലാത്ത യാത്രകളില്‍ നിന്നാണ് അനിര്‍വചനീയമായ ആനന്ദരഹസ്യങ്ങള്‍ മനസ്സിലാക്കുന്നത്, അവിടെ അത്ഭുതാദരത്തോടെ നില്ക്കുന്ന അംഗദ് വായനക്കാരനേയും അത്ഭുതപരതന്ത്രനാക്കുന്നു. ദര്‍ശനങ്ങളും തത്ത്വചിന്തയും മതേതരമായ അനുഭൂതികതയായിത്തീരുന്നുവെന്ന സത്യബോധനം ഇവിടെ എഴുത്തുകാരന്റെ ഉദ്ദേശ്യമായിത്തീരുന്നു.

വൈവിധ്യാത്മകമായ ഹിമവല്‍കേന്ദ്രങ്ങളെല്ലാം തന്നെ കാരുണ്യമാണ് സഹജീവനത്തിന്റെ സഹജമായ വഴിയെന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തുന്നു. കഠിനസഞ്ചാരങ്ങളില്‍ നിന്ന് അംഗദും ശ്രേയയും അനുഭവിച്ച മാധുര്യം അതാണ് വായനക്കാരനോടോതുന്നത്.

അംഗദ് 'രാധ'യെ കണ്ടുമുട്ടിയ അപൂര്‍വ്വനിമിഷങ്ങള്‍ ജന്മാന്തരസ്മരണകളുടെ സ്ഫുലിംഗങ്ങളുണര്‍ത്തി. രാധയിലൂടെ 'അജ്ജ'യെന്ന അത്ഭുതമനുഷ്യന്റെ വിചിത്രജീവിതത്തിലേക്കുള്ള വഴികൂടിയായി അത് മാറുന്നു. ഒരേ സമയം ലൗകികതയും അലൗകികതയും നമ്മെ ഭ്രമിപ്പിച്ചുകൊണ്ട് ആനന്ദിപ്പിക്കുകയാണ് ഈ കൃതിയില്‍. ജടാധാരികളായ യോഗിമാരുടെ അറിവും അലിവും സഹാനുഭൂതിയുടെ സാക്ഷ്യങ്ങളായിട്ടാണ് അംഗദും ശ്രേയയും അറിയുന്നത്. ശരീരമില്ലാത്ത ഗുരുക്കന്മാരുടെയെല്ലാം അനുഗ്രഹാതിരേകങ്ങള്‍ ജന്മാന്തരങ്ങളിലൂടെ ഹിമാലയഗുഹാന്തരങ്ങളില്‍ അനുഭവിച്ചതിന്റെ ഉന്മാദങ്ങളെ ഷൗക്കത്ത് അംഗദിലൂടെ വെളിപ്പെടുത്തുന്നു.

book
പുസ്തകം വാങ്ങാം

സ്ത്രീപുരുഷബന്ധങ്ങളിലെ അപൂര്‍വചാരുതയും ഈ നോവലിന്റെ മറ്റൊരു വശ്യതയാണ്. ലൈംഗികതയ്ക്കപ്പുറം ശരീരം പകരുന്ന ഊഷ്മളതലങ്ങള്‍ സൗഹൃദങ്ങള്‍ സാക്ഷാത്കരിക്കുന്നതിന്റെ അപൂര്‍വ്വതകളിലേയ്ക്ക് കൂടി ഈ കൃതി നമ്മെ ക്ഷണിക്കുന്നു. ''എല്ലാ അന്വേഷണങ്ങളും അവസാനിക്കുന്നിടത്താണ് ആത്മീയതയെന്തെന്നറിയുന്നത്'' എന്ന് പറഞ്ഞുകൊണ്ട് കാര്‍മേഘങ്ങളില്‍നിന്നും സൂര്യനിലേയ്‌ക്കെത്തുന്ന ബോധത്തെയാണ് നാമുണര്‍ത്തേണ്ടതെന്ന് അംഗദ് ഓര്‍മ്മിപ്പിക്കുന്നു. അവിചാരിതമായെത്തുന്ന സൗഹൃദങ്ങളിലൂടെ ആകാശത്തേയ്ക്ക് ചിറകുവിടര്‍ത്തിയുയരുമ്പോള്‍ ഞാനും നീയുമെന്ന വേറിടലുകള്‍ ഇല്ലാതാവുന്നു. ഇതത്ര എളുപ്പമല്ലെങ്കിലും അംഗദിന്റെ ആത്മഭാവമായൊഴുകുന്ന ശ്രേയയും ഈ ആത്മൗന്നത്യത്തിലേയ്ക്ക് എത്തിച്ചേരുന്നു. ഒടുവില്‍ ഇരുവഴികളിലേയ്ക്ക് യാത്രയാകുമ്പോള്‍പോലും ഹൃദയൈക്യത്തിന്റെ പാരസ്പര്യത്താല്‍ സമ്പന്നരാണ് അവര്‍. ഭൗതികസങ്കീര്‍ണ്ണതകള്‍ ഏറെ ക്ഷണികമാണ്,  അവയെല്ലാം മാഞ്ഞുപോയാലും നക്ഷത്രങ്ങളെ നോക്കി മന്ദഹസിക്കുവാനുള്ള ഹൃദയം മാത്രമേ നമുക്കു വേണ്ടൂ എന്ന തത്ത്വം ഈ നോവൽ അവസാനിക്കുമ്പോള്‍ പ്രകാശപൂര്‍ണ്ണിമയോടെ  വായനക്കാരനിലേക്ക് ചേക്കേറുന്നു.  കാറ്റിന്റെ ഗതിയില്‍ പറന്നിറങ്ങിയ അപ്പൂപ്പന്‍ താടിപോലെ വായനക്കൊടുവില്‍ നാം താഴേക്കൂര്‍ന്നിറങ്ങുന്ന സുഖാനുഭൂതി. ഭാഷയുടെ സാരള്യവും മൃദുത്വവും ദാര്‍ശനികഗഹനതകളിലേക്ക് സഞ്ചരിക്കുമ്പോഴും ഷൗക്കത്ത് എന്ന എഴുത്തുകാരന്റെ കയ്യില്‍ ഏറെ സുരക്ഷിതം.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം​

Content Highlights: Shoukath Malayalam Book Review Mathrubhumi Books