കം നിറഞ്ഞ സ്ഥിതിയില്‍ നിന്നു പുറത്തേക്കുള്ള ഗതിയില്‍, തീവ്രതകള്‍ ഉരഞ്ഞു മിനുസം വന്ന്, നല്ലതും തീയതും ചേര്‍ന്ന് സ്ഫുടം ചെയ്ത്, ഇല്ലാത്തതു തിരിച്ചറിഞ്ഞുള്‍ക്കൊണ്ടും, ഉള്ളതു പരിപാകം ചെയ്തും, നവീകരിക്കപ്പെട്ട മറ്റൊന്നായി ഒഴുകി മടങ്ങിയെത്തുന്ന ജീവല്‍പ്രവാഹങ്ങളാണ് യാത്രകള്‍.

നാരായണ ഗുരുവിന്റെ പാരമ്പര്യം പിന്‍പറ്റുന്ന നമ്മുടെ കാലത്തെ ഗുരുശിഷ്യനാണ് ഷൗക്കത്ത്. 'ശ്രീ' യോ 'ഗുരു' വോ മുന്നിലോ പിന്നിലോ കൂട്ടി വിളക്കി ഗാംഭീര്യം പെരുപ്പിക്കാന്‍ തയ്യാറല്ലാത്ത, പച്ചമണ്ണിന്‍ മനുഷ്യത്വം പേറുന്നൊരു സന്ന്യാസി. നിത്യ ചൈതന്യമായി ജീവനില്‍ നിറഞ്ഞിരിക്കുന്ന ഗുരുനാഥനെ സത്യസന്ധമായി പ്രതിഫലിപ്പിച്ചുകൊണ്ടിരിക്കുന്ന ശിഷ്യന്‍. ഷൗക്കത്ത് സഹജോത്സുവിന്റെ ഹിമാലയ യാത്രാനുഭവങ്ങളാണ് യാത്രകളുടെ ഈ പുസ്തകം നിറയെ.

ഒരേ ആചാര്യന്റെ ആത്മീയ ഉദരത്തില്‍ നിന്നു പിറന്ന ഇരട്ടക്കുട്ടികളായ ഷൗക്കത്തും ഗായത്രിയും അന്യോന്യം തണലേകിത്തുടരുന്ന യാത്ര. ഹിന്ദി ഭാഷയില്‍ വലിയ പ്രാവീണ്യമില്ലാത്ത ഷൗക്കത്തിന്റെ നാവായും കാതായും യാത്രയിലുടനീളം നിറഞ്ഞു നിന്നത് ഗായത്രിയായിരുന്നു. 

ഹര്‍ദ്വാര്‍, ഋഷികേശ് തുടങ്ങി ഹിമാവാനിലേക്കുള്ള ഓരോ പടവുകളും, പൂര്‍വ്വസൂരികളുടെ ബൃഹദ്പ്പദങ്ങളില്‍ നിറഞ്ഞു ചവിട്ടി അവര്‍ പിന്നിട്ടു. യാത്രകള്‍ അനുഭവങ്ങളുടെ ഒരു കുത്തൊഴുക്കാണ് നമ്മുടെ പഞ്ചേന്ദ്രിയങ്ങളില്‍ നിറയ്ക്കുന്നത്. നിശബ്ദമായി യാത്ര ചെയ്താല്‍പ്പോലും പകര്‍ന്നു കിട്ടുന്ന അനുഭൂതികള്‍ മറ്റേതൊരു മാര്‍ഗത്തിലും ലഭ്യമാകില്ല തന്നെ. ജീവിതാനുഭവങ്ങളുടെ ഭാണ്ഡങ്ങള്‍ പേറി മഞ്ഞു പോലൊഴുകി നടക്കുന്ന മഹാമനീഷികളെ കണ്ടുമുട്ടുകയും അവരുമായി സംവദിക്കുകയും ചെയ്യുക എന്ന ഭാഗ്യവും ഹിമാലയ യാത്രകളുടെ പ്രത്യേകതയാണ്. ഇത്തരത്തില്‍ ഒരു പഠന യാത്ര കൂടിയാണ് ഇവരുടെ യാത്രയും. ബൗദ്ധികവും ആദ്ധ്യാത്മികവുമായ കൊടുക്കല്‍ വാങ്ങലുകള്‍ അറിവിന്റെയും തിരിച്ചറിവിന്റെയും ഭാണ്ഡങ്ങളില്‍ നിറച്ചു കൊണ്ടേയിരിക്കുന്നുണ്ടവര്‍. ഒഴിഞ്ഞ പാത്രവുമായി വന്നാല്‍ ഹിമാലയത്തിലേക്കു വന്നാല്‍ നിറഞ്ഞ പാത്രവുമായി മടങ്ങിപ്പോകാം എന്ന് ഷൗക്കത്ത് തന്നെ പറയുന്നുണ്ട്. ഗുരുദര്‍ശനത്തിലെ മുത്തും പവിഴവും സൗമ്യമായി അവരിലേക്കു പകരാന്‍ ഷൗക്കത്തും,  ഭാഷാഭേദം വകഞ്ഞു മാറ്റാന്‍ ഗായത്രിയും കൈകോര്‍ത്തു ശ്രമിക്കുന്നു.

യമുനോത്രിയിലേക്കുള്ള കാല്‍നടയാത്ര അതീവ ദുര്‍ഘടമായിരുന്നു. അതുവരെ അപരിചിതരായിരുന്ന യാത്ര സംഘാംഗങ്ങള്‍ പരസ്പരം കൈകോര്‍ത്തു നീങ്ങുന്ന കാഴ്ചയാണ് പിന്നീട് നമ്മള്‍ കാണുന്നത്. നിരന്തരം വളരുന്ന ഹിമാലയം, യാത്രികരുടെ ഉള്ളിന്റെയുള്ളിലുറഞ്ഞു വറ്റിപ്പോയ മാനുഷിക മൂല്യങ്ങളെ പുതുക്കിപ്പണിയുക എന്ന മഹത്തായ ധര്‍മ്മവും നിര്‍വഹിക്കുന്നുണ്ട്. 

തണുത്തുറഞ്ഞ ഗിരിശൃംഗങ്ങള്‍ക്കിടയില്‍ ഹിമാവാനൊരുക്കിവച്ചിരിക്കുന്ന അനവധി വിസ്മയങ്ങളിലൊന്നാണ് ചൂടു നീരുറവകള്‍. തണുത്തുറഞ്ഞു മരവിച്ച് യാത്ര പാതിവഴി നിര്‍ത്തി മടങ്ങാനൊരുങ്ങുന്നവരെ തന്റെ മാര്‍ത്തട്ടിലേക്ക് ഊഷ്മളമായി ചേര്‍ത്തു നിര്‍ത്തുന്ന ഹിമാലയന്‍ സ്‌നേഹങ്ങളിലൊന്നായും ഇതിനെ കരുതാം. 

ഹിമവാന്റെ മടക്കുകളിലൊന്നില്‍ ഇടയന്മാരായി ഉപജീവിക്കുകയും ഒഴിവുസമയങ്ങള്‍ വായനയും സാധനയും കീര്‍ത്തനാലാപനങ്ങളുമായി കഴിയുകയും, ആഴ്ചയിലൊരിക്കല്‍ മലയടിവാരമുള്ള വീട്ടിലേക്ക് സമ്പാദ്യങ്ങളുമായി പോവുകയും ചെയ്യുന്നവര്‍. ശിവമൂലിയുടെ തീവ്രതയില്‍ ഘനമേതുമില്ലാതെ തൂവല്‍ പോല്‍  ഒഴുകി നടക്കുന്ന കുട്ടിശിവന്മാര്‍, പുണ്യം വിറ്റ് കുടുംബം പോറ്റുന്ന പുരോഹിതര്‍, ആത്മീയ 'സംഘടന'കളുടെ നടത്തിപ്പുകാര്‍, പൂര്‍വ്വജന്മ-പുനര്‍ജന്മ മായകളില്‍ മയങ്ങി ജീവിക്കുന്നവര്‍, ലോകം നന്നാവാന്‍ അവതാരപ്പിറവികള്‍ക്കായി കാത്തിരുന്നു നിരാശപ്പെടുന്നവര്‍. എത്രയെത്ര വ്യക്തികള്‍, സമൂഹങ്ങള്‍, സാഹചര്യങ്ങള്‍, അനുഭവങ്ങള്‍.

ഗോമുഖില്‍, മഞ്ഞില്‍ നിന്നൂറി വരുന്ന നീര്‍ത്തുള്ളികള്‍ കാതങ്ങളൊഴുകി തിടം വച്ച് ഭഗീരഥിയായൊഴുകി, മന്ദാകിനിയുമായിച്ചേര്‍ന്ന് ഗംഗയായി മാറി, പിന്നെയുമൊഴുകിയൊഴുകി ഹൂഗ്ലിയായി ബംഗാള്‍ ഉള്‍ക്കടലിലേക്കവസാനിക്കുന്നത്. ചിലയിടങ്ങളില്‍ ഗംഗ പുണ്യ നദിയായി നിവേദ്യങ്ങളേറ്റു വാങ്ങുന്നതും, മറ്റിടങ്ങളില്‍ മാലിന്യമേറ്റു വാങ്ങുന്നതുമെല്ലാം ഷൗക്കത്ത് വേദനയോടെ വിവരിക്കുന്നുണ്ട്.

ഗംഗയെ ഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്ന ഭഗീരഥന്റെ കഥ കേള്‍പ്പിച്ചശേഷം, അതിന്റെ സാരമായി ഷൗക്കത്ത് ഇങ്ങനെ പറയുന്നു. നിരന്തരമായ ശ്രദ്ധയോടെ ഭഗീരഥ പ്രയത്‌നം ചെയ്താല്‍ മാത്രമേ ശുദ്ധബോധമായ ഗംഗ ഉള്ളില്‍ നിറയുകയുള്ളൂ. പുരാണങ്ങള്‍ നന്നായി സംവിധാനം ചെയ്യപ്പെട്ട കഥകള്‍ മാത്രമെന്നും അവയെ യുക്തമായി എങ്ങനെ ഉള്‍ക്കൊള്ളാമെന്നും ഇതിലും കൃത്യമായി എങ്ങനെ പറയും. ഭക്തിയെന്ന മായാപ്രവാഹത്തില്‍ അലിഞ്ഞ് കണ്ണില്‍ ഇരുള്‍ നിറഞ്ഞിട്ടും അതറിയാതെ ഉഴറി നടക്കുന്ന ഗുരുക്കന്മാരും, അവരുടെ വടി പിടിച്ചന്ധമായി അനുധാവനം ചെയ്യുന്ന ശിഷ്യഗണങ്ങളും നമുക്ക് പരിചിതമാണ്. അവിടെയാണ്, വിടര്‍ന്ന മിഴികളും തെളിഞ്ഞ പ്രജ്ഞയുമായി സ്വയം ഗുരുവെന്നൊരിക്കലും ഭാവിച്ചിടാത്ത ഷൗക്കത്തിനെ നമ്മുടെ കാലം തിരിച്ചറിയേണ്ടത്. വിശാസം, ഭക്തി എന്നൊക്കെ വിവക്ഷിക്കപ്പെടുന്ന വികാരങ്ങള്‍ ആരാധനാലയങ്ങളില്‍ നിന്നും പകര്‍ന്നു കിട്ടുന്നതല്ല, നമ്മുടെ ഉള്ളില്‍ നിന്നുരുവം കൊണ്ടു നമ്മില്‍ത്തന്നെ നിറയുന്ന അനുഭൂതികളാണ് എന്നാണ് ഷൗക്കത്ത് കരുതുന്നത്. 

ഹിമാലയന്‍ യാത്രയില്‍ കണ്ടു മുട്ടുന്ന ഒരോ ആളും ചിരപരിചിതരെപ്പോലെ ഹൃദ്യമായി പെരുമാറുകയും, വേദനയോടെ പിരിഞ്ഞു പോവുകയും ചെയ്യുന്നു. ആശ്രമങ്ങളിലെ ഊഷ്മളമായ ആതിഥ്യം, ഒന്നുമാവശ്യപ്പെടാതെ ചെയ്തു കിട്ടുന്ന സൗകര്യങ്ങള്‍.

ഗംഗോത്രിയില്‍ നിന്ന് ഗോമുഖിലേക്കും അവിടുന്ന് തപോവനിലേക്കും അവര്‍ ഒഴുകുന്നു. ഓരോ തരിയിലും അരിച്ചു കയറുന്ന തണുപ്പിന്റെ അകമ്പടിയോടെ നമ്മളും അവരെ പിന്തുടരുന്നു. കാണണമെന്നു കൊതിക്കുന്നവരെ ഹിമവാന്‍ മുന്നില്‍ കൊണ്ടു നിര്‍ത്തുന്നു. യാത്രയ്ക്കിടയില്‍ അവര്‍ കണ്ടു മുട്ടുന്ന പര്‍വ്വതാരോഹകരില്‍ ഒരാളുടെ അഭിപ്രായം ശ്രദ്ധേയമാണ്. പതിനഞ്ചു വയസ്സിനുള്ളില്‍ ഒരിക്കലെങ്കിലും കുട്ടികള്‍ ഹിമാലയം കണ്ടിറങ്ങിയാല്‍ അവരുടെ ജീവിതത്തില്‍ അതൊരു വലിയ മൂലധനമായിരിക്കും എന്ന്.

'കഴിയില്ല' എന്നു കരുതുന്ന ഉയരങ്ങളിലേക്ക് 'കഴിയും' എന്ന വാക്കില്‍ വിശ്വസിച്ച് അനായാസം ആകാശഗംഗയിലേക്ക് പിടിച്ചുകയറുന്ന ഗായത്രി ഒരു വലിയ പാഠമാണ്. ഷൗക്കത്ത്, 'You can't' എന്നു പറഞ്ഞത് 'You Can' എന്നു തെറ്റായി കേട്ടാണ് ഗായത്രി ആ സാഹത്തിന് മുതിരുന്നതും വിജയകരമായി അതു പൂര്‍ത്തിയാക്കുന്നതും. ഗായത്രി കേട്ടതല്ല, താന്‍ പറഞ്ഞതാണ് അല്ലെങ്കില്‍ അങ്ങനെ ധരിച്ചതാണ് തെറ്റായിപ്പോയതെന്ന പാഠം ഷൗക്കത്തില്‍ ഒരു വലിയ മൗനമായി നിറയുന്ന ദൃശ്യം നമ്മളോടും ചിലതെല്ലാം സംവദിക്കുന്നുണ്ട്.

ഹിമാലയത്തിന്റെ ഉന്നതിയില്‍, മാനുഷിക മൂല്യങ്ങള്‍ പരകോടിയില്‍ വിലയം പ്രാപിച്ചിരിക്കുന്നയിടത്തില്‍പ്പോലും, ജാതിവ്യവസ്ഥയുടെ തീവ്ര ദുര്‍ഗന്ധം മനസ്സിനെ മുറിവേല്‍പ്പിച്ച ഒരു സംഭവം ഷൗക്കത്ത് വിവരിക്കുന്നുണ്ട്. താന്‍ ജനിച്ച മതം തുറന്നു പറഞ്ഞതിന്റെ പേരില്‍ അപകടത്തിന്റെ വക്കില്‍ച്ചെന്നു പെട്ട് കഷ്ടി രക്ഷപെട്ട അനുഭവവും കൂട്ടിവായിക്കാം.

കമ്യുണിസത്തോടും കമ്യുണിസ്റ്റുകാരോടുമുള്ള മുന്‍വിധികളും, പൊതുബോധവും മറ്റേതൊരു മലയാളിയെയും പോലെ ഷൗക്കത്തിലും ചെറുതല്ലാതെയുണ്ടായിരുന്നു. ബംഗാളില്‍ നിന്നുള്ള കമ്യുണിസ്റ്റുകാരനായ ഒരു തീര്‍ത്ഥാടകന്‍ ഷൗക്കത്തിന്റെ മുന്‍വിധികള്‍ കുറെയെല്ലാം തിരുത്താന്‍ കാരണക്കാരനാവുന്നുണ്ട്. വര്‍ഗ്ഗരഹിത സമൂഹ സൃഷ്ടിയിലേക്ക് മനുഷ്യകുലത്തെ നയിക്കുക വരട്ടുതത്വവാദമോ കേവലയുക്തിവാദമോ അല്ലെന്നും, മനുഷ്യനെ സംബന്ധിക്കുന്നതൊന്നും തങ്ങള്‍ക്കന്യമല്ലെന്നു തിരിച്ചറിയുന്ന ജൈവികമായ പ്രത്യശാസ്ത്രമാണെന്നും, അതിന്റെ പ്രായോഗിക വഴികളാണെന്നും അദ്ദേഹത്തിന് ഏറെക്കുറെ ബോധ്യപ്പെടാന്‍ ഇടയായി എന്നു കരുതാം. ജീവികുലത്തിന് നന്മയാഗ്രഹിക്കുന്ന എല്ലാറ്റിനോടും ഇന്ദ്രിയങ്ങള്‍ തുറന്നു ജീവിക്കുന്ന സന്ന്യാസിവര്യന് അങ്ങനെയാവാതിരിക്കാന്‍ തരമില്ലതാനും.

ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ പ്രഖ്യാപിത ആശ്രമങ്ങളെക്കുറിച്ചുള്ള യാഥാസ്ഥിതിക ധാരണകളില്‍ നിന്നെല്ലാം വ്യത്യസ്തമായി യുക്തിബദ്ധവും, പ്രായോഗികവുമായ വിശദീകരണമാണ് കേദാര്‍നാഥില്‍ വച്ചു നടക്കുന്ന ഒരു സംവാദത്തില്‍ ഷൗക്കത്ത് നല്‍കുന്നത്. അന്ധമായ വിശ്വാസങ്ങളില്‍ തപ്പിത്തടയുന്ന, അതിലേക്ക് ഒരു തരിപോലും പ്രകാശം കടക്കാന്‍ അനുവദിക്കില്ലെന്ന് സ്വയം ശഠിക്കുന്ന ഭൂരിപക്ഷത്തിനും ഈ ദര്‍ശനം പഥ്യമാകണമെന്നില്ല. എന്നാല്‍ നാരായണശിഷ്യപരമ്പരയില്‍ നിന്നുമുരുവം കൊണ്ട ഒരാള്‍ക്ക് ഇങ്ങനെയല്ലാതെ മറിച്ചു ചിന്തിക്കാന്‍ കഴിയില്ലല്ലോ.

അമര്‍നാഥ് സന്ദര്‍നത്തിന്റെ ഭാഗമായി, സൗന്ദര്യവും സംഘര്‍ഷവും പ്രണയിക്കുന്ന കശ്മീര്‍ താഴ്വരയിലൂടെ കടന്നു പോകാനും അവര്‍ക്കവസരം ലഭിച്ചിരുന്നു. ആരുടേതാണ്,ആര്‍ക്കുവേണ്ടിയാണ് കശ്മീര്‍ എന്ന പ്രസക്തമായ ചോദ്യം അവരെത്തേടിയെത്തുന്നു. ദേശദ്രോഹികള്‍ക്കും ദേശസ്‌നേഹികള്‍ക്കുമിടയില്‍ ഞെരിഞ്ഞു പിടയുന്ന സ്വാതന്ത്ര്യത്തിന്റെ പേരാണ് കശ്മീര്‍ എന്ന ദുഃഖസത്യം അവര്‍ തിരിച്ചറിയുന്നു.

book shoukath
പുസ്തകം വാങ്ങാം

ഭാഷാപരമായ ആര്‍ഭാടങ്ങളൊന്നും തന്നെ ഈ പുസ്തകത്തെ വല്ലാതെ ഘനപ്പെടുത്തുന്നില്ല. പക്ഷെ, വായന ഒരു ഘട്ടം പിന്നിടുമ്പോള്‍ വിശാലമായൊരു മഞ്ഞു കമ്പളമായി ഹിമാലയം നമ്മെപ്പൊതിയുകയും, തണുപ്പിന്റെ കിരണങ്ങള്‍ ഉള്ളിലേക്കരിച്ചിറങ്ങി നിറയുകയും ചെയ്യും. പിന്നീടങ്ങോട്ട്, എള്ളോളം ചെറുതായ അഹവും, പ്രപഞ്ചത്തോളം വിശാലവികസ്വരമായ മനസ്സുമായി ജീവല്‍ പ്രവാഹത്തിലെ വെറുമൊരു തുള്ളി മാത്രമായ്, ഷൗക്കത്തിനും ഗായത്രിയ്ക്കുമൊപ്പം നമ്മളും ഒഴുകി നടക്കും. ഈ യാത്രയുടെ പല ഘട്ടങ്ങളിലും പ്രകൃതി ഒരുക്കിയ വിസ്മയ പ്രപഞ്ചത്തില്‍ ആണ്ടിറങ്ങി നിന്ന്, അക്ഷരങ്ങളിലേക്കു പകരാനാവാത്ത അനുഭൂതികളില്‍ അലിഞ്ഞലിഞ്ഞ്, നിറകണ്ണുകളോടെ, അതിലേറെ നിറഞ്ഞ മനസ്സോടെ ഹൃദയം കൂപ്പുന്നുണ്ടവര്‍; ആഗ്രഹിക്കുന്നവരെ ആകര്‍ഷിച്ചടുപ്പിക്കുന്ന, വിസ്മയധവള ശൃഖലയിലേക്ക് അനുവാചകനെ സ്‌നേഹത്തോടെ സ്വാഗതം ചെയ്തുകൊണ്ട്. 

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Shoukath Malayalam Book Himalayam Book Review