ഴുപത് വെറും അക്കമാണെന്നും ഇപ്പോഴും താന്‍ ജീവിതം ആസ്വദിക്കുകയാണെന്നും ലോകത്തോട് വിളിച്ചുപറയുകയാണ് എഴുത്തുകാരിയും നിരൂപകയുമായ ശോഭ ഡേ, 'സെവന്റി ആന്‍ഡ് ടു ഹെല്‍ വിത്ത് ഇറ്റ്' എന്ന പുസ്തകത്തിലൂടെ. മനസ്സിലും ശരീരത്തിലും നര ബാധിച്ച പ്രായം, ജീവിതത്തിന്റെ എഴുപത് വര്‍ഷങ്ങള്‍, ചുളുങ്ങിയ ത്വക്കും ഉത്കണ്ഠ നിറഞ്ഞ ചിന്തകളും മനസ്സിനെ കീഴടക്കുമെന്ന് ലോകം മുദ്രകുത്തിയ ജീവിതത്തിലെ ഒരു ഏട്. 

എന്നാല്‍, ഇതൊന്നുമല്ല വാസ്തവമെന്ന്  ജീവിതത്തിന്റെ എല്ലാ പ്രസരിപ്പും ഉള്‍ക്കൊണ്ട് അവര്‍ പറയുന്നു. ജീവിതം അക്ഷരങ്ങള്‍ കൊണ്ട് അലങ്കരിക്കുന്നു. എഴുതുക എന്നതു മാത്രമാണ് ഈ പുസ്തകമെഴുതുന്നതിലൂടെ താന്‍ ചെയ്തതെന്ന് ശോഭ പറയുന്നു. എഴുതാതിരിക്കുക എന്നത് അത്രമേല്‍ ദുസ്സഹമാണ്. സന്ദേശങ്ങളോ, ജ്ഞാനശകലങ്ങളോ, മികച്ച ജീവിതമോ അല്ല ഈ പുസ്തകത്തിലൂടെ ശോഭ പങ്കുവയ്ക്കുന്നത്.

എഴുത്തുകാരി, ഭാര്യ, അമ്മ, മുത്തശ്ശി, സഹോദരി തുടങ്ങി ഏഴ് പതിറ്റാണ്ടുകളായി തന്റെ ജീവിതത്തിലുള്ള വ്യത്യസ്ത ഭാവങ്ങളെയും, ആ നിമിഷങ്ങളിലെ നല്ലതും ചീത്തയും ഭംഗിയുള്ളതുമായ ചിത്രങ്ങളെയും വായനക്കാരിലേക്കെത്തിക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ഉദ്ദേശ്യം. ജീവിതത്തിലെ ഏത് കാലഘട്ടത്തില്‍ എത്തി നില്‍ക്കുന്ന വായനക്കാര്‍ക്കും ഈ പുസ്തകത്തിലൂടെ തങ്ങളിലേക്ക് എത്തിനോട്ടം നടത്താന്‍ കഴിയുമെന്ന് തീര്‍ച്ച. 

seventy and the hell with itലോകത്തെ ഏറ്റവും മികച്ച സുഗന്ധം ജീവിതത്തിന്റെ സൗന്ദര്യമാണെന്നാണ് ശോഭ വായനക്കാരോട് പറയുന്നത്. തന്റെ ജീവിതത്തില്‍ ഓരോ നിമിഷവും വാക്കുകളാക്കുന്നത് സ്വയം പുകഴ്ത്തുന്നതിനോ തന്റെ ജീവിതത്തെ ആലങ്കാരികമാക്കാനോ അല്ല, മറിച്ച് എപ്പോള്‍ വേണമെങ്കിലും സ്വന്തം ജീവിതത്തിലേക്ക് എത്തിനോക്കാന്‍ സാധിക്കുന്ന ഒരു നിധിയെ തനിക്കായി സമ്മാനിക്കാനാണ്. 'എന്തുകൊണ്ട് പാടില്ല' എന്ന മന്ത്രം കൈമുതലാക്കി ജീവിതത്തില്‍ സ്വന്തം ഇഷ്ടങ്ങള്‍ നേടിയ ഈ വനിത, താന്‍ പൊരുതി ജയിച്ച നിമിഷങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കുകയാണ് ഈ പുസ്തകത്തിലൂടെ. തന്റെ ജീവിതത്തെ കുറിച്ച് ജനങ്ങള്‍ക്ക് ഏതു രീതിയിലും അറിയാന്‍ സാധിക്കും. 

എന്നാല്‍, എന്താണ് യഥാര്‍ത്ഥ ശോഭ ഡേ എന്ന് അറിയണമെങ്കില്‍ അത് സ്വയം പറണ്ടേതാണെന്ന് ശോഭ പറയുന്നു. 'നിങ്ങളെ കുറിച്ച് വിക്കിപീഡിയ അങ്ങനെ പറഞ്ഞല്ലോ' എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. കാരണം, അവിടെ എഴുതുന്നവര്‍ക്ക് എന്നെ അറിയണമെന്നില്ല -ശോഭ തന്റെ പുസ്തകത്തില്‍ കുറിയ്ക്കുന്നു. 

സ്‌നേഹമാണ് ജീവിതത്തിന്റെ അന്തസത്തയെന്ന് അവര്‍ എഴുതുന്നു. എത്ര നൂറ്റാണ്ടുകള്‍ ജീവിച്ചാലും സ്‌നേഹത്തെ അറിയാതെ, സ്‌നേഹം നല്‍കാതെ, മനസ്സിലാക്കാതെ മരിച്ചിട്ട് കാര്യമില്ല. സ്‌നേഹം മാത്രമാണ് സത്യം. അതു പകരുന്നതാണ്, മനസ്സിലാക്കുന്നതാണ് ജീവിതം -ശോഭ പറയുന്നു. 'പെന്‍ഗ്വിന്‍ ബുക്‌സ്' പുറത്തിറക്കുന്ന 'സെവന്റി ആന്‍ഡ് ടു ഹെല്‍ വിത്ത് ഇറ്റി'ന്റെ മുഖവില 399 രൂപയാണ്.

Content Highlights : shobha dé books, shobha dé, Seventy and to hell with it