ലിംഗസമത്വം, ലിംഗരാഷ്ട്രീയം എന്നൊക്കെ തുടര്‍ച്ചയായി കേള്‍ക്കുമ്പോഴും അസഹിഷ്ണുതയുടെയും അസമത്വത്തിന്റേയും മധ്യേയാണ് നാം ഇപ്പോഴും. പെണ്‍ലോകങ്ങളിലേക്കുള്ള ഏത് കാഴ്ചയിലും നീതിനിഷേധത്തിന്റെ ആസൂത്രിതചലനങ്ങള്‍ കണ്ടെത്താനാകും. അത്തരം സൂക്ഷ്മാനുഭവങ്ങളുടെ പ്രകമ്പനങ്ങളാണ് ഷീബ ഇ.കെ. തന്റെ 'ലിംഗസമത്വ'മെന്ന കഥാസമാഹാരത്തില്‍ ഉള്‍ച്ചേര്‍ക്കുന്നത്. ഒരു ചെറു സമാഹാരമെന്ന ലാഘവത്തോടെ വായിച്ചുതീര്‍ക്കാനാവില്ല ഇതിലെ ഒരു കഥയും. കാലമെത്ര പുരോഗമിച്ചാലും വ്യവസ്ഥകളെത്ര മാറിയാലും നൂറ്റാണ്ടുകളായി മുഴങ്ങികേള്‍ക്കുന്ന നിലവിളികളുടെ പ്രതിധ്വനികള്‍ക്ക് മാറ്റമില്ല. ഒരു ചട്ടവും മാറ്റപ്പെടാതെ നില്ക്കുമ്പോഴും മരവിച്ച കാഴ്ചകള്‍ക്ക് ദൃക്സാക്ഷിയാകേണ്ടിവരുന്ന മനുഷ്യന്റെ നിസ്സഹായതയും കഥയുടെ ആന്തരികസത്തയില്‍ ഹൃദയസ്പന്ദനം പോലെ കേള്‍ക്കാം. പരിഹാരങ്ങളുണ്ടായിട്ടും നടപ്പിലാകാത്തതെന്ത് കൊണ്ട് എന്ന ചോദ്യത്തിനു മാത്രമാണ് ഉത്തരം കിട്ടാതിരിക്കുക. അതാണ് ഈ പുതിയ കാലത്തിന്റെ ഗൂഢരാഷ്ട്രീയം. ഒരു പക്ഷെ സ്ത്രീയുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടേയും നേരെയുള്ള ആക്രമണങ്ങളും പ്രതികാരവാഞ്ചയോടെയുള്ള പ്രവര്‍ത്തനങ്ങളും ഒരു വിഭാഗത്തിന്റെ അതിജീവനത്തിന്റെ സൂക്ഷ്മതന്ത്രങ്ങളാണ്. അതുകൊണ്ടുതന്നെയാണ് ആരാലും പരിഹരിക്കപ്പെടാതെ പ്രശ്‌നങ്ങളുമായി ഒരുവിഭാഗം ജനതയിവിടെ ഒറ്റപ്പെട്ടുപോകുന്നത്. ഇത്തരം ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളിലേക്കാണ് ഷീബ ഇ.കെ. എന്ന കഥാകാരിയുടെ സൂക്ഷ്മനേത്രങ്ങള്‍ ചെന്നെത്തുന്നത്.
ലിംഗസമത്വമെന്ന ആദ്യ കഥയില്‍ തന്നെ അനീതിയുടെ, അസഹിഷ്ണുതയുടെ പുറംപൂച്ചുകള്‍ പ്രകടമാക്കുന്ന സമൂഹത്തെ ചൂണ്ടിക്കാട്ടുന്നു. നീലാഞ്ജനയെന്ന പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യചിന്തകളുടെ ലോകത്തിനു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ വായിക്കുമ്പോള്‍ ഏതൊരു പെണ്ണിനും ഇത് തന്റെ തന്നെ അനുഭവമായി തോന്നാം. വിവാഹം കഴിക്കാനുള്ള അവളുടെ താല്പര്യക്കുറവ് പോലും ദുര്‍വ്യാഖ്യാനിക്കുന്നവരാണ് ചുറ്റുമുള്ള സമൂഹം. കുട്ടിക്കാലത്ത് 'ആര്‍ത്തവരക്തത്തിന്റെ കറുപ്പ്' എന്ന് കവിതയെഴുതിയതിന് ടീച്ചര്‍ തല്ലിയ ഓര്‍മ്മ കനത്ത വടുവായി അവശേഷിക്കുന്നു. പിന്നവള്‍ക്ക് അനുഭവപ്പെട്ട വിലങ്ങുകളുടെ അടയാളങ്ങളെല്ലാം ആ കനത്ത വടുവിന് മുകളില്‍ മാത്രം. പഠിക്കാന്‍ മോശമായ പെണ്‍കുട്ടികളെ താലിച്ചരടില്‍ കുടുക്കിയിടുന്ന മാതാപിതാക്കള്‍. വിവാഹം നിര്‍ബന്ധിതമായ ഒന്നാണോ പെണ്‍കിടാങ്ങള്‍ക്ക് എന്നവള്‍ നിരന്തരം ചോദിക്കുന്നു. ടൗണിലെ തിരക്കില്‍നിന്ന് രക്ഷപ്പെടാനായി അവള്‍ കയറിയ ഹാളില്‍ 'ലിംഗസമത്വം-സാര്‍വ്വലൗകികത' എന്ന സെമിനാര്‍. സെമിനാറിന്റെ പേരും സംഘാടനവും തമ്മിലുള്ള വൈരുദ്ധ്യം നിലാഞ്ജനയുടെ ഉള്ളില്‍ ചിരിയുണര്‍ത്തി. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഇരിക്കാന്‍ വെവ്വേറെ സ്ഥലം പോരാത്തതിന് തട്ടംകൊട്ട് തലമറയ്ക്കണം. ഇതാണവരുടെ സമത്വം. മതചിഹ്നങ്ങളില്‍ തളച്ചിടുന്ന 'സമത്വചിന്ത'യുടെ വൈരുദ്ധ്യമാണ് കഥയില്‍ ചര്‍ച്ച ചെയ്യുന്നത്. 'വേനല്‍ നാരങ്ങാപ്പച്ചകള്‍' എന്ന കഥയില്‍ സാഹിത്യ സെമിനാറിന്റെയും ഗവേഷകരുടെയും പ്രകടനപരതയെ തുറന്നുകാട്ടുന്നു. അവതാരകരുടെ യാന്ത്രികതയും ശ്രോതാക്കളുടെ അജ്ഞതയും എല്ലാം ചേര്‍ന്ന് വെറും അഭ്യാസപ്രകടനങ്ങള്‍. ഇത്തരം നിരര്‍ത്ഥകമായ പ്രവൃത്തികളെ പരിഹസിക്കുകയാണിവിടെ. 'കടങ്കഥ' ഒരു തച്ചന്റെ കഥയാണ്. മരപ്പണിക്കാരനായ യേശുവിനേയും വിദഗ്ദ്ധനായ ഒരു മരാശാരിയുടേയും കൈവിരുതുകളെ ചേര്‍ത്തുകെട്ടുകയാണ് കഥാകാരി.
ദില്ലിയിലെ ഒരു ക്യാമ്പസ് പശ്ചാത്തലമാക്കിയാണ് ബുദ്ധനും വ്യാളിയുമെന്ന കഥ മെനയുന്നത്. നോര്‍ത്ത് ഈസ്റ്റ് പ്രദേശങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളെ ഒറ്റപ്പെടുത്തുന്ന ആക്രമിക്കുന്ന, വാര്‍ത്തകളില്‍ നിന്നുമാണ് ഈ കഥ ജനിക്കുന്നത്. 2014 ജനുവരിയില്‍ ദില്ലിയില്‍ കൊല്ലപ്പെട്ട 20 വയസ്സുള്ള നിദോ തന്യാം എന്ന അരുണാചല്‍ പ്രദേശ് വിദ്യാര്‍ത്ഥിയെ അനുസ്മരിച്ചുകൊണ്ട് അക്രമരാഷ്ട്രീയത്തിന്റെ ദുരന്തമുഖങ്ങള്‍ ഈ കഥയില്‍ വരച്ചുചേര്‍ക്കുകയാണ്. എവിടെ ചെന്നാലും പക്കാ ഇന്ത്യന്‍ ഹെ? എന്ന ചോദ്യം നേരിടേണ്ടി വരുന്നതിന്റെ അവഗണനകള്‍. സലോന യും നാം എന്ന മണിപ്പൂര്‍സ്വദേശിയുടെ തിരോധാനത്തിന്റെ നിഗൂഢതകള്‍ വായനക്കാരെ ചിലതെല്ലാം ഓര്‍മ്മിപ്പിക്കും. 'പ്രേമം' തമാശകഥയായി ഓര്‍മ്മിക്കുന്ന ദമ്പതികളുടെ കൊച്ചുകഥ, 'മധുബനി' ഒരു ദുരന്തത്തിന്റെ ഓര്‍മ്മചിത്രമാണ്. കൊച്ചിയിലെ കെട്ടിടനിര്‍മ്മാണകമ്പനിയിലെ തന്റെ തൊഴിലാളികളുടെ അപകടമരണത്തിന് സാക്ഷിയാകേണ്ടിവന്ന ജെയിംസ്, അവരുടെ നാട്ടിലേക്ക് പോകുന്നു. അവരുടെ ജീവിതത്തിന്റെ കൊച്ചു സന്തോഷങ്ങളുടെ നിറങ്ങള്‍ കെട്ടുപോയ കാഴ്ചയില്‍ ദുഃഖിതനാകുന്നു. ഇതെല്ലാം സാധാരണക്കാരന്റെ ദുരിതജീവിതത്തിന്റെ യഥാര്‍ത്ഥ്യങ്ങളാണ്. നമ്മളറിയാത്ത, അറിഞ്ഞാലും ഗൗനിക്കാത്ത ചില ജീവിതങ്ങളുണ്ട്, അവര്‍ക്കുമുണ്ടേറെ കഥകള്‍, അങ്ങോട്ടേക്കാണ് എഴുത്തുകാരി നമ്മെ കൂട്ടുന്നത്. എങ്ങനെയാണ് ജിഹാദികളെ സൃഷ്ടിക്കുന്നത്. നമ്മളറിയാതെ, നമ്മളെ തീവ്രവാദികളാക്കുന്നു. പ്രത്യേക വ്യവസ്ഥിതിയുടെ ഭാഗമാക്കി മാറ്റി തീര്‍പ്പുകല്പിക്കുന്ന വിധികര്‍ത്താക്കാളായി സ്വയം അവരോധിക്കുന്ന ഒരു സമൂഹമുണ്ട് അവരുടെ കഥയാണ് ജിഹാദി. നമ്പൂതിരിയായ ലൈബ്രേറിയനെ പറ്റിക്കുന്ന ശ്രീജിത്തിന്റെ കഥയാണ് ഒരു നത്തോലിക്കഥ. നര്‍മ്മം മുന്നിട്ട് നില്ക്കുമെങ്കിലും കപടബോധങ്ങള്‍ക്ക് നേരെയുള്ള അമ്പെയ്ത്താണത്.
നിഷ്‌കളങ്കനായ വിഷാദരോഗിയായ യുവാവിന്റെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ വെളിച്ചവുമായെത്തുന്ന ദിവ്യയെന്ന പെണ്‍കുട്ടിയുടെ സ്‌നേഹത്തിന്റെ സൗന്ദര്യമാണ് 'വെള്ളപ്പാവാടക്കാരി' എന്ന കഥയില്‍. ഇപ്പോഴും സവര്‍ണ്ണാധിപത്യത്തിന്റെയും ജന്മിത്തത്തിന്റെയും ആഢ്യത്വം ഉള്ളില്‍ സൂക്ഷിച്ച് ജീവിക്കുന്ന ജഗന്നാഥനെപ്പോലെയുള്ളവരുടെ നേര്‍ക്ക് വിരല്‍ചൂണ്ടുന്ന എഴുത്താണ് ഏഴാംവാരം. അബ്ദുള്ളയെപ്പോലെയുള്ള നിസ്സഹായരായവരുടെ ജീവിതത്തിനുമേല്‍, ഞെളിഞ്ഞിരുന്ന് അഹന്തയില്‍ അഭിരമിക്കുന്നവരുടെ മുരടിച്ച ജീവിതം. ഇന്നും ഒരു കാഴ്ചയാണ്. മുതലാളിത്തത്തിന്റെ മേല്‍ക്കോയ്മയില്‍ തുടരുന്ന ജിവിതാവസ്ഥകളുടെ ഉള്‍ക്കാഴ്ചകളിലേക്ക് വെളിച്ചം വീശുകയാണ് എഴുത്തുകാരി.
'ഇടവപ്പാതി' എന്ന കഥയിലൂടെ മഴയുടെ അതിഘോരമായ പശ്ചാത്തലത്തില്‍ അതിനേക്കാള്‍ ശക്തമായ അറുംകൊലയുടെ ഓര്‍മ്മയിലേക്കാണ് വായനക്കാരന്‍ ചെന്നെത്തുക.
വീട്ടുകാരെ ധിക്കരിച്ച് വിവാഹം കഴിച്ചതിന് പെണ്‍വീട്ടുകാര്‍ കൊന്നുകളഞ്ഞ യുവാവിന്റെ കഥ. ഗുജറാത്തിലെ സ്ത്രീകള്‍ ബലാത്സംഗത്തിനിരയാവുന്നതും കണ്ട് കരഞ്ഞുതീര്‍ന്ന ഇഹ്‌സാന്‍ ജഫ്രിയെന്ന കവിയുടെ ഓര്‍മ്മകള്‍ ഇങ്ങനെ, കരിഞ്ഞുപോകുന്ന സ്ത്രീയുടെ, ദളിതരുടെ ജീവിതം ഇടപ്പാതിയുടെ ഭീകരതപോലെ ഓര്‍ത്തെടുക്കുകയാണ്. 'ജനി' എന്ന കഥയില്‍ ആദിവാസി ഊരുകളില്‍ നായാട്ടിനെത്തുന്നവരുടെ ബലാല്‍ക്കാരത്തില്‍ സ്വന്തം ജീവന്‍ നഷ്ടമാകുന്ന പെണ്‍കുട്ടികളുടെ വേദനയാണ് പങ്കുവക്കുന്നത്. വീട്ടുകാര്‍ക്ക് നഗരത്തിലെ വസ്തുവകകള്‍ സമ്മാനമായി നല്‍കി പാട്ടിലാക്കി അവരുടെ പെണ്‍കുട്ടികളുടെ ശരീരം പിച്ചിച്ചീന്തുന്ന ചെറുപ്പക്കാരുടെ ദുര്‍വൃത്തികള്‍ക്ക് നേരെ തൊടുത്ത ശരമാണ് 'മാരി'യെന്ന പെണ്‍കുട്ടിയുടെ കഥ. അച്ഛനില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന പെണ്‍കുട്ടികള്‍ അരക്ഷിതമാകുന്ന അവരുടേയും കുട്ടികളുടേയും ജീവിതം പറയുകയാണിവിടെ. മാരി അങ്ങനൊരുവന്റെ നേരെ കൊടുവാളെടുക്കുന്നു.

ചെറിയ കഥകളിലൂടെ പ്രതിരോധത്തിന്റെ രാഷ്ട്രീയമാണിവിടെ എഴുത്തുകാരി മുന്നോട്ട് വയ്ക്കുന്നത്. കൊടിയ അസമത്വമെന്ന വാക്ക് നിരന്തരം കേള്‍ക്കുന്നതിലെ വൈരുദ്ധ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു. അവഗണയനുഭവിക്കുന്ന ജീവിതത്തിന്റെ വേലിത്തലപ്പിലേക്ക് ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടാണ് ഷീബ ഇ.കെ. തന്റെ എഴുത്ത് വഴികളൊരുക്കുന്നത്.
Content Highlights: sheeba EK new Malayalam book review