ഇതിഹാസകഥാപാത്രമായ സീതയെ ഭാരതസ്ത്രീയുടെ പ്രതീകമായി വിശേഷിപ്പിക്കുകയാണ് കാലാകാലങ്ങളായി നമ്മള്‍ ചെയ്തുപോരുന്നത്. സര്‍വവും സഹിക്കുകയും പരിത്യാഗിയായി സ്വയം അവരോധിക്കുകയും ചെയ്യുന്നവളാണ് സീത എന്ന സ്ത്രീ. ആ സീതയെന്ന സങ്കല്‍പ്പത്തിന് മുമ്പും മലയാളത്തില്‍ പൊളിച്ചെഴുത്തുകളുണ്ടായിട്ടുണ്ട്. സീതയെ ത്യാഗിയായും ധീരയായും അടയാളപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ രാമായണത്തിന്റെ പുനര്‍വായന സാധ്യമാക്കുകയും ധീരയായ സീതയെ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച 'സീത', 'ഞാന്‍ സീത' എന്നീ പുസ്തകങ്ങള്‍. സ്വാതന്ത്ര്യമോഹിയായ, പുരുഷനെ/ രാമനെ ചോദ്യം ചെയ്യുന്ന പെണ്ണാണവള്‍.

njaan seethaഅയോധ്യയെയും രാമനെയും രാജ്യഭാരത്തിന്റെ ഇടനാഴികകളിലെവിടെയോ നഷ്ടപ്പെടുന്ന സ്‌നേഹത്തെയും പെണ്‍കാഴ്ചയിലൂടെ വിശകലനം ചെയ്യുന്ന നോവല്‍. നൂറ്റാണ്ടുകളായി സമൂഹത്തില്‍ നിലനില്ക്കുന്ന ആണ്‍കോയ്മയെയും അതിന്റെ മൂര്‍ത്തരൂപങ്ങളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി അവര്‍ക്കു നേരേ തൊടുത്തുവിടുന്ന ചോദ്യശരങ്ങള്‍ പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ പൊയ്ക്കാലുകളെ തകര്‍ക്കാന്‍ പോന്നവയാണ്.

വില: 90.00
പുസ്തകം വാങ്ങാം

രാമന്റെ രാജ്യഭാരത്തിന്റെ ഇടനാഴികളിലെവിടെയോ നഷ്ടപ്പെടുന്ന സ്‌നേഹത്തിനെ പെണ്‍കാഴ്ചകളിലൂടെ വിശകലനം ചെയ്യുന്നതാണ് അനന്യ.ജി എഴുതിയ 'ഞാന്‍ സീത'. ബിരുദ വിദ്യാര്‍ഥിനിയായ അനന്യയുടെ കാഴ്ചകള്‍ ചെന്നെത്തുന്നത് എക്കാലത്തും പെണ്ണിന് നഷ്ടമാകുന്ന സ്‌നേഹത്തിന്റെയും പരിഗണനയുടെയും ഇടങ്ങളാണ്. എന്നാല്‍ അതിനെ മറികടക്കുമ്പോള്‍ അവള്‍ സ്വയം ധീരയാകുന്നു. അന്നുമുതലാണ് അവള്‍ തന്നിലേക്ക് തന്നെ നോക്കുന്നതും തന്നെത്തന്നെ തിരിച്ചറിയുന്നതും. രാമനോടൊപ്പം കാനനത്തിലേക്ക് പോകാനൊരുങ്ങുന്ന സീത പറയുന്നു '' അങ്ങില്ലാത്ത കൊട്ടാരം സീതക്ക് വനത്തേക്കാളേറെ ദുഷ്‌കരമാണ് പ്രഭോ, അങ്ങൊപ്പമുണ്ടെങ്കില്‍ ഞാന്‍ എന്തും നേരിടാന്‍ തയ്യാറാണ്. അനുനിമിഷം മനം മാറുന്ന കൊട്ടാരത്തിന്റെ ഇരുളറകളിലേക്ക് എന്നെ വലിച്ചെറിയരുത് ''. അനുനിമിഷം മനം മാറുന്ന കൊട്ടാരത്തേക്കാള്‍ സീതക്ക് പ്രിയങ്കരം രാമന്റെ സാനിധ്യമാണ്. സീതയുടെ പ്രണയമാണ് ഇവിടെ പ്രകടമാകുന്നത്. പ്രണയത്തിനാല്‍ നിര്‍മ്മിക്കപ്പെടുകയും അതിനായി എന്തും ത്യജിക്കാന്‍ തയ്യാറാവുകയും ചെയ്യുന്ന സീത. 

തന്നെ തട്ടിക്കൊണ്ടുപോയ രാവണനോട് ക്രോധമായിരുന്നു സീതക്ക്, എന്നാല്‍ രാവണന്‍ വധിക്കപ്പെട്ടതിനു ശേഷം സരമ സീതയോട് പറയുന്നു, '' അനുജത്തീ രാവണന്‍ നിങ്ങള്‍ക്ക് ക്രൂരനും നിന്ദ്യനുമായിരിക്കാം. നിങ്ങള്‍ക്ക് അങ്ങിനെയേ കരുതാനാകൂ.രാവണന്റെ യഥാര്‍ഥ മുഖം ആരും കണ്ടില്ല. അതിനു ചുറ്റും ഇരുട്ടായിരുന്നു. രാക്ഷസിയായ അമ്മക്ക് താപസിയില്‍ പിറന്ന മൂത്ത പുത്രനെ ആരും സ്‌നേഹിച്ചില്ല. ചെറുപ്പത്തിലേ തപം ചെയത് ദേവന്മാരാല്‍ അവധ്യമാകണമെന്ന് പറഞ്ഞത് തനിക്ക് വേണ്ടിയല്ല. മഹാവിഷ്ണു തരം താഴ്ത്തി പാതാളത്തിലേക്കൊതുക്കിയ തന്റെ വംശത്തെ പുനരുദ്ധരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. രാക്ഷസവംശത്തെ ലങ്കയുടെ കൊട്ടാരമോടിയിലേക്കെത്തിച്ചത് അദ്ദേഹത്തിന്റെ ചങ്കൂറ്റമാണ്. 

seethaഭൂമിപുത്രിയായ സീത ഇവിടെ പുതിയ മാറ്റത്തിന്റെ വിളനിലമാകുന്നു. അവളില്‍ തളിര്‍ക്കുന്ന വാക്കുകള്‍ക്കു മുന്നില്‍ രാജാധികാരവും പൗരോഹിത്യവും സ്തംഭിച്ചുപോകുന്നു. അവള്‍ ഒരു പുതിയ സ്ത്രീമുന്നേറ്റത്തിന്റെ കാഹളമാകുന്നു. 2009 ലെ പരിഭാഷയ്ക്കുള്ള ഇ.കെ. ദിവാകരന്‍ പോറ്റി പുരസ്‌കാരം ലഭിച്ച നാടകം.

വില: 60.00
പുസ്തകം വാങ്ങാം

ശ്രീത്വമുള്ള എല്ലാം അദ്ദേഹം ലങ്കയിലേക്ക് കൊണ്ടുവന്നു. ലങ്കയിലെ ജനങ്ങള്‍ക്ക് അദ്ദേഹം പ്രിയപ്പെട്ട രാജാവായി. ജനങ്ങളുടെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ പോലും സാര്‍ത്ഥകമാക്കി. രാവണന്‍ സീതയെ കട്ടത് സ്ത്രീമോഹം കൊണ്ടല്ല, തന്റെ സഹോദരിക്കേറ്റ അപമാനത്തിന് പകരം വീട്ടാനാണ്. ഞങ്ങളുടെ വംശത്തിന്റെ തായ്‌വേരാണ് മുറിഞ്ഞുപോയത്. നിങ്ങള്‍ക്കത് അപഹാസ്യമായിരിക്കാം. ഞങ്ങള്‍ക്കത് ഹൃദയം നുറുക്കുന്ന വേദനയാണ്.'' രാവണനെന്ന രാക്ഷസനെ തിരുത്തിയെഴുതുകയാണ് 'ഞാന്‍ സീത'യില്‍. 

എന്നാല്‍ ലങ്കയില്‍നിന്ന് തിരിച്ച് രാമനടുത്തെത്തിയപ്പോള്‍ സീതയെക്കണ്ട് രാമന്‍ തന്റെ മുഖം വെറുപ്പിനാല്‍ തിരിച്ചുകളയുന്നു. 

'' മൈഥിലീ, എന്തിനാണോ ഞാന്‍ നിന്നെ സ്വതന്ത്രയാക്കിയത് ആ ലക്ഷ്യം ഞാന്‍ നിറവേറ്റിക്കഴിഞ്ഞു. എന്റെ കുലത്തിനും പരമ്പരക്കും വന്ന അപമാനത്തെ ഞാന്‍ തുടച്ചുനീക്കി. രാവണനാല്‍ അപഹരിക്കപ്പെട്ടവളാണു നീ. അനേകനാള്‍ അടിമയായി ലങ്കയില്‍ അധിവസിച്ചവള്‍, നിന്നെ സ്വീകരിക്കുന്നത് എന്റെ പേരിന് കളങ്കം ചാര്‍ത്തും. നീയിപ്പോള്‍ സ്വതന്ത്രയാണ്. രാജകൊട്ടാരത്തിലേക്ക് നിന്നെയിനി കൊണ്ടുപോവുക വയ്യ. നിനക്കെവിടെയും പോകാം. മൂന്നു ലോകത്തിനും കളങ്കിതയായി നീയിപ്പോള്‍ വിലയിരുത്തപ്പെടുന്നു. ഞാന്‍ രാവണനുമായി യുദ്ധം ചെയ്തത് എന്റെ പൗരുഷത്തിനേറ്റ അപമാനത്തിനു പകരം വീട്ടാനാണ്.''

രാമന്‍ പറയുമ്പോള്‍ സീത തന്റെ കാതുകള്‍ കരിഞ്ഞുപോയി എന്നു പറയുന്നു. അവിടെ സീത മാറിച്ചിന്തിക്കുകയാണ്. തട്ടിക്കൊണ്ടുപോയ രാവണന്‍ പോലും തന്നോടിങ്ങനെ പെരുമാറിയിട്ടില്ലെന്നവളോര്‍ക്കുന്നു. സാധാരണക്കാരനായ ഒരു പ്രാകൃതപുരുഷന്‍ പോലും സ്വന്തം ഭാര്യയോട് പറയാത്ത കാര്യങ്ങള്‍ സര്‍വജ്ഞാനിയായ രഘുരാമനില്‍ നിന്ന് കേട്ടപ്പോള്‍ താന്‍ തളര്‍ന്നുപോയതായി സീത പറയുന്നു. ചിതയൊരുക്കി അതില്‍ ചാടിയ സീത ആ അഗ്നിപരീക്ഷണത്തെ വിജയിക്കുകയാണ്. അവഗണിക്കപ്പെട്ട, മുറിവേറ്റ പെണ്ണിനെ തളര്‍ത്താന്‍ മാത്രം കെല്‍പ്പുള്ളതല്ല ഏതൊരഗ്നിയും. 

വീണ്ടും രാമന്‍ സീതയെ സ്വീകരിക്കുന്നു. മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മാത്രമായിരുന്നു ഈ അഗ്നിപരീക്ഷണമെന്ന് പറയുന്നു. എന്നാല്‍ സീത വീണ്ടും ഉപേക്ഷിക്കപ്പെടുന്നു. വനത്തിലേക്ക് പറച്ചറിയപ്പെട്ട സീത മക്കള്‍ക്ക് ജന്മം നല്‍കുന്നു. പറഞ്ഞുകേട്ട, വായിച്ചറിഞ്ഞ കഥ അതുപോലെയാണ് പകര്‍ത്തിയത് അനന്യ. കഥയില്‍ മാറ്റമില്ല. എന്നാല്‍ അതിലെ പെണ്‍പക്ഷ വായനകളെയും കേള്‍വികളെയും കാണാതിരിക്കാനാകില്ല. രാമായണത്തിന്റെ ഒരു പുനര്‍വായന സാധ്യമാക്കുന്നതാണ് 'ഞാന്‍ സീത'. 

അശ്വമേധത്തിലെ പൂജക്ക് രാജാവിന് സമീപം സീതയുടെ സ്വര്‍ണപ്രതിമയാണ് വച്ചത്. മാംസവും മജ്ജയും വികാരവുമുള്ള സീത ജീവിച്ചിരിക്കുമ്പോള്‍ അവളെ ലോഹപിണ്ഡം മാത്രമാക്കിയ മഹാരാജാവിന്റെ നീക്കത്തെ മര്യാദയുടെയും ഏകപത്‌നീവ്രതത്തിന്റെയും അളവുകോലായി കാണുന്നുണ്ടെങ്കിലും അത് പത്‌നീപ്രിയം കൊണ്ടല്ലെന്നും ജനകന്റെ ശാപത്തോടുള്ള ഭയം കൊണ്ടാണെന്നും സീത തിരിച്ചറിയുന്നുണ്ട്. രാമനെന്ന രാജാവിനെ നാട് മുഴുവന്‍ പുകഴ്ത്തുമ്പോഴും, സീത തിരിച്ചറിയുന്നു ആ കാപട്യം. വിചാരണക്ക് ശേഷം മാത്രം ശിക്ഷ വിധിക്കുന്ന ലോകത്ത് സീതയെന്ന സ്ത്രീക്ക് അത് പോലും ലഭിച്ചിട്ടില്ല. ഗര്‍ഭിണിയായ ഒരു സ്ത്രീയെ വീടിനു പോലും നല്‍കാതെ കാനനത്തിലേക്കയച്ചവനാണ് നിങ്ങള്‍ വാഴ്ത്തുന്ന രാമനെന്ന് തുറന്നു പറയാന്‍ ധൈര്യം കാണിക്കുന്നവളാണ് അനന്യയുടെ സീത. ആത്മാഭിമാനത്തിന് മുറിവേറ്റ് പെണ്ണ്. 

അധികാരവുമായി പ്രണയത്തിലായ രാമനെയും അടിച്ചമര്‍ത്തലിനു വിധേയയായ സീതയേയും വരച്ചിട്ടതാണ് സ്‌നേഹലത റെഡ്ഡിയുടെ 'സീത'യെന്ന നാടകം. കൃഷ്ണവേണിയാണ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. സ്‌നേഹലതയുടെ സീത രാമനോട് എതിര്‍ചോദ്യങ്ങള്‍ ചോദിക്കാന്‍ ധൈര്യമുള്ളവളാണ്. നിങ്ങളുടെ അഹങ്കാരമാണ് എന്നെ സ്വീകരിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നതെന്നും രാവണന്‍ എന്നെ പ്രണയിച്ചിരുന്നുവെന്നും സീത രാമനോട് പറയുന്നുണ്ട്. 

'' ഞങ്ങള്‍ സ്ത്രീകള്‍ ദേവതമാരോ അടിമകളോ ആണ് വേഴ്ച്ചക്കുള്ള ഉപകരണങ്ങള്‍, മിക്കപ്പോഴും ലൈംഗികതയുടെ ഇരകള്‍. അതിനപ്പുറം യാതൊന്നുമില്ല. ഞങ്ങള്‍ സ്ത്രീകള്‍ നിങ്ങളുടേതുപോലെ ത്രസിക്കുകയും വെമ്പുകയും മിടിക്കുകയും ചെയ്യുന്ന ഹൃദയമുള്ള മനുഷ്യ ജീവികള്‍ പോലുമല്ല. '' 

സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്നതുകൊണ്ടല്ലേ അവള്‍ക്ക് ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതെന്ന് ചോദിക്കാന്‍ ആര്‍ജ്ജവമുണ്ട് സീതക്ക്.  നിങ്ങള്‍ സീതയെ ഓര്‍ക്കേണ്ടത് വിജയത്തിന്റെ ദേവതയായിട്ടല്ല. പ്രതിരോധിക്കാനാവാത്ത ആത്മാഭിമാനം നേടുന്നതിന് തീവ്രയുദ്ധം ചെയ്യുന്ന സ്ത്രീയായിട്ടാണ്. ഞാന്‍ രാവണനോട് ചേരാനാണ് പോകുന്നത്. അത് അദ്ദേഹത്തെ പ്രണയിച്ചതുകൊണ്ടല്ലെന്ന് പറയുന്നവളാണ് സീത. രാമനേക്കാളും സ്‌നേഹത്തിനും ബഹുമാനത്തിനുമര്‍ഹന്‍ എന്തുകൊണ്ടും രാവണനാണെന്ന് പറയുന്നിടത്താണ് പറഞ്ഞുപഴകിയ കഥയുടെ മാറിച്ചിന്തിക്കല്‍ വ്യക്തമാകുന്നത്. 

രാമായണത്തെ ഇതിഹാസമാക്കുന്നത് രാമനെന്ന പുരുഷനാണെങ്കില്‍ അതില്‍ അടഞ്ഞുപോയ ഏടായിരുന്നു സീത. അതിന് ജീവന്‍ നല്‍കി സീതയെന്ന ശക്തയായ സ്ത്രീയെ തിരികെക്കൊണ്ടുവരികയാണ് അനന്യയും, സ്‌നഹേലത റെഡ്ഡിയും കൃഷ്ണവേണിയും ചേര്‍ന്ന് ചെയ്തിരിക്കുന്നത്. പുരുഷകേന്ദ്രീകൃതസമൂഹം നിര്‍മ്മിച്ചെടുക്കുന്ന എല്ലാ പൊയ്മുഖങ്ങളെയും തകര്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ തന്നെയാണ് ഇവരുടെ സീത.