മീപകാലത്ത് മലയാള പുസ്തകങ്ങളില്‍ സ്വീകാര്യത നേടിയവയാണ് ഓര്‍മക്കുറിപ്പുകള്‍. ഇത് എഴുത്തുകാര്‍ക്കും ഏറെ പ്രോത്സാഹനം ലഭിക്കാന്‍ കാരണമായി. കഴിഞ്ഞ കാലത്ത് ഈ സാഹിത്യശാഖ വിപുലമായ രീതിയില്‍ വളര്‍ന്നു. പ്രശസ്തരും അപ്രശസ്തരുമായ ഒരുപാട് ആളുകളുടെ ഓര്‍മക്കുറിപ്പുകളും അനുഭവങ്ങളും ധാരാളം വായിക്കപ്പെട്ടു. മികച്ചതും അല്ലാത്തതുമായ ഒട്ടേറെ ഓര്‍മക്കുറിപ്പുകള്‍ മലയാളത്തിലുണ്ടായി. ഇപ്പോഴും നല്ല ഓര്‍മക്കുറിപ്പുകള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു.

അക്കൂട്ടത്തില്‍ സന്തോഷ് ഏച്ചിക്കാനത്തിന്റേതായി പുറത്തിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ പുസ്തകം ' പകല്‍സ്വപ്‌നത്തില്‍ വെയിലുകായാന്‍ വന്ന നരി' ഓര്‍മകളുടെ കയറ്റിറക്കങ്ങളിലേക്ക് വായനക്കാരെ നടത്തിക്കുന്നു. പോയകാലത്തെ ഓര്‍മകളെ കൂട്ടം തെറ്റിച്ച് വാക്കുകളിലേക്ക് കോര്‍ത്തിടുന്ന എഴുത്തുകാരന്‍ ജീവിതത്തിന്റെ അറ്റത്തേക്കാണ് ചരട് വലിക്കുന്നത്. ആകെ മൊത്തം സംഭവബഹുലമായ ഒരു ജീവിതത്തെ മുറിച്ച് മുറിച്ച് ചെറുതാക്കി ഓര്‍മകളുടെ അലങ്കാരങ്ങള്‍ അണിയിച്ച് നമ്മളിലേക്ക് നീട്ടുന്നു. ഒരു കഥ പോലെ നമ്മള്‍ ഈ പുസ്തകത്തിലെ ഓരോ കുറിപ്പുകളും വായിച്ച് നെടുവീര്‍പ്പിടുന്നു. ചില കുറിപ്പുകള്‍ നമ്മെ അപരിചിതമായ വഴികളിലേക്ക് എത്തിച്ച് ' ഇതും ഒരു ജീവിതമാണ് ' എന്ന് പറയാതെ പറയും. ഇരുട്ട് കട്ട പിടിച്ച വഴിയിലും വെളിച്ചത്തിന്റെ അടരുകളെ കാട്ടിത്തരും.

പുസ്തകത്തിലെ ഓരോ കുറിപ്പിനും നീളം കുറവാണ്. വെറും ഓര്‍മക്കുറിപ്പുകള്‍ മാത്രമായി ചുരുക്കാതെ പല കാലത്തിന്റെ പരിച്ഛേദങ്ങളായിക്കൂടി കാണാന്‍ കഴിയണം. പല കാലത്തിലൂടെ ഓടി കിതച്ചിട്ടും ജീവിതം പിന്നെയും വിസ്മയമായി മുന്നില്‍ വന്ന് നില്‍ക്കുന്ന അനുഭവം ഈ പുസ്തകം പകരുന്നു. കൊമാല = കേരളം;  കേരളം = കൊമാല, അനുരാധക്ക് ഒരു കത്ത്, അരിയാട്ടിയാല്‍ കഥ കിട്ടും, മഴ പോലെ മനുഷ്യജന്മം, മലബാര്‍ വിസിലിങ് ത്രഷ്... തുടങ്ങിയ കുറിപ്പുകള്‍ കഥ പോലെ ആസ്വദിക്കാന്‍ പറ്റുന്നവയാണ്. ഏച്ചിക്കാനത്തിന്റെ എഴുത്തുകളില്‍ നമ്മള്‍ വളഞ്ഞ വഴികളെ കാണുന്നില്ല. ഓര്‍മ്മകളായാലും കഥകളായാലും കാര്യം പറയുക എന്നതിലാണ് ഈ എഴുത്തുകാരന്റെ കൗതുകം മുഴുവന്‍. 

ഇവിടെയും അതേ കൗതുകം ആദ്യവസാനം വരെ തെളിഞ്ഞുനില്‍ക്കുന്നു. ഓരോ ജീവിതകാലങ്ങളില്‍ കാണുന്ന കാഴ്ച്ചകളെ, ജീവിതങ്ങളെ ഒട്ടും പൊള്ളത്തരങ്ങളില്ലാതെ എഴുതിവെക്കുന്നു. ഏറ്റവും സാധാരണമാണെങ്കില്‍പോലും പറയുന്നതിലെ വ്യത്യസ്തത കൊണ്ട് ആ ഓര്‍മ്മകളെ നമ്മള്‍ ഇഷ്ടപ്പെടുന്നു.

'കൊമാല = കേരളം; കേരളം = കൊമാല' എന്ന കുറിപ്പ് എഴുത്തുകാരന്റെ തന്നെ 'കൊമാല' എന്ന കഥ എഴുതാനുണ്ടായ സാഹചര്യങ്ങളെ വിവരിക്കുന്നു. അപ്രതീക്ഷിതമായി കണ്ണില്‍പെട്ട ഒരു സംഭവത്തിന് എങ്ങനെ കഥയുടെ രൂപം കൈവരുന്നുവെന്നും ഒപ്പം കേരളീയ ജീവിതത്തിന് വന്നിട്ടുള്ള മൂല്യശോഷണങ്ങളെപ്പറ്റിയും അനുഭവങ്ങളുടെ അകമ്പടിയോടെ കുറിപ്പില്‍ രേഖപ്പെടുത്തുന്നു. 'അനുരാധക്ക് ഒരു കത്ത് ' തമിഴ് സിനിമാനടി അനുരാധയെപ്പറ്റിയുള്ളതാണ്. സ്‌കൂള്‍ കാലഘട്ടത്തില്‍ ഈ സിനിമാനടിയോട് തോന്നുന്ന ആരാധനയും നടിക്ക് ഒരു കത്തെഴുതുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കുറിപ്പില്‍ വരുന്നത്. 

santhosh
പുസ്തകം വാങ്ങാം

'ഒരു വീട് നമ്മെ വിട്ടുപോകുകയാണ് ' എന്ന കുറിപ്പ് ഏറ്റവും വൈകാരികമായ വായനാനുഭവം പകരുന്നു. സൗഹൃദങ്ങള്‍ ജീവിതത്തിന് അഭയമായിത്തീരുന്ന അനുഭവവും ഒരു വീടിനെ ജീവനുള്ള വസ്തുവിനെപ്പോലെ നോക്കിക്കാണുന്ന സാഹചര്യങ്ങളുമാണ് ഈ കുറിപ്പില്‍. ഇങ്ങനെ നാടും ബാല്യവും യാത്രകളും പ്രണയവും ടെലിവിഷനും ഫുട്‌ബോള്‍ ലോകകപ്പും പ്രമേയമായി വരുന്ന ഓര്‍മ്മക്കുറിപ്പുകള്‍ തുടര്‍വായനകളെ സാധ്യമാക്കുന്നു. പല നാടുകളും പല ജീവിതങ്ങളും മിന്നിത്തെളിഞ്ഞ് വായനക്കാരന്റെ മനസ്സില്‍ നിറയുന്നു.മറന്നു കളയാനാകാത്തത്രയും ആഴത്തില്‍ അത് ഹൃദയത്തില്‍ പതിയുന്നു. ജീവിതം ഇവിടയും തീരുന്നില്ല, പുതിയ വഴികളിലേക്ക് പ്രകാശം പടര്‍ത്തിക്കൊണ്ട് അത് സഞ്ചരിക്കുന്നുവെന്ന് ഈ കുറിപ്പുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

ഓര്‍മകളുടെ ധാരാളിത്തം കൊണ്ട് മടുപ്പിക്കുന്ന ഒരു പുസ്തകമല്ല ഇത്. വളരെ സത്യസന്ധമായി  ജീവിതത്തെ അടയാളപ്പെടുത്താനാണ് എഴുത്തുകാരന്‍ ശ്രമിച്ചിരിക്കുന്നത്. പല വഴികളിലൂടെ അലഞ്ഞുതിരിയുമ്പോഴും ജീവിതം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. എല്ലാ വഴികളും കണ്ടുമുട്ടുന്ന എല്ലാ മനുഷ്യരും എഴുത്തുകാരനെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്വാധീനിക്കുന്നു. ഓര്‍മകളുടെ എല്ലാ ഇടറോഡുകളും കടന്ന് പിന്നെയും ജീവിതം തെളിഞ്ഞുവരുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ ഓര്‍മക്കുറിപ്പുകള്‍ ജീവിതത്തിന്റെ മേല്‍പാളികളില്‍ മാത്രമല്ല തൊടുന്നത്. സാധാരണമായ അനുഭവപരിസരങ്ങളിലേക്കും അത് പരക്കുന്നു.

സന്തോഷ് ഏച്ചിക്കാനത്തിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Santhosh Echikkanam, Malayalam, Book Review