ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഏറ്റവും പുതിയ സമാഹാരമായ അലകള്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രണയവും മരണവും നഷ്ടബോധവും അക്ഷരങ്ങളായി പരിണമിക്കുന്ന അനുഭവം. അലകള്‍ക്ക് സജയ് കെ.വി.എഴുതിയ അവതാരിക വായിക്കാം. 

ഷേയ്ക്‌സ്പിയറുടെ അവസാന നാടകമായ ടെമ്പസ്റ്റിലേതാണ് ഏരിയല്‍ എന്ന മൃദുസ്വഭാവിയായ കിന്നരകഥാപാത്രം. സംഗീതം തന്നെ ഉടലായ അരൂപി. ദുര്‍മന്ത്രവാദിനിയായ 'സിക്കൊറാക്‌സ്' ഒരു പൈന്‍മരപ്പിളര്‍പ്പില്‍ തടവിലിട്ട ഏരിയലിനെ, കാലങ്ങള്‍ക്കു ശേഷം, ആ ദ്വീപിലെത്തിയ മാന്ത്രികനായ 'പ്രോസ്‌പെരോ' മോചിപ്പിക്കുന്നു. ഇത്തരത്തില്‍ തന്റെ ആത്മാവില്‍ 'ചിരബന്ധനമാര്‍ന്നു'കിടന്ന ചില സുകുമാരഭാവങ്ങളെ കവിതയിലേക്ക് മോചിപ്പിക്കുകയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്, അലകള്‍ എന്ന ഈ സമാഹാരത്തിലെ സാന്ദ്രരചനകളിലൂടെ. തിക്തഭാവങ്ങളുടെയും തീക്ഷ്ണഭാവങ്ങളുടെയും കവിതകളാണെഴുതിയത് തന്റെ യൗവനത്തിലും മധ്യവയസ്സിലും ഈ കവി. കവിയുടെ പരിത്യക്തതയുടെയും അനാഥത്വത്തിന്റെയും അലച്ചിലിന്റെയും പരഭാഗം മാത്രമായിരുന്നു അക്കാലത്തെഴുതപ്പെട്ട, പ്രണയകവിതകള്‍ എന്നും വിശേഷിപ്പിക്കാവുന്ന, ചുരുക്കം ചില കവിതകളിലെ പ്രണയം. ഇപ്പോഴിതാ, ആ ഗുപ്തസംഗീതത്തെ മോചിപ്പിക്കാനെന്നതുപോലെ തന്റെ ജീവിതമധ്യാഹ്നത്തിനു ശേഷം ആ കവി എഴുതുന്നു; തന്റെ പരുക്കന്‍ കവിത്വത്തിന്റെ ദാരുകാണ്ഡത്തിനുള്ളില്‍നിന്ന്, കാലമേറെയായി, അതില്‍ തടവിലിടപ്പെട്ടിരുന്ന ഏരിയലിനെ സ്വതന്ത്രനാക്കിക്കൊണ്ട്.

'ഒരു വനിതയോട്, ഗിതാറിനോടൊപ്പം' (To a Lady, with a Guitar) എന്ന പേരില്‍ ഷെല്ലിയുടെ കവിതയുണ്ട്. തന്റെ ദമിത കാമുകത്വത്തെ ഏരിയലുമായന്വയിച്ചുകൊണ്ട്, മിറാന്‍ഡയോടെന്നോണം, തന്നെ മോഹിതനാക്കിയ ഒരുവളോട് തന്റെ പ്രണയം പറയുകയാണ് ഷെല്ലി ഈ കവിതയില്‍. ഇത്തരത്തില്‍ മൂകവും വിഫലവുമായിപ്പോയ ഒരു പ്രണയത്തിന്റെ കാലാന്തരത്തിലുള്ള ഏറ്റുപറച്ചിലുകള്‍ അലകളില്‍ എമ്പാടുമുണ്ട്. ഏരിയലിന്റെ, സംഗീതം വിതുമ്പുന്ന തരളനാദത്തില്‍, അയാള്‍ തന്റെ അഗാധപ്രണയത്തിന്റെ വിധുരവാങ്മയങ്ങള്‍ക്കു രൂപംനല്കുന്നു; ചിലപ്പോള്‍ മുഗ്ധതയോടെയും മറ്റു ചിലപ്പോള്‍ തിക്തതയോടെയും. തിക്തതയോടൊപ്പം അപൂര്‍വമായ ഒരു തരം മുഗ്ധതയോ സ്‌നിഗ്ധതയോ കൂടി സന്നിഹിതമാകുന്നു എന്നതാണ് ഈ കവിതകളുടെ സവിശേഷത. അവയെ വിവരിക്കാന്‍വേണ്ടി ബന്ധനമുക്തനായ ഏരിയല്‍ എന്ന രൂപകമുപയോഗിക്കാനുള്ള പ്രേരണയും അതുതന്നെ.

ഓര്‍മയുടെ ദൂരദര്‍ശിനിയില്‍, ഭൂതകാലത്തിന്റെ ചെരിവിലെങ്ങോ, തെളിയുന്ന വിദൂരതാരകം പോലെയാണ് ഈ പ്രണയം. ഓര്‍മയുടെയും ജീവിതാപരാഹ്നത്തിന്റെയും സൗവര്‍ണച്ഛവി അതിനെ ചൂഴ്ന്നുനില്ക്കുന്നു. ഇതിന്റെ തികവുറ്റ ദൃഷ്ടാന്തങ്ങളിലൊന്ന് താഴെക്കൊടുത്ത കവിതയില്‍ വായിക്കാം:
ഇന്നും മഴ തോര്‍ന്ന പോക്കുവെയ്‌ലില്‍ / നിന്നെക്കുറിച്ചുള്ളൊരോര്‍മകള്‍തന്‍/പൊന്നിന്‍ തരികളുണ്ടായിരുന്നു/ മിന്നിത്തിളങ്ങുകയായിരുന്നു.
കവിയുടെ പ്രണയസംവേദനത്തില്‍ സംഭവിച്ച ഈ പരിണാമത്തെ സ്വപ്‌നവാങ്മയമായി പുനഃസൃഷ്ടിക്കുന്ന ഒരു കവിതയുണ്ട്; 'രഹസ്യം' എന്നു പേരിട്ട ആ കവിതയിങ്ങനെ- 

രക്തപാനത്തിനീരാത്രി
നിന്നെ നെഞ്ചോടു ചേര്‍ക്കെയെന്‍
വായില്‍നിന്നായിരം മിന്നാ-
മിനുങ്ങുകള്‍ പറന്നുപോയ്. 

Book Cover
പുസ്തകം വാങ്ങാം

രക്തപിപാസുവിന്റെ വായില്‍നിന്ന് മിന്നാമിനുങ്ങുകളുടെ സൗമ്യകാന്തി പ്രസരിക്കുന്നതുപോലെ, തന്നിലെ കവിത്വം പരിണമിക്കുന്നതു തിരിച്ചറിഞ്ഞ കവി അതിന് സ്വച്ഛന്ദപ്രകാശനമനുവദിക്കുകയാണ് ഈ സമാഹാരത്തിലെ, പ്രണയം പ്രമേയമാകുന്ന കവിതകളില്‍. അതില്‍ തീക്ഷ്ണവര്‍ണങ്ങളും സൗമ്യവര്‍ണങ്ങളുമുണ്ട്; കൊടിയ യാതനയുടെ ബിംബാവലിയെന്നപോലെ തരളനിര്‍വൃതിയുടെ ക്ഷണികനിസ്തുലതയെ സ്ഫടികശില്പങ്ങളാക്കാനുള്ള ശ്രമവും. ഈ രണ്ടാമത്തെ ഇനത്തെയാണുദാഹരിക്കുന്നത് താഴെ കൊടുത്തതുപോലുള്ള കവിതകള്‍-

അകലെയക്കാട്ടുചോലയ്ക്കുമക്കരെ
അരിയ പൂക്കൈത മൊട്ടിന്റെ പെട്ടിയില്‍
അണിനിലാവറിയാതെ സൂക്ഷിച്ചു ഞാന്‍
അതിരഹസ്യമായ് നീ തന്ന പുഞ്ചിരി.

നഷ്ടപ്രണയം മാത്രമല്ല, നഷ്ടശൈശവവും അതിന്റെ സഹജവശ്യതയോടെ കടന്നുവരുന്നുണ്ട് ഇനിയും ചില കവിതകളില്‍; ശൈശവത്തെക്കുഴിച്ചിട്ടൂ/ മഞ്ചാടിച്ചോട്ടില്‍ ജീവിതം/ അതല്ലേ കുരുവോരോന്നും/ ഇത്രമേല്‍ രക്തസുന്ദരം എന്ന പോലെയും, അന്നു കണ്ണിലുണ്ടാദിമാകാശം/കുഞ്ഞുവായില്‍ പതിന്നാലു ലോകം എന്ന പോലെയും. പ്രണയത്തിനു സ്വയം ബലിയര്‍പ്പിച്ച അനുരാഗികള്‍ ചോരയിറ്റുന്ന വാകമരങ്ങളായി പുനര്‍ജനിക്കുന്നതും കവി കാണുന്നു- പ്രേമദേവതയ്ക്കു നരബലി നല്‍കപ്പെട്ടവരോ/വാകമരങ്ങളായ്‌ച്ചോര പൂത്തുനില്‍ക്കുന്നൂ?

ഇത്തരം തുടുപ്പുകള്‍ മാത്രമല്ല, മരണത്തില്‍ ഹിമപ്പരപ്പുപോല്‍/നിലകൊള്ളാം സ്മൃതിസാരസാഗരം എന്നതുപോലുള്ള വെളുപ്പുകളും, നാഡിതോറും കടുംനീല/ മന്ദാരങ്ങള്‍ വിടര്‍ത്തുമീ / നിലാവിന്റെ വിഷവ്യഥ എന്നതുപോലുള്ള നീലകളും ചേരുന്നതാണ് ഈ കവിതകളുടെ വര്‍ണരാജി. അതില്‍ ലാളിത്യത്തിന്റെയും ഭാവാത്മകതയുടെയും തെളിനേരങ്ങളും നേര്‍മകളുമെന്നപോലെ അമൂര്‍ത്തതകളെ മൂര്‍ത്തമാക്കുന്ന വാക്കിന്റെ ധൂസരവിന്യാസങ്ങളും കാണാം, പുകയില്‍നിന്നും പ്രണയത്തകര്‍ച്ച തന്‍/പ്രതിമ കൊത്തിയെടുത്ത സായന്തനം/ചിറകൊടിഞ്ഞ വെളിച്ചത്തെ വാറ്റിയ / വിരഹമാധുരി നീറുന്നു ജീവനില്‍ എന്നപോലെ. ചിലപ്പോള്‍ അത് ഒരൊറ്റ ബിംബത്തിന്റെ ആകസ്മിക സാഫല്യത്താല്‍ വിരമിക്കുന്നു; ഏതൊരാനതന്‍ പ്രേതമിപ്പാതിരാ! എന്നോ ചന്ദ്രനല്ലത്- എന്റെ / പ്രേമത്തിന്‍ തലയോട് എന്നോ ലുബ്ധതീവ്രമായെഴുതിക്കൊണ്ട്. ഇതിഹാസസന്ദര്‍ഭമോ വേദപുസ്തകാന്തരീക്ഷമോ പ്രപഞ്ചപ്പൊരുളിനെക്കുറിച്ചുള്ള ആകാംക്ഷയോ ദുഃസ്വപ്‌നസന്നിഭമായ ഭ്രമഭാവനയോ ആവാം ചിലപ്പോള്‍ കവിതയുടെ സ്ഫുലിംഗമാകുന്നത്. ചിലപ്പോള്‍ നമ്മള്‍ ജീവിക്കുന്ന കാലത്തിന്റെ കഠിനനിര്‍ബന്ധം. എങ്കിലും ഭൂതകാലോന്മുഖമായ (Retrospective) ഒരു മനസ്സ് ഈ കവിതകളില്‍, പൊതുവേ, ഉണ്ട്. അത് പിന്നിട്ട പാതയിലെ തിക്തതകളെയും തീവ്രതകളെയും മാധുരികളെയും ഒരുപോലെ അയവിറക്കുന്നു. കവിതയുടെ ഒരു കലൈഡോസ്‌കോപ്പായി ഈ ഹ്രസ്വരചനകളെയും സൂക്ഷ്മരചനകളെയും മാറ്റുന്നതില്‍ ചാരിതാര്‍ഥ്യം കണ്ടെത്തുന്നു.

Content Highlights : sajay k.v reviews the poetry collection  Alakal Balachandran Chullikkad