റിയാതിരിക്കുന്നതില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന കിനാവാണ് ജീവിതമെന്ന സത്യം തിരിച്ചറിഞ്ഞ് ആ കിനാവിനെ അക്ഷരമാക്കിയപ്പോള്‍ പിറന്ന കവിതകള്‍. ഭൂമി മുഴുവന്‍ മനുഷ്യനെത്തേടിയലഞ്ഞിട്ടും കണ്ടെത്താനാകാത്ത മനസ്സിന്റെ വ്യഥ. ആകസ്മികതയുടെ തറിയില്‍ നെയ്ത കുഞ്ഞുടുപ്പാണ് ജീവിതമെന്ന് വരികളിലൂടെ വരച്ചുകാട്ടി മനസ്സിനോട് സംസാരിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ് ജോയ് വാഴയില്‍ ഋതുഭേദങ്ങള്‍ എന്ന കവിതാസാമാഹാരത്തിലൂടെ. 

കഥയുടെയും കവിതയുടെയും അതിരുകള്‍ വേര്‍തിരിക്കാനാകാത്ത, അവ തമ്മിലുള്ള അകലം ചുരുങ്ങുകയും നേര്‍ത്തു നേര്‍ത്തുവരികയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. പലപ്പൊഴും കവിതയെ ഗദ്യത്തില്‍ നിന്നും വേര്‍തിരിക്കുന്ന അതിരുകള്‍ നേര്‍ത്ത് നേര്‍ത്ത് കാണാതെയാകുന്നു. ഏതാണ് കവിത, ഏതാണ് ഗദ്യം എന്ന് വായനക്കാരന്റെ ഉള്ളില്‍നിന്ന് തന്നെ ചോദ്യമുയരുന്നു. ഈ സാഹചര്യത്തിലും വേറിട്ട വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നവയാണ് ജോയ് വാഴയിലിന്റെ കവിതകള്‍.

ഈ പ്രപഞ്ചത്തിന്റെ അഴകും സ്മൃതിയും സ്‌നേഹവും വൈരവും കാരുണ്യവുമെല്ലാം സംലയിപ്പിക്കുന്ന അമോഘസത്യത്തെയാണ് ഈ കവി തേടുന്നത്. നേതി നേതിയെന്ന ഭാരതീയദര്‍ശനത്തിന്റെ ആന്തരികഭാവങ്ങളെയാണ് കവിതയില്‍ വരച്ചുകാട്ടാന്‍ ശ്രമിച്ചിരിക്കുന്നതെന്നാണ് ജോസ് വാഴയിലിന്റെ കവിതകളെക്കുറിച്ച് കവയിത്രി സുഗതകുമാരി അഭിപ്രായപ്പെട്ടത്.

പ്രണയമുള്ളിടത്ത് കലഹവുമുണ്ട്
അവര്‍ പ്രണയകലഹം കാത്തിരിക്കുന്നു.
പ്രണയമില്ലാത്തിടത്ത് കലഹമുണ്ട്.
കലഹം അവരെ കാത്തിരിക്കുന്നു.
( പ്രണയകലഹം)

നാലുവരികളില്‍ പൂര്‍ത്തിയാകുന്ന ഈ കവിത വായനക്കാരനോട് സംവദിക്കുന്നത് അതിന്റെ അതിവിശാലമായ ആശയപരപ്പില്‍ നിന്നുകൊണ്ട് തന്നെയാണ്. ഒരു പക്ഷേ നീട്ടിപ്പരത്തിയും ഈ വിഷയം അവതരിപ്പിക്കാമെന്നിരിക്കിലും ചുരുങ്ങിയ വാക്കുകളില്‍ കവിതയുടെ മനോഹാരിത കവി ആവാഹിച്ചിരിക്കുന്നു. 

എവിടെയുണ്ട് മനുഷ്യന്‍, തിരഞ്ഞുകൊ-
ണ്ടെവിടെയുമലയുന്നൂ പുരാതനന്‍.
ഭുവനമെത്ര വിശാലം, നഗരികള്‍
വിവിധ ഭൂതിപ്രശോഭിതവേദികള്‍.
അനവധിയുണ്ടു മാനുഷനാമകര്‍, 
അനുപമോജ്ജ്വലവൈഭവമാര്‍ന്നവര്‍.
( അദൃശ്യന്‍) 

ഇവിടെ വിഷയത്തോടുള്ള സമീപനം മാറുന്നതോടെ കവിതയുടെ ആഴവും പരപ്പും മാറുന്നു. വിഷയാനുസൃതമായി അവ ആവശ്യപ്പെടുന്ന ശൈലിയും ദൈര്‍ഘ്യമാണ് ഓരോ കവിതയ്ക്കും ജോയ് വാഴയില്‍ സ്വീകരിച്ചിരിക്കുന്നത്.

ഋതുഭേദങ്ങള്‍ എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വൈവിധ്യമാണ് എല്ലാവരും എല്ലാക്കാര്യത്തിലും തേടുന്നത്. രൂപത്തിലും ഭാവത്തിലും വേറിട്ടു നില്‍ക്കുന്ന മനുഷ്യര്‍ക്ക് വേറിട്ട അഭിരുചികളുമാണ്. കവിതയിലും അത് rithubhedangalതന്നെയാണ് പ്രതിഫലിച്ചു കാണുന്നത്. രൂപത്തിലും ഭാവത്തിലും വേറിട്ടു നില്‍ക്കുന്ന കവിതകളാണ് ഇപ്പോള്‍ മലയാള സാഹിത്യത്തില്‍ കാണാന്‍ സാധിക്കുന്നത്. ഒരു സമൂഹത്തില്‍ പ്രകടമാകുന്ന ബഹുസ്വരതയെന്നപോലെ വിവിധ രൂപത്തിലും ഭാവത്തിലുമുള്ള കവിതകള്‍ ഈ കവിതാസാമാഹാരത്തില്‍ കാണാന്‍ സാധിക്കും. 

മലയാള കവിതയെ നെഞ്ചിലേറ്റുന്ന വായനക്കാര്‍ക്ക് മുന്നില്‍ വൈവിധ്യത്തിന്റെ ഒരു ചെപ്പ് തുറന്ന് വെയ്ക്കുകയാണ് കവി. ആശയങ്ങളാലും വികാരങ്ങളാലും സമ്പന്നമായ മനസ്സിനോട് സംവദിക്കുന്ന കവിതകളുടെ സമാഹാരം എന്ന് ഒറ്റ വാചകത്തില്‍ ഋതുഭേദങ്ങളെ വിശേഷിപ്പിക്കാം.