കര്‍പ്പൂരധൂളികലിതകലികതാലവാലേ
കസ്തൂരികാകല്‍പിത ദോഹളശ്രീ
ഹിമാംബുകാഭൈരവിഷിച്യമാന
പ്രാഞ്ചം ഗുണം മുഞ്ചതിനോ പലാണ്ഡു

കര്‍പ്പൂരത്തടത്തില്‍ ഉള്ളി നട്ടു കസ്തൂരി തളിച്ചു വളര്‍ത്തിയാലും ഉള്ളി അതിന്റെ മണം തന്നെ കാണിക്കും എന്ന് അര്‍ത്ഥം. നീതിസാരത്തില്‍നിന്നാണ്. എല്ലാ ധര്‍മ്മാധര്‍മ്മങ്ങളും കേട്ട്, അതിനെ ബുദ്ധി കൊണ്ടു വിചാരിച്ച്, ആത്മാവിനു ഗുണവിരോധമായ കാര്യങ്ങളെ ആരോടും ചെയ്യരുത് എന്നറിയുക എന്നു ന്യായബോധത്തില്‍നിന്നു പിറന്ന നീതിസാരത്തില്‍നിന്ന്. 

നീതിപീഠങ്ങളില്‍ അരുതാത്തതു നടക്കുന്നു എന്ന് ഇനി പറയുമ്പോള്‍ ആരും ഒറ്റയടിക്കു തള്ളിക്കളയില്ല. പരമോന്നത നീതിപീഠത്തില്‍നിന്നു വിമതസ്വരങ്ങള്‍ വന്നുകഴിഞ്ഞു. അതിനിടെയാണു നീതിപീഠത്തിലെ പുഴുക്കുത്തുകളെ പറ്റി ഒരു പുസ്തകം വരുന്നത്.

മൊഴിമാറ്റി മലയാളത്തില്‍ എത്തിയിരിക്കുന്നു നിന്ദര്‍ ഖുഗിയാനവിയുടെ പുസ്തകം. ''ഞാന്‍ ജഡ്ജിയുടെ ശിപായിയായിരുന്നു'' എന്ന പ്രശസ്തമായ പഞ്ചാബി കൃതി മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തത് ടി.എന്‍. സതീശനാണ്. പ്രസാധകര്‍ മാതൃഭൂമി ബുക്‌സ്. മൂന്നു ജഡ്ജിമാരുടെ കീഴില്‍ ശിപായിയായി പ്രവര്‍ത്തിച്ച പഞ്ചാബി എഴുത്തുകാരന്റെ ശിപായി ആത്മകഥ നിരവധി പതിപ്പുകളാണു പഞ്ചാബിയില്‍ വിറ്റുപോയത്. 

നീതിന്യായ മേഖലയിലെ അഴിമതിയും അനീതിയും തുറന്നുകാണിക്കുകയാണ് ഈ കൃതി. കൊളോണിയല്‍ നീതിബോധത്തില്‍ അധിഷ്ഠിതമാണ് ഇന്നും ഇന്ത്യന്‍ കോടതികള്‍. മധ്യകാല ബ്രിട്ടന്റെ മൂല്യവ്യവസ്ഥകളും അധികാര ചിഹ്നങ്ങളും ഇന്ത്യന്‍ കോടിതികളിലാണു വാഴുന്നതെന്നു പറയുന്നതു പ്രമുഖരായ അഭിഭാഷകര്‍ തന്നെയാണ്. ഡോ. സെബാസ്റ്റ്യന്‍ പോള്‍, പിഎസ് ശ്രീധരന്‍ പിള്ള, കാളീശ്വരം രാജ് തുടങ്ങിയവര്‍ മലയാളത്തിലും ഇതു ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

എന്നാല്‍ നിന്ദര്‍ ഖുഗിയാനവിയുടെ കാര്യം വ്യത്യസ്തമാണ്. പഞ്ചാബി ഭാഷയിലെ കഥാകൃത്താണ് നിന്ദര്‍. നാടോടിപ്പാട്ട് പഠിക്കാന്‍ ജ്വരം മൂത്ത് സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി. യമലാജട്ടിന്റെ ശിഷ്യനായി. നാടോടിപ്പാട്ട് നന്നായി പാടാന്‍ പഠിച്ചു. സ്വരസ്ഥാനങ്ങള്‍ നിശ്ചയമുള്ളതിനാല്‍ സംഗീതത്തില്‍ മായം കലര്‍ത്താനാവില്ലെന്ന് വ്യക്തമാക്കി സ്റ്റേജ് ഷോകള്‍ ഒഴിവാക്കി.

ഞാന്‍ ജഡ്ജിയുടെ ശിപായിയായിരുന്നു എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

പാട്ട് പഠിക്കാന്‍ പോയപ്പോള്‍ തന്നെ അച്ഛന്‍ നിന്ദറിനോട് പറഞ്ഞിരുന്നു. മരാസികളുടേതാണ്(പാണന്മാരുടെ) പാട്ട്. വൈശ്യനായി പിറന്ന നീ അത് ചെയ്യരുത്. എന്നാല്‍ ഗുരുവിന്റെ പ്രിയശിഷ്യനായി നിന്ദര്‍ മാറി. ഗുരു നല്‍കിയ ഒറ്റത്തംബുരുവില്‍- തുമ്പിയില്‍- വിദഗ്ദനായി. തുമ്പിയുടെ അവകാശി എന്ന പേരില്‍ ഗുരുവിനെപ്പറ്റി പുസ്തകമെഴുതി. രാഷ്ട്രപതി സെയില്‍ സിംഗ് പുസ്തകം പ്രകാശനം ചെയ്തു. 

ജീവിക്കാന്‍ നിവൃത്തിയില്ലാതെ ആദ്യം വക്കീല്‍ ഗുമസ്തനായി. പിന്നെ ഒരു ന്യായാധിപന്റെ കാരുണ്യത്തില്‍ കോടതി ശിപായിയായി. വിവിധ ജഡ്ജിമാര്‍ക്കൊപ്പം തൊഴിലെടുത്തു. 12 ജഡ്ജിമാരുടെ കഥകള്‍ ചേര്‍ത്ത് കറുത്ത കോട്ടിലെ പീഡകള്‍ എന്നൊരു പുസ്തകവും ഗോദയെന്ന ഓര്‍ഡര്‍ലി എന്ന മൂന്നാമത്തെ പുസ്തകവും കോടതി വിചാരമായി പുറത്തു വന്നിട്ടുണ്ട്. പഞ്ചാബിയില്‍ മികച്ച പ്രതികരണമായിരുന്നു പുസ്തകങ്ങള്‍ക്ക്.

ninderമൂന്നു ജഡ്ജിമാരുടെ ഒപ്പം പണിയെടുത്ത കഥകളാണ് ഞാന്‍ ജഡ്ജിയുടെ ശിപായിയായിരുന്നു എന്ന പുസ്തകം. വായനാക്ഷമതയോടെയാണ് മലയാള വിവര്‍ത്തനം. പുതിയ കാലത്ത് ശ്രദ്ധേയമാണ് കൃതി. പഞ്ചാബ് കോടതികളിലെ പല തമാശകളും ഇതിനകം തന്നെ ദേശീയ തലത്തില്‍ ശ്രദ്ധേയമായതാണ്. ഉദാഹരണത്തിന് നിര്‍മ്മല്‍ സിംഗിന് കൈമാറാനുള്ള പണം നിര്‍മ്മല്‍ കൗറിന് കൈമാറിയ വിവാദം. പണം കോഴപ്പണമെന്ന് തെളിഞ്ഞതോടെ വനിതാ ജഡ്ജി അന്വേഷണം ആവശ്യപ്പെട്ടു. വിവാദം പക്ഷെ, എങ്ങുമെത്തിയില്ല. 

കേസില്‍ സ്വാധീനിക്കാന്‍ ശ്രമമെന്ന് മദ്രാസ് കോടതിയുടെ ഓപണ്‍ കോര്‍ട്ടില്‍ തന്നെ ജഡ്ജി പ്രഖ്യാപിച്ചത് മറക്കാറായിട്ടില്ല. കേരളത്തിലും സമാനമായ സംഭവങ്ങള്‍ പലതും പറയുന്നുണ്ട് അഭിഭാഷകര്‍. ജഡ്ജിമാരുടെ പെരുമാറ്റങ്ങള്‍ കടുത്ത വിമര്‍ശനത്തിന് വഴിയൊരുക്കിയിട്ടുമുണ്ട്. എന്നാല്‍ താഴേത്തട്ടിലെ അഴിമതി മറ്റ് സംസ്ഥാനങ്ങളിലെ പോലെ രൂക്ഷമായ അല്‍പത്തരത്തിലല്ല കേരളത്തില്‍. 

കോടതി ശിപായിയായി ചെന്ന ആദ്യനാള്‍തന്നെ നിന്ദറിന് ജഡ്ജിയുടെ വീട്ടില്‍ പാത്രങ്ങള്‍ കഴുകേണ്ടി വന്നു. ചപ്പാത്തി ഉണ്ടാക്കി. പൊറോട്ട ഉണ്ടാക്കാന്‍ അറിയാത്തതിന് പഴി കേട്ടു. പിിന്നെ പതിയെ ശിലിച്ചു. എന്നാലും മാന്യരായിരുന്നു അവരെല്ലാം. ജഡ്ജിയുടെ മകന്‍ നിന്ദറിന്റെ കഥകള്‍ വായിച്ചിരുന്നു. നിന്ദറിന്റെ കഷ്ടപ്പാടില്‍ അവരും ഉള്ളുലഞ്ഞ് ഒപ്പം നിന്നു. നിന്ദര്‍ മനുഷ്യനായി പരിഗണിക്കപ്പെട്ടു.

അടുത്ത ന്യായാധിപന്‍ പക്ഷേ നേരേ തിരിച്ചായിരുന്നു. നിന്ദറിനെ കൊണ്ടു പാട്ടു പാടിക്കും, എന്നും വൈകീട്ട് മദ്യപിച്ച ശേഷം. പിന്നെ പരിഹാസത്തിന്റെ മൂര്‍ദ്ധന്യത്തിലേക്ക് എത്തിക്കും. മരാസി എന്നു വിളിച്ച് ആക്ഷേപിക്കും. ബസ് സ്റ്റാന്‍ഡില്‍ പോയി പിച്ചയെടുത്തു പാടാന്‍ കല്‍പിക്കും. വീട്ടുപണികളെല്ലാം നിവൃത്തിക്കും. 

അടുത്ത ഗ്രാമത്തിലെ ജമീന്ദാറിനോട് എരുമയെ കൈക്കൂലിയായി വാങ്ങി ആ ജഡ്ജി. വിജയിക്കുന്ന കേസ് അനുകൂലമാക്കാമെന്ന് ഉറപ്പു കൊടുത്തു നടത്തിയ അഴിമതി. കോടതിയില്‍ വരുന്നവരോടെല്ലാം ആളെ വച്ച് പണം വാങ്ങുന്ന ന്യായാധിപന്‍ മദ്യപിച്ചാല്‍ പിന്നെ മനുഷ്യനായി പോലും നിന്ദറിനെ കണ്ടില്ല. പത്രങ്ങളില്‍ നിന്ദറിന്റെ കഥയോ ഫോട്ടോയോ അച്ചടിച്ചു വന്നാല്‍ ജഡ്ജിയുടെ നിന്ദ പരകോടിയില്‍ എത്തും. നിന്ദ്യമാവും ഭാഷ.

പാടാന്‍ നോക്കി പരിഹാസ്യനാവുണ്ട് ഈ ജഡ്ജി. പിന്നെ കോടതിയിലും സമാനമായ സ്വഭാവത്താല്‍ സര്‍വരുടേയും വെറുപ്പും ഏറ്റുവാങ്ങുന്നുണ്ട്. എന്നാല്‍ സ്ഥലം മാറ്റം കിട്ടിയ ദിവസം പരമോന്നതമായ സ്‌നേഹം പ്രകടിപ്പിച്ച്  സ്വന്തം മനോനിലയുടെ മറ്റൊരു വശവും കാണിക്കുന്നു.

മൂന്നാമത്തെ ജഡ്ജിയുടെ ഭാര്യ സമാനമായ വിധത്തില്‍ മുഴുവന്‍ വീട്ടുപണികളും ചെയ്യിച്ചു. അപമാനത്തിന്റെ തീവ്രതയില്‍ നില്‍ക്കേ ഒരുനാള്‍ അകത്തെ മുറിയില്‍ പോയി കുട്ടി വിസര്‍ജ്ജിച്ചത് വെടിപ്പാക്കാന്‍ കല്‍പിച്ചു. പറ്റില്ലെന്ന് പറഞ്ഞ് നിന്ദര്‍ പുറത്തിറങ്ങി. കോടതിയില്‍ വന്ന് രാജിക്കത്ത് കൊടുത്ത് പുറത്തിറങ്ങി. 

പന്ത്രണ്ട് നീതിപാലകന്മാരുടെ ജീവിതങ്ങളുണ്ട് കറുത്ത കോട്ടിന്റെ പീഡയില്‍. നിന്ദര്‍ പറയുന്നു. ഉറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കഴിയാത്ത നിസ്സഹായത. രാപകല്‍ നീളുന്ന ഏകാന്തത. പൊതുജീവിതം അന്യമാവുന്നതിന്റെ സങ്കടങ്ങള്‍, മേലാളബോധം പകരുന്ന ആജ്ഞകള്‍. നിസ്സഹായര്‍ക്കുമേല്‍ അഴിഞ്ഞാടുന്ന സാഡിസ്റ്റ് സന്തോഷങ്ങള്‍. വളരെ നിസ്സഹായരാണ് പല വിധികര്‍ത്താക്കളും.

അങ്കിള്‍ ജഡ്ജിമാരെപറ്റി എഴുതിയിട്ടുണ്ട് മറ്റൊരിടത്ത് നിന്ദര്‍. രാഷ്ട്രീയ ഇടപെടലുകള്‍ കോടതികളിലേക്ക് നീളുന്നതിനെ അടുത്തു നിന്നു നോക്കിക്കാണുന്നു ഈ ശിപായി. ദീപാവലി സമ്മാനങ്ങള്‍ വാങ്ങാന്‍ കുടുംബത്തിന്റെ ആഘോഷം പോലും മറന്ന് ഒറ്റയ്ക്കു കാത്തിരിക്കുന്ന ന്യായാധിപന്‍ വായനക്കാരില്‍ നിറയ്ക്കുന്നതു പരിഹാസ്യമായ സഹതാപമാണ്.
വലിയ കോടതികളില്‍ വലിയ ദുരന്തങ്ങള്‍  അരങ്ങേറുന്നുണ്ടോ? വലിയവരുടെ സന്തോഷങ്ങള്‍ക്ക് വലിയ വില നല്‍കുന്നുണ്ടോ വലിയ നീതിപീഠങ്ങളിലെ പുഴുക്കുത്തുകള്‍? വിമര്‍ശനങ്ങള്‍ അകത്തുനിന്നു തന്നെ ഉയരുന്നതിനിടെയാണ് പുതിയ കൊല്ലത്തെ പുതിയ പരിഭാഷ വരുന്നത്. പ്രാത്ഥിക്കാം.  ഇക്കൊല്ലം കണ്ണു തുറക്കലുകളുടേതാവട്ടെ. അറിയുന്നതിലാണല്ലോ ജനാധിപത്യത്തിന്റെ ശക്തി. കോടതി മുറികളില്‍ സത്യം ചെയ്യിക്കുന്നവരും പുറത്തു കടന്ന് ഒരിക്കലെങ്കിലും അകത്തേക്കു നോക്കട്ടെ. 

കര്‍പ്പൂരത്തടത്തില്‍ ഉള്ളി നടാതിരിക്കുന്നതു തന്നെയാണു നീതിപീഠത്തിലെ സുഗന്ധത്തിനു നല്ലത്. നീതിസാരം തന്നെ പറയുന്നു:
തേളിന് വാലിലാണ് വിഷം.
ഈച്ചയ്ക്ക് ശിരസ്സില്‍.
തക്ഷകന് പല്ലില്‍.
ദുര്‍ജനങ്ങള്‍ക്കു സര്‍വാംഗങ്ങളിലും വിഷം.