ഭാനുപ്രകാശ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മുന്‍പേ പെയ്ത മഴയിലാണ് ഇപ്പോള്‍ നനയുന്നത്' എന്ന പുസ്തകത്തിന് രേഷ്മ അക്ഷരി എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം.

വൈരുദ്ധ്യങ്ങളുടെ സങ്കലനമാണ് ഓരോ ജീവിതവും. അത് സാഹിത്യത്തിലേക്കോ കലയിലേക്കോ പറിച്ചുനടപ്പെടുമ്പോഴും അതേ  സങ്കീര്‍ണതകളെ ഉള്ളില്‍ വഹിക്കുന്നു. ഒരു ജീവചരിത്രത്തിന്റെ നിര്‍മ്മിതിയിലാവുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങളുടെ നേരിട്ടുള്ള ചിത്രീകരണം തന്നെ നടക്കുന്നു. ദേശകാല സീമകള്‍ ലംഘിച്ചാണ് അവ വളരുന്നത്. വര്‍ത്തമാനകാലത്തില്‍ നിന്നുകൊണ്ട്  ഭൂതകാല സഞ്ചാരങ്ങളുടെ ചരിത്രം സാഹിത്യാംശം ഒട്ടും ചോരാതെ അങ്ങനെ രേഖപ്പെടുത്തപ്പെടുന്നു...

 'കലാസൃഷ്ടിയെന്ന നിലയില്‍ തയ്യാറാക്കിയ ഒരു വ്യക്തിയുടെ സത്യസന്ധമായ ജീവിതരേഖ 'എന്ന് ഹാരോള്‍ഡ് നിക്‌സന്‍ ജീവചരിത്രത്തെ നിര്‍വ്വചിച്ചതുപോലെ. ചരിത്രവും, വ്യക്തിയും, സാഹിത്യവും ഒരേ മേന്മയോടെ, പ്രാധാന്യത്തോടെ ഇവയില്‍ കടന്നുവരുന്നു. 

 മലയാള സാഹിത്യത്തില്‍ പല മേഖലയിലെയും ആളുകളെക്കുറിച്ച് ധാരാളം ജീവചരിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പുതിയതും പുതുമയുള്ളതുമായ ഒന്നാണ് ഭാനുപ്രകാശിന്റെ 'മുന്‍പേ പെയ്ത മഴയിലാണ് ഇപ്പോള്‍ നനയുന്നത് ' എന്ന പുസ്തകം. എഴുത്തിന്റെ പാരമ്പര്യവഴികളില്‍ നിന്ന് മാറി നടക്കുന്ന ഒന്ന്.  ഒറ്റപ്പുസ്തകത്തില്‍ നാലുപേരുടെ ഭൂതകാലത്തിലും വര്‍ത്തമാനത്തിലും
മാറി മാറി സഞ്ചരിക്കുന്ന പുസ്തകം. സമൂഹത്തിലെന്നപോലെ കലയിലും പുരുഷന് പ്രാധാന്യമുണ്ടായിരുന്ന ഒരു കാലത്ത് മലയാള നാടകവേദിയുടെ കരുത്തും സൗന്ദര്യവുമായിരുന്ന നാലു പെണ്ണുങ്ങളുടെ കഥ. സാവിത്രി ശ്രീധരന്‍, ബാലുശ്ശേരി സരസ, എല്‍സി സുകുമാരന്‍, ഉഷ ചന്ദ്രബാബു എന്നിവരുടെ അരങ്ങിലെ സങ്കല്‍പജീവിതവും അണിയറയുടെ യാഥാര്‍ത്ഥ ജീവിതവും
ഒരു ചങ്ങലയുടെ നാലു കണ്ണികളെന്ന പോലെ, വ്യത്യസ്ത ആഖ്യാന സാധ്യതകളുപയോഗിച്ച് ഇതില്‍ ആലേഖനം ചെയ്തിരിക്കുന്നു.

എഴുത്തിന്റെ കേന്ദ്രം സമൂഹവും സമൂഹത്തിന്റെ കേന്ദ്രം കുടുംബവും കുടുംബത്തിന്റെ കേന്ദ്രം സ്ത്രീയും ആണെന്നിരിക്കെ ആ സ്ത്രീയുടെ ശബ്ദവും കലയും നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലത്ത് 
നാടകത്തോടുള്ള അഭിനിവേശവും സമര്‍പ്പണ മനോഭാവവും, കൂട്ടായ്മയുടെ അനുഗ്രഹവും കൊണ്ട് അരങ്ങുകളില്‍ ഉടലുകൊണ്ടും, ജീവിതത്തില്‍ കനല്‍ വീണ ഉള്ളുകൊണ്ടും എഴുതിത്തീര്‍ത്ത ഒരു കാലം ഇവിടെ വായനക്കാരനോട് സംവദിക്കുന്നു. ആ ഓര്‍മ്മകളാല്‍ നനയുകയും നനയിക്കുകയും ചെയ്യുന്നു ഈ പുസ്തകം.

പ്രിയപ്പെട്ടവരുടെ അവഗണനയില്‍ നീറുന്ന, പിതാവിന്റെ മരണദിനത്തില്‍ നിസംഗതയോടെ, ഉള്ളിലടക്കിയ വേദനയോടെ നാടകവേദിയിലേക്ക് യാത്ര ചെയ്യുന്ന, സദാചാരപ്പോലീസുകാര്‍ക്ക് മുന്നില്‍ ആത്മാഭിമാനത്തിന് വിലയില്ലാതെ പോയ, ദാരിദ്ര്യവും വേദനയും അപമാനവുമേല്‍ക്കേണ്ടി വന്ന പെണ്ണുങ്ങള്‍. എന്നാല്‍ ആരെയും കുറ്റപ്പെടുത്താതെ ജീവിതത്തിന്റെ ചിത്രവും, സമൂഹത്തിന്റെ ചരിത്രവും ചേര്‍ത്തിണക്കിയ 'മുന്‍പേ പെയ്ത മഴ' യില്‍ അവരിപ്പോഴും നനയുകയാണ്. അരങ്ങിലെ സങ്കല്പജീവിതത്തെ ഇപ്പോഴും സ്വപ്നം കാണുകയാണ്.

 അരങ്ങിലെ ആള്‍മാറാട്ടങ്ങളില്‍ ആവേശം കൊണ്ട ഒരു കൊച്ചുകുട്ടിയുടെ കൗതുകം, കേവലം അണിയറയില്‍ ഒതുങ്ങാതെ. ഗൗരവമുള്ള ഒരു അന്വേഷണമായി സമയത്തിനും കാലത്തിനും അപ്പുറത്തേക്ക് സഞ്ചരിച്ചതിന്റെ പരിണതഫലമാണ് ഭാനുപ്രകാശിന്റെ ഈ ജീവചരിത്ര പുസ്തകം.

book cover
പുസ്തകം വാങ്ങാം

സ്ത്രീ നാടകവേദികള്‍ സൃഷ്ടിക്കപ്പെട്ട ആധുനികകാലത്ത് നിന്ന് ചിന്തിക്കുമ്പോള്‍പോലും അത്ഭുതത്തിനിട നല്‍കുന്നവയാണ് പല സന്ദര്‍ഭങ്ങളും. സ്ത്രീ സ്വന്തം കാലില്‍ നില്‍ക്കുന്നതും  സ്വന്തം സ്വത്വം അന്വേഷിക്കാന്‍ തുടങ്ങുന്നതും. അതുപോലെ കലാരംഗത്ത് പ്രത്യേകിച്ച് നാടകരംഗത്ത് സ്വന്തം സ്ഥാനം നിര്‍ണയിക്കുന്നതും പ്രധാനപ്പെട്ട സംഗതികളാണ്. ഭാഷയിലൂടെ അവര്‍ പരിസരങ്ങളുമായി സംവദിക്കുകയും കലഹിക്കുകയും ചെയ്തു.

വൈകാരികമായി ആളുകളെ കയ്യിലെടുക്കാന്‍ നിര്‍മ്മിച്ച ഒന്നല്ല ഈ പുസ്തകം. മറിച്ച് ഒരു ചരിത്രത്തെ മലയാള നാടകത്തെയും, അതിന്റെ പിന്നിലെ പ്രവര്‍ത്തകരുടെ വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും ചരിത്രത്തിന്റെ ഒരു കഷണത്തെക്കൂടി നമുക്ക് മുന്നില്‍ തുറന്നുവയ്ക്കുകയാണിതില്‍. നാടകത്തെക്കുറിച്ചുള്ള ഏതന്വേഷണവും മനുഷ്യജീവിതത്തിന്റെ അടച്ചുവച്ച പൊരുളുകളിലേക്ക് കൂടിയുള്ള അന്വേഷണമാണ്. അരങ്ങിലേക്ക് കയറിവരുന്ന ജീവിതങ്ങള്‍ അവര്‍ സഞ്ചരിക്കുന്ന വൈരുദ്ധ്യങ്ങളുടെ വലിയ ആ ലോകം.

ചരിത്രമായവരും, ചരിത്രത്തിലേക്ക് വഴി കാണിച്ചവരും ഒക്കെ അടങ്ങുന്ന ഒരു പുസ്തകം. സാവിത്രി ശ്രീധരന്‍, ബാലുശ്ശേരി സരസ, എല്‍സി സുകുമാരന്‍ ,ഉഷ ചന്ദ്രബാബു എന്നിങ്ങനെ മൂന്നു തലമുറയിലെ നാലു പെണ്ണുങ്ങളുടെ അരങ്ങും  ജീവിതവും- വന്ന വഴികളിലെ വെളിച്ചവും ഇരുട്ടും ചിരിയും കണ്ണീരും ഒക്കെ ഇവിടെ വെളിവാക്കപ്പെടുന്നു. ആ അഭിനേത്രികളുടെ കനല്‍പാതകള്‍ വ്യത്യസ്ത ആഖ്യാനസമ്പ്രദായങ്ങളില്‍ മുന്നില്‍ നിരക്കുമ്പോള്‍ വായനക്കാരുടെ മനസ്സില്‍ മുദ്ര വെയ്ക്കപ്പെടുന്നത് ആ നാലുപേര്‍ മാത്രമല്ല. നാടകവേദിയിലും അണിയറയിലും നിറഞ്ഞ് നില്‍ക്കുകയും,  മറവിയിലേക്ക് മുതല്‍ കൂട്ടപ്പെടുകയും ചെയ്ത ഈ രംഗത്തെ അതികായരായി വളരുകയും തളരുകയും ചരിത്രത്തില്‍ ഒരു പേരായിപ്പോലും ഇടം പിടിക്കാതെ പോവുകയും ചെയ്ത നാടകസമിതികള്‍കൂടിയാണ്.  പുസ്തകത്തിന്റെ അവതാരികയില്‍ സുഭാഷ് ചന്ദ്രന്‍ പറയുന്നതുപോലെ 'വിറയ്ക്കുന്ന ഹൃദയത്തോടെ മാത്രം അനുസ്മരിക്കാന്‍ കഴിയുന്ന ഒരു ഭൂതകാലത്തെ 'നമുക്കു നേരെ നീട്ടുന്നു ഈ ഓര്‍മ്മപ്പുസ്തകം. ഡോ.കെ ശ്രീകുമാറിന്റെ 'അരങ്ങിലെ കണ്ണീരുപ്പുകള്‍, ആത്മബലം കൊണ്ട് ഉയിര്‍ത്തെഴുന്നേറ്റ നാലു കലാകാരികളുടെ ആവേശഭരിതമായ കഥയായി ഈ എഴുത്തുകളെ വിശേഷിപ്പിക്കുന്നു. കെ.പി.എ.സി ലളിതയുടെയും എം.ടി യുടെയും ചെറുകുറിപ്പുകള്‍ പുസ്തകത്തിന് മാറ്റുകൂട്ടുന്നു. അതെ...മുന്‍പേ പെയ്ത അനുഭവങ്ങളുടെ നീരാഴിയിലാണ് അവര്‍ ഇപ്പോഴും നനയുന്നത്!

Content Highlights: Reshma Akshari reviews the book Munpe peytha Mazhayilaanu Ioopl Nanyunnath by Bhanuprakash