പൗരത്വനിര്‍ണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍യ്ക്കിടെ മതവും മതേതരത്വവും കടന്നുവന്നിരിക്കുന്നു എന്നതുകൊണ്ടുതന്നെ മതേതരത്വം എന്ന വാക്കിന്റെയും ആശയത്തിന്റെയും പൊരുള്‍ ഓരോ വ്യക്തിയും പൂര്‍ണമായും അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. 1976-ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ 'സെക്യുലര്‍' അഥവാ 'മതേതരം' എന്ന പദം, ഒരു ഭേദഗതിയിലൂടെ, എഴുതിച്ചേര്‍ക്കപ്പെട്ടത്. അതിന്റെ അര്‍ത്ഥം അതിനുമുന്‍പ് ഇന്ത്യ മതനിരപേക്ഷ രാജ്യം ആയിരുന്നില്ല എന്നല്ല, ബ്രിട്ടീഷ് അധിനിവേശകാലത്തുപോലും 'കൊളോണിയല്‍ സെക്യുലറിസം' എന്ന ആശയത്തിന്‍ കീഴില്‍ത്തന്നെയാണ് ഇന്ത്യ എന്നും നിലനിന്നിരുന്നത്.

നമ്മെ ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യം അന്നും ഇന്നും ഒരു ക്രിസ്ത്യന്‍ രാജ്യം തന്നെയാണ്. വളരെ അടുത്തകാലത്ത് മാത്രമാണ്, കൃത്യമായി പറഞ്ഞാല്‍ 2008-ല്‍ നിയമഭേദഗതി വരുത്തുംവരെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് എതിരായ മതനിന്ദ ബ്രിട്ടനില്‍ ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കപ്പെട്ടിരുന്നു എന്നതും ഒരു വസ്തുതയാണ്. തങ്ങളുടെ മതവിശ്വാസങ്ങള്‍ അപ്പാടെ പറിച്ചുനടാന്‍ പറ്റിയ ഫലഭൂയിഷ്ഠത ഇന്ത്യന്‍ സാമൂഹികമണ്ണിന് ഇല്ല എന്ന തിരിച്ചറിവിലൂടെയാണ് 'കൊളോണിയല്‍ സെക്യുലറിസം' എന്ന ആശയം ജനിക്കുന്നത്. അങ്ങനെ കൊളോണിയല്‍ സെക്യുലറിസത്തില്‍ നിന്ന് നാം ഇന്ന് കാണുന്ന സെക്യുലറിസത്തിലേക്ക് ഉള്ള പരിണാമത്തിന്റെ ചരിത്രമാണ് 'റിപ്പബ്ലിക് ഓഫ് റിലീജിയന്‍: ദ റൈസ് ആന്‍ഡ് ഫാള്‍ ഓഫ് കൊളോണിയല്‍ സെക്യുലറിസം ഇന്‍ ഇന്ത്യ' എന്ന പുസ്തകത്തിലൂടെ അഭിനവ് ചന്ദ്രചൂഡ് നമ്മോട് പറയുന്നത്.

ഏറ്റവുമധികം കാലയളവ് ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് പദം അലങ്കരിച്ച വൈ.വി. ചന്ദ്രചൂഡിന്റെ പേരമകനും ജസ്റ്റിസ് ധനഞ്ജയ വൈ. ചന്ദ്രചൂഡിന്റെ പുത്രനുമാണ് എഴുത്തുകാരനും ബോംബെ ഹൈക്കോടതി അഭിഭാഷകനുമായ ലേഖകന്‍. 2017-ല്‍ പ്രസിദ്ധീകൃതമായ 'റിപ്പബ്ലിക് ഓഫ് റെറ്റോറിക്ക്: ഫ്രീ സ്പീച്ച് ആന്‍ഡ് ദ കോണ്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇന്ത്യ'എന്ന പുസ്തകത്തിലൂടെയാണ് അഭിനവ് ആദ്യമായി ഇന്ത്യയുടെ നൈതികവും രാഷ്ട്രീയവുമായ ചരിത്രത്തിലൂടെ എത്തിനോട്ടം നടത്തുന്നത്. അഭിപ്രായസ്വാതന്ത്ര്യം എന്ന ആശയത്തിന് ഊന്നല്‍ നല്‍കുന്ന ഈ പുസ്തകം അതിന്റെതന്നെ മറ്റു വശങ്ങളായ കോടതിയലക്ഷ്യം, രാജ്യദ്രോഹം, മാനനഷ്ടം എന്നിങ്ങനെയുള്ള മാനങ്ങളിലേക്ക് കുറച്ചുകൂടി ആഴത്തില്‍ ചര്‍ച്ച നീട്ടുകയാണ്. ബ്രിട്ടീഷ് ഇന്ത്യയെക്കാള്‍ ഒട്ടും ഭേദപ്പെട്ട സ്വാതന്ത്ര്യമല്ല ഈ മേഖലയിലെ നിയമങ്ങള്‍ ഇന്നത്തെ ഇന്ത്യന്‍ പൗരന് നല്‍കുന്നത് എന്നാണ് ഉദാഹരണങ്ങള്‍ നിരത്തി അദ്ദേഹം വാദിക്കുന്നത്.

ബാലഗംഗാധര തിലകിനേയും മറ്റു പല സ്വാതന്ത്ര്യസമര സേനാനികളേയും നിശ്ശബ്ദരാക്കാന്‍ ഉപയോഗിച്ച അതേ നിയമങ്ങളാണ് ഇന്ന് വിദ്യാര്‍ഥി നേതാക്കളേയും മറ്റ് മനുഷ്യാവകാശ പ്രവര്‍ത്തകരേയും നിശ്ശബ്ദരാക്കാന്‍ ഉപയോഗിച്ചുവരുന്നത്. കാലഹരണപ്പെട്ടവ എന്ന് അംഗീകരിച്ച് ബ്രിട്ടീഷുകാര്‍ നിര്‍ത്തലാക്കിയ പല നിയമങ്ങളും മാറ്റങ്ങള്‍ ഏതും ഇല്ലാതെ നാം ഇന്നും തുടര്‍ന്നുവരുന്നു എന്നുള്ളതിലെ വിരോധാഭാസവും ഈ പുസ്തകം ചൂണ്ടിക്കാട്ടുന്നുണ്ട്. 2018-ല്‍ പ്രസിദ്ധീകരിച്ച 'സുപ്രീം വിസ്‌പേര്‍സ്: കോണ്‍വര്‍സേഷന്‍സ് വിത്ത് ജഡ്ജസ് ഓഫ് ദി സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ' എന്ന അദ്ദേഹത്തിന്റെ പുസ്തകം 1980 മുതല്‍ 1990 വരെയുള്ള കാലയളവിലെ സുപ്രീം കോടതി ജഡ്ജിമാരുമായി പ്രൊഫസര്‍ ജോര്‍ജ് എച്ച്. ഗാഡ്‌ബോയ്‌സ് എന്ന അമേരിക്കന്‍ നിയമപണ്ഡിതന്‍ നടത്തിയ അഭിമുഖസംഭാഷണങ്ങളുടെ ക്രോഡീകരണമാണ്. ഔദ്യോഗികപദവികള്‍ അലങ്കരിക്കുന്ന വേളകളില്‍ അനുവദനീയമല്ലാത്തതായിരുന്ന പല വിഷയങ്ങളിലുമുള്ള തങ്ങളുടെ സ്വതന്ത്രമായ അഭിപ്രായങ്ങളുടെ തുറന്നുപറച്ചിലുകളാണ് ഇവ. തന്റെ മുത്തച്ഛനായ ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡും ജസ്റ്റിസ് പി.എന്‍. ഭഗവതിയുമായുള്ള മാത്സര്യവും ഇതില്‍ വിഷയീഭവിക്കുന്നുണ്ട് എന്നത് കൗതുകകരമായി കാണാവുന്നതാണ്. ഈ രണ്ട് പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തോടുകൂടി ഒരു നൈതിക ചരിത്രകാരന്‍ എന്ന തന്റെ സ്ഥാനം അഭിനവ് ഏതാണ്ട് ഉറപ്പിച്ചിരുന്നു എന്നുതന്നെ പറയാം.

ആദ്യ പുസ്തകത്തിന്റെ പിന്‍തുടര്‍ച്ച എന്ന നിലയില്‍ കാണാനാവുന്ന ഒന്നാണ് 'റിപ്പബ്ലിക് ഓഫ് റിലീജിയന്‍' എന്ന പുസ്തകം. ഗോവധനിരോധനത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ വശങ്ങളില്‍ ഊന്നിയാണ് അഭിനവ് ചന്ദ്രചൂഡ് തന്റെ വാദം ആരംഭിക്കുന്നത്. ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യന്‍ ജനതയെ സുഗമമായി മേയ്ക്കാന്‍ ഉപയോഗിച്ച കൊളോണിയല്‍ സെക്യുലറിസം എന്ന തന്ത്രം, ഭരണമാറ്റത്തിന് ശേഷം എത്തരത്തിലാണ് മൃദു മതേതരത്വം എന്ന പ്രതിഭാസത്തിലേക്ക് വഴുതിയത് എന്നതാണ് രണ്ടാം അദ്ധ്യായം പറയുന്നത്. മൂന്നാമത്തെ അദ്ധ്യായമാവട്ടെ, ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തായ വോട്ട് ബാങ്കിലെ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നയിച്ച സംഭവങ്ങളിലേക്കുള്ള നേര്‍ക്കാഴ്ചയാണ്.

book1909-ല്‍ വൈസ്രോയി മിന്റോയുടെ നേതൃത്വത്തില്‍ നടന്ന ധ്രുവീകരണ ശ്രമങ്ങളെക്കുറിച്ചാണ് പുസ്തകം വിശദമാക്കുന്നത്. നാലാമത്തെ അദ്ധ്യായമാവട്ടെ, ഹിന്ദു ദേവാലയങ്ങളുടെ ഭരണനിയന്ത്രണം കൈയാളാനായി ഈസ്റ്റ് ഇന്ത്യ കമ്പനി അവലംബിച്ച മാര്‍ഗങ്ങളിലേക്കും മറ്റും വിരല്‍ചൂണ്ടുന്നു. ഭരണ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്ത കമ്പനി, പിന്നീട് ബ്രിട്ടീഷ് രാജ്ഞിയുടെ അതൃപ്തി മാനിച്ച് അവയൊക്കെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ട്രസ്റ്റികളുടെ നിയന്ത്രണത്തിലേക്ക് വിടുകയും പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ ഭരണകൂടം നിലവില്‍വരുന്ന സമയത്ത് ഗവണ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴിലാവുകയുമാണ് ഉണ്ടായത്.

അടുത്ത അദ്ധ്യായം ഏകീകൃത സിവില്‍ കോഡിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചരിത്രത്തിലേക്ക് നമ്മെ നയിക്കുന്നു. ഏഴാമത്തേതും ഒടുവിലത്തേതുമായ അദ്ധ്യായമാവട്ടെ സെക്യുലറിസം എന്ന വാക്കിന്റെ അര്‍ത്ഥത്തിലോ അഥവാ മാനത്തിലോ സംഭവിച്ചിട്ടുള്ള പരിണാമത്തെക്കുറിച്ച് പറഞ്ഞുനിര്‍ത്തുന്നു.

Content Highlights:Republic of Religion by  Abhinav Chandrachud Book review