രാമായണത്തിന് ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും എണ്ണിയാലൊടുങ്ങാത്ത വകഭേദങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അതിലെ കഥകള്‍ക്കും ഉപകഥകള്‍ക്കുംവരെ ദിനംപ്രതി പുതിയ വ്യാഖ്യാനങ്ങളും പൊളിച്ചെഴുത്തുകളും നടന്നുകൊണ്ടിരിക്കുന്നു. അത്തരം ആവിഷ്‌കാര,ആസ്വാദന സ്വാതന്ത്ര്യങ്ങള്‍ക്കെതിരെ മതമൗലികവാദികളുടെ എതിര്‍പ്പും ആക്രമണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ആ മണ്ണിടങ്ങളിലേക്കാണ് ആനന്ദ് നീലകണ്ഠന്റെ 'രാവണന്‍:പരാജിതരുടെ ഗാഥ'എന്ന നോവല്‍ കടന്നു വന്നത്. 
അമ്പത്തിരണ്ട് അധ്യായങ്ങളിലായി രാവണനാലും, രാവണന്റെ വിശ്വസ്തനായ ഭദ്രനാലുമാണ് ഈ നോവല്‍ മുന്നോട്ടു പോകുന്നത്. രാവണന്റെ മരണത്തിനു ശേഷം ഭദ്രനാണ് കഥ പറഞ്ഞു മുഴുമിപ്പിക്കുന്നത്. ബോധത്തിനും അബോധത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ മരണമെത്തി നില്‍ക്കുന്ന അവസാന സമയത്ത് രാവണന്റെ മനസ്സില്‍ തെളിയുന്ന ഭൂതകാലമാണ് ഈ നോവലിലെ ഏറിയ സംഭവങ്ങളും. 

കൊടിയ ദാരിദ്ര്യവും,അവശതകളൂം പേറുന്ന, താഴെക്കിടയിലെ ഒരു കുടുംബത്തിലെ ഒരംഗമായിരുന്നു രാവണന്‍. രാവണന്‍ ഒരു യാഥാസ്ഥിതികനെന്നു സ്വയം അവകാശപ്പെടുകയും അതിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നയാളാണ്. ദേവപ്രീതിയ്ക്കു വേണ്ടിയുള്ള പൂജയെ പരിഹാസത്തോടെ മാത്രം കാണുന്ന അയാള്‍ അത്തരം സംഭവങ്ങള്‍ മനുഷ്യന്റെ ഒടുങ്ങാത്ത സുഖാനുഭവ അന്വേഷണങ്ങള്‍ക്കും ആഗ്രഹപ്രാപ്തിക്കും നടത്തുന്ന വെറും പ്രഹസനങ്ങളാണെന്നു അഭിപ്രായമുള്ളവനാണ്. 

അസുരകുലത്തിന്റെ പ്രധാന ആരാധ്യദേവന്‍ പരമശിവനാണ്, സ്വാഭാവികമായും ഇന്ദ്രനുള്‍പ്പെടയുള്ള ദേവപക്ഷം തെമ്മാടികളും മര്യാദയില്ലാത്തവരുമാണ്. തകര്‍ക്കപ്പെട്ട ഒരു സംസ്‌കാരം രാവണന്റെ പിന്നിലുണ്ട്. പ്രതീക്ഷ നഷ്ടപ്പെട്ട ഒരു ജനത അയാള്‍ക്ക് മുന്നിലുണ്ട്.  അവരുടെ പ്രതീക്ഷകളുടെ ഭാരം പേറുന്നത് രാവണനാണ്.  സ്വന്തം  തിക്താനുഭവങ്ങളില്‍ നിന്നും നേടിയ അനുഭവപാഠങ്ങളില്‍  നിന്നാണ് രാവണന്‍ അസുരകുലത്തിലെ മഹാരാജാവായി ഉയര്‍ന്നു വന്നത്.

Anand Neelakandan
ആനന്ദ് നീലകണ്ഠന്‍

രാജാവിന് ബദലായി, തെരഞ്ഞെടുക്കപ്പെട്ട ഒരു സമിതിക്കാണ് അധികാരമുള്ള ഉന്നതമായ ജനാധിപത്യ സംവിധാനമെങ്കിലും ഒരുവേള രാവണന്‍ തന്നെ അതിനെ തള്ളിക്കളയുന്നുമുണ്ട്. വാഗ്ദാനങ്ങള്‍ നല്‍കിയും ജനങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത പ്രതീക്ഷകളും പേറി അധികാര്യത്തിലേറുന്നവര്‍ ഒടുവില്‍ തങ്ങളുടെ നിലനില്‍പ്പിനും വ്യക്തിഗത താല്പര്യങ്ങള്‍ക്കും വേണ്ടി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടി വരുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം തന്നെയാണിത്.

സങ്കീര്‍ണ്ണതയും ,അര്‍ത്ഥനശൂന്യമായ ആചാരങ്ങളും വര്‍ധിച്ചുവരുന്നതോടെ, സമൂഹത്തിനുമേല്‍ സവര്‍ണ്ണര്‍ അധികാരവും നിയന്ത്രണവും ഏറ്റെടുക്കുന്നതോടെ ഉണ്ടായേക്കാവുന്ന എല്ലാ പ്രതിസന്ധികളും രാവണനും അഭിമുഖീകരിക്കുന്നുണ്ട്. സ്വാര്‍ത്ഥതയോളം നിന്ദാര്‍ഹമായ മറ്റൊന്നുമില്ല എന്ന് വിളിച്ചു പറയുമ്പോള്‍ തന്നെ അധികാരത്തിന്റെ ഉന്മാദാവസ്ഥയില്‍ സ്വാര്‍ത്ഥതയെ അടിസ്ഥാന വികാരമെന്ന് പറഞ്ഞ് ന്യായീകരിക്കുന്നുമുണ്ട് രാവണന്‍. ആട്ടിമറിയിലൂടെയും കലാപങ്ങളിലൂടെയും പിടിച്ചെടുത്ത തന്റെ അധികാരം സൈനിക ശക്തി ഉപയോഗിച്ചാണ് ചോദ്യം ചെയ്യലുകളെ അടിച്ചമര്‍ത്തിക്കൊണ്ടിരുന്നത്. എന്നിട്ടും രക്തച്ചൊരിച്ചിലില്ലാതെയാണ് താന്‍ രാജ്യം നേടിയതെന്ന്  അയാള്‍ സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തം ജനതയുടെ നന്മയക്ക്  വേണ്ടി ഒരു രാജ്യദ്രോഹിയെയും ഒഴിവാക്കരുത് എന്നാണ് രാവണന്റെ പക്ഷം. തന്റെ നിലപാടുകളുടെ കൂറുമാറ്റങ്ങള്‍ക്ക് അയാള്‍ക്ക് ആയാളുടേതായ ന്യായീകരണങ്ങളുണ്ട്. 

രാവണന്റെയുള്ളില്‍ മറഞ്ഞിരിക്കുന്ന ക്രൂരമുഖങ്ങള്‍ മറനീക്കി പലപ്പോഴായി പുറത്തു വരുന്നുണ്ട്. സ്വന്തം മാതാവു പോലും അയാളുടെ ചെയ്തികളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നില്ല. സഹോദരിയുടെ രാത്രിസാഹസങ്ങളേയും വ്യഭിചാര വാര്‍ത്തകളെയും അസാമാന്യമായി തന്നെയാണ് രാവണന്‍ ന്യായീകരിക്കുന്നത്. അതിന്റെയെല്ലാം കാരണമായി പറയുന്നത് ബാല്യത്തില്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട സുഖസൗകര്യങ്ങളും സ്‌നേഹവാത്സല്യവുമൊക്കെയാണ്. ഒരിക്കല്‍ തന്റെ  സിംഹാസനം കൈയ്യടക്കാന്‍ ശ്രമിച്ച സഹോദരീ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ യാതൊരുമടിയും കാണിക്കുന്നില്ല രാവണന്‍. 

രാവണന്റെ പ്രിയങ്കരനായ പുത്രന്‍ മേഘനാഥനാണ്. അയാള്‍ സുന്ദരനും സുമുഖനും അഭ്യസിയുമാണ്. എന്നാല്‍ സുന്ദരിയായ പരിചാരികയില്‍ ജനിച്ച അതികായനെന്ന പുത്രന്‍ മാറ്റിനിര്‍ത്തപ്പെടുന്നതിലെ ഉദ്ദേശം വ്യക്തമാണ്. ദാസീപുത്രനായതുകൊണ്ട് മാത്രമല്ല ആ വിവേചനം,തൊലികറുപ്പിന്റെ രാഷ്ട്രീയം തന്നെയാണത്. തന്റെ ആ മകന്റെ മരണത്തെ പ്രതീക്ഷിക്കുകയും, ആഗ്രഹിക്കുകയും ചെയ്യുന്ന മാനസിക വ്യാപാരങ്ങളെ ,രക്തബന്ധത്തെക്കാള്‍ സൗഹൃദത്തിനു വിലകാണുന്ന രാവണന്റെ കുടില തന്ത്രങ്ങളായേ കാണാനാവൂ.

Ravanan
പുസ്തകം വാങ്ങാം

അസുര ചക്രവര്‍ത്തിയായ തന്റെ സഹോദരന്റെ പത്‌നിയാകാനാണ് സീതയോട് രാവണന്‍ അപേക്ഷിക്കുന്നത്. എന്നാല്‍ അപേക്ഷ നിഷേധിച്ച സീതയെ തട്ടിക്കൊണ്ട് വന്ന് പാര്‍പ്പിച്ചാണ് രാവണന്‍ തന്റെ ചെയ്തികള്‍ക്ക് ന്യായവാദങ്ങളുയര്‍ത്തുന്നത്. സ്ത്രീകളോട് മര്യാദ കാണിക്കുന്നവന്നാണെന്ന് സ്വയം അഭിമാനിച്ചിരുന്നുവെങ്കിലും,അവരുടെ സമ്മതമില്ലാതെ സ്വന്തം ഇംഗിതത്തിനായി എന്തും ചെയ്യാമെന്ന് രാവണന്‍ പലപ്പോഴായി കാണിച്ചു തരുന്നുമുണ്ട്. ഒരിടത്ത് വേശ്യാവൃത്തിയും പരപുരുഷ ബന്ധവും അസുരകുലത്തിന്റെ സാമൂഹികാചാരങ്ങള്‍ പ്രകാരം കുറ്റമല്ലെന്ന് പ്രഖ്യാപിക്കുന്നതിലൂടെ സഹോദരിയുടെ വഴിപിഴച്ച നടത്തിപ്പിനെ സമര്‍ത്ഥമായി വെളുപ്പിക്കുന്നുണ്ട്. 

ദൂതിനായി വന്ന ഹനുമാനോട് ദൂതരുടെ നീതിമര്യാദകളെകുറിച്ച് പ്രസംഗിക്കുമ്പോഴും, സീതയെ സ്വന്തം മകളായാണ് കാണുന്നതെന്നാണ് രാവണന്‍ വ്യക്തമാക്കുന്നത്. പുത്രിയാണെങ്കില്‍ പോലും അവളുടെ ഭര്‍ത്താവിന്റെ അനുമതിയില്ലാതെ പിടിച്ചുകൊണ്ടു വന്ന് അന്യായമായി പാര്‍പ്പിക്കുന്നതിലെ വിരോധാഭാസം മുഴച്ചു നില്ക്കുന്നുണ്ട്. മരണത്തോട് മുഖാമുഖം കിടക്കുമ്പോഴും താന്‍ ചെയ്തതെല്ലാം ധര്‍മ്മമായിരുന്നുവെന്ന് രാവണന്‍ ഉറച്ചു വിശ്വസിക്കുന്നു. മരത്തിന് പിന്നില്‍ ഒളിച്ചിരുന്ന് ബാലിയെ രാമന്‍ വധിച്ചതിലെ അനീതിയെക്കുറിച്ച് പറയുമ്പോഴും ഭദ്രന്‍ തനിക്കുവേണ്ടി ചെയ്ത ഒളിപ്പോരാട്ടങ്ങളെയും അസംഖ്യം കൊലപാതകങ്ങളെയും ബോധപൂര്‍വ്വം വിസ്മരിക്കുന്നു. എങ്കില്‍ തന്നെയും ചിലയിടങ്ങളില്‍ കര്‍ത്തവ്യബോധമുള്ള ഉത്തമ പിതാവിന്റെ വേഷമെടുത്തണയുന്നുണ്ട് രാവണന്‍. 

ഇവിടെ രാവണന്‍ അധികാര വര്‍ഗ്ഗത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ ഭദ്രന്‍ സാധാരണ ജനവിഭാ ഗങ്ങളെ പ്രതിനീകരിക്കുന്നു. ആര് ഭരിച്ചാലും അക്രമം ഒന്നു മാത്രമാണ് ലോകം ഭരിച്ചിട്ടുള്ളത്. അധികാരം നേടിക്കഴിയുമ്പോള്‍ പതിയെ അവരും ആക്രമങ്ങളുടെയും അഴിമതികളുടെയും പിന്നാലെ പായുന്നു. സ്വന്തം നിലനില്‍പ്പിന് അത് അത്യന്താപേക്ഷിതമാണെന്നും ഏതുപ്രകാരവും തന്റെ അപ്രമാദിത്വം നിലനിര്‍ത്തുകയും വേണമെന്ന് അവര്‍ വിചാരിക്കുന്നു. ഒരുപക്ഷേ അധികാരമില്ലെങ്കില്‍ നിലനില്‍പ്പില്ലെന്നുള്ള തിരിച്ചറിവാകാം അതിനു പിന്നില്‍. രാജ്യത്തിന്റെ ഈ അവസ്ഥ ഒരിക്കലും മാറാന്‍  പോകുന്നില്ലെന്ന് ഭദ്രനറിയാം. അധികാരമുള്ളിടത്തോളം സകലതും പിടിച്ചടക്കുക എന്നതാണല്ലോ ഭരിക്കുന്നവരുടെ തന്ത്രം. 

തന്റെ കൂടെയുള്ള ഓരോരുത്തരുടെയും മരണമാണ് രാവണനില്‍ പുതിയ ബോധോദയങ്ങള്‍ സൃഷ്ടിക്കുന്നത്. അതുവരെ താന്‍ മുറുകെ പിടിച്ചുകൊണ്ടു നടന്ന വിശ്വാസ പ്രമാണങ്ങളെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത് ആ വൈകിയ ആ സമയങ്ങളിലാണ്. യുദ്ധം ചെയ്യുന്നത് സ്വാര്‍ത്ഥന്യായങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണെന്ന ഭാര്യ മണ്ഡോദരിയുടെ ശകാരരൂപത്തിലുള്ള വാക്കുകളാണ് രാവണനെ അപ്പോളെങ്കിലും ആസ്വസ്ഥനാക്കുന്നത്. തന്റെ ഈ  യുദ്ധം അസുരന്മാരുടെ അഭിമാനത്തിനു വേണ്ടിയുള്ളതാണെന്നും വ്യാപകമായ ജാതീയത ഇല്ലാതാക്കുവാനുള്ളതെന്നുമുള്ള പൊള്ളയായ വിശ്വാസങ്ങളുടെ മേല്‍ കിട്ടിയ കനത്ത പ്രഹരമായിരുന്നു അവരുടെ വാക്കുകള്‍. സോദരിയെ അപമാനിച്ചതിനും വിരൂപയാക്കപ്പെട്ടതിനും പകരം വീട്ടുമെന്ന് നിശ്ചയിക്കുന്ന അതേ രാവണന്‍ തന്നെയാണ് അവളെ വിധവയുമാക്കിയത്. തന്റെ മരണത്തെ പ്രതീക്ഷിച്ചു കിടക്കുമ്പോള്‍ മാത്രമാണ് രാജാവെന്ന നിലയില്‍ കാട്ടികൂട്ടിയതെല്ലാം ഒരു നേരരേഖ പോലെ  തന്റെ അബോധമണ്ഡലത്തില്‍ ഒരു പുനര്‍ചിന്തനത്തിന് വിധേയമാക്കാന്‍ രാവണന് കഴിയ്യുന്നത്. 
മരണശേഷം തന്റെ ജനങ്ങള്‍ക്ക്  എന്തു സംഭവിക്കുമെന്നുള്ള ഒരു ഉത്കണ്ഠ രാവണനുണ്ട്. തനിക്കു  ശേഷം വരുന്ന രാമന്‍ പൗരോഹിത്യത്തിന്റെയും ബ്രാഹ്മണകേന്ദ്രീകൃത സാമൂഹികാവസ്ഥയുടെയും പ്രതിനിധിയായി ഒരേ സമയം ഇരയും വേട്ടക്കാരനുമാകുന്ന ഒരു അവസ്ഥ രാവണന്‍ മുന്‍കൂട്ടി കാണുന്നുമുണ്ട്. രാവണന്റെ ആ കാഴ്ചയ്ക്ക് വര്‍ത്തമാന ഇന്ത്യനവസ്ഥയുമായി അഭേദ്യബന്ധം തന്നെയുണ്ടല്ലോ. 

'രാവണന്‍ :പരാജിതരുടെ ഗാഥ'യ്ക്കും, രണ്ടു ഭാഗങ്ങളിലായി കഥ പറയുന്ന കൗരവ വംശത്തിന്റെ ഇതിഹാസത്തിനും ശേഷം പുരാണ ഇതിഹാസങ്ങളില്‍ നിന്നു കൊണ്ട് വീണ്ടുമൊരു കഥ പറയുകയാണ് ആനന്ദ് നീലകണ്ഠന്‍ 'വാനരന്‍' എന്ന നോവലിലൂടെ. ബാലിസുഗ്രീവന്മാരുടെയും, ബാലീപത്‌നി താരയുടെയും ചരിതമാണ് ഈ നോവല്‍ പറയുന്നത്. ചരിതം എന്ന വാക്കിന് വിവരം, ജീവചരിത്രം, കഥ എന്നൊക്കെ അര്‍ത്ഥമുണ്ട്. പക്ഷേ നോവലിലെ കാര്യമെടുക്കുമ്പോള്‍ കഥ എന്ന വാക്കിനോടാണ് അത് കൂടുതല്‍ നീതി പുലര്‍ത്തുന്നത്. 

വാല്മീകി രാമായണത്തില്‍ ആരണ്യകാണ്ഡം അവസാന സര്‍ഗ്ഗങ്ങളിലാണ് ബാലിസുഗ്രീവ പരാമര്‍ശം വരുന്നത്. കിഷ്‌കിന്ധാ കാണ്ഡം ഇരുപത്തഞ്ചാം സര്‍ഗ്ഗത്തില്‍ ബാലിയുടെ വധത്തോടെ സഹോദരങ്ങളില്‍ ഒരാളുടെ ഭാഗം അവസാനിക്കുകയായി. പിന്നീടങ്ങോട്ട് സുഗ്രീവനും, ബാലീപുത്രനായ അംഗദനുമൊക്കെയാണ് മറ്റു കഥാപാത്രങ്ങള്‍ക്കൊപ്പം നിറഞ്ഞു നില്‍ക്കുന്നത്.

വാല്മീകി രാമായണത്തിലെ കിഷ്‌കിന്ധാ കാണ്ഡത്തിലെ ചില കഥാപാത്രങ്ങളെ മറ്റൊരു പശ്ചാത്തലത്തില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ് എഴുത്തുകാരന്‍. രാമായണത്തില്‍ നിന്നും 'വാനരനി'ലേക്കു വരുമ്പോള്‍ കഥാപാത്രങ്ങള്‍ക്കും സംഭവങ്ങള്‍ക്കും നിരവധി മാറ്റങ്ങള്‍ വന്നു ചേര്‍ന്നിട്ടുണ്ട്. പക്ഷെ പുതുകഥാപാത്രങ്ങളെ അധികമായി സൃഷ്ടിച്ചിട്ടുമില്ല. കപിശ്രേഷ്ഠരില്‍ നിന്നും  ശാഖാമൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി വനനരന്മാരായാണ് അവരുടെ സമൂഹത്തെ ഇതില്‍ അടയാളപ്പെടുത്താന്‍ ശ്രമിച്ചിരിക്കുന്നത്.

ഋക്ഷരജസ്സിന്റെ വളര്‍ത്തുപുത്രന്മാരായാണ് ബാലിയും, സുഗ്രീവനും ഇവിടെ അറിയപ്പെടുന്നത്. ഒരു നപുംസകമായി അറിയപ്പെടുന്നുവെങ്കിലും യാഥാസ്ഥിതികരില്‍ നിന്നും അവരുടെ പഴഞ്ചന്‍ ആചാരങ്ങളില്‍ നിന്നും പുറത്തുവന്ന് കിഷ്‌കിന്ധ എന്ന പുതുസാമ്രാജ്യം കെട്ടിപ്പടുക്കുന്നതുള്‍പ്പെടെയുള്ള പല കാര്യങ്ങളിലും ബാലിയ്ക്കും സുഗ്രീവനും താരയക്കുമൊപ്പം അയാള്‍ക്കും പങ്കുണ്ട്.

മുസിരിസ് മഹാപുരിയില്‍ വാണിരുന്ന അസുരചക്രവര്‍ത്തിയായ മഹാബലിയെയും കുറിച്ച് നോവലില്‍ പരാമര്‍ശമുണ്ട്. അത് കേരളീയരുടെ ഓണവുമായി ബന്ധപ്പെട്ട മഹാബലി തന്നെയാണ്. മാനുഷരെല്ലാരുമൊന്നു പോലെ എന്ന് ഉദ്ഘോഷിക്കുന്ന സമത്വവുമായി ബന്ധപ്പെട്ടാണ് മഹാബലി പരാമര്‍ശം കടന്നു വരുന്നത്.

മഹാഭാരതത്തില്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുന്നതിന് സമാനമായ ഒരു സംഭവവും ഇവിടെയും കടന്നു വരുന്നുണ്ട്. വാനരകുലത്തിലെ യാഥാസ്ഥിതിക കൂട്ടരില്‍ നിന്നും താരയ്ക്ക് അവഹേളനമേല്‍ക്കുന്ന ഒരു സംഭവമാണിത്. തുണിയുരിയുന്നില്ലെങ്കിലും അത്രയ്ക്കും മോശമായ ഒരു ഘട്ടത്തിലൂടെ അവള്‍ക്ക് കടന്നുപോകേണ്ടി വന്നു. ഋക്ഷരജസ്സൊഴികെ ആരും ആ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നില്ല. തഴയപ്പെടുന്നവരുടെയും, സംഘര്‍ഷങ്ങളില്‍പ്പെട്ടുഴലുന്നവരുടെയും അതിന്റെയൊക്കെ തീവ്രാനുഭവങ്ങളുടെ വെല്ലുവിളികളെ അതിജീവിക്കുന്നവരുടെ പ്രതീകമാണ് വാനരനിലെ താര.

 'പരാജിതരുടെ ഗാഥ'യിലെ രാവണന്റെ വിശ്വസ്തന്‍ ഭദ്രനെ അതേപോലെ ഇവിടെയും നിലനിര്‍ത്തിയിട്ടുണ്ട് എഴുത്തുകാരന്‍. അധികാരത്തിലെത്തുന്നതുവരെയേ സമത്വത്തെകുറിച്ചും  സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ ആളുകള്‍ സംസാരിക്കുകയുള്ളൂ. അവിടങ്ങളില്‍ എത്തിക്കഴിയുമ്പോള്‍ പഴയതെല്ലാം വീണ്ടും ആവര്‍ത്തിക്കും. അടിച്ചമര്‍ത്തലുകളും തൊട്ടുകൂടായമയുമൊക്കെ വീണ്ടും കടന്നുവരും. 'പരാജിതരുടെഗാഥ' യിലെ രാവണന്റെ കഥാപാത്രത്തെ ഓര്‍ക്കുക എവിടെ നിന്നായിരുന്നു അയാളുടെ തുടക്കമെന്നും എങ്ങനെയാണ് അയാള്‍ അധികാരത്തിലേറിയെന്നും. ഇവിടെ വാനരനില്‍ കാര്‍ത്തവീര്യാര്‍ജ്ജുനനാല്‍ തടവിലാക്കപ്പെട്ട് രാവണനും സുഗ്രീവനും കഴിയുമ്പോള്‍ രാവണന്റെ ശരീരത്തിന് കുറുകെ പൂണൂലുണ്ട്. തടവു മുറിയില്‍ വച്ച് അബദ്ധത്തില്‍ പോലും സുഗ്രീവനെ സ്പര്‍ശിക്കാതിരിക്കാന്‍ രാവണന്‍ ശ്രമിക്കുന്നുണ്ട്. തന്റെ അഹംബോധത്തില്‍ പോലും സുഗ്രീവന്‍ അപരിഷ്‌കൃതനാണെന്നും വെറുമൊരു കുരങ്ങനാണെന്നും മാറ്റി നിര്‍ത്തേണ്ടവനാണെന്നും രാവണനറിയാം.

വാനരകുലത്തില്‍പ്പെട്ടവനാണെങ്കിലും നീതിമാനാണ് വാനരനിലെ ബാലി അന്യായമായ രീതിയില്‍ യുദ്ധം ജയിക്കുന്നതിനോട് എതിര്‍പ്പുള്ളവനുമാണ്. ജെല്ലക്കെട്ടില്‍ വച്ച് ആക്രമാസക്തമായി സുഗ്രീവനെയും അവരുടെ വളര്‍ത്തച്ഛനെയും ജീവച്ഛവമാക്കിയ ദുന്ദുഭിയെന്ന കാളയുടെ തല തന്റെ ഗദ കൊണ്ട് തച്ചുതകര്‍ത്ത് തന്റെ പ്രിയപ്പെട്ടവരുടെ ജീവന്‍ രക്ഷിച്ചപ്പോഴും ആ കൊലയിലെ അന്യായത്തില്‍ അയാള്‍ നീറുന്നുണ്ട്. ജെല്ലിക്കെട്ടിലെ പോരില്‍ ഒരുതരത്തിലുമുള്ള ആയുധമുപയോഗിക്കാന്‍ പാടില്ലായെന്നുള്ള നിയമം നിവര്‍ത്തികേടുകൊണ്ടാണെങ്കില്‍ പോലും പാലിക്കാന്‍ കഴിയാത്തതില്‍ അയാള്‍ തന്റെ സങ്കടം താരയോട് കരഞ്ഞു തീര്‍ക്കുന്നുമുണ്ട്. അത്തരമൊരു ദീര്‍ഘരംഗം എഴുത്തുകാരന്‍ എഴുതി ചേര്‍ത്തതിലെ യുക്തിയെ അഭിനന്ദിക്കാതെ വയ്യ. പിന്നീട് രാമന്‍ ബാലിയെ വധിക്കുമ്പോള്‍ ബാലിയ്ക്ക് ചോദിക്കാന്‍ ന്യായങ്ങളുണ്ടാവേണ്ടതുണ്ട്. മൃഗങ്ങളെ, ഇങ്ങോട്ട് പോര് ചെയ്താലും ഇല്ലെങ്കിലും വധിക്കാമെന്നുള്ള ന്യായത്തിന്റെ പുറത്താണല്ലോ രാമന്‍ ബാലിയെ അമ്പെയ്ത് കൊല്ലുന്നത്. അങ്ങനെയുള്ളപ്പോള്‍ മൃഗങ്ങളോടുള്ള പോരില്‍ പോലും ധര്‍മ്മത്തെ പുലര്‍ത്തുന്ന ബാലിയ്ക്കു രാമനെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുയര്‍ത്തേണ്ടതുണ്ട്. ഭക്ഷണത്തിനും ഇണയ്ക്കും വേണ്ടി മാത്രമേ വനനരന്മാര്‍ പോരാടിക്കാറുള്ളൂ എന്ന് ബാലി ഇടയ്ക്കിടെ എല്ലാവരെയും ഓര്‍മിപ്പിക്കാറുള്ളതുമാണ്.

വാനരനിലെ കഥ ബാലിയുടെയും സുഗ്രീവന്റെയും താരയുടെയുമൊക്കെ കഥയാണെങ്കിലും ഇതിലെ നായകന്‍ ബാലിതന്നെയാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടേയും ന്യായം നിഷേധിക്കപ്പെട്ടവരുടേയും പ്രതിനിധിയാണയാള്‍. സുഗ്രീവനും രാവണ സഹോദരനായ വിഭീഷണനുമുള്‍പ്പെടെ താരയുടെ മേല്‍ കണ്ണുള്ളവരാണ്. ജ്യേഷ്ഠ പത്‌നി മണ്ഡോദരിയെ കാംക്ഷിക്കുന്ന ഒരു വഷളനായാണ് വിഭീഷണന്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്നത്.

ഒരു തരത്തില്‍ ബാലിയുടെ മരണത്തിന് കാരണമായത് തന്നെ സുഗ്രീവന്റെ താരയോടുള്ള കാമത്തില്‍ പൊതിഞ്ഞ അഭിനിവേശമാണ്. പുതുകാലത്തിന്റെ പ്രതിനിധിയാണ് ബാലിപുത്രനായ അംഗദന്‍.

vanaran
പുസ്തകം വാങ്ങാം

ധര്‍മ്മചാരിയായ ബാലിയെ പോലുള്ളവര്‍ക്ക് ഈ ലോകത്തില്‍ സ്ഥാനമില്ല. ശരിയും തെറ്റും എന്ന ലളിതമായ വിവേചനബോധത്തിന്റെ സ്ഥാനത്ത് സങ്കീര്‍ണ്ണമാക്കപ്പെട്ട സാധൂകരണങ്ങള്‍ ഇടം പിടിക്കും. ഹ്രസ്വകായന്മാര്‍ അന്ധരായ ഭക്തന്മാരാല്‍ വാഴ്ത്തപ്പെടുകയും അതികായന്മാരായി മാറ്റപ്പെടുകയും ചെയ്യും. ഭിന്നാഭിപ്രായമുള്ള ഏതൊരാളെയും അവര്‍ ചെന്നായ്ക്കളെ പോലെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. ആ അന്ധകാരയുഗത്തില്‍ മറ്റുള്ളവര്‍ക്ക് ഒരു ദീപമായിരിക്കാനാണ് ബാലി താരയോടാവശ്യപ്പെടുന്നത്.

രാമായണത്തിലെ ബാലിയെയും സുഗ്രീവന്റെയും വാനരനിലേക്ക് അതിമനോഹരമായി തന്നെയാണ് എഴുത്തുകാരന്‍ എടുത്തു പ്രതിഷ്ഠിച്ചിരിക്കുന്നത്. പറയപ്പെട്ടിട്ടില്ലാത്ത അവരുടെ പല കഥകള്‍ക്കും, സംഭവങ്ങള്‍ക്കും കൗതുകകരമായ ഭാഷ്യം തന്നെയാണ് ചമച്ചു വച്ചിരിക്കുന്നത്. അത് തന്നെയാണ് നോവലിന്റെ ഒരു പ്രത്യേകതയും.

രാമായണപക്ഷത്ത് നിന്നുള്ള കഥകള്‍ ഇപ്പോള്‍ അത്ര പുതുമയൊന്നുമല്ലെങ്കിലും ആഖ്യാനശൈലികൊണ്ടു ശ്രദ്ധനേടിയ കൃതികള്‍ തുലോം കുറവാണ്. ആനന്ദ് നീലകണ്ഠന്റെ അത്തരം നോവലുകളെല്ലാം തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതുമാണ്. ആഖ്യാനശൈലിയെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് തെലുങ്ക് എഴുത്തുകാരിയായ വോള്‍ഗ എന്നറിയപ്പെടുന്ന പോപുരി ലളിതാകുമാരിയുടെ 'വിമുക്ത' എന്ന നോവലാണ്. എഴുത്തിലെ സൂക്ഷ്മവും ശക്തവുമായ ആഖ്യാനശൈലികൊണ്ട്  വായനക്കാരെ ആകര്‍ഷിച്ച ഒരു കൃതിയാണത്. അവരുടെ സ്ത്രീപക്ഷ വീക്ഷണവും ഇതിഹാസത്തെക്കുറിച്ചുള്ള വ്യാഖ്യാനവും എടുത്തു പറയേണ്ടതാണ്. തെലുങ്കില്‍  'വിമുക്തകഥ സമ്പുതി' എന്ന പേരിലിറങ്ങിയ ഈ നോവലിന് 2015- ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടുകയുണ്ടായി.

പുസ്തകങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളിലും എഴുത്തുകളിലും പലപ്പോഴും വിവര്‍ത്തനകൃതികളെകുറിച്ച് പറയുമ്പോള്‍ മൂലകൃതിയെയും, അതിന്റെ എഴുത്തുകാരന്‍/എഴുത്തുകാരിയെയോ മാത്രമേ പരാമര്‍ശിച്ചു കാണാറുള്ളൂ. മറ്റു ഭാഷകളില്‍ നിന്നും പ്രാദേശിക ഭാഷയിലേക്ക് കഥാപാത്രങ്ങളെയും  കഥാപരിസരത്തേയും അവതരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി ഘടകങ്ങളുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ വിവര്‍ത്തനകൃത്യം പാഴായിപോകാനുള്ള എല്ലാ സാധ്യതകളുമുണ്ട്.  നല്ല രീതിയില്‍ പരിഭാഷ ചെയ്തിട്ടും ഇതിന് പിന്നില്‍ അഹോരാത്രം പണിപ്പെട്ടവരെ വേണ്ടവിധം പരിഗണിക്കാത്തത് ഒരു നല്ല ശീലമായി കാണാനാവില്ല. ആനന്ദ് നീലകണ്ഠന്റെ മേല്‍ സൂചിപ്പിച്ച രണ്ടു നോവലുകളും മലയാളത്തിലേക്ക് പരിചയപ്പെടുത്തിയിരിക്കുന്നത് മാതൃഭൂമി ബുക്‌സിലെ സീനിയര്‍ പ്രൂഫ് റീഡറായ  എന്‍ ശ്രീകുമാറാണ്. ഡൊമിനിക് ലാപിയരുടെ City of Joy 'കൊല്‍ക്കത്ത' എന്നപേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നതും ഇദ്ദേഹമാണ്. ടോള്‍സ്റ്റോയിയുടെ ലോകോത്തര കഥകള്‍,എ പി ജെ അബ്ദുല്‍കലാം എഴുതിയ ഇന്ത്യയുടെ ചൈതന്യം,അദ്ദേഹത്തിന്റെ തന്നെ പ്രചോദിപ്പിക്കുന്ന പ്രഭാഷണങ്ങള്‍, ദേബാശിഷ് ചാറ്റര്‍ജിയയുടെ അജയ്യനായ അര്‍ജ്ജുനന്‍ തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹം മലയാളത്തിലേക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. പൊതുവേ  പരിഭാഷകളില്‍ കണ്ടുവരാറുള്ള വാചകങ്ങളിലെയും പ്രയോഗങ്ങളിലെയും അതിഭാവുകത്വമൊ അതിനാടകീയതകളോ അതുപോലുള്ള കല്ലുകടികളൊന്നും ഈ പുസ്തകങ്ങളില്‍ കാണാന്‍ കഴിഞ്ഞില്ല എന്നുള്ളതും ശ്രദ്ധേയമാണ്. 

Content Highlights: Ravanan parajitharude gadha And Vanaran Book Review by Jineesh Kunjilikkattil