ലീസ് ഡോഡ്ജ്‌സണിന്റെ ജോര്‍ജിയന്‍ നോവലായ റഫ്‌ളീസിയ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ അത് മലയാളിയുമായും കേരളക്കരയുമായും എത്രമാത്രം സാമ്യതപുലര്‍ത്തുന്നുണ്ട് എന്നത് ഒരു വിഷയമാണ്. എന്നാല്‍ മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണെന്ന് ഒറ്റയായും തെറ്റയായും ഈ നോവലിന്റെ പല ഏടുകളും വിളിച്ചു പറയുന്നു. 2017-ല്‍ BE Best Seller സാഹിത്യമത്സരത്തില്‍ ഏകദേശം 300 ഗ്രന്ഥകര്‍ത്താക്കളുടെ രചനകളില്‍ നിന്നും ഏറ്റവും മികച്ച പുസ്തകമായി തിരഞ്ഞെടുക്കപ്പെട്ട റഫ്‌ളീസിയ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് മാതൃഭൂമി ബുക്‌സാണ്. 

റഫ്‌ളീസിയ ഒരു പൂവാണ്. ചോരചുവപ്പു നിറവും അസാധാരണ വലിപ്പവുമുള്ള സുന്ദരമായ പൂവ്. ലോകത്തിലെ തന്നെ ഏറ്റവും വലുത്. ഇതളുകളില്‍ വെള്ളയും മഞ്ഞയും പുള്ളികള്‍, തുറന്ന കേസരം, തടിച്ച കനത്ത ഇലകള്‍. എന്നാല്‍ മറ്റുപൂവുകളില്‍ നിന്നും വിഭിന്നമായി ചീഞ്ഞളിഞ്ഞ ശവത്തിന്റെ നാറ്റമാണതിന്. ഇത്ര സുദീര്‍ഘമായി ഈ പൂവിനെ പരിചയപ്പടുത്തുന്നത് നോവലിന്റെ ആഖ്യാനം പരത്തുന്ന സൗരഭ്യം കൊണ്ടുകൂടിയാണ്. നോവല്‍ പങ്കുവെക്കുന്ന കഥാതന്തു ആ പൂവുമായി ബന്ധപ്പെടുത്തി മനുഷ്യനെ കൂട്ടിക്കലര്‍ത്തുന്നു. അത്രമേല്‍ സുന്ദരമെന്നു തോന്നുന്ന മനുഷ്യബന്ധങ്ങളില്‍ നിന്നും വമിക്കുന്നത് പകയും വിദ്വേഷവും കാമവും വിരക്തിയുമാണെന്ന് ഒരു റഫ്‌ളീസിയ പൂവിനെ മുന്‍നിര്‍ത്തി നോവലിസ്റ്റ് ആലിസ് ഡോഡ്ജ്‌സണ്‍ പുഷ്പം പോലെ സമര്‍ഥിക്കുന്നു. 

കഥ പറയുന്നത് വിവാഹിതനും മധ്യവയസ്‌കനുമായ അന്റോയിന്‍ എന്ന് ഫ്രഞ്ചുകാരനിലൂടെയാണ്. ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള പ്രണയബന്ധത്തെക്കുറിച്ചറിയുന്ന അന്റോയിന്‍, ഒറ്റപ്പെടുമെന്ന ഭീതിമൂലം അത് അറിഞ്ഞതായി ഭാവിക്കുന്നില്ല. ഒരു കോണ്‍ഫെറന്‍സില്‍ പങ്കെടുക്കാനായി മരാക്കെഷിലെത്തുന്ന അന്റോയിന്‍, അസാധരണത്വവും നിഗൂഢതയും മുറ്റിനില്ക്കുന്ന അനലിസ എന്ന സ്പാനിഷ് വനിതയുമായി അടുക്കുന്നു. അവളുമൊത്തുള്ള ഉല്ലാസയാത്രകള്‍ സ്വന്തം ആകൂലതകള്‍ മറക്കാന്‍ അന്റോയിന് സഹായകമാവുന്നു. അങ്ങനെ ഗാഢമായി അവര്‍ അടുക്കുന്നു. നരകതുല്ല്യമായ ബാല്യകാലം അനലിസ അന്റോയിനു മുന്‍പില്‍ അവതരിപ്പിക്കുമ്പോള്‍ ഭൂമുഖത്തെ സ്ത്രീകള്‍ തുല്ല്യദുഖിതരാണെന്നും ചേരുവകളിലെ വ്യത്യസ്ത കൊണ്ടുമാത്രമേ അവര്‍ വേറിട്ടുനില്ക്കുന്നുള്ളൂ എന്നും നോവല്‍ പറയുന്നു. 

അത്രമേല്‍ ദുരിതം സഹിച്ച ഒരു മകളോ(അനലിസ)ടുള്ള അമ്മയുടെ സാന്ത്വനം ഈ നോവലില്‍ ഇപ്രകാരമാണ്. 'നിനക്കു മറ്റു മാര്‍ഗങ്ങളില്ല. നിശബ്ദയായിത്തന്നെ തുടരുക. നമ്മുടെ വിധിയൊക്കെ അടഞ്ഞതാണ്. നീ ഒരിക്കലും വിവാഹിതയായില്ലെന്നിരിക്കും... എന്നാലും ഈ വീട്ടില്‍ സുഖവും സ്വസ്ഥതയും തോന്നാനുള്ള അവസരം ഇപ്പോഴുമുണ്ട്. നീ എനിക്കൊരു സഹായിയായി എനിക്കൊപ്പം ജീവിക്കും. അതുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കൂ.. അതുമായിട്ട് ഇണങ്ങിയാല്‍ മാത്രം മതിയാകും. അതുമാത്രമാണ് രക്ഷാമാര്‍ഗം.' 

അനലിസയുടെ പ്രണയം എത്രമാത്രം ആന്റോയിന്‍ എന്ന മനുഷ്യനില്‍ സുഗന്ധം പുറപ്പെടുവിക്കുന്നുണ്ടെന്ന് അയാള്‍ സഞ്ചരിച്ച വഴികളിലൂടെ വെളിപ്പെടുത്തുന്നു. തന്റെ ഭാര്യയുമായുള്ള വേര്‍പിരിയല്‍ രംഗംതന്നെയാണ് ഇതിന് ഉദാഹരണം. ഭാര്യയെ വെറുക്കുന്ന മനുഷ്യന്‍, അവളോട് കയര്‍ക്കുന്ന മനുഷ്യന്‍, സ്‌നേഹോഷ്മളമായ ഒരു വേര്‍പ്പിരിയല്‍ ഒരുക്കുന്നു. മികച്ച സ്ത്രീപക്ഷവായന തുറന്നിടുന്നതാണ് നോവല്‍. 

കാമസക്തിയും പാപവും ഭീതിയും മനുഷ്യമഹത്ത്വവും ഭീകരവാദവും പ്രതിപാദിക്കുന്ന ജോര്‍ജിയന്‍ നോവല്‍ എന്ന വിശേഷണമാണ് റഫ്‌ളീസിയയ്ക്കുള്ളത്. എന്നാല്‍, മനുഷ്യന്റെ ഭൂമിക എതുമാകട്ടെ, അത് എല്ലായിടത്തും ഒന്നുപോലെയാണെന്ന് അതിര്‍ത്തികളുടെ അതിര്‍വരമ്പ് മാഞ്ഞുപോകും വിധത്തില്‍ പറഞ്ഞുവെക്കുന്നു. പരിഭാഷയുടെ മേന്മകൊണ്ടും മികച്ചു നില്ക്കുന്നുണ്ട് റഫ്‌ളീസിയ.

Content Highlights: Rafflesia Malayalam novel book review