പോയകാലങ്ങളെ മറവി കൈവിടുമ്പോള്‍ ഒന്നാമതെത്തിയാലും തോല്‍ക്കും. പ്രവാസമെന്നത് അനന്തമായി നീളുന്നൊരു പാതയാണ്. ആ പാതയിലൂടെയുള്ള യാത്ര അനന്തമായ സാധ്യതകള്‍ പ്രദാനം ചെയ്യുന്നുണ്ട്. ആ യാത്രയില്‍ നാടുകടത്തപ്പെട്ടവനുണ്ട്, നാടുവിട്ടവനുമുണ്ട്. മഹാത്മാഗാന്ധിയും മമ്പുറം തങ്ങളും ഈ രണ്ടു താവഴികളെ പ്രതിനിധാനം ചെയ്യുന്നു. സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ മൂലം നാടുവിട്ടവരാണ് അധികവും. കാര്യകാരണങ്ങള്‍ ചികയുമ്പോള്‍ പ്രവാസികളയക്കുന്ന പണമാണീ നാടിന്റെ നട്ടെല്ലെന്ന് നിര്‍ത്താതെ പുകഴ്ത്തുന്ന നാളിതുവരെ നാടുഭരിച്ച എല്ലാ ഭരണകൂടങ്ങള്‍ക്കും അതില്‍ പങ്കുണ്ടെന്ന് സമ്മതിക്കേണ്ടി വരും.

ആത്മാവിനെ പിറന്ന നാട്ടില്‍ വെച്ച് ശരീരം ബെല്‍റ്റിട്ട് മുറുക്കി നാടുവിടുന്ന വേറെയൊരു ഭൂരിപക്ഷമുണ്ട്. ഭൗതിക ജീവിതത്തോടുള്ള ത്വരകളെ കൂടിയാണ് അവര്‍ ബെല്‍റ്റിട്ട് വരിഞ്ഞുകെട്ടിയത്. സന്ന്യാസിയും ദാര്‍ശനികനും വിപ്ലവകാരിയും ചിന്തകനും എഴുത്തുകാരനുമെല്ലാം ഈ ഭൂരിപക്ഷത്തില്‍ ഉള്‍പ്പെടും. ഈ ഭൂരിപക്ഷത്തില്‍നിന്നാണ് മികച്ച രചനകളുണ്ടായതും. നാടിനുവേണ്ടി നാടിനെ വിട്ടുപോയവര്‍. കുടുംബത്തിന് വേണ്ടി കുടുംബത്തെ വിട്ടുപോയവര്‍.. അവരാണ് കേരളത്തിലെ പ്രവാസികള്‍. അവര്‍ മണലാരണ്യത്തില്‍ പൊഴിക്കുന്ന വിയര്‍പ്പാണ് അങ്ങ് മാമല നാട്ടില്‍ സകല മിനുക്കവും സൃഷ്ടിക്കുന്നത്. അവരുടെ ശ്വാസ നിശ്വാസങ്ങളുടെ ചൂടിലാണ് കേരളീയ ജീവിതം രുചിനല്‍കിയും വിശപ്പ് മാറ്റിയും വെന്തു പാകമാവുന്നതും. ചൂട് പകര്‍ന്ന് അവസാനം ബാക്കിയാവുന്നത് വെണ്ണീരാണ് എന്നതോര്‍ക്കുമ്പോഴാണ് പ്രവാസത്തിന്റെ അന്തിമ മൂല്യനിര്‍ണയം പൂര്‍ണത കൈവരിക്കുന്നത്.

റഫീസ് മാറഞ്ചേരിയുടെ 'പരാജിതന്‍' നോവലിലൂടെ സഞ്ചരിക്കുമ്പോള്‍ ദൃശ്യമാകുക കഥയെന്ന് കഥാകാരന്‍ പറയുമ്പോഴും ജീവിതമെന്ന് വ്യക്തമാകുന്ന കാഴ്ചകളാകും. അങ്ങനെ വിശ്വസിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകും എന്നതാണ് വാസ്തവം. കാരണം രചയിതാവ് കോര്‍ത്തുവെച്ച സംഭവങ്ങളെക്കാള്‍, അവ വരയ്ക്കാന്‍ ഉപയോഗിച്ച വാക്കുകളെക്കാള്‍ പതിന്മടങ്ങ് വിചിത്രവും സങ്കീര്‍ണവുമാണ് ഓരോ പ്രവാസിയുടെയും ജീവിതമെന്ന് അനുഭവം കാണിച്ചുതന്നിട്ടുണ്ട്.

ആഴ്ചയില്‍ ഒരു നാള്‍ വീണുകിട്ടുന്ന പ്രവാസ ലോകത്തെ വ്യാഴാഴ്ച രാത്രികളിലെ പുലരുവോളം നീളുന്ന സംസാരവേളകള്‍ ബോധ്യപ്പെടുത്തിയ ഒരു കാര്യമുണ്ട് - ഓരോ പ്രവാസിയും ഓരോ കഥാസാഗരങ്ങളാണ്. വില്ലനും നായകനും നായികയും ഹാസ്യ കഥാപാത്രങ്ങളുമൊക്കെ ഓരോ കഥയിലും വ്യത്യസ്തം! മുന്തിയ ഭക്ഷണത്തോടൊപ്പം ദുരിതക്കൂട്ടുകളും വിളമ്പിയാണ് ഒത്തുകൂടലിന്റെ ഓരോ രാവും അവസാനിക്കുക. കഥ പറഞ്ഞവരൊക്കെ എഴുതിയിരുന്നെങ്കില്‍. ലോകത്തെ ഏറ്റവും വലിയ സാഹിത്യം അനുഭവങ്ങളില്‍നിന്നും പിറവികൊള്ളുന്ന പ്രവാസികളുടെ സാഹിത്യമായി മാറുമായിരുന്നു.

നൊമ്പരങ്ങളുടെ പൂക്കള്‍ കണ്ണു നനയ്ക്കുമെങ്കിലും കഥാകാരന്‍ അനുഭവങ്ങളാല്‍ സമ്പന്നനാണ്. സുഖമാണോ എന്ന നാട്ടില്‍നിന്നുള്ള ചോദ്യത്തിന് ഏത് അവശതയിലും ''ദൈവവത്തിനു സ്തുതി, സുഖമാണ്...'' എന്ന് മറുപടി കൊടുക്കുന്ന പ്രവാസിക്കല്ലാതെ മറ്റാര്‍ക്കാണ് അനുഭവത്തിന്റെ തീക്ഷ്ണത പോലും വീര്യംകുറച്ച് പറഞ്ഞു നിസ്സംഗനായി മാറിനില്‍ക്കാന്‍ കഴിയുക? റഫീസിന്റെ ശൈലിയിലും ആ സൗമ്യതയും മാന്യതയുമുണ്ട്. എന്നാല്‍, ആകാശത്തിന്റെ നഗ്നതയും പൊള്ളുന്ന സത്യങ്ങളുടെ ഊഷ്മാവും ഒട്ടും മറച്ചുവെക്കാതെ പറഞ്ഞുപോയിട്ടുമുണ്ട്. ഗള്‍ഫ് പ്രവാസിയുടെ വീട്ടുകാര്‍ ഒരിക്കലും അയാളുടെ ജീവിതച്ചൂടറിയാന്‍ താത്പര്യം കാട്ടാറില്ല. അയാളുടെ എല്ലെണ്ണയുടെ തണുപ്പില്‍ അവര്‍ക്കറിയേണ്ടത് എന്നും റിയാലിന്റെ / ദിര്‍ഹമിന്റെ ഹുണ്ടിക്കണക്കുകളാണ്. ''എത്ര അയച്ചു?'' ''എന്ന് കിട്ടും?'' തുടങ്ങിയ ചോദ്യങ്ങളില്‍ അത് ഒതുങ്ങും. നാട്ടില്‍ ''അടിച്ചു പൊളിക്കാന്‍'' എത്തുന്ന അവധിക്കാലത്ത് (അതാണു ആകെ ജീവിത കാലം!) നാട്ടുകാരുടെ ചോദ്യങ്ങളും രണ്ട്: ''എന്ന് വന്നു?'', ''എന്ന് പോവും?''

അങ്ങനെ തിരിച്ചു പോവാനായി മാത്രം സ്വന്തം വീട്ടില്‍ അതിഥിയായി വരാന്‍ വിധിക്കപ്പെട്ട ജന്മങ്ങള്‍. വീടുവിട്ടവന്‍ ഒരിക്കലും വീട്ടുകാരനാവുന്നില്ല. വിരുന്നുകാരനായി വന്നുപോവുന്നവന്‍ സ്ഥിരവാസത്തിനു തിരിച്ചെത്തുന്നത് പലപ്പോഴും നിത്യരോഗിയോ, മൃതദേഹമോ ആയിട്ടാണ്. ഗള്‍ഫിലെ തൊഴില്‍ നിയമങ്ങളാല്‍ നിര്‍ബന്ധ മടക്കത്തിനു വിധേയമാകുന്ന നിര്‍ഭാഗ്യവാന്മാരാകട്ടെ, ആ മടക്കം അംഗീകരിക്കാന്‍ മനസ്സും പരിസരവും ഒരുക്കാത്തവരാണ്. പ്രവാസി മനസ്സിനെ വിചാരണയ്ക്കു വിധേയമാക്കുന്ന ഒട്ടേറെ നിരീക്ഷണങ്ങള്‍ റഫീസ് തൊടുത്തുവിടുന്നുണ്ട്. വലിയ തത്ത്വചിന്തയാണെന്ന നാട്യം ഒട്ടുമില്ലാതെ; സാമൂഹികവിമര്‍ശനം തന്റെ പണിയേയല്ല എന്ന ബോധ്യത്തോടെ; തന്നോടുതന്നെ കയര്‍ക്കുന്ന ഒരു താന്തോന്നിയുടെ ലാഘവത്തോടെ; സാഹിത്യജാഡയോ ബുദ്ധിജീവി സൂത്രങ്ങളോ, ഭാഷയുടെ അലങ്കാര വേലകളോ ഒന്നുമില്ലാതെ; കടിച്ചു പിടിച്ചാണെങ്കിലും പറയുന്നത് നേരാണ് എന്ന ആത്മാര്‍ഥതയോടെ...

നാടുവിടുന്ന മലയാളിയുടെ സദാചാര നിഷ്ഠകള്‍ തകര്‍ന്നുവീഴുന്ന കാഴ്ചകള്‍ എത്ര സുതാര്യമായാണു റഫീസ് പറഞ്ഞു പോവുന്നത്. എസ്.എ. ജമീലിന്റെ ദുബായ് കത്തിനെ കുറിച്ച് എന്‍.പി. മുഹമ്മദിന്റെ ഒരു നിരീക്ഷണമുണ്ട്: ''മലയാളിയുടെ സന്മാര്‍ഗ നിഷ്ഠയുടെ സൃഷ്ടിയാണ് ആ പാട്ട്.'' സത്യമാണ്. ഫിലിപ്പീനികള്‍ക്കും മിസിരികള്‍ക്കും യൂറോപ്യന്മാര്‍ക്കും ആ പാട്ട് സാധ്യമല്ല. പാകിസ്താനികള്‍ക്കും അഫ്ഗാനികള്‍ക്കും സുഡാനികള്‍ക്കും വിരഹത്തിന്റെ സര്‍ഗ സംഗീതമുണ്ട് താനും. എന്തായാലും മാറുന്ന മലയാളിക്കും ഹൃദയരക്തം കൊണ്ട് അങ്ങനെയൊരു പാട്ട് ഇനിയുള്ള കാലം സാധ്യമല്ല എന്ന് റഫീസ് പറയാതെ പറയുന്നു. അപ്പോഴും കാമച്ചന്തയില്‍ ചരക്കിന്റെ ഓരോ അവയവത്തിനും പ്രത്യേകം പ്രത്യേകം വിലയിട്ട് വിലപേശുന്ന വികാരവിപണനത്തിന്റെ യാന്ത്രിക കലകള്‍ ആരെയാണ് നടുക്കാത്തത്? ശരീരത്തിന്റെ ചോദനകള്‍കൊണ്ട് മനസ്സിന്റെ പിന്തുണയില്ലാതെ അനുഷ്ഠിക്കുന്ന കര്‍മങ്ങള്‍ അയാളില്‍ കുറ്റബോധം സൃഷ്ടിക്കുന്നുണ്ട്.

അതേസമയം റഫീസിന്റെ നിരീക്ഷണങ്ങള്‍ സദാചാരവുമായി ബന്ധപ്പെട്ട ചില അടിസ്ഥാന പ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ട്. ഒരു വ്യക്തിയുടെ സദാചാര ധാര്‍മികത ആരുടെ സൃഷ്ടിയാണ്? ദൈവം, മതം, സമൂഹം, സംസ്‌കാരം, പാരമ്പര്യം തുടങ്ങിയ ഘടകങ്ങള്‍ വ്യക്തിയുടെ ആത്മനിയന്ത്രണത്തെ ബാധിക്കുന്നുണ്ടോ? അതല്ല സദാചാരം തീര്‍ത്തും ഒരു സാമൂഹിക ഉത്പന്നമാണോ? ഇത്തരം വിതാനങ്ങളിലേക്കും നയിച്ചുകൊണ്ടുപോകാവുന്ന ചില നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. നാട്ടില്‍ കഴിയുന്നവര്‍ക്ക് ആലോചിക്കാന്‍ ഇടവന്നിട്ടില്ലാത്ത അത്തരം സന്ദര്‍ഭങ്ങളെ പ്രവാസി എത്ര ലളിതമായാണു ചര്‍ച്ചയ്ക്ക്‌ െവക്കുന്നത്? റഫീസ് എഴുതുന്നത് കാണുക: ''നാടും വീടും വിട്ടാല്‍ വരുന്ന ഒരു പ്രത്യേക ധൈര്യമുണ്ട്! ചുറ്റിലുമുള്ളത് അപരിചിതരാണെന്നുള്ള ധൈര്യം അത് നമ്മെക്കൊണ്ട് പലതും ചെയ്യിക്കും.. നാട്ടില്‍വെച്ച് നാട്ടുകാരെ പേടിച്ച് ചെയ്യാന്‍ മടിച്ച പലതും...'' ആരോടൊക്കെയോ അന്യായമായി തുടര്‍ന്നുവന്ന പേടിയുടെ പേരാണു സദാചാരമെന്ന് റഫീസ് പറയുമ്പോള്‍ അത് ആലോചനാമൃതം തന്നെയല്ലേ?

ദുരഭിമാനത്തിന്റെ നെടുങ്കോട്ടകളാണു പ്രവാസിയെ ദുരിതങ്ങളുടെ പെരുമഴയില്‍ തളച്ചിടുന്നത്. സൗദി ജയിലുകളില്‍ എത്തിപ്പെടുന്ന സഹോദരിമാര്‍ മിക്കപ്പോഴും ദുരന്ത സാക്ഷികളാണ്. അറബിയുടെ വീട്ടിലെ യാതനകള്‍ വിവരിച്ച ഗദ്ദാമമാരോട് ഞാന്‍ ചോദിച്ചിട്ടുണ്ട്. നാട്ടിലെ പല വീടുകളിലായി വേല ചെയ്താല്‍ സുരക്ഷിതമായി ഇതിലേറെ വരുമാനം ഉണ്ടാക്കിക്കൂടെ? എന്ന്. (കൊച്ചിയിലെ ഫ്‌ലാറ്റുകളില്‍ മണിക്കൂറിനു 200 രൂപയാണു കൂലി. ഒരു ദിവസം ജോലി ചെയ്താല്‍, കുറച്ചുപേര്‍ ചേര്‍ന്നു ഒരു വാടക വീട്ടില്‍ താമസിച്ചാല്‍ പോലും ഗള്‍ഫ് ശമ്പളം ബാക്കിയാക്കാം) . അഭിമാനത്തിന്റെ ആനമണ്ടത്തരം (മാളിലെ ട്രോളി തള്ളുന്ന അധ്യാപകന്‍ ഒരുദാഹരണം). ഏതുതരം അടിമപ്പണിയും മറുനാടിന്റെ മേല്‍ വിലാസത്തില്‍ ഒളിപ്പിച്ചെടുക്കാനുള്ള തത്രപ്പാട്. പ്രവാസി പുരുഷന്മാരില്‍ ഏറെ കഷ്ടപ്പെടുന്ന പലര്‍ക്കും ഗള്‍ഫില്‍ വിയര്‍ക്കുന്ന മൂന്നിലൊന്ന് അധ്വാനം കൊണ്ട് നാട്ടില്‍ നന്നായി ജീവിക്കാന്‍ പറ്റും. എന്നാലും അറബ് വീടുകളിലെ എച്ചിലും ഷവര്‍മ കടലാസും പൈപ്പ് വെള്ളവും കുടിച്ച് പ്രവാസപര്‍വം താണ്ടാന്‍ വെമ്പല്‍ കൊള്ളുന്നത് നാട്ടുകാരുടെ മുമ്പില്‍ 'കുഞ്ഞാപ്പു' ആയി ഏതാനും നാള്‍ കാഴ്ചയ്ക്കുവെക്കാനാണ്. റഫീസ് പക്ഷേ, ഈ കപട നാട്യങ്ങള്‍ക്കും കണ്ണീരില്‍ ചാലിച്ച ഒരു ന്യായം സ്വന്തം കരള്‍ തൊട്ടുപറയുന്നുണ്ട്: ''റാഫിക്ക ജോലിയെ കുറിച്ച് തിരക്കിയപ്പോള്‍ ഞാന്‍ ബുദ്ധിമുട്ടുകള്‍ ഒന്നും പറഞ്ഞില്ല. പറഞ്ഞാല്‍ അത് നാട്ടില്‍ അറിയും. നമ്മുടെ പ്രയാസങ്ങളും വേദനകളും പ്രിയപ്പെട്ടവര്‍ കൂടി അറിയുമ്പോള്‍ ആ വേദന ഒന്നുകൂടി കഠിനമാകും'' -പ്രവാസി സമൂഹത്തിന്റെ ജീവിതദര്‍ശനം ഈ വാക്കുകളില്‍ പ്രകടമാണ്.

തന്നെ ആശ്രയിക്കാനും ചൂഷണം ചെയ്യാനും വരുന്നവരെ പിണക്കാന്‍ വയ്യ എന്ന ചിന്തയും പ്രവാസിയെ നിത്യദുരിതത്തില്‍ നിര്‍ത്തുന്നുണ്ട്. റഫീസിന്റെ ആലോചനകള്‍ കൃത്യമായി അവിടെ എത്തിച്ചേരുന്നുണ്ട്: ഒരു വിധം പ്രശ്‌നങ്ങളുടെയൊക്കെ കാരണം ''ഇല്ല'' എന്ന സത്യം പറയാത്തതാണ്. ''ഇല്ല'' എന്ന ഒറ്റവാക്ക് ആ സമയത്ത് ചില പ്രയാസങ്ങള്‍ സൃഷ്ടിച്ചേക്കും. പിന്നീട് അത് സുഖം നല്‍കും. ''ഗള്‍ഫ് പരീക്ഷണത്തില്‍ ലോട്ടറി അടിക്കുന്ന അപൂര്‍വം ചിലരോട് എല്ലാ പ്രവാസിയെയും താരതമ്യം ചെയ്യുന്ന ക്രൂരതയും ഈ പാപങ്ങളുടെ ദുരിതം ഇരട്ടിപ്പിക്കുന്നു.

മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള വേറിട്ട ചില നിരീക്ഷണങ്ങളും പ്രവാസിക്കു മാത്രം സാധ്യമായ ഭാഷയില്‍ റഫീസ് രേഖപ്പെടുത്തുന്നുണ്ട്. ''ദുരിത കാലങ്ങളില്‍ കൂട്ടാവുന്നത് ബന്ധുക്കളും നാട്ടുകാരുമല്ല, ഉറ്റവരും പേരറിയാത്ത പച്ചമനുഷ്യരുമാണ്'' എന്ന പാഠം അവയില്‍ ഒന്നും മാതം. പുതിയ കേരളത്തെയും പ്രവാസത്തെയും ബന്ധിപ്പിച്ചുകൊണ്ട് നിശിതമായ ഒരു നിരീക്ഷണം കൂറേക്കൂടി കൗതുകകരമാണ്. ''നമ്മള്‍ ഗള്‍ഫില്‍ പോകേണ്ട ആവശ്യം അന്യ സംസ്ഥാനക്കാരുടേത് കൂടിയാണ്. എന്നാലേ അവര്‍ക്ക് കേരളത്തില്‍ ജോലിയുണ്ടാകൂ... അവരുടെ നാട്ടില്‍ ഉത്പാദിപ്പിക്കുന്ന കോഴിയും ആടും പച്ചക്കറിയുമെല്ലാം ഉയര്‍ന്ന വിലയ്ക്ക് മലയാളിക്ക് വില്‍ക്കാനാവൂ...''

പേനയെ പ്രണയിക്കുന്ന ഈ കഥാകാരന്‍ കാല്പനിക വര്‍ണങ്ങള്‍ ഒന്നും ചാര്‍ത്താതെ ഇവിടെ ജീവിതം പറയുകയാണ്. ഒന്നാമതെത്തിയാലും തോല്‍ക്കുന്ന മറവി പുല്‍കാത്ത ജീവിതാവസ്ഥകള്‍ക്കൊപ്പം മരുഭൂമിയിലെ കുളിര്‍തെന്നല്‍ പോലെ ഒരു പ്രണയ കഥയുടെ ചാരുതയും സഞ്ചരിക്കുന്നു. സൗമ്യ ഒരു പക്ഷേ കഥാകാരന്റെ കാമിനിയാവാം. അല്ലെങ്കില്‍ പ്രവാസി വംശത്തിന്റെ സുന്ദരസ്വപ്നവുമാവാം. എന്തായാലും റഫീസ് മാറഞ്ചേരി നടുക്കുന്ന ഒരു കഥ പറഞ്ഞ് നമ്മെ അലിയിക്കുകയല്ല. പ്രവാസി സഹോദരന്റെ ഇടനെഞ്ചിനോട് നമ്മെ കുറേക്കൂടി അടുപ്പിക്കുകയാണ്.

Content Highlights: Rafees Maranchery New Malayalam Novel Book review