'നിന്നൊടാരെടാ നായിന്റെ മോനെ, വീതുവെച്ച റാക്കെടുത്തു കുടിക്കാന്‍ പറഞ്ഞത്'

മംഗലാപുരം സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ സ്റ്റീല്‍ കസേരയിലിരുന്ന് ഇത് വായിച്ചു ഞാന്‍ നിയന്ത്രണം വിട്ട് ചിരിച്ചപ്പോള്‍ എന്നെപ്പോലെ മുംബൈയിലേക്കുള്ള മത്സ്യഗന്ധ ട്രെയിന്‍ കാത്ത് അതെ പ്ലാറ്റ് ഫോമില്‍ ഇരുന്നവര്‍ എന്നെ നോക്കി.

'എനിക്ക് കുഴപ്പമൊന്നും ഇല്ല ഞാന്‍ നോര്‍മല്‍ ആളാണ് ' എന്ന് അവരെ ബോധ്യപ്പെടുത്താന്‍ പാകത്തില്‍ ഞാന്‍ ഗൗരവം പിടിച്ചു.

പി. വി ഷാജികുമാറിന്റെ ഏറ്റവും പുതിയ പുസ്തകം 'കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല' എന്ന ഓര്‍മ്മ കുറിപ്പാണ് സ്ഥലബോധം മറക്കുമാര്‍ എന്നെ ഇങ്ങനെ ചിരിയിലേക്ക് എറിഞ്ഞു വീഴ്ത്തിയത്.

പലപ്പോഴായി മാതൃഭൂമി ഓണ്‍ലൈനില്‍ എഴുതിയ പത്ത് ഓര്‍മ കുറിപ്പുകളുള്ള പുസ്തകം വായിക്കുമ്പോള്‍ കഥകളും ഓര്‍മകളും തമ്മിലുള്ള പാലം അകലം കുറഞ്ഞതാണെന്ന് തോന്നും.

ജയില്‍വാസത്തിനിടെയുള്ള ഒരു പുസ്തകവായന കൊണ്ട് ജീവിതം തന്നെ മാറിപ്പോയ അബ്ദുള്ള, ഭര്‍ത്താവ് ഗംഗന്റെ കുടി നിര്‍ത്താന്‍ അതേ ലഹരിയുടെ വഴികള്‍ തേടിപ്പോയ ശോഭ, മഴക്കാല ദുരിതാശ്വാസതിനായി അമ്മയെ തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ച നിര്‍ദ്ധനനായ ഓട്ടോ ഡ്രൈവര്‍, തന്റെ മകള്‍ക്ക് വേണ്ടി മാരത്തോണില്‍ നിര്‍ത്താതെ ഓടിയ ലക്ഷ്മി... അങ്ങനെ ഓരോ കുറിപ്പിലെയും വ്യക്തികള്‍ പരിചിതം അല്ലാത്ത ജീവിതനുഭവത്തിന്റെ വന്‍കരകള്‍ നമുക്ക് മുന്നില്‍ കാട്ടും.

എന്തുകൊണ്ടാണ് പി. വി ഷാജി കുമാറിന്റെ കഥകളും കുറിപ്പുകളും എന്നെപ്പോലെ ഒരാള്‍ക്ക് ഇത്രമേല്‍ പ്രിയപ്പെട്ടതാവുന്നത്? പരിചയമുള്ള നാട്ടിന്‍ പുറത്തെ ജീവിതങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രമേയമോ? അതോ അതിലെ കണ്ണൂര്‍-കാസര്‍ഗോഡ് ഭാഷയോ? എന്തായാലും ഷാജികുമാറിന്റെ എഴുത്തുകള്‍ തടസ്സമില്ലാതെ ഒഴുകുന്ന പുഴപോലെയാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. അതില്‍ എല്ലാം ആഴത്തിലുള്ള രാഷ്ട്രീയമുണ്ട്. വര്‍ഗ്ഗസമരമെന്നത് ജീവിത സമരം തന്നെയാണ് എന്ന് ഷാജികുമാറിന്റെ കഥകളും ഓര്‍മ്മകുറിപ്പുകളും ആവര്‍ത്തിച്ചു പറയും. അതില്‍ എടുത്തുകളയാന്‍ പാകത്തില്‍ ഒരു വാക്ക് പോലുമില്ല. കിടപ്പറ സമരവും ഉള്ളാളും വെള്ളരിപ്പാടവും എല്ലാം അങ്ങനെയാണ്.

പത്തൊന്ന് വര്‍ഷങ്ങളായി നാടുവിട്ട്‌ കേരളത്തിന് പുറത്ത് താമസിക്കാന്‍ തുടങ്ങിയിട്ട്. ഇന്നും എന്നില്‍ നിന്നും പുറത്തേക്ക് വീഴുന്ന വാക്കുകളില്‍ ഞാന്‍ അറിയാതെ എന്റെ ദേശത്തിന്റെ ഒരു വലിയ സീലുണ്ടാകും. ആദ്യ സംസാരത്തില്‍ തന്നെ മറുതലയ്ക്ക് ഉള്ളവര്‍ ചോദിക്കും:' കണ്ണൂര്‍ ആണല്ലേ വീട് ' 

ഉത്തര മലബാറിന്റെ ആ ഭാഷയാണ് പി. വി ഷാജികുമാറിന്റെ എഴുത്തിന്റെ ആത്മാവ്. അംബികാസുതന്‍ മാഷിലോ, സന്തോഷ് ഏച്ചിക്കാനത്തിലോ, സി. വി ബാലകൃഷ്ണനിലോ ഒന്നും ഇത്ര മനോഹരമായി ആ ഭാഷ അനുഭവപ്പെട്ടിട്ടില്ല.

നമ്മുടെ നാട്ടുകാര്‍ എന്തുകൊണ്ട് അര്‍ജന്റീന ആരാധകരായി എന്ന് പറയുന്ന 'വാമോസ് അര്‍ജന്റീന' എന്ന കുറിപ്പോടെയാണ് പുസ്തകം ഷാജികുമാര്‍ അവസാനിപ്പിക്കുന്നത്. അടുത്ത ലോകകപ്പ് സമയത്ത് മലയാളികളായ അര്‍ജന്റീന ആരാധകര്‍ക്ക് ബൈബിള്‍ വാക്യമായി ഉപയോഗിക്കാന്‍ പാകത്തില്‍ വേണ്ടതെല്ലാം അതിലുണ്ട്.

pvs
പുസ്തകം വാങ്ങാം

"സംഘര്‍ഷ സാഹചര്യങ്ങളില്‍ അര്‍ജന്റീനയെന്നപോലെ ഞങ്ങളും തോറ്റു പോവുകയാണ് പതിവ്. എല്ലായിപ്പോഴും സംഘര്‍ഷമായതിനാല്‍ തോല്‍വി ഇപ്പോള്‍ ശീലമായെന്നേ ഉളളൂ. എല്ലാറ്റിനും അപ്പുറം ഞങ്ങളുടെ ഉള്ളില്‍ ഇപ്പോഴും ചെഗുവേര ചുരുട്ട് വലിക്കുന്നു. മറഡോണയുടെ ഉടലില്‍ കൊത്തിയിരിക്കുന്ന ചെഗുവേരയെകണ്ട് ഞങ്ങളും ആവേശംകൊള്ളുന്നു."

കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: PV Shajikumar Malayalam Book review