രു ചെറുകഥ വായിക്കുന്ന അതേ അനുഭവത്തോടെ വായിച്ചുതീര്‍ക്കാന്‍ പറ്റുന്ന ഓര്‍മകളുടെ സമാഹാരമാണ്‌ പി.വി ഷാജികുമാറിന്റെ കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല എന്ന പുസ്തകം. യാഥാര്‍ഥ്യങ്ങളും സങ്കല്പങ്ങളും ഇടകലര്‍ന്ന അനുഭവപരിസരങ്ങള്‍ മനുഷ്യനിലേക്കും സ്‌നേഹത്തിലേക്കും നമ്മെ വഴിനടത്തുന്നു. അസ്വസ്ഥതകളും ആശങ്കകളും നിറഞ്ഞ ഒരു കാലത്ത് പരസ്പരമുള്ള നന്മ തന്നെയാണ് പ്രധാനമായിട്ടുള്ളതെന്ന് പുസ്തകത്തിലെ കുറിപ്പുകള്‍ ഓര്‍മ്മപ്പെടുത്തുന്നു. നന്മയും പരസ്പരവിശ്വാസവും സഹായങ്ങളും ഒരാചാരം പോലെ തുടര്‍ന്ന് പോന്നിരുന്ന കുറെ മനുഷ്യരും ഒരു കാലവും ഈ കുറിപ്പുകളില്‍ തെളിഞ്ഞുകിടക്കുന്നു. എഴുത്തുകാരന്‍ ഇവിടെ ഒരു കാഴ്ച്ചക്കാരന്‍ മാത്രമാകുന്നു. തന്റെ പലകാല അനുഭവങ്ങളെ ചേര്‍ത്തുകെട്ടുക മാത്രമാണ് അയാള്‍ ചെയ്യുന്നത്. 

സ്വന്തം നാടും അവിടുത്തെ പലതരക്കാരായ മനുഷ്യരും എഴുത്തുകാരനെ സ്വാധീനിക്കുന്നതും ജീവിതത്തിന് അര്‍ഥം നല്‍കുന്നതുമായ അനുഭവങ്ങള്‍ കൂടി ഇവിടെ പങ്കുവെക്കുന്നു. ആമുഖഭാഗത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് : 'കഥയും ഓര്‍മ്മയിലേക്ക് ഭാവനയുടെ പാലം വെക്കലാണ്. എന്റെ അനുഭവങ്ങള്‍ മാത്രമല്ല, കണ്ടതും കേട്ടതും എഴുത്തിലേക്ക് കയറിവന്നിട്ടുണ്ട്; അവരെയും അവയെയും ഓര്‍ക്കുന്നു'. അതെ, അനുഭവങ്ങളെ ഏകപക്ഷീയമാക്കി പറഞ്ഞുപോകുകയല്ല. താനുമായി ബന്ധപ്പെട്ടതും ബന്ധപ്പെടാത്തതുമായ അനുഭവങ്ങളെക്കൂടി സ്വാംശീകരിക്കാന്‍ എഴുത്തുകാരന്‍ ശ്രമിച്ചിരിക്കുന്നു. നാട്ടുമിത്തുകളും കേട്ടറിവുകളുമെല്ലാം യാഥാര്‍ഥ്യമെന്നപോലെ എഴുത്തുകാരന്‍ പകര്‍ത്തിവെക്കുന്നു. സ്വാനുഭവങ്ങളേക്കാള്‍ അപരാനുഭവങ്ങളിലാണ് എഴുത്തുകാരന്റെ ശ്രദ്ധ. അവയെ അലങ്കാരങ്ങള്‍കൊണ്ടും ഉപമകളാലും ആകര്‍ഷണീയമാക്കാനും ശ്രമം നടത്തിയിരിക്കുന്നു. 

പുസ്‌കത്തിലെ ആദ്യകുറിപ്പായ ' അബ്ദുള്ളയുടെ മതിലുകള്‍' എഴുത്തുകാരന്റെ ജയിലനുഭവവും ജയിലില്‍ വെച്ച് പരിചയപ്പെടുന്ന അബ്ദുള്ള എന്ന തടവുകാരനെയും കുറിച്ചാകുന്നു. വായന ഒരു മനുഷ്യനെ എങ്ങനെ മാറ്റിത്തീര്‍ക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കുറിപ്പിലെ അബ്ദുള്ള എന്ന കഥാപാത്രം. ഒരു നായയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള ആഖ്യാനമാണ് ' എല്ലാം ക്ഷണപ്രഭാചഞ്ചലമാണെന്ന് തിരിച്ചറിഞ്ഞ ഒരു നായ.' എഴുത്തുകാരന്റെ വീട്ടിലേക്ക് ഒരു നായ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് രസകരമായ ഈ കുറിപ്പ് പങ്കുവെക്കുന്നത്. പുസ്തകത്തിലെ ഏറ്റവും വൈകാരികമായ ഒരു കുറിപ്പെന്നും ഈ കുറിപ്പിനെ വിശേഷിപ്പിക്കാം. നായയുടെ സാന്നിധ്യവും അസാന്നിധ്യവും തീര്‍ക്കുന്ന  നിസഹായാവസ്ഥയില്‍ എഴുത്തുകാരന്‍അകപ്പെടുന്നത് സാങ്കല്പികമോ യഥാര്‍ഥമോ ? പറയാന്‍ എളുപ്പമല്ല. സഹജീവിസ്‌നേഹം ഏറ്റവും തീവ്രമാകുന്ന അനുഭവം കൂടിയാണ് ഈ കുറിപ്പ്. ഒരു മിണ്ടാപ്രാണിയുടെ ശബ്ദം കൂടിയാകുന്ന കുറിപ്പ് !

കാസര്‍കോടിന്റെ നാടന്‍രുചികളെ പരിചയപ്പെടുത്തുന്ന കുറിപ്പാണ് ' കുളുത്തും കപ്പപ്പറങ്കി ഞെലച്ചതും: ചില കാസര്‍കോടന്‍ രുചികള്‍. കഴിഞ്ഞ കാലത്തിന്റെ രുചികള്‍ ഒരോര്‍മ്മ മാത്രമാകുന്നത് യാഥാര്‍ഥ്യബോധത്തോടെ നമുക്ക് സമ്മതിക്കേണ്ടി വരുന്നു. കസര്‍കോടിന്റെ തനതുരുചികളായ പൂരച്ചോറിന്റെയും എണര്‍ ഉരുക്കിയതിന്റെയുമെല്ലാം രുചികള്‍ എഴുത്തുകാരന്‍ വാക്കുകളിലൂടെ അനുഭവിപ്പിക്കുന്നു. ആ രുചികള്‍ ഇനിയില്ല എന്ന യാഥാര്‍ഥ്യം കൂടിയാണ് ഈ കുറിപ്പ്. കൊളുത്തും (പഴങ്കഞ്ഞി) ചക്കക്കുരു ചുട്ടതുമെല്ലം പഴയ മനുഷ്യരുടെ ആരോഗ്യത്തെ കൂടി പ്രതിനധീകരിക്കുന്ന ഭക്ഷണങ്ങളായിരുന്നു. മണ്ണ് തരുന്നതാണ് വലുതെന്ന് കെ.എഫ്.സി- അല്‍ഫാം കാലത്തെ കുട്ടികളെ പഠിപ്പിക്കണമെന്നു കൂടി എഴുത്തുകാരന്‍ ഓര്‍മ്മപ്പെടുത്തുന്നു.

'എത്രയെത്ര മദാലസരാവുകള്‍' ( ഒരു അടിയന്തരാവസ്ഥതന്‍ നാടോടിക്കഥ) എന്ന കുറിപ്പ് അടിയന്തരാവസ്ഥക്കാലവും അതേത്തുടര്‍ന്ന് നാട്ടിലുണ്ടായ സംഭവവും പറഞ്ഞുപോകുന്നു. ' വാട്ടര്‍ കളര്‍' എന്ന കുറിപ്പില്‍ എഴുത്തുകാരന്‍ തന്റെ ജലാനുഭവങ്ങള്‍ പങ്കുെവക്കുന്നു. പുഴ ജീവിതത്തിന്റെയും എഴുത്തിന്റെയും ഭാഗമാകുന്ന അനുഭവങ്ങളാണ് ഈ കുറിപ്പിലുള്ളത്. ഒരു കഥയുടെ ആഖ്യനപരിസരത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ എഴുത്ത്. ബ്രസീലിയന്‍ എഴുത്തുകാരന്‍ ജോണ്‍ ഗിമറസ് റോസയുടെ പ്രശസ്തമായ ഒരു കഥയെക്കുറിച്ചും ഈ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു കോഴിക്കോടന്‍ അനുഭവം പങ്കുവെക്കുന്ന കുറിപ്പാണ് 'വരൂ വരൂ കടന്നുവരൂ'. താമസിച്ചിരുന്ന ലോഡ്ജില്‍ ഒരു രാത്രി പ്രസവിക്കാറായ ഒരു പശു കടന്നുവരുന്നതും തുടര്‍ന്നുള്ള രസകരമായ കാര്യങ്ങളുമാണ് ഈ കുറിപ്പില്‍. ഒരു തമാശക്കഥ വായിക്കുന്നത്രയും ലാഘവത്തോടെ വായിക്കാവുന്ന ഒരു കുറിപ്പ്. 

നാട്ടിലെ മറ്റൊരു സംഭവം പറയുന്ന 'കെട്ടു വിട്ടിട്ടില്ല' എന്ന കുറിപ്പ് വായനക്കാരില്‍ ചിരിയും സങ്കടവും ഉണര്‍ത്തുന്നു. ഗംഗന്‍- ശോഭ ദമ്പതികളുടെ സംഘര്‍ഷഭരിതമായ ജീവിതത്തെ ഓര്‍ത്തെടുക്കുന്ന കുറിപ്പ്. ഗംഗന്റെ അമിതമദ്യപാനവും അത് ശോഭയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് കുറിപ്പില്‍ തെളിയുന്നത്. തന്റെ ഒരു കഥയിലേക്ക് കടന്നുവന്ന കഥാപാത്രങ്ങളാണ് ഗംഗനും ശോഭയുമെന്നും എഴുത്തുകാരന്‍ കുറിപ്പിന്റെ അവസാനത്തില്‍ വെളിപ്പെടുത്തുന്നു. വളരെ ലളിതമായി, ഹാസ്യത്തിന്റെ തെളിവോടെ വായിക്കാന്‍ കഴിയുന്ന ഒരു കുറിപ്പ് !

pvs
പുസ്തകം വാങ്ങാം

സഹജീവിസ്‌നേഹത്തിലേക്കും നന്മയിലേക്കും തിരിച്ചു കയറാനുള്ള പ്രഖ്യാപനം കൂടിയാണ് ഈ കുറിപ്പുകള്‍. ഒപ്പം നില്‍ക്കുന്ന മനുഷ്യന്റെ മനസ്സറിയാനും അവന് താങ്ങാകാനും കഴിയണമെന്ന എഴുത്തുകാരന്റെ ആഗ്രഹം തന്നെയാണ് ഈ കുറിപ്പുകളിലും പ്രകടമാകുന്നത്. എഴുത്തിലെ ലാളിത്യവും നിഷ്‌കളങ്കതയും നാട്ടുഭാഷാപ്രയോഗങ്ങളും വായന കൂടുതല്‍ എളുപ്പത്തിലാക്കുന്നു. സ്വന്തം നാടും അവിടുത്തെ സാധാരണമായ സംഭവങ്ങളും തന്നെയാണ് എഴുത്തുകാരന് പ്രധാനം. ആ അനുഭവങ്ങളെ അസാധാരണമെന്ന് തോന്നിപ്പിക്കുന്ന തരത്തിലേക്ക് മാറ്റിയെടുത്ത് അവതരിപ്പിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. ഒരു വായനയല്ല പല വായനകളാണ് സാഹിത്യകൃതികളുടെ പ്രസക്തി നിലനിര്‍ത്തുന്നത്. ഈ കൃതി തുടര്‍വായനകളെ സാധ്യമാക്കുന്നു. ഒരോ വായനയിലും പുതിയ അനുഭവലോകങ്ങളെ കണ്ടെടുക്കാന്‍ ഇതിലെ കുറിപ്പുകള്‍ സഹായകമാകുന്നു. മാതൃഭൂമി ഓണ്‍ലൈനില്‍ പല സമയങ്ങളിലായി എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. 

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: PV Shajikumar Malayalam Book review