എഴുത്തുകാരന്‍ ജയമോഹന്റെ കഥാസമാഹാരമായ 'മായപ്പൊന്ന്' കവി പി. രാമന്‍ വിവര്‍ത്തനം ചെയ്ത് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പത്തുകഥകളുടെ സമാഹാരമായ മായപ്പൊന്നിന് പ്രസീത മനോജ് എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം. 

മിഴും മലയാളവും ഉരുക്കിയെടുത്ത അതിര്‍ത്തി ഗ്രാമങ്ങളിലെ നാട്ടുമനുഷ്യരുടെ നഗ്‌നമായ ജീവിതത്തിലെ അത്ഭുതങ്ങളിലൂടെയും കനല്‍നീറ്റങ്ങളിലൂടെയും കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെയും പിന്നേയും വായനക്കാരെ ആവാഹിക്കുകയാണ് 'മായപ്പൊന്നി'ലൂടെ ജയമോഹന്‍. ജീവിതത്തിലെ നേര്‍ക്കാഴ്ച ഉള്‍ക്കണ്ണുകൊണ്ട് ആഴമളന്ന് 'അരുളുള്ള മനുഷ്യന്റെ വിസ്മയ മുഹൂര്‍ത്തങ്ങളെയാണ് ജയമോഹന്‍ തേച്ചുമിനുക്കിയെടുക്കുന്നത്. കൊറോണക്കാലത്തെ ഏകാന്തതയില്‍ ഇരട്ടിച്ചത് സര്‍ഗ്ഗവാസനയുടെ സമ്പന്നതയായിരുന്നു. ലളിതമായ ജീവിതാഖ്യാനത്തിലെ ചില പരിചയപ്പെടുത്തലാണ് ആമുഖം പോലും. അവിടെ നിന്നങ്ങനെ കഥപറഞ്ഞ് കഥപറഞ്ഞ് നമ്മെ മായപ്പൊന്നിന്റെ തിളക്കത്തിലേക്ക് പതിയെ എടുത്തുയര്‍ത്തുന്ന കാഴ്ച! തമിഴായിരുന്ന ഈ കഥകളുടെ തനിമയും ഉണ്മയും ചോരാതെ കാക്കാന്‍ കൂട്ടിന് ഒരു കവിയുമുണ്ടായി. പി.രാമന്റെ കവിതയുടെ കണ്ണ് കഥാകാരന്റെ ശ്വാസമിടിപ്പ് പോലും വാക്കിനുള്ളില്‍ നിന്ന് തേടിയെടുത്തു. പരിഭാഷയുടെ ക്ലിഷ്ടതകളേതുമില്ലാതെ കഥയൊരു കവിതയാക്കി മലയാളത്തിലേക്ക് ഒഴുക്കിയെടുക്കാന്‍ പി.രാമന്റെ മൊഴിവഴക്കത്തിന് സാധിച്ചിരിക്കുന്നു. കഥാലോകത്തിനപരിചിതനായൊരു കവിയെ പരിഭാഷയിലൂടെ പുതിയൊരു ലോകത്തേക്ക് നയിക്കുവാന്‍ ജയമോഹന്റെ കഥയുടെ കാതലിന് കഴിഞ്ഞത് മലയാളക്കഥയുടെ സ്വപ്നവും പ്രതീക്ഷയുമായിത്തീരുന്നു.

ഒന്നാമത്തെ കഥയായ 'ദേവന്‍' വായിച്ചുതീരുമ്പോള്‍ കണ്ണിലുറവയെടുക്കുന്നത് ഹൃദയത്തില്‍നിന്നും അടര്‍ന്നുവീണുപോയ എന്തോ ഒന്നാണ്. മനുഷ്യന്റെ ആത്മാവിലൊരു തീയുണ്ട്, അത് കര്‍മ്മവാസനയുടെ തീയാണ്. സത്യസന്ധനായൊരു മനുഷ്യന് കത്തി ജ്വലിക്കാനും, കത്തിത്തീരാനുമുള്ള തീഷ്ണതയുള്ള ജ്വാലയാണത്. ദേവനും, മായപ്പൊന്നും ഒരുപോലെ വിളിച്ചുപറയുന്ന ആത്മാവിന്റെ ആ ജ്വാലയില്‍ നിന്നാണ് എഴുത്തുകാരനും സൃഷ്ടിയുടെ വൈഭവമൊരുക്കിയെടുക്കുന്നത്. മാണിക്ക്യമെന്ന ആശാരിയുടെ കൈവിരലുകളിലേക്ക് ഭഗവതിയുടെ രൂപം ഉറവയെടുക്കുന്നതിനെപ്പറ്റി പറയുമ്പോള്‍, ഓരോ സൃഷ്ടികര്‍ത്താവിന്റെയും ഉള്ളിലെ വാക്കുകളില്‍ ആവിഷ്‌കരിക്കാനാവാത്ത വികാരപ്രപഞ്ചത്തെ എത്ര കൈയ്യടക്കത്തോടെയാണ് ആവിഷ്‌ക്കരിക്കുന്നത്. ''ഇപ്പ നമ്മള് കിണറു കുഴിക്കൂല്ലേ, മണ്ണിനടീന്ന് വെള്ളം ഊറി വരൂല്ലേ?... അതാണ് സൃഷ്ടിയെപറ്റിയുള്ള മാണിക്ക്യന്റെ ലളിതഭാഷ്യം. 'ഇശക്കിയമ്മ' ഭഗവതിയേക്കാള്‍ തീഷ്ണതയുടെ ചിത്രമാണീക്കഥയില്‍. അനുഭവങ്ങള്‍ നീറ്റിയെടുത്ത് രൂപപ്പെടുത്തിയ കഥാപാത്രം. നഷ്ടപ്പെട്ടതെല്ലാം 'ഇശക്കിയമ്മയക്ക്' പുനസൃഷ്ടിച്ച് കൊടുക്കാന്‍ മാത്രം ഉള്ളലിവും വൈഭവവും മാണിക്ക്യനുണ്ട്. ആരും  കാണാത്ത മനുഷ്യന്റെ ഉള്ള് കാണാന്‍ കെല്പുള്ളവരാണ് സര്‍ഗ്ഗശക്തികൊണ്ട് ദൈവസമാനരായിത്തീരുന്ന ചില മനുഷ്യരെന്ന് കഥാകാരന്‍ പറയാതെ പറയുന്നു മാണിക്കനിലൂടെ.

കുഞ്ഞിയുടെ സ്വന്തം ആന. ഒരു കുഞ്ഞിന്റെ നഷ്ടപ്പെട്ടുപോയൊരു വീട്ടകത്തിന്റെ തിരിച്ചുപിടിക്കലാണ്. ഈ അടച്ചിരിപ്പിന്റെ കാലത്ത്, ഏത് തിരക്കുള്ള ആളും സ്വന്തം അകത്തളങ്ങളില്‍ കുടങ്ങിപ്പോയതിന്റെ പ്രതീകാത്മകതയാണ്, ഈ ആന നാടകം. കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളെ തിരിച്ചുകിട്ടുകയും, അവര്‍ വലിയ താപ്പാനകളായ അവരെ നിയന്ത്രിക്കുകയും മന്ത്രവാദികളെപ്പോലെ ഡപ്പിയിലടക്കുകയും ചെയ്യുന്നതിന്റെ മധുരോദാരമായ നിഷ്‌കളങ്കമായ കാഴ്ചകള്‍ എത്ര തന്മയത്തത്തോടെയാണിവിടെ കൈകാര്യം ചെയ്യുന്നത്. ഒരു കുട്ടിക്കഥപോലെ വലിയൊരു സന്ദേശത്തിലേക്ക് കണ്‍തുറപ്പിക്കുക കൂടി ചെയ്യുന്നതാണീ കഥയുടെ ഉള്‍ക്കാഴ്ച.

P raman
പി.രാമന്‍

'തീവണ്ടി' എന്ന കഥയും പെയ്‌തൊഴിഞ്ഞ കാലത്തിന്റെ കഥയാണ്. ജോണ്‍ എന്ന സിനിമാപ്രാന്തന്റെ, കരക്കടിഞ്ഞ സ്വപ്നങ്ങളുടെ ഉന്മാദജീവിതത്തിന്റെ ശേഷിപ്പുകള്‍. കോഴിക്കോടന്‍ മൊഴിവഴക്കത്തിന്റെ ഭംഗിയില്‍ ഇച്ചയും അബ്ദുള്‍ അസീസും നടത്തുന്ന സംഭാഷണമാണീ കഥ. വര്‍ത്തമാനത്തില്‍നിന്നും ഇതള്‍വിരിയുന്ന ഭൂതകാലത്തിന്റെ ലഹരിപിടിച്ച കഥയുടെ ഉള്‍ക്കുളിരിലേക്ക് ചൂഴ്ന്നുപോകാന്‍ വായനക്കാരനെ മാടിവിളിക്കും. കെസ്സുപാട്ടുകളും അഭിനയവും, ഒഴിഞ്ഞ മദ്യക്കുപ്പികളും നിറഞ്ഞ ഇടിഞ്ഞുപൊളിഞ്ഞ ലോകം. ഇവിടെയും ലഹരിയുടെ തീനാളങ്ങള്‍ ഉള്ളില്‍ പതയുന്ന മനുഷ്യരുടെ ചൂരും ചൂടുമുണ്ട്. സിനിമാലോകത്തിന്റെ പരിചിതഗന്ധങ്ങള്‍ കഥാകാരന്‍ ഓര്‍ത്തെടുക്കുകയാണ് 'തീവണ്ടി'യിലൂടെ.

'വര്‍ണം', കഥയോ  ചരിത്രസഞ്ചാരമോ എന്ന് ഇഴ പിരിച്ചെടുക്കാന്‍ വയ്യാത്തവിധം ചേര്‍ന്നുപോയിരിക്കുന്നു. തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ നാം കണ്ടുപരിചയിച്ച ക്ഷേത്രങ്ങളും വയലുകളും ഉപ്പളങ്ങളുമെല്ലാം പറയുന്ന പഴങ്കഥയുടെ ഉണര്‍വ്വുകളിലേക്കാണ് 'വര്‍ണ'മെന്ന കഥ കൊണ്ടുപോകുന്നത്. വീരകേരളവര്‍മ്മ മഹാരാജാവിനുവേണ്ടി കപ്പം പിരിക്കാന്‍ അയിക്കര ഗ്രാമത്തിലേക്ക് പോയിരുന്ന സര്‍വ്വാദികാര്യക്കാരുടേയും പടനായകന്മാരുടെയും നിവൃത്തിയില്ലാത്ത ഗ്രാമവാസികളുടെയുമെല്ലാം ചരിത്രത്തില്‍ നിന്നാണീ കഥ ഉറവയെടുക്കുന്നത്. കൃഷിഭൂമിയെപ്പറ്റി അറിയാതെ നികുതിപിരിവുകാരുടെ, പ്രമാണിമാരുടെ കണ്ണില്‍ പൊടിയിടുന്ന സമര്‍ത്ഥമായ ഗ്രാമതന്ത്രത്തിന്റെ രസകരമായ ചരിത്രം, ഐതിഹ്യവഴിക്ക് സഞ്ചരിച്ച് 'വിഷ്ണു അമൃതാമയന്‍' വാഴുന്ന ക്ഷേത്രപ്പെരുമയിലേയ്ക്കാണ് രസകരമായി കഥാകാരന്‍ നമ്മെ കൊണ്ടുപോകുന്നത്. പ്രതിമകളായി വേഷംകെട്ടി, അധികാരികളുടെ പിടിച്ചുവാങ്ങലില്‍ നിന്നു രക്ഷപ്പെടുന്ന ഗ്രാമവാസികളുടേയും അവരുടെ രാജാവിന്റെയും കഥ.

'കുരുവി' എന്ന കഥയുടെ ഉള്ളറകളിലേയ്ക്ക് ചെന്നാല്‍ പ്രകൃതിയിലെ ജീവജാലങ്ങളുടെ ജന്മവാസനകള്‍പോലെ, ചില മനുഷ്യരെയും കണ്ടെടുക്കാനാവും. വാസനകള്‍ കുഴിച്ചിട്ട് മറ്റൊരു പണിയെടുക്കേണ്ടി വന്ന മാടന്‍പിള്ളയെന്ന ടെലഫോണ്‍ എക്‌സ്‌ചേഞ്ച് തൊഴിലാളിയുടെ ജീവിതം. സ്വന്തം ഇഷ്ടവും വാസനകളും ബലികൊടുത്ത് ജീവിക്കേണ്ടി വന്നതിനാല്‍, മുഴുക്കുടിയനായി, ഉദ്യോഗത്തില്‍നിന്ന് സസ്പെന്‍ഷന്‍ വാങ്ങുന്ന, അതേസമയം ചിത്രകാരനും ശില്പിയുമായൊരു നിറഞ്ഞ മനുഷ്യനെ ഉള്ളില്‍ ചുമക്കുന്ന മാടന്‍പിള്ളയുടെ കഥ. ജന്മവാസനകളാണ് മനുഷ്യന്‍. അവന്റെയുള്ളില്‍ അവനെ തടയിണകെട്ടാന്‍ ശ്രമിക്കുന്ന എന്തിനേയും മറികടക്കാന്‍ ശ്രമിക്കുന്ന ഒരു മനുഷ്യനുണ്ടാകും. സാധ്യമല്ലാതെ വന്നാല്‍ അയാള്‍ സമൂഹത്തിനു പുറത്താകും. അവന്റെ ജീവിതം ആര്‍ക്കും വേണ്ടിയല്ല. ആത്മാവിന്റെ ആനന്ദമാണ്, ആ ലഹരി തന്നെയാണ് ജീവിതമെന്ന മാടന്‍പിള്ളയിലൂടെ പറയുന്നു കഥാകാരന്‍.

'നിറപൊലി' ഒരു വിവാഹവിശേഷമാണ്. അനന്തനെന്ന കുമാരക്കാരന്‍, അവന്റെ സഹപാഠികളായ ഇരട്ടസഹോദരിമാരുടെ വിവാഹത്തിന് പോകുന്ന കഥ. നാട്ടുമ്പുറത്തെ വലിയ വിവാഹആഘോഷം. ഈ കഥയെടുത്തു പറയുന്നത് സദ്യവിശേഷവും രുചിഭേദങ്ങളുമാണ്. ചിത്രകല പോലെ, കവിതപോലെ, രുചിയുടെ ഉത്ഭവമേളമുണ്ടാക്കാന്‍ കഴിയുന്നതും വാസനയുടെ അനുഗ്രഹം സിദ്ധിച്ചവര്‍ക്കുതന്നെ. എല്ലാ രുചിയേയും ഒരുപോലെ കാണുന്ന സര്‍ഗ്ഗവൈഭവത്തിലെ സമത്വദര്‍ശനത്തെ ലളിതമായൊരു വിവാഹസദ്യയുടെ ഒരുക്കത്തിലൂടെ പകര്‍ത്തുന്നു. 'നാദസ്വര'ത്തിലെ ആസ്വാദ്യപ്പെരുമയും-അതേ ആവേശത്തോടെ വാക്കുകളിലൂടെ വിടര്‍ത്തിയെടുക്കുന്നു.

Book cover
പുസ്തകം വാങ്ങാം

'ഏദന്‍' സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണുന്ന, എന്നാല്‍ സ്വര്‍ഗ്ഗത്തിലെത്താത്ത മനുഷ്യരുടെ കഥയാണ്. അന്യനാട്ടിലെ മണ്ണില്‍ സ്വര്‍ഗ്ഗം വിളയിക്കാന്‍ നാട്ടിലെ മണ്ണുവിറ്റ്, 'കൃഷി' വന്‍കിട ബിസിനസ്സാക്കാന്‍ പുറപ്പെട്ട ഒരുവന്റെ കഥയാണ്. എന്നാല്‍ അവനെ മുതലെടുക്കുന്ന സുഖിമാന്മാരായ ആളുകള്‍. ഒടുവില്‍ വലിയ നഷ്ടങ്ങളുടെ കണക്കുകള്‍ ബാക്കിവച്ച് ഏദനില്‍നിന്നും ഇറങ്ങിവരേണ്ടി വന്ന നിസ്സഹായരായ മനുഷ്യരുടെ കഥയാണ് 'ഏദന്‍'.

'തേനീച്ച' എന്ന കഥയും സര്‍ഗ്ഗാത്മകതയുടെ താളക്രമങ്ങളുടെ പാരസ്പര്യമാണ് പറയുന്നത്. ശൂചിത്രംകാരനായ സ്വര്‍ണ്ണപ്പണിക്കാരന്റെ കരകൗശല വിരുതും, അയാളുടെ ആരാധ്യപുരുഷനായിരുന്ന 'നാഗസ്വര'ത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന തിരുവാവടുതുറ രാജരത്‌നംപിള്ളയുടെയും ഓര്‍മ്മകളിലൂടെയുള്ള യാത്ര. സ്വര്‍ണ്ണപ്പണിയില്‍ വിദഗ്ദ്ധനായിരുന്നു അയാള്‍. ഒരു തേനീച്ചയെപ്പോലെ ഒരു പൂവില്‍നിന്നും മറ്റൊരു പൂവിലേക്ക് സഞ്ചരിക്കുന്നതിന്റെ പണിയുടെ വിരുത്, അത് ആത്മാര്‍ത്ഥതയാണ്. അതുപോലെ ഉള്ളില്‍ സംഗീതം പൊഴിയുന്ന മുഹൂര്‍ത്തങ്ങളും. തെക്കന്‍ കേരളത്തിലെ അതിപുരാതനമായ ശുചീന്ദ്രം ക്ഷേത്രത്തിന്റെ തെരുവുകളിലൂടെ മുഴക്കുന്ന ശബ്ദവും സൗന്ദര്യവുമാണീ കഥയുടെ ഉള്‍ക്കരുത്ത്.

'കോട്ട' വിവാഹവീട്ടിലേയ്ക്കുള്ള 'അണഞ്ചിയമ്മ'യെന്ന വൃദ്ധസ്ത്രീയുടെ വരവാണ്. അണഞ്ചിയുടെ മനുഷ്യശരീരത്തെക്കുറിച്ചുള്ള കൗതുകവും തത്വചിന്തയുമെല്ലാം രസികത്വം തുളുമ്പുന്ന ഭാഷയില്‍ എഴുതിയിരിക്കുന്നു. 'സുകു'വെന്ന ചെറുപ്രായക്കാരന്റെ ആകാംക്ഷകളിലൂടെ ഈ കൊച്ചുകഥ മുന്നോട്ട് പോകുന്നു.

'മായപ്പൊന്ന്' വാറ്റുകേന്ദ്രം നടത്തുന്ന 'നേശയ്യന്റെ' സത്യസന്ധതയും, അയാള്‍ നിര്‍മ്മിക്കുന്ന ഉല്പന്നത്തിന്റെ ഗുണവും ചേര്‍ന്ന് കെട്ടുപിണയുന്നു. സ്വന്തം ജീവിതത്തേക്കാള്‍ വലുതാണ് അയാള്‍ക്ക് അയാളുടെ സൃഷ്ടി. ഏത് സൃഷ്ടികര്‍ത്താവിനും അയാളുടേതായ കൈയ്യൊപ്പ് പതിഞ്ഞ ഒരു സൃഷ്ടിയുണ്ടാകും. അതൊന്നേ കാണൂ... ഒരു തുള്ളിയില്‍. ആ നിമിഷത്തിന്റെ കാത്തിരിപ്പാണ് അയാളുടെ കര്‍മ്മജീവിതമെന്ന് ഈ കഥയിലും  ആവര്‍ത്തിക്കുന്നു. 'മായപ്പൊന്ന്' അവരെ കാത്തിരിക്കുന്ന അത്ഭുതമാണ്. ഈ ഭ്രമാത്മകതയിലൂന്നിയാണ് ഈ കഥയുടെ സഞ്ചാരം.

ഇങ്ങനെ വ്യത്യസ്തമായ നാട്ടുകഥകളുടെ പശ്ചാത്തലത്തിലൂടെ വായനക്കാരനെ രസിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന പത്ത് കഥകളുടെ കൂട്ടം. എല്ലാ കഥകളുടേയും അടിയൊഴുക്കായി സര്‍ഗ്ഗാത്മകതയുടെ ശക്തിയും സൃഷ്ടികര്‍ത്താവിന്റെ ആത്മാവിലെ തീയും എത്രമാത്രം തീക്ഷ്ണമാണെന്ന് കഥാകാരന്‍ ആവര്‍ത്തിക്കുന്നു. പ്രാദേശികഭാഷയുടെ വഴക്കങ്ങളിലേക്ക് മനോഹരമായി വിവര്‍ത്തനം ചെയ്തിരിക്കുന്നതുകൊണ്ട് പാരായണസുഖം ഒട്ടും ചോരാതെയിരിക്കുന്നു. ജയമോഹന്റെ ഈ കഥാസമാഹാരം വായനക്കാരുടെ മനസുകളെ 'മായപ്പൊന്നുപോലെ ആകര്‍ഷിക്കുമെന്നതില്‍ തര്‍ക്കമില്ല.

Content Highlights : Praseetha Manoj Reviews the book Mayapponnu Written by Jayamohan translated by P Raman