ഒരു പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഇടയ്ക്കിടെ സന്തോഷാശ്രുക്കള്‍ പൊടിയുകയും ആത്മാഭിമാനത്തിന്റെ നിര്‍വൃതിയിലലിയുകയും ചെയ്യുന്നുവെങ്കില്‍ ആ കൃതി എത്ര മാത്രം ഹൃദയത്തിനോട് ചേര്‍ന്നുനില്‍ക്കുന്നു എന്ന് ഊഹിക്കാമല്ലോ. അപര്‍ണതോത്തയുടെ പൂര്‍ണ എന്ന കൃതി രശ്മി കിട്ടപ്പ വിവര്‍ത്തനം ചെയ്തിരിക്കുന്നു. അതിലൂടെ കടന്നു പോകുമ്പോഴാണ് ഇങ്ങനെ വികാര നിര്‍ഭരമായിത്തീര്‍ന്നത്. പൂര്‍ണയുടെ പൂര്‍ണിമ നിറഞ്ഞ ജീവിതത്തിന്റെ സുവര്‍ണലിപികളാണ്. ജീവചരിത്രവും സഞ്ചാരകൃതിയുമായി അനുഭവപ്പെടുന്ന പുസ്തകം. എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയുടെ ജീവിതവഴികളും ദൃഢനിശ്ചയവും സ്വപ്നങ്ങളുമെല്ലാം ചേര്‍ന്ന് വായനക്കാരെ ആവേശം കൊള്ളിക്കുന്ന പുസ്തകം. ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാനുള്ള പ്രചോദനമാണീയെഴുത്ത്. ഇന്ത്യയുടെ അഭിമാനമായി മാറിയ പൂര്‍ണയുടെ ജീവിതനേട്ടങ്ങളിലേക്കുള്ള യാത്ര അത്ര സുഗമമമായിരുന്നില്ല. വിജയങ്ങളിലെ അഹന്തയോ അതിരുകവിഞ്ഞ വികാരപ്രകടനങ്ങളോ ഇല്ലാതെ നിഷ്‌കളങ്കയായ ഗ്രാമീണ പെണ്‍കൊടി ഒരു രാജ്യത്തിന്റെ ആത്മാഭിമാനമായിത്തീര്‍ന്ന അനുഭവവഴികള്‍ പരിചയപ്പെടുത്തുന്ന കൃതി.
ഇപ്പോഴത്തെ തെലുങ്കാനയിലെ കാമറെഡ്ഢി ജില്ലയിലെ ഏറ്റവും ചെറിയ ഗ്രാമമായ പകലയിലെ ബഞ്ചാരസമുദായത്തിലെ ദേവീദാസ് ലക്ഷ്മിദമ്പതികളുടെ മകള്‍ പൂര്‍ണ്ണയുടെ വ്യത്യസ്തതയാര്‍ന്ന കൗമാരകാലം. കൃഷിയും ചെറിയ ഇലക്ട്രീഷ്യന്‍ പണികളുമൊക്കെ ചെയ്ത് ഏറ്റവും പരിമിതമായ സാമ്പത്തിക ചുറ്റുപാടില്‍ ജീവിക്കുന്ന കുടുംബത്തിന് അല്ലലില്ലാത്ത ഒരു ജീവിതമാണ് ഏറ്റവും ഉയര്‍ന്ന സ്വപ്നം. അതിനാണ് ദൂരെയുള്ള സാമൂഹികക്ഷേമവകുപ്പിന്റെ ബോര്‍ഡിംഗ് സ്‌കൂളിലേക്ക് ദേവിദാസ് മകളെ പഠിക്കാനയച്ചത്. വോളിബോള്‍ ടീമിലുള്ള പൂര്‍ണ്ണയുടെ അതിസാഹസികമായ ഉള്‍ക്കരുത്തും ദൃഢനിശ്ചയവും കായികാദ്ധ്യാപിക സ്വപ്നയുടെ മനം കവര്‍ന്നു. ഭൊന്‍ഗീറില്‍ നടക്കുന്ന പാറകയറ്റക്യാമ്പിലേയ്ക്ക് രണ്ടുകുട്ടികളെ സെലക്റ്റ് ചെയ്യേണ്ടിവന്നപ്പോള്‍ സ്വപ്നടീച്ചര്‍ നിര്‍ദ്ദേശിച്ചത് പൂര്‍ണ്ണയുടെ പേര്. അതവളുടെ ജീവിതത്തിന്റെ ദിശ മാറ്റിത്തീര്‍ത്തു. പാറകയറ്റ ക്യാമ്പില്‍ പര്‍മേഷ് എന്ന പരിശീലകന്റെ കണ്ണിലുടക്കിയത് പൂര്‍ണ്ണയുടെ സ്ഥിരോത്സാഹം തന്നെ. തന്റെ ശാരീരികശേഷിയുടേയും ശക്തിയുടേയും അതിരുകളെ വെല്ലുവിളിച്ചുകൊണ്ട് സ്വയം മുന്നേറുന്ന സ്വഭാവം, പൂര്‍ണ്ണതയുടെ മുന്നോട്ടുള്ള പടവുകളുടെ ശോഭ വര്‍ദ്ധിപ്പിച്ചു.
പാറകയറ്റ ക്യാമ്പിലെ ശേഖര്‍ബാബു എന്ന പരിശീലകന്‍ 'ബിലേയിംങ്' പോലുള്ള, പാറകയറ്റത്തിന്റെ തന്ത്രങ്ങളും സാങ്കേതികതകളും അഭ്യസിപ്പിച്ചു. 350 അടി അനായാസേന കയറി ആ കുട്ടികളുടെ സംഘം അഭിനന്ദങ്ങളേറ്റുവാങ്ങി. സാമൂഹികക്ഷേമബോര്‍ഡിംഗ് സ്‌കൂള്‍ സെക്രട്ടറി പ്രവീണ്‍കുമാര്‍ ഐ.പി.എസ്. അവരുടെ യാത്രയയപ്പ് സമ്മേളത്തില്‍ പങ്കെടുത്തത്, ഹിമാലയന്‍ മൗണ്ടനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള വഴിയായിത്തീര്‍ന്നു. നമ്മുടെ സ്‌പെഷല്‍ ട്രൈബല്‍ സ്‌കൂളുകളുടെയും സാമൂഹികക്ഷേമ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളേയും ഈ നിമിഷം ഓര്‍ത്തുപോകും. മികച്ച അദ്ധ്യാപകരും ഉദ്യോഗസ്ഥരുമുണ്ടെങ്കില്‍ നമ്മുടെ കുട്ടികളെ എത്ര ഉയരങ്ങളിലേയ്ക്ക് പറത്തിവിടാന്‍ കഴിയും. പിന്നോക്കവും ഏറെ പരിമിതവുമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി എന്തുചെയ്താലും അതുകൊണ്ടൊക്കെത്തന്നെ അവര്‍ സംസ്‌കൃതരാകുമെന്ന ധാരണയിലാണ് നമ്മുടെ രാജ്യത്തെ സാമൂഹ്യക്ഷേമ വികസനരംഗത്തെ പല പ്രവര്‍ത്തനപദ്ധതികളും മുന്നോട്ട് പോകുന്നത്. അവര്‍ക്കായി നീക്കിവക്കുന്ന ഫണ്ടുകളും സ്ഥാപനങ്ങളുമെല്ലാം അല്പമാത്രമായ പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോകുന്നതും നമുക്കറിയാം. എന്നാല്‍ ഈ കൃതിയില്‍ പരിചയപ്പെടുന്ന അദ്ധ്യാപകര്‍, സ്ഥാപനങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ ഇടങ്ങളും മനുഷ്യരും തന്നെ! കൊടുംകാട്ടിലും തിളങ്ങുന്ന മിന്നാമിന്നികളുണ്ട്. അവയുടെ പ്രകാശം ചിലപ്പോഴെങ്കിലും ലോകത്തിനുമുഴുവന്‍ വെളിച്ചമായിത്തീരാറുണ്ട്. അത് കണ്ടെത്തുകയാണ് ഉത്തരവാദിത്വമുള്ളവരുടെ ലക്ഷ്യം. പൂര്‍ണ്ണയിലെ പ്രഭ കണ്ടെത്താന്‍ അവളുടെ അദ്ധ്യാപകര്‍ക്ക് കഴിഞ്ഞില്ലായിരുന്നെങ്കില്‍, ഒരുപക്ഷെ, പരിമിതമായ ജീവിതപരിസരങ്ങളില്‍ ആ ജീവിതം ഒതുങ്ങിത്തീരുമായിരുന്നു. എന്താണ് ഒരു കുട്ടിയുടെ താല്പര്യം, കഴിവ് ഇവയിലേയ്ക്ക് സ്പര്‍ശിക്കാന്‍ കഴിയുമ്പോഴാണ് അദ്ധ്യാപകര്‍ ഉത്തമരായിത്തീരുന്നത്. അങ്ങനെ പൂര്‍ണ്ണയിലെ പ്രകാശം കണ്ടെത്തിയ ഗുരുസ്ഥാനീയരായ വ്യക്തികളെ ഇവിടെ പരിചയപ്പെടുത്തുന്നു. അത് കെട്ടുകഥയല്ല. ജീവിതാനുഭവങ്ങളുടെ നേര്‍സാക്ഷ്യങ്ങളാണ്. അങ്ങിനേയുമുണ്ട് മനുഷ്യര്‍ എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍. ഒങക യിലെ പരിശീലനങ്ങള്‍ക്ക് ശേഷം അവള്‍ കയറിയ പര്‍വ്വതങ്ങള്‍ പൂര്‍ണ്ണയുടെ കുതിപ്പിന്റെ അടയാളങ്ങളാണ്.
ഓരോ പര്‍വ്വതനിരകളുടേയും കാഴ്ചയുടെ സൗന്ദര്യത്തനിമ, സ്വര്‍ഗ്ഗം പോലെയുള്ള ഭൂമിയിലെ ഇടങ്ങള്‍, നക്ഷത്രങ്ങളെ എത്തിപ്പിടിക്കുവാന്‍ തോന്നുന്ന ഉയരങ്ങള്‍, പച്ചപ്പുകള്‍. ഹിമശോഭ തുടങ്ങിയ കാഴ്ചകളിലൂടെ പൂര്‍ണ്ണയുടെ മാത്രമല്ല വായനക്കാരന്റെ മനസ്സും നിറഞ്ഞുകവിയുന്ന അവസ്ഥ. പതിമൂന്നുകാരിയുടെ കാഴ്ചയിലെ നിഷ്‌കളങ്കതയും യാത്രയിലെ ഉത്സാഹാവേശങ്ങളും അത്ഭുതങ്ങളുമെല്ലാം നമുക്ക് വിസ്മയമാണുണ്ടാക്കുക. ചെറിയ, ശാരീരികാസ്വാസ്ഥ്യങ്ങളില്‍ പോലും തളര്‍ന്നുപോകുന്നവര്‍ക്ക് കരുത്ത് പകരുന്നതാണ് പൂര്‍ണ്ണയുടെ ഓരോ ചുവടും. ശരീരത്തിന്റെ മനസ്സുകൊണ്ട് ജയിക്കാനാകുന്നതിന്റെ അത്ഭുതങ്ങള്‍. നമ്മളറിയാത്ത ഊര്‍ജ്ജസ്ഥലികള്‍ ശരീരത്തിലുണ്ടെന്ന തിരിച്ചറിവുകള്‍ വായനക്കാരെ ചിന്തിപ്പിക്കുക തന്നെ ചെയ്യും.
ഒടുവില്‍ എവറസ്റ്റ് കയറുകയെന്ന അത്ഭുതകരമായ സ്വപ്നത്തിലേക്ക് അവള്‍ നടന്നടുക്കുകയായിരുന്നു. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പൂര്‍ണ്ണയും ആനന്ദും എവറസ്റ്റിലേക്കുള്ള യാത്രയുടെ തുടക്കത്തിനായി പുറപ്പെടുമ്പോള്‍ അവരുടെ മാതാപിതാക്കള്‍ പറയുന്ന വാചകങ്ങള്‍ ഇന്ത്യയിലെ ഓരോ കുട്ടിയുടെയും മാതാപിതാക്കള്‍ക്ക് വലിയ പാഠവും പ്രചോദനവുമാണ്.
പിന്നീടുള്ള അവരുടെ യാത്രകള്‍ ഉദ്വേഗപൂര്‍ണ്ണമാണ്. നെഞ്ചിടിപ്പോടെയാണ് ആ സാഹസികയാത്രികരായ കുട്ടികളെ നമുക്ക് കാണാനാവുക. സാധാരണ കായികമത്സരത്തിന്റെ വിസ്മയമോ, ആഹ്ലാദമോ, ആവേശമോ അല്ല, ഏതു നിമിഷവും മരണം മുന്നില്‍ വന്നേക്കാവുന്ന മുഹൂര്‍ത്തങ്ങള്‍. എങ്ങനെയാണ് കുട്ടികള്‍ അത് തരണം ചെയ്യുക എന്ന് ഓരോ നിമിഷവും ചിന്തിച്ചുപോകും. മൈനസ് ഡിഗ്രി തണുപ്പും ഓക്‌സിജനില്ലാത്ത അവസ്ഥയും വഴിയില്‍ കാണുന്ന യാത്രികരുടെ മൃതശരീരങ്ങളുമൊക്കെ കുട്ടികളായ പൂര്‍ണ്ണയേയും ആനന്ദിനേയും എങ്ങനെയൊക്കെ ബാധിച്ചിരിക്കും. കയറ്റങ്ങള്‍ക്കിടയിലെ ആഗാധമായ വിള്ളലുകള്‍ തരണം ചെയ്യാനായി ജൂമറിംഗിലെ മിടുക്ക്, ലോഹബൂട്‌സ്, കുപ്പായങ്ങള്‍ പഠിച്ച തന്ത്രങ്ങള്‍ ഇവയെല്ലാം വിഭഗ്ദ്ധമായി പ്രയോജനപ്പെടുത്തുന്നു. അവരുടെ ഒപ്പം കയറുന്ന സഹായികളായ ഷേര്‍പകള്‍, അവരുടെ ജീവിതം ഇവയെല്ലാം ഏറെ പുതുമയുള്ള അനുഭവലോകങ്ങള്‍ തന്നെ.

ഹിമാലയ സഞ്ചാരയാത്രകള്‍ നാമേറെ വായിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കൊച്ചുപെണ്‍കുട്ടിയുടെ കണ്ണിലെ സൗന്ദര്യദര്‍ശനം അതും ഏറ്റവും ശ്രേഷ്ഠമായ എവറസ്റ്റിന്റെ ഉത്തുംഗങ്ങളെ ചുംബിച്ചവളുടെ അനുഭവങ്ങള്‍ വളരെ വിലപ്പെട്ടതാണ് നമുക്ക്. കൊച്ചുതളര്‍ച്ചകളില്‍ പോലും അടിമുടി പതറുന്ന മനുഷ്യര്‍ക്ക് മുന്നില്‍ പൂര്‍ണ്ണ പകരുന്ന ഊര്‍ജ്ജം ചെറുതല്ല. കൊടുംതണുപ്പില്‍ തുടര്‍ച്ചയായി പാറകള്‍ക്ക് മുകളിലൂടെ, അഗാധഗര്‍ത്തങ്ങള്‍ക്കും, കൂര്‍ത്ത കല്ലുകള്‍ക്കും ഇടയിലൂടെ മാസമുറ സമയത്തുപോലും വിശ്രമമില്ലാതെ നടന്നുകയറിയ പതിമൂന്നുകാരിയുടെ ആത്മബലത്തിനുമുന്നില്‍ നാം ശിരസ്സു നമിച്ചുപോകും. വെറും സാഹസികതയുടെ പരിപൂര്‍ത്തിയോ ആഹ്ലാദമോ വിജയമോ അല്ല അത്, ആത്മധൈര്യത്തിന്റെ, ദൃഢനിശ്ചയത്തിന്റെ, ഉള്‍ക്കരുത്തിന്റെ പാഠങ്ങളാണ് ഇന്ത്യക്കാരായ മനുഷ്യര്‍ക്ക് കാട്ടിത്തരുന്നത്. ഇടറിയ നിമിഷങ്ങളിലെപ്പോഴെങ്കിലും പിന്തിരിഞ്ഞിരുന്നുവെങ്കില്‍ ഈ അപൂര്‍വ്വവിസ്മയം ഉണ്ടാകുമായിരുന്നില്ല, ഇന്ത്യയ്ക്ക് ഈ അഭിമാനം സ്വന്തമാകുമായിരുന്നില്ല. എന്നിട്ടും അവള്‍ ഏറ്റവും നിഷ്‌കളങ്കയും വിനയാന്വിതയുമായ ഒരു സാധാരണപെണ്‍കുട്ടിയുടെ പുഞ്ചിരിയോടെ എല്ലാ നേട്ടവും കൊയ്‌തെടുത്തു. ആ തിളക്കം അവളുടെ കണ്ണുകളില്‍ മാത്രം തെളിഞ്ഞുനിന്നു. മറ്റൊരു വിജയ പ്രതീക്ഷയുടെ വഴി വെളിച്ചമായി മാത്രം. അവരുടെ യാത്രയില്‍ ആത്മബലമായി പ്രവീണ്‍ ഐ.പി.എസ്, ശേഖര്‍ബാബു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. അതിസാഹസികമായി പൂര്‍ണ്ണയും ആനന്ദും സാഗര്‍മാതയെന്ന എവറസ്റ്റില്‍ കാലുകുത്തുന്നു. തെലുങ്കാനയുടെ വിഭജനശേഷം പതാക ഔദ്യോഗികമായി ഉയര്‍ത്തുന്നതിനു മുമ്പേ ഈ പതിമൂന്നുകാരി എവറസ്റ്റില്‍ ചെന്ന് കൊടി നാട്ടുന്നു. രാജ്യം മുഴുവന്‍ അവളെ അനുമോദിക്കുന്നു. പിന്നീട് ലോകപ്രസിദ്ധങ്ങളായ പല കൊടുമുടികളിലും ഇന്ത്യന്‍ പതാകയാല്‍ അടയാളമിടാന്‍ പൂര്‍ണയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പാഠമാണ് പൂര്‍ണ്ണയുടെ കരുത്തിന്റെ വഴികള്‍. സാഹസിക യാത്രയുടെയും ആത്മാനുഭവങ്ങളുടെയും ശക്തിപകരുന്ന ജീവചരിത്രമാണ് പൂര്‍ണ്ണ.
Content Highlights: Poorna Malavath Biography Malayalam Book review