ലോകം വിരല്‍ത്തുമ്പിലൊതുങ്ങുന്ന കാലമാണിത്. പിടിതരാത്ത വിസ്‌ഫോടനമാണ് ഇലക്ട്രോണിക് മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. സാഹിത്യമണ്ഡലത്തിലും കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആഖ്യാനതന്ത്രങ്ങള്‍ സമര്‍ത്ഥമായി ഉടച്ചുവാര്‍ക്കപ്പെടുന്നു. കഥയിലും നവമാതൃകകള്‍ പരീക്ഷിക്കപ്പെടുന്നു. ലോകകഥയില്‍ സമകാലത്ത് മിന്നല്‍ക്കഥകള്‍ എന്ന ആഖ്യാന മാതൃക സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

സൂക്ഷ്മ സംവേദനശേഷിയുള്ള ഈ കഥാമാതൃകയെ മലയാളത്തിനു പരിചയപ്പെടുത്തുന്നതില്‍ പി.കെ പാറക്കടവ് മുന്നിട്ടുനില്‍ക്കുന്നു. തന്റെ മിനിക്കഥകളുമായി പാറക്കടവ് വളരെ മുമ്പുതന്നെ മലയാളകഥയിലുണ്ട്. അവയെ കൂടുതല്‍ സുക്ഷ്മമായും സുതാര്യമായും അവതരിപ്പിച്ച് മിന്നല്‍ക്കഥകളും പെരുവിരല്‍ക്കഥകളുമാക്കി കുറുക്കിയെടുത്തിരിക്കുന്നു. നവീനമായ ഒരു ആസ്വാദന വിസ്‌ഫോടനമാണ് ഈ കഥകള്‍ സൃഷ്ടിക്കുന്നത്.

സൂക്ഷ്മ സംവേദനത്തിന്റെ മാന്ത്രികതയാണ് പെരുവിരല്‍ക്കഥകളെ വേറിട്ടുനിര്‍ത്തുന്നത്. വിസ്താര ദോഷമെന്ന കഥാമേദസ്സിനെ എത്ര സമര്‍ത്ഥമായാണ് പെരുവിരല്‍ക്കഥകള്‍ നിഷേധിക്കുന്നത്? നമുക്കിടയില്‍ ഊതിവീര്‍പ്പിക്കപ്പെടുന്ന എത്രയോ പൊള്ളത്തരങ്ങള്‍? അവയെ പൊടുന്നനെ കുത്തുപ്പൊട്ടിക്കുവാന്‍ പാറക്കടവിന്റെ കുഞ്ഞന്‍ കഥകള്‍ക്ക് സാധിക്കുന്നു. മിന്നല്‍പ്പിണര്‍പോലെ നമ്മെ പൊള്ളിക്കുന്ന കഥാമുഹൂര്‍ത്തങ്ങളില്‍ നിന്ന് ജീവിതം തെറിച്ചുവീഴുന്നു. 

book
പുസ്തകം വാങ്ങാം

മരണമെന്ന യാഥാര്‍ഥ്യത്തിലൂടെ ജീവിതമെന്ന മാജിക്കല്‍ റിയലിസത്തെ കഥാകൃത്ത് അവതരിപ്പിക്കുന്നു. മനുഷ്യന്റെ ആര്‍ത്തി, അഹന്ത, പൊങ്ങച്ചം എന്നിവയൊക്കെ ക്ഷണനേരം കൊണ്ട് നഗ്‌നമായി ആസ്വാദകന് മുന്നില്‍ ചൂളിനല്‍ക്കുന്നു. പെരുവിരല്‍ക്കഥകളുടെ ആഖ്യാനപാടവം അത്രമേല്‍തീക്ഷ്ണമാണ്. ഗൂഢനര്‍മ്മത്തിന്റെ മധുരവും നേരിന്റെ കയ്പും സമന്വയിക്കുന്ന ഒരു സംവേദനരുചി ഇക്കഥകളിലുണ്ട്. മനുഷ്യനും ദൈവത്തിനുമിടയില്‍ വിനിമയം ചെയ്യപ്പെടേണ്ട ചില സംഹിതകളുണ്ടെന്ന് പെരുവിരല്‍ക്കഥകള്‍ അടയാളപ്പെടുത്തുന്നു. ദൈവത്തോട് നിരന്തരം സംസാരിച്ച് ഒരു കുട്ടി ഈ കഥകളില്‍ മരിക്കാതെ നില്‍ക്കുന്നു.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: PK Parakkadavu New Malayalam Book Mathrubhumi Books