ഥയുടെ ഹൈ- ഫ്‌ളെക്‌സിബിളിസം (high -flexibilism) കാലത്തിലേക്കാണ് നാം പ്രവേശിക്കാന്‍ പോകുന്നത്. ഒരു ശരാശരി ആസ്വാദകന്റെ ബുദ്ധിയേയും ഭാവനയേയും കുഴയ്ക്കുന്ന തരത്തിലുള്ള ഈ പുതിയ അരാജകത്വം, മുറ്റിയ വാക്കുകളുടെ ഈട് കടഞ്ഞെടുക്കാനുള്ള ഉന്മാദത്തോടടുത്ത വികാരം വായനക്കാരിലേക്ക് വിക്ഷേപിക്കുന്നുണ്ട്. കഥയെ ധൈഷണികമാക്കാന്‍ വാക്യമഹാസമുദ്രങ്ങള്‍ ആവശ്യമില്ലെന്ന വലിയ ദര്‍ശനബോധമാണ് എല്ലാ മൈക്രോ രചനകളും ഇന്നേ വരെ പങ്കുവെച്ചിട്ടുള്ളത്. ഫ്‌ളെക്‌സിബിളിസ രീതിയിലുള്ള കടന്നാക്രമണത്തിന്റെ ഛായ വഹിക്കുമ്പോഴും കഥയുടെ നിര്‍മ്മാണ മുഹൂര്‍ത്തങ്ങളില്‍ പുതിയൊരു ലാവണ്യക്രമം സൃഷ്ടിച്ചെടുക്കാനാണ് പി.കെ. പാറക്കടവ് ശ്രമിക്കുന്നത്.

വരാന്‍ പോകുന്ന മൈക്രോ ആധിപത്യത്തിന്റെ ഗുളികപ്രായത്തിലുള്ള ആഖ്യാനമാണ് ''പെരുവിരല്‍ക്കഥകള്‍'. കഥയുടെ വഴിയിലെ കല്‍പിത യാഥാര്‍ത്ഥ്യങ്ങളെ ചോദ്യം ചെയ്യുന്ന ഈ പ്രവണതയുടെ പ്രചാരകനായി പാറക്കടവ് മാറിയിട്ട് എത്രയോ വര്‍ഷങ്ങളായി. വാക്കുകള്‍ക്കിടയിലെ വൈറ്റ്‌സ്‌പേസിന്റെ കലാപം കൂട്ടലായി വേണം ഇത്തരം കുസൃതി മുറ്റിയ സമസ്യകളെ വായിച്ചെടുക്കാന്‍. എഴുതുക എന്ന ക്രിയയുടെ ചതിക്കുഴിയാണ് എഡിറ്റിങ്ങ്. പാറക്കടവ് കഥയെഴുതുമ്പോള്‍ അത് ശ്വാസത്തിന്റെ രൂപ നിര്‍മ്മിതിയായി മാറുന്നു. ഒരു ശ്വാസത്തിനുള്ളില്‍ ഒരുപാട് അര്‍ത്ഥങ്ങളെ അടക്കിവെച്ചിരിക്കുന്ന ഒരു എഡിറ്റിങ്ങ് കല പെരുവിരല്‍ക്കഥകളിലുണ്ട്. അനധികൃതമായി ഇടപെടാന്‍ കഥാപാത്രങ്ങളില്ലാത്ത ഈ മീറ്റര്‍ കുറഞ്ഞ കഥകളിലെ കഥാപാത്രങ്ങളാണ് ഓരോ വായനക്കാരനും.

പാറക്കടവിന്റെ കഥകള്‍ ഒരു തരം ആയിത്തീരലാണ്. അപ്പോള്‍ അവിടെ നിന്നും കഥാപാത്രങ്ങള്‍ കുതറിപ്പോകുകയും ഒഴിയാതെ നില്‍ക്കുന്ന വിസ്മയഭാവങ്ങളാല്‍ നാം കഥാപാത്രങ്ങളുടെ ശരീരമെടുക്കുകയും ചെയ്യും. അങ്ങനെ നാം കഥാപാത്രങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടുന്ന വായനക്കാരനാവാന്‍ ക്ഷണിക്കപ്പെടുന്നു. ജിജ്ഞാസ തുടിക്കുന്ന അത്തരം വാക്കുകളുടെ കോര്‍ത്തുവെയ്പ്പിനെ കുറിച്ച് മലയാളകഥയുടെ കുലപതി ടി. പത്മനാഭന്‍ ബ്‌ളര്‍ബില്‍ ഇങ്ങനെ കുറിക്കുന്നു- ' പി.കെ. പാറക്കടവിന്റെ കഥകള്‍ വായിച്ചപ്പോള്‍ 'ചെറുതാണ് സുന്ദരം ' എന്ന എന്റെ വിശ്വാസം ഒന്നുകൂടി ബലപ്പെട്ടു. രബീന്ദ്രനാഥ ടാഗോറിന്റെയും ജിബ്രാന്റെയും കൃതികളിലൂടെ പോകുമ്പോള്‍ അനുഭവിക്കാറുള്ള സന്തോഷം, ആത്മഹര്‍ഷം ഒന്നുകൂടി അനുഭവപ്പെടുകയുണ്ടായി. മൊസാര്‍ട്ടിന്റെ സംഗീതത്തെക്കുറിച്ച് പ്രശസ്തനായ ഒരു പാശ്ചാത്യ നിരൂപകന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു: ' Great music can never be explain - it has to be experienced'. എത്ര ശരി! ഈ നിരൂപകന്റെ വാക്കുകള്‍ പാറക്കടവിന്റെ കഥകള്‍ക്കും യോജിക്കുന്നു.'

മിഥ്യാഭ്രമമാകാത്ത ഒറ്റവരികളുടെ കല

കൊച്ചു വാക്യങ്ങളെ ഇണചേര്‍ക്കുന്ന അവ്യക്തഭംഗിയാര്‍ന്ന ഒരു സൗന്ദര്യ ശാസ്ത്രം പാറക്കടവ് നടപ്പില്‍ വരുത്തുന്നുണ്ട്. നനുത്തതും മൃദുലവുമായ ഒരാഖ്യാനോപരിതലം നിലനിര്‍ത്തുന്ന പാറക്കടവ് പെരുവിരല്‍ക്കഥകളില്‍ പ്രവര്‍ത്തിപ്പിച്ചിട്ടുള്ള ഇമേജുകളുടെ ഏറിയ പങ്കും നമ്മുടെ കണ്ണുകള്‍ക്കു ചുറ്റും എപ്പോഴും വട്ടമിട്ടു പറക്കുന്നവയാണ്. മെറ്റാഫിസിക്കല്‍ (meta - physical) അനുധ്യാനമടങ്ങിയ ഈ മൈക്രോക്കഥകള്‍ അവയുടെ അവതരണരീതിയില്‍ പൊയറ്റിക് ഡിക്ഷനോട് ചേര്‍ന്നുനില്‍ക്കുന്നു. മിഥ്യാഭ്രമമാകാത്ത ആ ഒറ്റവരികളുടെ കലയെ നാം ശ്രദ്ധാപൂര്‍വ്വം വായിച്ചേ മതിയാകൂ. വിഭിന്ന ശ്രുതികള്‍ ഉള്‍ച്ചേര്‍ന്ന ആ ഒറ്റവരികളിലൂടെയുള്ള സഞ്ചാരം പാറക്കടവ് എന്ന കഥാകാരന്റെ  ഉള്ളില്‍ തുടികൊട്ടി നില്‍ക്കുന്ന അര്‍ത്ഥഗര്‍ഭമായ ധ്വനി ചിഹ്നങ്ങളെ നമുക്ക് പിടിച്ചുകൊണ്ടു തരുമെന്നതിനാല്‍ ആ ഒറ്റവരി അത്ഭുതങ്ങള്‍ ഉദ്ധരിക്കാം.


ഒന്ന്


ദൈവം സെല്‍ഫിയെടുക്കുന്നതാണ് മിന്നല്‍.

(മിന്നല്‍)

രണ്ട്

തലയുടെ വരയും കഥയുടെ വരിയും
മാറ്റാനാവില്ല.

(കഥവര)

മൂന്ന്

മരിച്ചവര്‍ കാണുന്ന സ്വപ്നമാണ് ജീവിതം.

(സ്വപ്നം)

ഈവിധം ഒറ്റശ്വാസത്തില്‍ കഥയുടെ കടല്‍ ഒരുക്കുമ്പോള്‍ അതിനെ കഥാകാരന്റെ കാലത്തെയോര്‍ത്തുള്ള നെഞ്ചിടിപ്പായി വേണം വായിച്ചെടുക്കാന്‍. നാം സെല്‍ഫിക്ക് പോസ് ചെയ്യുമ്പോള്‍ ഒരു ചെറിയ തരി വെളിച്ചമോ, ഒരു ചതുരം വെളിച്ചമോ ഒക്കെയെ ഉണ്ടാവൂ എന്നും അതു പരിമിതമായ ഒരു സ്‌പേസിന്റെ പ്രതിനിധാനമാണെന്നും വ്യാഖ്യാനിക്കാന്‍ പാറക്കടവിന് വലിയ മീറ്ററുകള്‍ ആവശ്യമില്ല. ദൈവം സര്‍വ്വവ്യാപിയാണെന്നു സ്ഥാപിക്കാന്‍ ഒരു മിന്നല്‍ വെളിച്ചത്തിന്റെ നാരു മാത്രം മതിയെന്നും ഈ ഒറ്റവാക്യ രചനയില്‍ നിന്നും തിയോഡിസിയുടെ (theodicy) ബൗദ്ധിക ഭാരങ്ങളൊന്നുമില്ലാതെ നാം എളുപ്പത്തില്‍ ഗ്രഹിച്ചെടുക്കുന്നു. 'കഥവര'എന്ന കഥ വരയുടെയും വരിയുടെയും രാഷ്ട്രീയമാണ് തുറന്നുകാട്ടുന്നത്. ഇത് അര്‍ത്ഥങ്ങളുടെ ധ്വനിപ്രവാഹമായി മാറുകയാണ്. 'സ്വപ്നം ' എന്ന വാക്യ വാലില്‍ തത്വദര്‍ശനമാണ്  സൃഷ്ടിയെടുക്കുന്നത്. അതു സ്വപ്നം എന്ന ജീവനില്ലാത്ത ഫോട്ടോയ്ക്കുള്ള മെറ്റാ ഡെഫനിക്ഷനാണ്. വിവരണാതീതമായ വികൃതവാസനകളെ കൊച്ചു വാക്യങ്ങളില്‍ പെറ്റു പെരുകാന്‍ അയയ്ക്കുമ്പോഴും അതിന്റെയുള്ളില്‍ ജീവിതം എന്ന ആര്‍ട്ടിന്റെ എല്ലാത്തരം ഭാവങ്ങളെയും കൊത്തി വെയ്ക്കാനാണ് പാറക്കടവ് ശ്രമിക്കുന്നത്.

ദൈവം  മനുഷ്യന്‍ പ്രകൃതി

ഒരു മൈക്രോ കഥയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലുമധികം വിഭവങ്ങള്‍ പാറക്കടവിന്റെ പെരുവിരല്‍ക്കഥകളിലുണ്ട്. സാധാരണ ഗതിയില്‍ മൈക്രോ ആഖ്യാനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പശ്ചാത്തല ഭംഗിക്കായി ഭൂമേഖലകള്‍ തീര്‍ക്കുകയും അവിടെ മത്തുപിടിച്ച തന്റെ കാല്പനിക ഭാവനയെ അലയാന്‍ പറഞ്ഞയ്ക്കുകയും ചെയ്യും. ഈ കഥകള്‍ നമ്മുടെ ബൗദ്ധിക കേന്ദ്രങ്ങളിലേക്ക് ധ്യാനത്തിന്റെ തരിപ്പു കയറ്റുന്ന ഏകാന്തതയുടെ നിരന്തരമായ ചൂളം വെയ്പ്പുകളായി കടന്നു കയറുകയും ചിന്തയെ ചൂടാക്കുകയും ചെയ്യുന്നവയാണ്.

പാറക്കടവിന്റെ പെരുവിരല്‍ക്കഥകളിലധികവും നല്ല ഒന്നാന്തരം ഗോഡ് ടോക്കുകളാണ് (god -
talks). പാറക്കടവിന്റെ ദൈവം പലതരം വാസനകളുടെ ആരോഗ്യമാണ്. ശബ്ദത്തിന്റെയും ഗന്ധത്തിന്റെയും സ്ഥൂലരൂപങ്ങളായ ആകാശവും ഭൂമിയും ഈ കഥകളില്‍ പാറക്കടവ് ഉപയോഗിക്കുന്നത് ഗോഡ് ടോക്കിനു വേണ്ടിയാണ്. ഹൃദയത്തിന്റെ അടക്കം പറച്ചിലുകളാണ് എല്ലാ ഗോഡ് ടോക്കുകളും. 'മായ' എന്ന കഥയിലെ ദൈവ
ക്രിയയെ ഒന്നു ശ്രദ്ധിച്ചു വായിച്ചു നോക്കൂ:

ദൈവം വായിക്കുന്ന നോവലിലെ
കഥാപാത്രങ്ങളാകാം നമ്മള്‍.
ഈ ലോകം ദൈവം കളിക്കുന്ന
ഒരു വീഡിയോ ഗെയിമും
.
(മായ)

നിത്യതയുടെ പട്ടാഭിഷേകത്തിനായി ഭൂമിയെ സംരക്ഷിക്കാനുള്ള പ്രകാശ വാഹിനികളായി ദൈവം ഈ പ്ലാനറ്റിലേക്ക് അയച്ച മനുഷ്യര്‍ ഇപ്പോള്‍ ഫിക്ഷനിലെ കഥാപാത്രങ്ങളായി മാറി എന്ന അടിവായനയും ഈ ഗോഡ് ടോക്കിനുണ്ട്. മനുഷ്യന്‍ അയയ്ക്കപ്പെട്ടത് ഭൂമിയില്‍ ജ്ഞാന മാലാഖമാരുടെ കേളീ പുളിനം സാധ്യമാക്കാനാണ്. പക്ഷെ മറിച്ചാണ് സംഭവിക്കുന്നത്. അതുകൊണ്ടാണ് രണ്ടാം ഖണ്ഡത്തില്‍ പാറക്കടവ് ലോകത്തിന്റെ വിസ്മയങ്ങളെ ദൈവത്തിന്റെ വീഡിയോ ഗെയിമാക്കി ചിത്രീകരിക്കുന്നത്. ദൈവത്തെ ആഖ്യാനിക്കുന്ന അതേ തീവ്രതയിലാണ് പാറക്കടവ് മനുഷ്യനെയും പ്രകൃതിയെയും അതിന്റെ കൃത്യതയില്‍ ആവിഷ്‌കരിക്കുന്നത്.

മല പറഞ്ഞു
നിന്റെ കയറ്റങ്ങളും ഇറക്കങ്ങളും
എനിക്കു വേണ്ടിയല്ല;
നിനക്കു വേണ്ടിയാണ്
.  
(മല )

യൂദാസ് ചോദിച്ചു
വെറും മുപ്പതു വെള്ളിക്കാശോ ?
മൂവായിരം കോടിയും ഒരു സ്വിസ് ബാങ്ക്
എക്കൗണ്ടും വേണം

( യൂദാസ്)

കഥയെഴുത്തില്‍ ഒരു ആത്മജ്ഞാനിയുടെ വചനധാര എപ്പോഴും പ്രകൃതിയിലേക്കും മനുഷ്യരിലേക്കും തന്റെ ഹൃദയത്തെ ഇറക്കി കളിക്കും. ജീവിതം എന്ന കയറ്റിറക്കത്തെയാണ് 'മല' വരച്ചുകാട്ടുന്നത്. മനുഷ്യന്‍ എന്ന വ്യാജകൊഴുപ്പിന്റെ കൂടെപ്പിറപ്പായ ആര്‍ത്തിക്കാരന്റെ പ്രതിനിധാനമാണ് യൂദാസ്. ഇന്ദ്രിയ സമുച്ചയമായ ശരീരത്തിനകത്ത് നടക്കുന്ന രാസ/ജൈവ ക്രിയകളാണ് പാറക്കടവിന്റെ ദൈവ/മനുഷ്യ/പ്രകൃതി ആഖ്യാനങ്ങള്‍ .

അനുബന്ധം

A man's leaving home with a small
box and returning home as a big box
is the magical realism called life.

Journey / p.k Parakkadavu

book
പുസ്തകം വാങ്ങാം

കഥകളുടെ അരികില്‍ നിന്നുള്ള ചില കാഴ്ചപ്പാടുകളാണ് മുകളില്‍ കുറിച്ചിട്ടത്. ഈ മൈക്രോ ആഖ്യാനങ്ങള്‍ നമ്മില്‍ നിന്നും ആവശ്യപ്പെടുന്നത് ലിഗ്വിസ്റ്റിക് ഇലാസ്റ്റിസിസ വായനയാണ്. ദ്വിഭാഷാ രൂപത്തില്‍ പുറത്തിറങ്ങിയിട്ടുള്ള പാറക്കടവിന്റെ ഏറ്റവും പുതിയ കഥകളുടെ പുസ്തകമാണ് ' പെരുവിരല്‍ക്കഥകള്‍'. ഇതു പാറക്കടവിസമാണ്. തമ്പെഴുത്തുകളാണ്.

പി.കെ പാറക്കടവിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: PK Parakkadavu Malayalam Book Review Mathrubhumi Books