മകാലിക എഴുത്തുകാരില്‍ വേറിട്ടൊരു ശബ്ദമാണ് യമ. സിനിമാ തിയേറ്റര്‍, ഒരു വായനശാലാ വിപ്ലവം, പോസ്റ്റ്മാന്റെ മകള്‍ തുടങ്ങിയ കഥകളിലൂടെ മലയാളത്തില്‍ വ്യതിരിക്തമായ സാന്നിധ്യം അറിയിച്ച എഴുത്തുകാരിയുടെ ആദ്യ നോവലാണ് പിപീലിക. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്ന ഈ നോവല്‍ സമകാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് അനുവാചകനു മുന്നില്‍ വയ്ക്കുന്നത്. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള രചനയാണിത്. ഉപരിതലത്തില്‍ കാണുന്ന വിഷയത്തിനപ്പുറം ആള്‍ക്കൂട്ട മനോഭാവത്തെക്കുറിച്ച് ആഴത്തില്‍ ഈ കൃതി സംവദിക്കുന്നുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പ് നമ്മെയൊക്കെ അസ്വസ്ഥരാക്കിയ ഒരു സെല്‍ഫിയോട് കൂടി ഇതിനെ ചേര്‍ത്തു വായിക്കാം. നിശബ്ദ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാം.

സമൂഹത്തിന്റെ മേലെ തട്ടില്‍ നിന്നും ഏറെയകലെ നില്‍ക്കുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് യമ മിക്ക കഥകളിലും വായനക്കാരന് മുന്നില്‍ നിര്‍ത്താറുള്ളത്. അത് കൊണ്ട് തന്നെ പാത്രസൃഷ്ടിയില്‍ ഒരു വേറിട്ട സഞ്ചാരമാണ് ഈ നോവല്‍. കെട്ടിടം പണിക്കു കേരളത്തില്‍ എത്തുന്ന മഹാദേവ് എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ പൊള്ളുന്ന കഥയാണ് പിപീലിക. ഡോക്ര ശില്പ നിര്‍മ്മാണം കുലത്തൊഴിലാക്കിയ ഒരു ബംഗാളി കുടുംബത്തിന്റെ ഈ തലമുറയിലെ കണ്ണിയാണ് മഹാദേവ്. ചെമ്പില്‍ തീര്‍ത്ത മനോഹരമായ സുവര്‍ണ ഡോക്രകള്‍ ഉണ്ടാക്കാന്‍ വൈദഗ്ദ്ധ്യം നേടുന്നതിനോടൊപ്പം അയാള്‍ ഒരു സത്യം കൂടി മനസ്സിലാക്കി. ചെമ്പ് തിന്നു ജീവിക്കുന്ന ഒരു ജീവി ഇതു വരെ സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്ന സത്യം. ആ സത്യം അയാളെ തിരുവനന്തപുരത്തെ ഒരു കെട്ടിടത്തിന്റെ പൊടി നിറഞ്ഞ തറയിലെത്തിച്ചു. പണിയെടുത്തിരുന്ന കെട്ടിടത്തിന്റെ നാലാം നിലയിലെ അന്തേവാസികളായ ആറു 'അന്യസംസ്ഥാന' തൊഴിലാളികളില്‍ ഒരാളായി. അവജ്ഞയോടെ മാത്രം നോക്കുന്ന സമൂഹ മധ്യേ അദൃശ്യരെന്നോണം നടക്കാന്‍ വിധിക്കപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളുടെ പരിച്ഛേദമാണ് മഹാദേവ്.

ഇന്ന് കേരളത്തിലെ അവിഭാജ്യ സമൂഹങ്ങളിലൊന്നായി മാറിയിരിക്കുന്നു ഇതര സംസ്ഥാന തൊഴിലാളികള്‍. രണ്ടു നേരത്തെ ആഹാരം തരപ്പെടുകയെന്നതു പോലും ആഡംബരമാകുമ്പോളാണ് ഇവര്‍ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ചേക്കേറുന്നത്. 'ഉയരമുള്ള കെട്ടിടങ്ങളില്ലാത്ത നാടുകളില്‍ നിന്നും വരുന്ന അവര്‍ മികച്ച നിര്‍മാണത്തൊഴിലാളികളായത് ഭാവനയുടെ ആധിക്യമോ ജനിതക ഗുണമോ കൊണ്ടല്ല. അവരുടെ തലച്ചോറില്‍ ദൈവം വിശപ്പിന്റെ ഭൂപടങ്ങളാണ് കൊത്തി വച്ചിരുന്നത്'. ഇതിലും സ്പഷ്ടമായ ഒരു നിര്‍വചനം ഇതര സംസ്ഥാന തോഴിലാളിക്ക് കൊടുക്കാനാവില്ല. എവിടെ നിന്നു വന്നവനായാലും മലയാളിയുടെ മുന്നില്‍ അവന്‍ അകറ്റി നിര്‍ത്തേണ്ട ബംഗാളിയാണ്. മഹാദേവിന്റെയും അയാളുടെ സഹവാസികളുടെയും അനുഭവങ്ങളിലൂടെ, സ്വന്തം രാജ്യത്ത് മുന്‍വിധികള്‍ എങ്ങനെ ഒരു കൂട്ടം മനുഷ്യരെ അന്യരാക്കുന്നു എന്ന് പതിവില്‍ നിന്നും മാറി സഞ്ചരിക്കുന്ന ആഖ്യാന ശൈലിയില്‍ യമ വരച്ചുകാട്ടുന്നു.

നോവലിന്റെ തുടക്കത്തില്‍ കടയില്‍ റീചാര്‍ജ് കൂപ്പണ്‍ വാങ്ങിക്കാന്‍ വരുന്ന മഹാദേവ് ഒരു മനുഷ്യനെ കൗതുകത്തോടെ നോക്കുന്നുണ്ട്. എന്നിട്ട് താന്‍ ഒരു തരത്തിലും ആരിലും കൗതുകം ഉണര്‍ത്താന്‍ പര്യാപ്തമായ ഒന്നും വഹിക്കുന്നില്ലേ എന്ന് സ്വയം സങ്കടപ്പെടുന്നു. അഥവാ ആരെങ്കിലും കൗതുകം കാണിച്ചാല്‍ തന്നെ ശിരസ്സ് അറിയാതെ കുനിഞ്ഞു പോകുമല്ലോ എന്നോര്‍ക്കുന്നു. റീചാര്‍ജ് കൂപ്പണ്‍ ചോദിക്കുന്ന അയാള്‍ക്ക് സംഭാഷണത്തിനു ഇടം നല്‍കാതെ തിടുക്കത്തില്‍ ഹ്രസ്വമായ ഉത്തരം കൊടുത്തു പറഞ്ഞു വിടാന്‍ ശ്രമിക്കുന്ന കടക്കാരന്‍. എന്തു കൊണ്ടാണ് അയാള്‍ തന്നെ കാണുമ്പോള്‍ വെപ്രാളം പ്രകടിപ്പിക്കുന്നത് എന്ന് മഹാദേവിനറിയില്ല. അവജ്ഞയോടെ മാത്രം 'ബംഗാളിയെ' നോക്കാന്‍ ഭൂരിഭാഗം ആളുകളും ശീലിച്ചിരിക്കുന്നു. ആയിരക്കണക്കിനുള്ള ഇത്തരം ആളുകള്‍ ദൈനംദിന ജീവിതത്തിലെ ഓരോ ജോലികളിലും സഹായികളായി എത്തുമ്പോളും, നമ്മുടെ ഭാഷ മനോഹരമായി സംസാരിക്കാന്‍ ശ്രമിക്കുമ്പോളും  അവരെ ഒന്നടങ്കം 'ജിഷയുടെ കൊലപാതകി'യോ, മോഷ്ടാവോ ആയി മുദ്ര കുത്തുന്നു. തങ്ങളില്‍ സമൂഹം അദൃശ്യമായ ഒരു കൊലക്കത്തി എപ്പോഴും കാണുന്നുണ്ട് എന്ന് ഇവര്‍ അസ്വസ്ഥതയോടെ മനസ്സിലാക്കുന്നുണ്ട്. പക്ഷേ അതിന്റെ അടിസ്ഥാനം അവര്‍ക്കജ്ഞാതമാണ്.

വിഭിന്ന സ്വാഭാവക്കാരായ സഹവാസികളുടെ ഇടയില്‍, ഒറ്റപ്പെടുത്തുന്ന സമൂഹത്തിന്റെ മുന്നില്‍, മഹാദേവ് സഹിഷ്ണുതയോടെ നില്‍ക്കുന്നത് തന്റെ ഗ്രാമത്തെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ നല്‍കുന്ന സാന്ത്വനത്തിലാണ്. കണ്ണുകളില്‍ ഇരുട്ടു മൂടിയിട്ടും കൈകള്‍ കൊണ്ട് തപ്പി ഇപ്പോഴും മനോഹരമായ ശില്പങ്ങളുണ്ടാക്കുന്ന, ദാരിദ്ര്യം ഒരു മനുഷ്യന് ക്രൂരനോ സ്വാര്‍ത്ഥനോ ആകാനുള്ള ഒഴിവു കഴിവല്ല എന്ന് ജീവിതം കൊണ്ട് കാണിച്ചു കൊടുത്ത അയാളുടെ അമ്മ. ചെറുപ്പം മുതല്‍ക്കേ വൃദ്ധനായ അയാളുടെ അച്ഛന്‍.  വല്ലപ്പോഴും മുപ്പതു രൂപക്ക് ഫോണ്‍ റീചാര്‍ജ് ചെയ്ത് സഹോദരന്‍ ഉമാകാന്തിനോട് സംസാരിക്കുന്നതാണ് ജനിച്ചു വളര്‍ന്ന നാടുമായുള്ള മഹാദേവിന്റെ ഏക ബന്ധം. അയാളുടെ കൂടെ പണിയെടുക്കുന്നവരില്‍ പലര്‍ക്കും വീടുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ മാര്‍ഗങ്ങള്‍ തന്നെയില്ല. ഒരു തൊഴിലാളി മരണപ്പെടുമ്പോള്‍ അയാളുടെ ശരീരം നാട്ടില്‍ തിരിച്ചെത്തിക്കാന്‍ സാധിക്കാതെ കരാറുകാരന്‍ ഇന്ത്യാ മഹാരാജ്യത്ത് ഇങ്ങനെയും സ്ഥലങ്ങളുണ്ടോ എന്ന് അത്ഭുതപ്പെടുന്നുണ്ട്. ഈ സംഭവം തൊഴിലാളികളെ അസുഖകരമായ ഒരു തിരിച്ചറിവിലേക്കെത്തിക്കുന്നുണ്ട്. തങ്ങള്‍ പിറന്നു വീണ മണ്ണ് തങ്ങളുടെ അചേതന ശരീരങ്ങള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്തത്ര ദൂരെയാണെന്ന അറിവ്.

ഏതൊരു സമൂഹത്തിലും വിവിധ സ്വഭാവവിശേഷങ്ങളുള്ള ആളുകള്‍ ഉള്ളതു പോലെ ഈ തൊഴിലാളികള്‍ക്കിടയിലുമുണ്ട്. താന്തോന്നിയായ രാംചരണും സാത്വികനായ ഭോലയും ഒരേ മുറിയില്‍ കഴിയുന്നവരാണ്. തന്നേക്കാള്‍ നിസ്സഹായരായവരെ കാണുമ്പോള്‍ ഉപദ്രവിക്കാനാണ് രാംചരണിന്റെ വാസന. അതു കൊണ്ടാണയാള്‍ അയല്‍വാസിയായ പെണ്‍കുട്ടിയോട് അശ്ലീലം കാണിക്കുന്നത്. മഹാദേവ് ആ പെണ്‍കുട്ടിയെ കാണുന്നത് നിസ്സഹായനായ തന്റെ പ്രതിബിംബമായിട്ടാണ്. ബലഹീനനായ മനുഷ്യന്‍ സ്വാര്‍ഥത നിറഞ്ഞ ഈ ലോകത്ത് ആരിലും അനുകമ്പ ജനിപ്പിക്കുന്നില്ല എന്നയാള്‍ തിരിച്ചറിയുന്നുണ്ട്. ഒരു മനുഷ്യന് മറ്റൊരാളില്‍ അനുകമ്പ കാണിക്കാന്‍ പോലും കടമ്പകളുണ്ട് എന്നും താന്‍ ആഗ്രഹിച്ചാലും ആ പെണ്‍കുട്ടിയെ സഹായിക്കാന്‍ തനിക്കു കഴിവില്ല എന്നും. 

pipeelikaഭോലയാണെങ്കില്‍ നിസ്സംഗനാണ്. പണി ചെയ്തു കിട്ടുന്ന കാശിനു ആഴ്ചയിലൊരിക്കല്‍ വിലകൂടിയ മത്താപ്പുകള്‍ വാങ്ങി കെട്ടിടത്തിനു മുകളില്‍ കൊണ്ടു പോയി പൊട്ടിക്കുന്ന ഭോല. എല്ലാവരെയും അത് കാണാന്‍ അയാള്‍ തന്റെ കൂടെ കൂട്ടുന്നു. സഹവാസികള്‍ക്കയാളൊരു കൗതുകമാണെങ്കിലും ഇരുട്ടു മാത്രം നിറഞ്ഞ അവരുടെ ജീവിതത്തില്‍ ഒരു പക്ഷേ ആകെയുള്ള നിറങ്ങള്‍ ആ മത്താപ്പു മാത്രമായിരുന്നിരിക്കണം. മഹാദേവിന്റെ അബോധ മനസ്സില്‍ അന്യനാട്ടിലെ അയാളുടെ കുടുംബവും ആശ്രയവും ഭോലയാണ്. അത് കൊണ്ട് തന്നെ പ്രതിസന്ധി ഘട്ടങ്ങളില്‍ അയാളുടെ സങ്കല്‍പ്പങ്ങളില്‍ പോലും കൈ പിടിക്കുന്നത് ഭോലയുടെ രൂപമാണ്.

ഉദ്വേഗജനകമായ സംഭവങ്ങളോ അപ്രതീക്ഷിത വഴിത്തിരിവുകളോ നോവലിലില്ല. ഈ തൊഴിലാളികളുടെ ജീവിതം പോലെ പ്രവചനാതീതമായ ഒന്നും തന്നെയില്ലാതെ ചെറിയ സംഭവങ്ങളിലൂടെ കഥാഗതി മുന്നോട്ടു പോകുന്നു. കഥ പറയുന്നതിനേക്കാള്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ വായനക്കാരനിലേക്കെത്തിക്കാനാണ് യമ ശ്രമിക്കുന്നത്. അയല്‍പ്പക്കത്തെ വീട്ടില്‍ അനിഷ്ട സംഭവമുണ്ടാകുമ്പോള്‍ മിക്ക വായനക്കാരനും ആകുലപ്പെടുക അത് അടുത്ത കെട്ടിടത്തിലെ ഈ തൊഴിലാളികളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. സമൂഹ മനസ്സില്‍ വേരൂന്നിയ ചില വിശ്വാസങ്ങളാണ് ഇതിന്റെ ഉറവിടം.

കഥാനായകന്‍ ഇതര സംസ്ഥാന തൊഴിലാളി ആയതു കൊണ്ട് വസ്തുതകളുടെ ഒരു വശം മാത്രമാണിത് എന്ന് വേണമെങ്കില്‍ വാദിക്കാം. പക്ഷേ മഹാദേവ് അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഒരു പ്രതീകം മാത്രമാണ്. 'നഗര മധ്യത്തില്‍ നടക്കുമ്പോള്‍ തങ്ങള്‍ കുള്ളന്മാരാണെന്നും ചുറ്റുമുള്ളവര്‍ മാനം മുട്ടെ വളര്‍ന്നു നില്‍ക്കുകയാണെന്നും' അപകര്‍ഷതാബോധത്തോടെ വിശ്വസിക്കാന്‍ വിധിക്കപ്പെട്ടവരുടെ പ്രതിരൂപം. കല്ലില്‍ തട്ടി എഴുന്നേല്‍ക്കാനാവാതെ വഴിയില്‍ വീണു കിടക്കുന്ന മഹാദേവിനെ നോക്കി കള്ള് കുടിച്ചു റോഡില്‍ കിടക്കുന്നു എന്ന് കാറില്‍ നിന്ന് തല പുറത്തേക്കിട്ട് അലറുന്ന രണ്ടു പേരുണ്ട് ഒരു സന്ദര്‍ഭത്തില്‍. നിസ്സംഗനായി അവരെ നോക്കാന്‍ മാത്രം സാധിക്കുന്നുള്ളൂ അയാള്‍ക്കപ്പോള്‍. 

പിപീലിക എന്ന നോവല്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഇത്തരമൊരു ചിത്രം നമ്മുടെയെല്ലാം മുന്നില്‍ വന്നിരുന്നു. തന്റെ ഉടു വസ്ത്രം കൊണ്ട് കൈകള്‍ ബന്ധിക്കപ്പെട്ട മധുവിന്റെ ചിത്രം. ആനുകൂല്യങ്ങള്‍ തങ്ങളുടെ ജന്മാധികാരമാണെന്നു വിശ്വസിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ എടുത്ത ആ പടം ഓരോരുത്തരും തങ്ങള്‍ക്കാവും വിധം പ്രദര്‍ശിപ്പിച്ചു. അതില്‍ പലതിലും നിറഞ്ഞു നിന്നത് ഐക്യദാര്‍ഢ്യമല്ല മറിച്ച് സഹതാപമാണ്. നീ എന്നേക്കാള്‍ താഴെയായതു കൊണ്ട് ഞാന്‍ നിനക്കു വേണ്ടി സംസാരിക്കുന്നു എന്ന ധ്വനിയാണ്. അത്തരം ആള്‍ക്കൂട്ട മനോഭാവത്തിനു ഒരു തിരിച്ചറിവാകട്ടെ പിപീലിക. അവര്‍ ഒറ്റപ്പെടുത്തുന്നവന്‍ തന്റെ നിസ്സഹായവസ്ഥയെ കാണിച്ചു തരാന്‍ ശ്രമിക്കുകയാണിതില്‍.

Content Highlights : yama, Pipeelika Book Review, yama books, Migrant labourers