'കാദംബരീ നിനക്കെന്നോട് പിണക്കമാണെന്നറിയാം, ക്ഷമിക്കാനാകില്ലെന്നുമറിയാം....' കൊച്ചി നഗരത്തിലെ ഒരു ഫ്‌ളാറ്റില്‍ താമസിക്കുന്ന ഒരു യുവചിത്രകാരിയെ തേടിയെത്തിയ കത്തിലെ ആദ്യവരികള്‍ ഇങ്ങനെയായിരുന്നു. തുടര്‍ന്നുള്ള അവളുടെ ദിവസങ്ങളുടെ തലവര മാറ്റിയ വരികള്‍. അതുവരെയുള്ള ജീവിതത്തിന് ആധാരമായ വേരുകളിലേക്ക് തിരിഞ്ഞു നടക്കാന്‍ പ്രേരിപ്പിച്ച വരികള്‍. മാതൃഭൂമി ബുക്ക്‌സ് പബ്ലിഷ് ചെയ്ത പിഗ്മെന്റ് എന്ന ചെറു നോവലിനെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ഷബ്ന മറിയത്തിന്റെ ആദ്യ നോവലാണിത്.

പിഗ്മെന്റ് പേര് സൂചിപ്പിക്കുന്നത് പോലെ വര്‍ണ്ണവൈവിധ്യങ്ങളുടെ വൈജാത്യങ്ങള്‍ വരച്ചിടുന്ന ഒരു ചായക്കൂട്ടാണ്. നിറങ്ങളിലെല്ലാം ജീവിതത്തിന്റെ തിളക്കവും തളര്‍ച്ചയും പറ്റി നില്‍ക്കുന്നുണ്ട് എന്നതാണ് ഈ ചായക്കൂട്ടിന്റെ പ്രത്യേകത. അടിസ്ഥാനപരമായി കാദംബരി, അമീറാബാനു എന്നീ പെണ്‍കുട്ടികളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ഒരേ ദിവസം ജനിച്ച ഒരുമിച്ചു വളര്‍ന്ന ഒരു ഘട്ടത്തില്‍ പിരിയുകയും ചെയ്ത രണ്ട് പെണ്‍കുട്ടികള്‍. മതം, ജാതി, സമ്പദ്ഘടന, സംസ്‌കാരം എന്നിങ്ങനെ അവരുടെ ജീവിതത്തെ പ്രത്യക്ഷമായി സ്വാധീനിക്കുന്ന ഘടകങ്ങളെല്ലാം തന്നെ കഥയില്‍ പ്രതിഫലിക്കുന്നുണ്ട്. കാദംബരിയുടെ അച്ഛനായ രാജന്‍ പറയുന്ന മണ്ണിന്റെ രാഷ്ട്രീയവും ഉര്‍സുലചേടത്തിയുടെ ജീവിതശൈലിയില്‍ പ്രതിഫലിക്കുന്ന തത്വചിന്തയും കഥാഗതിയ്ക്ക് കാലോചിതമായ കരുത്ത് പകരുന്നുണ്ട്. പക്ഷെ കാദംബരി-അമീറാ എന്നീ പെണ്‍കുട്ടികളില്‍ അവര്‍ പോലുമറിയാതെ ഉടലെടുക്കുകയും വേര്‍പിരിയലിന് ശേഷവും വിനിമയം ചെയ്യപ്പെടുന്നതുമായ വൈകാരിക അടുപ്പമാണ് ഈ നോവലിന്റെ കാതലെന്ന് കരുതാം.

pigment
പുസ്തകം വാങ്ങാം

ആലങ്ങാട് എന്ന എന്ന പഴയ കോഴിക്കോടന്‍ ഗ്രാമത്തിലെ കിഴക്കോട്ടുങ്ങല്‍ എന്ന സമ്പന്ന മുസ്ലിം തറവാട്ടിലാണ് ആബി എന്ന അമീറാബാനു ജനിച്ചത്. ആ തറവാട്ടിലെ കൃഷിക്കാര്യങ്ങള്‍ നോക്കി നടത്തുന്ന രാജന്റെ മകളായി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കാദംബരിയും ജനിച്ചു. ഒരേ മഴയും വെയിലും കൊണ്ട് കൗമാരത്തില്‍ കൗതുകപ്പെട്ട് കുസൃതികളൊപ്പിച്ചു വളര്‍ന്നവര്‍ ഒരു ദിവസം തമ്മില്‍ മിണ്ടാതെയും കാണാതെയും ആകുകയും ദീര്‍ഘമായ വിരഹം സ്വയം വിധിച്ചു കഴിയുകയും ചെയ്യുന്നു. തുടര്‍ന്ന് വഴിപിരിഞ്ഞൊഴുകുന്ന അവരുടെ ജീവിതപ്രവാഹത്തിലൂടെ കടന്നു പോകുമ്പോള്‍ നമ്മള്‍ കണ്ടതും കേട്ടതും അനുഭവിച്ചതിനും അതിനുമപ്പുറമുള്ളതുമായ സന്ദര്‍ഭങ്ങള്‍ക്കു നമുക്ക് സാക്ഷ്യം വഹിക്കേണ്ടി വരും. ഇത്തരം സാക്ഷ്യം വഹിക്കലുകള്‍ സമ്മാനിക്കുന്ന സാഹിത്യത്തിന്റെ സൗന്ദര്യമാസ്വദിക്കാന്‍ ഏവരെയും പിഗ്മെന്റിലേക്ക് സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Pigment Shabna Mariyam Malayalam Novel Review