രണഭീതിയുടെ ഉയരങ്ങളില്‍ കയറി നിന്ന് സുന്ദരമായ ഈ ലോകത്തോട് ജീവിതമേ നീയൊരു മായ എന്ന് പ്രഖ്യാപിക്കുകയാണ് പേടിസ്വപ്‌നങ്ങള്‍ എന്ന കഥാ സമാഹരത്തിലൂടെ കഥാകൃത്ത്. സേതുവിന്റെ 'പേടിസ്വപ്നങ്ങള്‍' പുതുമയാര്‍ന്ന അവതരണവും ലളിതമായ ഭാഷയും ഒത്തുചേര്‍ന്ന കലാസൃഷ്ടിയാണ്. ഓരോ കഥയും വായനക്കാരുടെ ഹൃദയത്തിന്റെ ഉള്‍ത്തളങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

കഥാപാത്രങ്ങളുടെ നൊമ്പരങ്ങള്‍ വായനക്കാരന്റെ മനസ്സില്‍ ഒരു നീറ്റലായി അവശേഷിക്കും. അത്രയ്ക്ക് തന്മയത്തോടെയും അതീവ സൂക്ഷ്മതയോടെയുമാണ് ഓരോ കഥാപാത്രത്തേയും അവതരിപ്പിക്കുന്നത്. കഥാകൃത്തിന്റെ അനിതരസാധാരണമായ രചനാവൈഭവം തെളിയിക്കുന്ന പത്ത് കഥകളാണ് 'പേടിസ്വപ്നങ്ങള്‍'.

കഥകളിലൂടെ....

'ഋതുക്കള്‍ മാറി മാറി വരുന്നു. ആകാശം ഇരുളുകയും വിളറുകയും ചെയ്യുന്നു. നക്ഷത്രങ്ങള്‍ മരിക്കുന്നു, പിറക്കുന്നു. വികാരശമനത്തിനായി മനുഷ്യന്‍ കര്‍മ്മം ചെയ്യുന്നു. കര്‍മ്മം ചെയ്യുക വഴി ജന്മപരമ്പരകളുണ്ടാകുന്നു. അവര്‍ വീണ്ടും വീണ്ടും പാപം ചെയ്യുന്നു. പാശ്ചാത്തപിക്കുന്നു, ദുഃഖിക്കുന്നു'

അനുഭവത്തിന്റെ ചൂടും ജ്ഞാനത്തിന്റെ വ്യക്തതയുമുണ്ടീ വരികള്‍ക്ക്. 'വൃശ്ചികത്തിലെ രാത്രി' എന്ന ഈ കഥയിലൂടെ ഈ വരികളിലൂടെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയാണ് കഥാകൃത്ത് നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. പ്രാപഞ്ചികമായ എല്ലാത്തിന്റെയും അടിസ്ഥാനം ഒന്നു തന്നെയാണെന്ന പരമ തത്വമാണിതിലെ പ്രമേയം.

'ഇവര്‍ക്കാര്‍ക്കും മരിച്ച ആളുടെ മുഴുവന്‍ പേരുപോലും അറിയില്ല. വേണ്ടപ്പെട്ടവരെ അറിയിക്കാന്‍ മേല്‍വിലാസവുമില്ല.'

ആത്മാര്‍ത്ഥത എങ്ങോ കൈമോശം വന്ന ആധുനിക സമൂഹത്തിന്റെ അധപതനത്തെയാണ് 'മുപ്പത് വയസ്സുള്ള ഒരാള്‍' എന്ന കഥയില്‍ വിഷയമാക്കിയിരിക്കുന്നത്. സ്വാര്‍ത്ഥത്തിന്റെ പേരില്‍ മനുഷ്യജീവിതത്തെപ്പോലും നിസ്സാരമായി കരുതുന്ന സമൂഹത്തിലെ കഴുകന്മാരുടെ പ്രതിനിധിയാണ് മുപ്പത് വയസ്സുള്ള കെ.കെ. എന്ന ചെറുപ്പക്കാരന്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ മാനേജര്‍, കുറുപ്പ്.

നിറപ്പകിട്ടുള്ളൊരു ഉടഞ്ഞ കുപ്പിക്കഷ്ണത്തിലൂടെ ലോകത്തെ നോക്കിക്കാണാന്‍ തനിക്കിഷ്ടമാണെന്ന് കഥാകൃത്ത് തെളിയിക്കുന്നതാണ് രണ്ടാമത്തെ കഥയായ 'ദൈവഭയമുള്ളവരുടെ രാത്രി'. സംസാരിക്കുന്ന ആടുകളും, ഉമ്മയുടെ മരണം കാത്തിരിക്കുകയും ആ മരണം കൊണ്ട് താന്‍ നേടാനാഗ്രഹിക്കുന്ന സൗഭാഗ്യങ്ങള്‍ അയവിറക്കുകയും ചെയ്യുന്ന ആട്ടിടയന്‍ മേല്‍പറഞ്ഞതിന് ഉദാഹരണമത്രെ.

പേടിസ്വപ്‌നങ്ങള്‍ എന്ന പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബാധ്യതകള്‍ ഒട്ടും ബാക്കിവെക്കാതെ ശാന്തനായി മരണത്തെ പുല്‍കാന്‍ ആഗ്രഹിക്കുന്ന നിഷ്‌കളങ്കനായ ഒരു വ്യക്തിയുടെ കഥയാണ് 'കര്‍ക്കിടകം'. വെറും പരമാണുവായ തനിക്ക് ഭൂഗോളത്തെ ഒരു ചിത്രത്തിലൊതുക്കാന്‍ കെല്‍പില്ലെന്ന് വിലപിക്കുന്ന ബുദ്ധിമാനും ഏറ്റവും സമര്‍ത്ഥനുമായ വിദ്യാര്‍ത്ഥിയെ അവതരിപ്പിക്കുന്നതിലൂടെ ഈ പ്രപഞ്ചത്തിന്റെ മുന്നില്‍, ഈ ബ്രഹ്മാണ്ഡത്തിന്റെ മുന്നില്‍ നാമെല്ലാം എത്ര നിസ്സാരന്മാരാണെന്ന നഗ്‌നസത്യത്തെയാണ് സേതു  ഓര്‍മ്മിപ്പിക്കുന്നത്.

pediswapnangalമനുഷ്യന് മായയോടുള്ള ഒടുങ്ങാത്ത ഭ്രമമാണ് 'നിങ്ങള്‍ക്ക് വേണ്ടി ഒരു മരണ'ത്തിലെ കഥാതന്തു. ആ മായയുടെ മുറുകി മുറുകിക്കിടക്കുന്ന കെട്ട് അഴിച്ചാലും അഴിയില്ലെന്ന് പറയുന്ന കാര്‍ത്തുത്തള്ള വായനക്കാരില്‍ മരണത്തിന്റെ ഭീതി ഉളവാക്കുകയും അതോടൊപ്പം തന്നെ അതിന്റെ മാരകസാന്നിധ്യം അനുഭവിപ്പിക്കുകയും ചെയ്യുന്നു.

ഓരോ വരിയും ഉദ്വേഗത്തോടെ സംഭ്രമത്തോടെ മാത്രം വായിക്കാന്‍ കഴിയുന്ന കഥയാണ് 'ജനാബ് കുഞ്ഞിമൂസ ഹാജി'. വിശ്വസ്തരെന്ന് കരുതിയ സ്വന്തം പരിചാരകരാല്‍ നിഷ്ഠൂരം കൊലചെയ്യപ്പെടുന്ന കുഞ്ഞിമൂസ ഹാജിയുടെ കഥ മനുഷ്യര്‍ക്കിടയിലെ ക്രൂരതയെയും അതുമൂലം വികൃതമായ മനുഷ്യമനസ്സിലെ വൈകല്യങ്ങളെയും വരച്ചുകാട്ടുന്നു. കഥാകൃത്തിന്റെ അസാധാരണമായ രചനാശൈലി ശ്ലാഘനീയം തന്നെ!

കുറ്റവാളികള്‍ യഥേഷ്ടം മേഞ്ഞ് നടക്കുന്ന ഇന്നത്തെ സമൂഹത്തില്‍ വിശ്വാസയോഗ്യരായ സാക്ഷികളെ കാണാന്‍ കിട്ടാത്തതാണ് 'സാക്ഷിയുടെ നിഴലി'ലെ ഇതിവൃത്തം. മനുഷ്യന്റെ അവസ്ഥയെ സത്യസന്ധമായി അപഗ്രഥിക്കുമ്പോള്‍ സ്വന്തം ശരീരത്തിന്റെ അവയവങ്ങളെപ്പോലും അടിമകളായി കാണാന്‍ കഥാകൃത്തിനെ പ്രേരിപ്പിക്കുന്നു. കാഴ്ചശക്തി മാത്രം അവശേഷിക്കുന്ന ദുഃഖകരമായ അവസ്ഥയില്‍ പുറത്തെ കാഴ്ചകളുടെ ആവര്‍ത്തന വിരസത ഒരു ചുമടായി പരിണമിയ്ക്കും. എന്തും കേവലമായി ആവര്‍ത്തിച്ചു പോന്നാല്‍ അത് മുഷിപ്പുളവാക്കും. ഇതാണ് 'അടിമകള്‍' നമ്മോട് പറയുന്നത്.

വെറുമൊരു ചെറുവിരലനക്കി ഒരു ഡസന്‍ മുതലാളിമാരെ വിറപ്പിച്ചിരുന്ന പി.കെ. എന്ന മാന്യവ്യക്തി ഹാര്‍മോണിയത്തേയും കറുത്തവസ്ത്രത്തേയും ഭയക്കുന്നു എന്നറിയുമ്പോള്‍ ആശ്ചര്യപ്പെടുന്നു സഹപ്രവര്‍ത്തകര്‍. 'കറുപ്പിന്റെ സംഗീതം' ഭൗതിക ജീവിതത്തിലെ പൊരുത്തക്കേടുകളെ മാത്രമല്ല ഉപബോധത്തിലുള്ള മാനസിക വിഭ്രാന്തിയേയും പ്രതിപാദിക്കുന്നു.

സേതുവിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
   

അനുവാചക ഹൃദയങ്ങളില്‍ അലകളിളക്കാന്‍ കഴിവുറ്റ കഥാകൃത്താണ് താനെന്ന് ഈ കഥകളിലെ പാത്രസൃഷ്ടിയിലൂടെ തെളിയിക്കുകയാണ് സേതു. മനുഷ്യമനസ്സുകളില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങളുടെ ആഴവും പരപ്പും 'ചെകുത്താന്‍ കോട്ടയിലെ രഹസ്യം' എന്ന ചെറുകഥയില്‍ പ്രതിഫലിക്കുന്നു. തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെ നെയ്തെടുത്തതാണീ കഥ.

സത്യവും മിഥ്യയും തമ്മിലുള്ള അതിര്‍വരമ്പ് വളരെ ലോലമാണ്. സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാന്‍ തന്നെ പ്രയാസം. മോചനത്തിന് വേണ്ടി ദാഹിച്ചിരുന്ന കഥാനായിക 'മോചനത്തിന്റെ സുഖം എന്നും ദുഃഖിപ്പിക്കുന്നു' എന്ന തിരിച്ചറിവിലെത്തുമ്പോള്‍ വായനക്കാര്‍ അമ്പരക്കും. 'ഒടുവില്‍ ഈ തടവാണ് സുഖം' എന്ന് ആശ്വസിക്കുന്ന കഥാനായികയ്ക്ക് അവള്‍ അര്‍ഹിക്കുന്നവിധം സഹൃദയരുടെ സഹാനുഭൂതി നേടിക്കൊടുക്കാന്‍ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്.

വൃത്തികേടുകളും കഷ്ടപ്പാടുകളും കാണുന്നതില്‍ വിമുഖതയുള്ള സഹൃദയര്‍ സാഹിത്യത്തിന്റെ ആഴക്കടലില്‍ ഇറങ്ങിയാല്‍ മുഖം ചുളിക്കേണ്ടിവരും. കാരണം മനുഷ്യജീവിതത്തിന്റെ പ്രതിഫലനമായിരിക്കും സാഹിത്യകാരന്റെ കൃതികള്‍. ആ ജീവിതമാകട്ടെ കഷ്ടപ്പാടുകളും ഭീതിയും ഉന്മാദവും സ്വപ്നങ്ങളും നിറഞ്ഞവയുമാണ്. പല വൈകൃതങ്ങളും വൈരുദ്ധ്യങ്ങളും നമുക്കവിടെ കാണാം.
  
നിത്യജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന അനേകായിരം മനുഷ്യരേക്കാള്‍ നമ്മുടെ ചിന്താമണ്ഡലത്തെ സ്വാധീനിക്കാന്‍ വിദഗ്ദ്ധനായൊരു കഥാകൃത്തിന്റെ പാത്രസൃഷ്ടിക്കുണ്ടെന്നത് നിസ്തര്‍ക്കമാണ്. സേതുവിന്റെ കഥകളിലെ കരുത്തുറ്റ കഥാപാത്രങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. മരണത്തിന്റെ മാരക സാന്നിധ്യമാണ് ഈ കഥകളുടെ പാശ്ചാത്തലമെങ്കിലും കഥാകൃത്തിന്റെ ജീവിതഗന്ധിയായ വാക്കുകളും വരികളും കൊണ്ട് സുന്ദരമാക്കിയ ഈ കഥാസമാഹാരം വെറും കഥകളല്ല മറിച്ച് ജീവിതത്തിന്റെ ആഴങ്ങളിലേക്കുള്ള കാഴ്ചകളാണ്.